തിരയുക

സേവനത്തിൻറെ അടയാളമായ കരങ്ങൾ സേവനത്തിൻറെ അടയാളമായ കരങ്ങൾ 

രാഷ്ട്രീയം ഉദാരസേവനം ആകണമെന്ന് പോർച്ചുഗലിലെ മെത്രാന്മാർ!

ആശയങ്ങളും പദ്ധതികളും ജനോപദ്രവകരങ്ങളായി മാറാതിരിക്കുന്നതിനു വേണ്ടി സംഭാഷണത്തിൻറെ മാർഗ്ഗം അവലംബിക്കേണ്ടത് അനിവാര്യമെന്ന് ഈ മാസം 30-ന് പോർച്ചുഗലിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു പുറപ്പെടുവിച്ച ഒരു സന്ദേശത്തിൽ പ്രാദേശിക മെത്രാൻ സംഘത്തിൻറെ നീതിസമാധാന സമിതി പറയുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സകലരുടെയും മൗലികാവകാശങ്ങൾ ഉറപ്പാക്കുന്നതും ഉദാരസേവനമേകുന്നതുമായ ഒരു നയത്തിൻറെ അനിവാര്യത പോർച്ചുഗലിലെ കത്തോലിക്കാ മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു.

ഇക്കൊല്ലം ജനുവരി 30-ന് അന്നാട്ടിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു പുറപ്പെടുവിച്ച ഒരു സന്ദേശത്തിലാണ് മെത്രാൻ സംഘത്തിൻറെ നീതിസമാധാന സമിതി ഈ ആവശ്യകത എടുത്തു കാട്ടിയിരിക്കുന്നത്.

ആശയങ്ങളും പദ്ധതികളും ജനോപദ്രവകരങ്ങളായി മാറാതിരിക്കുന്നതിനു വേണ്ടി സംഭാഷണത്തിൻറെ മാർഗ്ഗം നീതിസമാധാന സമിതി ശിപാർശ ചെയ്യുന്നു.

നമ്മുടെ പ്രശ്നങ്ങളെ കണ്ടം വച്ചോ ക്ഷണിക പരിഹാരങ്ങളാലൊ കൈകാര്യം ചെയ്യാതെ പരസ്നേഹത്തിലധിഷ്ഠിതമായ സ്നേഹത്തിൻറെ സമൂർത്ത  രൂപമാക്കി സേവനത്തെ മാറ്റേണ്ടതിൻറെയും പൊതു സമ്മതവും സുസ്ഥിരവുമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതിൻറെയും പ്രാധാന്യം ഈ സമിതി ചൂണ്ടിക്കാട്ടുന്നു.

അശ്രേഷ്ഠ താല്പര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നതാകരുത്, പ്രത്യുത സകലരുടെ മൗലികാവകാശങ്ങൾ ഉറപ്പുനല്കാൻ കഴിയുന്ന ഉദാരസേവനമാകണം രാഷ്ട്രീയമെന്ന് മെത്രാന്മാർ ഓർമ്മിപ്പിക്കുന്നു.

തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ ഒരു ദിശമാറ്റത്തിൻറെയും തുല്യവേതനത്തിൻറെയും അനിവാര്യതയും മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2022, 12:50