തിരയുക

സമാധാനമകലെ - കസാക്കിസ്ഥാനിലെ സംഘർഷങ്ങൾക്കിടയിൽ അഗ്നിക്കിരയാക്കപ്പെട്ട ഒരു വാഹനം സമാധാനമകലെ - കസാക്കിസ്ഥാനിലെ സംഘർഷങ്ങൾക്കിടയിൽ അഗ്നിക്കിരയാക്കപ്പെട്ട ഒരു വാഹനം 

200 പേർ കൊല്ലപ്പെട്ട കസാക്കിസ്ഥാനിൽ സമാധാനാഹ്വാനവുമായി കത്തോലിക്കാ സഭ

കഴിഞ്ഞ ദിവസങ്ങളിൽ കസാക്കിസ്ഥാനിൽ നടന്ന അക്രമങ്ങളിൽ 200-ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സമാധാന സന്ദേശവുമായി പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള അതിരൂപതയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് തൊമാസ് പേത.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കസാക്കിസ്ഥാനിലെ അക്രമങ്ങളിൽ മരണമടഞ്ഞവർക്കായി ജനുവരി 10 തിങ്കളാഴ്ച ദേശീയ ദുഃഖാചരണദിനമായി ആചരിക്കപ്പെട്ടതിനോടനുബന്ധിച്ചാണ് അഭിവന്ദ്യ പേത, രാജ്യത്ത് നിലവിലെ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ എല്ലാവരെയും ക്ഷണിച്ചത്. സമാധാനത്തിനായുള്ള ഈ സന്ദേശം ദേശീയ ടെലിവിഷനിലൂടെയും സംപ്രേക്ഷണം ചെയ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടി ജനുവരി 13 വ്യാഴാഴ്ച വിശുദ്ധ ബലിയർപ്പിക്കാൻ അതിരൂപതയിലെ എല്ലാ വൈദികരോടും അസ്‌താനാ അതിരൂപതാദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. അസ്‌താനാ എന്നറിയപ്പെട്ടിരുന്ന നൂർ-സുൽത്താനിൽ നിത്യസഹായമാതാവിന്റെ പേരിലുള്ള കത്തീഡ്രലിൽ ആർച്ച്ബിഷപ് തൊമാസ് പേതയും ജനുവരി 13 വ്യാഴാഴ്ച വിശുദ്ധ കുർബാനയർപ്പിക്കും.

ജനുവരി 9 ഞായറാഴ്ചയിലെ ത്രികാലജപ പ്രാർത്ഥനാവേളയിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ കസാക്കിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തിന്റെ സ്വർഗ്ഗീയമധ്യസ്ഥയായ ഓസിയോർനോജിലെ സമാധാന രാജ്ഞിയുടെ സംരക്ഷണത്തിനായി കസാക്കിസ്ഥാനെ സമർപ്പിക്കുകയും ചെയ്തിരുന്നു.

നൂർ-സുൽത്താനിൽ സ്ഥിതിഗതികൾ നിലവിൽ തികച്ചും ശാന്തമാണെന്നും, സംഘർഷങ്ങൾ കൂടുതൽ ഗുരുതരമായിരുന്ന രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള അൽമാത്തി പ്രദേശത്ത് ഇപ്പോഴും വാർത്താവിനിമയത്തിന് തടസങ്ങൾ ഉണ്ടെന്നും ചർച്ച് ഇൻ നീഡ് എന്ന സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. എങ്കിലും, അൽമാത്തിയിലെ ബിഷപ്പും കസാക്കിസ്ഥാൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റുമായ  ഹൊസേ ലൂയിസ് മുംബിയേലയും ഈ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും എല്ലായിടങ്ങളിൽനിന്നുമുള്ള സമാധാനാശംസകൾക്ക് നന്ദി പറയുകയും ചെയ്തു. സമാധാനത്തിനായി പ്രാർത്ഥിക്കുക മാത്രമല്ല, ദൈവത്തിന്റെ സഹായത്തോടെ മറ്റുള്ളവർക്ക് സമാധാനം സൃഷ്ടിക്കാനായി നമുക്ക് പരിശ്രമിക്കാമെന്നും  അങ്ങനെ എല്ലാവരും പ്രതീക്ഷിക്കുന്ന, അന്തർദേശീയവും വിവിധ മതങ്ങൾ ഒരുമിച്ചു വസിക്കുന്നതുമായ, സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഒരു കസാക്കിസ്ഥാൻ പുനർനിർമ്മിക്കാൻ ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

രാജ്യത്തിന്റെ മധ്യ കിഴക്ക് ഭാഗത്തുള്ള കരഗണ്ട രൂപതയുടെ മെത്രാൻ അദേലിയോ ഡെൽ ഓറോയും എല്ലാം സമാധാനത്തോടെയും നീതിയോടെയും എല്ലാവരുടെയും നന്മയ്ക്കുവേണ്ടിയും പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിച്ചുകൊണ്ട് എല്ലാ ഇരകൾക്കും വേണ്ടി പ്രാർത്ഥിക്കാൻ ഉദ്ബോധിപ്പിച്ചു. അക്രമങ്ങൾ പുതിയൊരു സമൂഹനിർമ്മാണത്തിനോ രാജ്യനിർമ്മാണത്തിനോ സഹായിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2022, 16:15