തിരയുക

ആദ്യശിഷ്യന്മാരെ വിളിക്കുന്ന യേശു ആദ്യശിഷ്യന്മാരെ വിളിക്കുന്ന യേശു 

മാനസാന്തരപ്പെടുക, അനുഗമിക്കുക, പ്രഘോഷിക്കുക

വിശുദ്ധ മത്തായിയുടെ സുവിശേഷം നാലാം അധ്യായം പന്ത്രണ്ടു മുതൽ ഇരുപത്തിമൂന്ന് വരെയുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയ തിരുവചനസന്ദേശം.
സുവിശേഷപരിചിന്തനം Mathew 4, 12-23 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഏശയ്യാ പ്രവാചകൻ തന്റെ എട്ടാം അദ്ധ്യായത്തിൽ പ്രവചിക്കുന്ന, വിജാതീയരുടെ ഗലീലിയിൽ അന്ധകാരത്തിൽ വസിച്ചിരുന്ന ജനത്തിനായി ഉദിച്ച വലിയ പ്രകാശമായി കടന്നു വരുന്ന യേശുവിനെക്കുറിച്ചാണ് മത്തായി സുവിശേഷകൻ തന്റെ നാലാം അധ്യായത്തിന്റെ പന്ത്രണ്ടു മുതലുള്ള വാക്യങ്ങളിൽ എഴുതിവയ്ക്കുന്നത്. യോഹന്നാൻ ബന്ധനസ്ഥനായതിന് ശേഷം യേശു അനുരഞ്ജനത്തിന്റെ സുവിശേഷവുമായി മാനസാന്തരത്തിന്റെ പാതയിലേക്ക് ഏവരെയും ക്ഷണിച്ചുകൊണ്ട് കടന്നുവരുന്നതിനെയാണ് നാം ഇവിടെ കണ്ടുമുട്ടുന്നത്.

സമീപസ്ഥമായ സ്വർഗ്ഗരാജ്യം

യേശുവിന്റെ പ്രസംഗത്തിന്റെ പ്രധാന കാരണമായി നിൽക്കുന്നത് ഒരു സത്യമാണ്, "സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്തായി 4,17). വിശുദ്ധ മത്തായിയുടെ തന്നെ സുവിശേഷത്തിൽ, സ്നാപകയോഹന്നാന്റെ അധരങ്ങളിലൂടെ കേട്ട അതേ വാക്കുകളാണ് യേശുവും ആവർത്തിക്കുന്നത് "മനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്തായി 3, 2). ഒരേ വാക്കുകളാണ് ഇരുവരും അവർത്തിക്കുന്നതെങ്കിലും വ്യത്യസ്തങ്ങളായ രണ്ടു യാഥാർഥ്യങ്ങളിലേക്കാണ് ഇവ വിരൽ ചൂണ്ടുക. വരുവാനിരിക്കുന്ന രക്ഷകന്റെ വരവിലൂടെ, മാനവർക്ക് കരഗതമാകുന്ന രക്ഷയുടെ, സ്വർഗ്ഗരാജ്യത്തിന്റെ വരവിനെക്കുറിച്ചാണ് സ്നാപകൻ യൂദയായിലെങ്ങും പ്രവചനം നടത്തുന്നത്. അങ്ങനെ വരുവാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തെക്കുറിച്ച് യോഹന്നാൻ പ്രവചിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുമ്പോൾ, യേശുവാകട്ടെ, തന്നിലൂടെ ആരംഭം കുറിച്ചിരിക്കുന്ന രക്ഷാകരപദ്ധതിയെക്കുറിച്ചും, തന്റെ വരവോടെ ആരംഭം കുറിച്ചിരിക്കുന്ന സ്വർഗ്ഗരാജ്യത്തെക്കുറിച്ചുമാണ് പറയുക. പ്രവാചകദിനങ്ങളുടെ പൂർത്തീകരണത്തിൽ ഇതാ ദൈവപുത്രന്റെ ദിനങ്ങൾ ആരംഭിച്ചിരിക്കുന്നു.

പ്രകാശമായി കടന്നുവരുന്ന യേശു

മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഉദയം ചെയ്ത സ്നേഹത്തിന്റെ ദീപ്തിയാണ് ക്രിസ്തു. പിതാവിന്റെ സ്നേഹത്തിന്റെ മുഖം. മരണത്തിന്റെ പിടിയിൽനിന്ന് തന്റെ മക്കളെ രക്ഷിച്ചെടുക്കാനാഗ്രഹിക്കുന്ന, തന്റെ രാജ്യത്തിന്റെ പ്രഭയിലേക്ക് അവരെ നയിക്കാനാഗ്രഹിക്കുന്ന പിതാവിന്റെ കരുണയുടെ ഇടത്തിലേക്കാണ് യേശു വിളിക്കുക, മനസാന്തരപ്പെടുക, തിരികെ വരിക, ദൈവത്തിന്റെ രാജ്യം, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു, അത് നിങ്ങൾക്കിടയിൽ ആരംഭിച്ചിരിക്കുന്നു. പ്രകാശം ഉദിച്ചുകഴിഞ്ഞു, ഇനിയും അന്ധകാരത്തിന് ഇടമില്ല. പിതാവായ ദൈവം മനുഷ്യർക്ക് നൽകുന്നത് സർവ്വജനത്തിനുമായുള്ള രക്ഷയുടെ സുവിശേഷമാകുന്ന ക്രിസ്തുവിനെയാണ്. അവനെ നിരാകരിക്കുന്നവർ നിത്യജീവനെ, പ്രവാചകരിലൂടെ ദൈവം വാഗ്ദാനം ചെയ്ത രക്ഷയാണ് നിരാകരിക്കുന്നത്.

വിളി സ്വീകരിക്കുന്നവർ

ഇന്നത്തെ സുവിശേഷത്തിന്റെ ഒന്നാമത്തെ ഭാഗത്ത്, യേശു തന്റെ ദൗത്യം ആരംഭിക്കുന്നതാണ് നാം കണ്ടതെങ്കിൽ, രണ്ടാം ഭാഗത്ത്, യേശുവിന്റെ വിളികേട്ട് എല്ലാം ഉപേക്ഷിച്ച്, പൂർണ്ണമായി അവനെ പിഞ്ചെല്ലുന്ന നാലു ശിഷ്യന്മാരെക്കുറിച്ചാണ് നാം വായിക്കുക. ഗലീലിക്കടലിൽ വല വീശിക്കൊണ്ടിരുന്ന ശിമയോനെന്ന പത്രോസും, അവന്റെ സഹോദരൻ അന്ത്രയോസും, പിന്നീട് പിതാവായ സെബദിക്കൊപ്പം വല നന്നാക്കിയിരുന്ന യാക്കോബും യോഹന്നാനും. വലകളും, വഞ്ചിയും, പിതാവും. തങ്ങളുടെ ജീവിതമാർഗ്ഗമായിരുന്നവയും, ഈ ഭൂമിയിൽ തങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടവനായിരുന്ന സ്വന്തം പിതാവിനെയുമാണ് ആദ്യ ശിഷ്യന്മാർ യേശുവിനെ പിഞ്ചെല്ലുവാനുള്ള വഴിയിൽ ഉപേക്ഷിക്കുക. തങ്ങളുടേതായ ജീവിതസാഹചര്യങ്ങളിൽ ആത്മാർത്ഥമായി അധ്വാനിച്ചിരുന്നവരെയാണ് സ്വർഗ്ഗരാജ്യത്തിനായി വേലചെയ്യാൻ ക്രിസ്തു വിളിക്കുന്നത്. ലൂക്കായുടെ സുവിശേഷം അഞ്ചാം അധ്യായത്തിന്റെ ആദ്യ വചനങ്ങളിൽ, പത്രോസിന്റെ വള്ളത്തിൽ കയറിയിരുന്ന് ജനങ്ങളെ പഠിപ്പിക്കുകയും, അതിനു ശേഷം, അത്ഭുതകരമായ മത്സ്യബന്ധനത്തിന്റെ അനുഭവത്തിലൂടെ അവരെ കടത്തിക്കൊണ്ട് പോവുകയും ചെയ്തിട്ടാണ് ആദ്യശിഷ്യന്മാരെ വിളിക്കുന്നത് എന്ന വ്യത്യസ്തമായ ഒരു ചരിത്രം ഉണ്ട് എന്നത് ശരിയാണ്. എന്നാൽ ഇവിടെയൊക്കെ നാം കാണേണ്ട, മനസ്സിലാക്കേണ്ട സന്ദേശം ഇതാണ്; രണ്ടു സഹസ്രാബ്ദങ്ങൾക്കപ്പുറം ശിഷ്യന്മാരുടെ ജീവിതത്തിലെന്നതുപോലെ നമ്മുടെയും ജീവിതസാഹചര്യങ്ങളിൽ, നമുക്കരികെ ക്രിസ്തു കടന്നുവരുന്നുണ്ട്, നമ്മെ അവന്റെ രാജ്യത്തിന്റെ പ്രഘോഷണത്തിനായി, സുവിശേഷത്തിന്റെ സാക്ഷ്യം നൽകാനായി വിളിക്കുന്നുണ്ട്. അവന്റെ വിളി കേട്ട്, അതിനെ സ്വീകരിച്ച്, ജീവിതത്തിൽ എല്ലായിടങ്ങളിലും, എല്ലാ സമയങ്ങളിലും, സ്നേഹമായ ക്രിസ്തുവിന് സാക്ഷ്യമേകുക എന്ന കടമയെക്കുറിച്ച് കൂടി ഈ സുവിശേഷഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

ഐക്യത്തിന്റെ, തുടർച്ചയുടെ സ്വരം

യേശുവിനായി, വഴിയൊരുക്കാൻ വന്ന യോഹന്നാൻ, രക്ഷകനായ ക്രിസ്തുവിനായി വഴി മാറിക്കൊടുക്കുന്നത് നാം സുവിശേഷങ്ങളിൽ കണ്ടുമുട്ടുന്നുണ്ട്. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ; അവന്റെ ചെരിപ്പു വഹിക്കാൻ പോലും ഞാൻ യോഗ്യനല്ല" (മത്തായി 3, 11). സ്നാപകൻ ബന്ധനസ്ഥനായെന്ന് കേട്ടപ്പോഴാണ് യേശു ഗലീലിയിലേക്ക് പിൻവാങ്ങുന്നത്. തന്റെ നാടായ നസ്രത്തിൽനിന്ന് വിജാതീയരുടെ ഗലീലിയിലേക്ക് പുറപ്പെടുന്ന ദൈവപുത്രൻ. യോഹന്നാന്റെ അതെ വാക്കുകൾ വിളിച്ചുപറഞ്ഞുകൊണ്ടാണ് യേശു തന്റെ ദൗത്യം ആരംഭിക്കുന്നതെന്ന് നാം കണ്ടു. ഇവിടെ രണ്ടു പ്രത്യേകതകൾ നമുക്ക് കാണാൻ സാധിക്കും. ഒന്നാമതായി പ്രവാചകനും രക്ഷകനും പറയുവാനുള്ള സന്ദേശത്തിന്റെ ഐക്യമാണ് നമുക്ക് ഇവിടെ കാണുവാൻ സാധിക്കുക. ഈയൊരു ഐക്യവും തുടർച്ചയുമാണ് വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിന്റെ ഒന്നാം അധ്യായത്തിൽ നാം കണ്ടുമുട്ടുക. യേശുവിനെ പിഞ്ചെല്ലുന്നതിനിടയിൽ നമുക്കിടയിൽ ഭിന്നതകൾ ഉണ്ടാകരുതെന്ന്, നമുക്ക് നേതാവായി ക്രിസ്തുവല്ലാതെ മറ്റൊരുവൻ ഉണ്ടാകരുതെന്ന്, പൗലോസ് കോറിന്തോസുകാരെ ഓർമ്മിപ്പിക്കുന്നുണ്ട് (1 കോറി 1, 10-13). നാം പിൻചെല്ലേണ്ടവൻ ഒരുവനാണ്, യേശുക്രിസ്തു. അവനിലാണ് നാം രക്ഷ കണ്ടെത്തേണ്ടത്.

സ്നാപകൻ ബന്ധനസ്ഥനാകുമ്പോളാണ് യേശു കടന്നുവരുന്നത് എന്ന് ഇന്നത്തെ സുവിശേഷത്തിലൂടെ നാം കാണുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടതാണ് സുവിശേഷപ്രഘോഷണവുമായി ബന്ധപ്പെട്ട് ഇന്നത്തെ സുവിശേഷം നമുക്ക് മുന്നിൽ വയ്ക്കുന്ന രണ്ടാമത്തെ ഒരു സന്ദേശം. യോഹന്നാൻ നിശ്ശബ്ദനാക്കപ്പെടുന്നിടത്ത് ദൈവം, ക്രിസ്തു, പ്രഘോഷണം തുടരുന്നു. യോഹന്നാനിലൂടെയും ക്രിസ്തുവിലൂടെയും അറിയിക്കപ്പെട്ട അനുരഞ്ജനത്തിന്റെ, മാനസാന്തരത്തിന്റെ, രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ട് എന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാണ് ഈ സുവിശേഷം. യോഹന്നാന്റെ ജീവിതത്തിലേതുപോലെ, വിശ്വാസത്തിന്റെ മാർഗ്ഗത്തിൽ, പ്രത്യയശാസ്ത്രങ്ങളുടെ പേരിലാകട്ടെ, അധികാരത്തിന്റെ പേരിലാകട്ടെ ബുദ്ധിമുട്ടുകളും പീഡനങ്ങളും നേരിടേണ്ടിവരുന്ന, സുവിശേഷപ്രഘോഷണവും ക്രൈസ്തവസാക്ഷ്യവും ജീവിക്കാൻ ബുദ്ധിമുട്ടുന്ന, ഓരോ മനുഷ്യർക്കും പ്രത്യാശയുടെ സന്ദേശം കൂടിയാണ് ഈ വചനങ്ങൾ നൽകുക.

സുവിശേഷം നമ്മുടെ ജീവിതത്തിൽ

മത്തായിയുടെ സുവിശേഷത്തിന്റെ നാലാം അധ്യായം പന്ത്രണ്ടു മുതലുള്ള വചനങ്ങളിലൂടെ നാം കടന്നുപോകുമ്പോൾ, പ്രവാചകന്മാരിലൂടെയും സ്നാപകയോഹന്നാനിലൂടെയും അറിയിക്കപ്പെട്ട രക്ഷയുടെ വരവിനെക്കുറിച്ചുള്ള ബോധ്യത്തിൽ വളരാനും, ക്രിസ്തുവിലൂടെ ആരംഭിച്ച സ്വർഗ്ഗരാജ്യത്തിൽ പങ്കുകാരാകാനും നമുക്ക് പരിശ്രമിക്കാം.  ഗലീലിയുടെ നമ്മുടെ പാപാന്ധകാരത്തിന്റെ, തീരങ്ങളിൽനിന്ന് മാറി, നമ്മുടെ രക്ഷയ്ക്കായി ഉദയം ചെയ്ത ക്രിസ്തുവെന്ന പ്രകാശത്തിലേക്ക് നടന്നടുക്കാം. നമ്മുടെ അനുദിനജീവിതത്തിൽ ക്രൈസ്തവവിശ്വാസം നൽകുന്ന കരുത്തിൽ മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാം. ജീവിതാവസ്ഥകൾ ഏതു തന്നെയും ആയിക്കൊള്ളട്ടെ, എല്ലാം ദൈവത്തിൽ സമർപ്പിച്ച്, രക്ഷകനായ, സൗഖ്യം നൽകുന്ന ക്രിസ്തുവിനെ പൂർണ്ണഹൃദയത്തോടെ, സമർപ്പണത്തോടെ, നമ്മുടെ പ്രത്യേകതകൾക്കും, പാരമ്പര്യങ്ങൾക്കും, വ്യക്തിഗതതല്പര്യങ്ങൾക്കുമപ്പുറം, ഒരുമയോടെ, സന്തോഷപൂർവ്വം, നമുക്കും പിൻചെല്ലാം. അവന്റെ രാജ്യത്തിന് യോഗ്യരായി, അവന് സ്വീകാര്യരായ മനുഷ്യരായി മാറാൻ പിതാവായ ദൈവത്തിന്റെ കാരുണ്യം നമ്മുടെമേലും പതിയട്ടെ. പ്രവാചകരിലൂടെ അറിയിക്കപ്പെട്ട രക്ഷയുടെ പദ്ധതി ക്രിസ്തുവിൽ പ്രവർത്തികമാകുന്നതുപോലെ, ദൈവത്തിന്റെ വാഗ്ദാനങ്ങൾ നമ്മുടെ ജീവിതത്തിലും നിറവേറപ്പെടുമെന്ന ഉറച്ച ബോധ്യത്തിൽ നമുക്ക് വളരാം. മനസാന്തരത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും, ദൈവാരാജ്യത്തിനായി നമ്മെത്തന്നേയും നമ്മുടെ സഹോദരങ്ങളെയും നേടുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമേൻ

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2023, 13:59