തിരയുക

കഴിഞ്ഞ ദിവസം റഷ്യൻ ആക്രമത്തിൽ തകർന്ന ദ്‌നിപ്രൊ നഗരത്തിലെ കെട്ടിടം കഴിഞ്ഞ ദിവസം റഷ്യൻ ആക്രമത്തിൽ തകർന്ന ദ്‌നിപ്രൊ നഗരത്തിലെ കെട്ടിടം  (REUTERS)

റഷ്യ ഉക്രൈൻ യുദ്ധം കൂടുതൽ തീവ്രമാകുന്നു: മേജർ ആർച്ച്ബിഷപ് ഷെവ്ചുക്

റഷ്യ ഉക്രൈനുമേൽ നടത്തിവരുന്ന യുദ്ധം കൂടുതൽ തീവ്രമാകുന്നുവെന്ന് അപലപിച്ച് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭാമേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുക്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റഷ്യ ഉക്രൈനെതിരെ നടത്തിവരുന്ന യുദ്ധം 328 ദിനങ്ങൾ പിന്നിടുമ്പോൾ കഴിഞ്ഞ നാളുകളേക്കാൾ കൂടുതൽ തീവ്രമായ ആക്രമണമാണ് തങ്ങൾ നേരിടുന്നതെന്ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേലധ്യക്ഷൻ അപലപിച്ചു. അതിർത്തിപ്രദേശങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ആക്രമണങ്ങൾ, സമാധാനപൂർണ്ണമായി ജീവിച്ചിരുന്ന നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഇപ്പോൾ റഷ്യ അഴിച്ചുവിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉക്രൈനിലെ ഡോൺബാസ്, ലുഹാൻസ്ക്, ഡോണെത്സ്ക് പ്രദേശങ്ങൾ ശക്തമായ ആക്രമണങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഉക്രൈൻ പട്ടാളത്തെക്കാൾ വളരെ വലിയ ഒരു സൈന്യനിരയാണ് റഷ്യൻ ഭാഗത്തുനിന്ന് ആക്രമണങ്ങൾ നടത്തുന്നതെന്നും, ജനുവരി പതിനാറിന് മാത്രം ഇരുപതോളം റഷ്യൻ ആക്രമണങ്ങളാണ് ഉക്രൈൻ പട്ടാളം ചെറുത്തുനിന്നതെന്നും മേജർ ആർച്ച്ബിഷപ് ഷെവ്ചുക്, ജനുവരി പതിനേഴിന് നൽകിയ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി

വിമാനവാഹിനിക്കപ്പലുകൾക്കെതിരെ ഉപയോഗിക്കുന്ന ഒരു മിസൈൽ ഉപയോഗിച്ച് ജനുവരി പതിനാല് ശനിയാഴ്ച റഷ്യ ഉക്രൈനിലെ ഡ്‌നിപ്രൊ നഗരത്തിൽ ജനസാന്ദ്രതയുള്ള ഒരു പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ 200-ലധികം അപ്പാർട്ടുമെന്റുകൾ നശിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. ജനുവരി പതിനേഴ് വരെ മാത്രം നടത്തിയ തിരച്ചിലുകളിൽ നാല്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രൈനിലെ ഒരു നഗരവും ഗ്രാമവും സുരക്ഷിതമല്ലെന്ന ഭീതിയാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനുവരി പതിനെട്ട് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസിസ് പാപ്പായയും ഈ സംഭവത്തെ അപലപിക്കുകയും പ്രാർത്ഥനകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഖെർസൺ പ്രദേശത്തും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ റഷ്യൻ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും, ഇവിടങ്ങളിലെ ആശുപത്രികൾക്ക് നേരെയും ബോംബാക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു. കുട്ടികളും ഈ യുദ്ധത്തിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ജനുവരി 16 വരെയുള്ള കണക്കുകൾ പ്രകാരം 455 കുട്ടികൾ ഈ യുദ്ധത്തിൽ മരിച്ചതായും 336 പേരെ കാണാതായതായും അറിയിച്ചു. 897 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2023, 16:05