തിരയുക

ക്രിസ്തുവിന്റെ കല്ലറ ഉള്ള ദേവാലയത്തിൽനിന്നുള്ള ഒരു ദൃശ്യം ക്രിസ്തുവിന്റെ കല്ലറ ഉള്ള ദേവാലയത്തിൽനിന്നുള്ള ഒരു ദൃശ്യം 

ജറുസലേമിൽ കുരിശിന്റെ തിരുന്നാൾ ആഘോഷം

ജറുസലേമിലെ ക്രിസ്തുവിന്റെ തിരുക്കല്ലറയിൽ കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ ആഘോഷിക്കപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സെപ്റ്റംബർ 14 ചൊവ്വാഴ്ച, വിശുദ്ധനാട്ടിൽ, ക്രിസ്തുവിന്റെ തിരുക്കല്ലറയുടെ ബസലിക്കയിലെ കാൽവരി ചാപ്പലിൽ ഈ തിരുനാളുമായി ബന്ധപ്പെട്ട് വിശുദ്ധ ബലിയർപ്പിക്കവേ, ക്രിസ്തുവിന്റെ കുരിശിന്റെ മുന്നിലാണ് സ്വർഗ്ഗവും ഭൂമിയുമായുള്ള ആശയവിനിമയം സ്ഥാപിക്കപ്പെടുന്നതെന്നും, ഈ ബന്ധം രക്ഷിക്കുന്ന ദൈവവും, രക്ഷ ആവശ്യമുള്ള മനുഷ്യരും തമ്മിലാണെന്ന്, വിശുദ്ധനാട്ടിലെ കത്തോലിക്കാ സ്ഥാപനങ്ങളുടെ സംരക്ഷണചുമതലയുള്ള ഫാദർ ഡോബ്രോമിർ യാസ്‌താൽ (Dobromir Jasztal) പറഞ്ഞു.

കുരിശിലേക്ക് നോക്കുമ്പോൾ അവിടെ ക്രൂശിതന്റെ ഉദാത്തമായ ഒരു നിശബ്ദതയാണ് കാണാനാകുന്നതെന്നും, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവും, ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് പ്രത്യാശയും, ഉപേക്ഷിക്കപ്പെട്ടവരെന്ന് തോന്നുന്നവർക്ക് സ്നേഹത്തിന്റെ ഒരു വാക്കും, സംശയിക്കുന്നവർക്ക് ഒരു വഴികാട്ടിയും, പ്രലോഭത്തിലായവർക്ക് ശക്തിയും , അനിശ്ചിതത്വത്തിലായിരിക്കുന്നവർക്ക് വിശ്വാസത്തിന്റെ തീപ്പൊരിയും ആകാൻ കുരിശിലെ ക്രിസ്തുവിന്റെ നിശബ്ദതയ്ക്കു സാധിക്കുന്നു എന്നും ഫ്രാൻസിസ്കൻ വൈദികനായ ഫാദർ യാസ്‌താൽ പറഞ്ഞു.

ക്രൂശിതനെ രാജാവായി സ്വീകരിക്കുന്നവർ അവന്റെ ശിഷ്യത്വത്തിന്റെ വഴി സ്വീകരിക്കണമെന്നും, തങ്ങളുടെ ജീവിതങ്ങളെ മാറ്റി, ഗുരുവിന്റെ വാക്കുകൾ തങ്ങളുടെ ജീവിതത്തിൽ പ്രവർത്തികമാക്കണമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

വിശുദ്ധ ബലിയുടെ അവസാനം തിരുക്കുരിശിന്റെ തിരുശേഷിപ്പ് കാൽവരി ചാപ്പലിൽനിന്ന് മഗ്‌ദലേനയുടെ നാമത്തിലുള്ള ചാപ്പലിലേക്ക് പ്രദക്ഷിണമായി കൊണ്ടുപോയി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2021, 15:31