തിരയുക

ഫ്രാൻസിസ് പാപ്പാ മതബോധകരെ കുറിച്ചുള്ള യൂറോപ്യൻ മെത്രാൻ സമിതി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു. (വത്തിക്കാൻ മീഡിയ) ഫ്രാൻസിസ് പാപ്പാ മതബോധകരെ കുറിച്ചുള്ള യൂറോപ്യൻ മെത്രാൻ സമിതി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു. (വത്തിക്കാൻ മീഡിയ) 

പാപ്പാ: ദിവ്യകാരുണ്യം പകർന്നുനൽകുന്ന സുവിശേഷ പ്രഘോഷകര്‍

യൂറോപ്യൻ മെത്രാൻ സമിതിയുടെ മതബോധന ചുമതല വഹിക്കുന്ന 80 പ്രതിനിധികളുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാൻസിസ് പാപ്പാ ഈ പ്രസ്താവന നടത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

പരിശുദ്ധാത്മാവിന്‍റെ  പ്രചോദനത്താല്‍ ദിവ്യബലി ആഘോഷത്തില്‍ നിന്ന് വിശ്വാസം കൂടുതൽ ക്രിയാത്മകമായി പകർന്നു നല്‍കാനുള്ള അഭിനിവേശമുള്ളവരാണ് മതബോധന അദ്ധ്യാപകർ. "സഹോദരീസഹോദരന്മാർ ഒരുമിച്ച് വന്ന് അവരുടെ ജീവിതത്തിൽ ദൈവസാന്നിധ്യത്തിന്‍റെ വിവിധ വഴികൾ കൂടുതൽ ആഴത്തിൽ കണ്ടെത്തുന്ന പരിശുദ്ധ കുർബ്ബാനയുടെ ആചാരം മതബോധനത്തിന്‍റെ ഏറ്റം പ്രബലമായ ഇടമാണ്" എന്ന്  യൂറോപ്യൻ മെത്രാൻ സമിതിയുടെ മതബോധന ചുമതല വഹിക്കുന്ന 80 പ്രതിനിധികളുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍  ഫ്രാൻസിസ് പാപ്പാ  പ്രസ്താവിച്ചു.

"നവസുവിശേഷവൽക്കരണത്തിൽ മതബോധനവും മതബോധനാദ്ധ്യാപകരും" എന്ന വിഷയമാസ്പദമാക്കി നവസുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ വത്തിക്കാനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ.ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ഞായറാഴ്ച സമാപിച്ച അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അനുസ്മരിച്ചു കൊണ്ട് ദിവ്യകാരുണ്യ രഹസ്യത്തിൽ കണ്ണുനട്ടിരുന്നാൽ സുവിശേഷവൽക്കരണത്തിൽ മതബോധനാദ്ധ്യാപകരുടെ പ്രതിബദ്ധത കൂടുതൽ ഫലപ്രദമാകും എന്ന് ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി.

അനുദിന ജീവിത യാഥാർത്ഥ്യത്തിലെ  വിശ്വാസം

പെസഹാ തിരുനാളിന്ന് എല്ലാ ഒരുക്കവും നടത്തിയ യേശു "പട്ടണത്തിലേക്ക് പോകാൻ" ശിഷ്യരെ പറഞ്ഞു വിട്ടത് ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. വിശ്വാസരഹസ്യത്തിന്‍റെ മൂർദ്ധന്യ മുഹൂർത്തം ആചരിക്കാൻ ഒരുങ്ങുന്ന ക്രൈസ്തവൻ ആദ്യം"പട്ടണത്തിലേക്ക്" പോകാനും അവരവരുടെ അനുദിന കർത്തവ്യങ്ങളിൽ തിരക്കിലായവരെ കാണുവാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മതബോധനം ഓർമ്മിച്ചു വയ്ക്കേണ്ട കുറെ സിദ്ധാന്തവിജ്ഞാനത്തിന്‍റെ ഫോർമുലകളുടെ അമൂർത്തമായ ആശയ വിനിമയമല്ല മറിച്ച് പ്രേഷിത ശിഷ്യരാകാൻ തങ്ങളെ വിളിച്ച യേശുവിനെ ജീവിതത്തിൽ കണ്ടുമുട്ടുകയും തങ്ങളുടെ സഹോദരീ സഹോദരരെ അവരുടെ ജീവിത, തൊഴിൽ സാഹചര്യങ്ങളിൽ കണ്ടെത്താൻ പഠിക്കുന്ന വിശ്വാസ രഹസ്യങ്ങളുടെ അനുഭവമാണ്.

മതബോധനത്തിന്‍റെ കാതൽ "ഉത്ഥിതനായ യേശു നിന്നെ സ്നേഹിക്കുന്നുവെന്നും ഒരിക്കലും നിന്നെ ഉപേക്ഷിക്കുകയില്ല" എന്നതുമാണ്. ഇത് മതബോധനയാത്രയിൽ പല ഘട്ടങ്ങളിലും ആവർത്തിക്കാൻ നാം മടിക്കരുതെന്നും പാപ്പാ പറഞ്ഞു.അതുകൊണ്ടാണ് താൻ  മതബോധകരുടെ ഒരു സേവന പ്രേഷിതത്വം മേയ് മാസത്തിൽ സ്ഥാപിച്ചത്. അതിന്‍റെ തുടക്കത്തിനായുള്ള നടപടികൾ നടക്കുകയാണ് എന്നും പാപ്പാ അറിയിച്ചു.

പരിശുദ്ധ കുർബ്ബാനയുടെ സാക്ഷ്യത്തിൽ  നിന്നും ജീവിച്ച് അനുദിന ജീവിതത്തിൽ വിശ്വാസം ആഴപ്പെടുത്താൻ സഹായിക്കുകയും ക്രൈസ്തവ സമൂഹത്തിന് സേവനം ചെയ്യുവാൻ സ്വയം സമർപ്പിക്കുകയും ചെയ്യുന്നവരാണ് മതബോധകർ. അവർ അക്ഷീണം കരുണയുടെ സുവിശേഷം പ്രഘോഷിക്കുകയും ദൈവവചനത്തെ കൂടുതൽ വിലമതിക്കാനും നന്മ പ്രവർത്തികൾ വഴി ദിവ്യബലിയുടെ രഹസ്യം ആഘോഷിക്കാൻ ആവശ്യമായ ബന്ധം സൃഷ്ടിക്കുകയും ചെയ്യുകയാണ് അവർ ചെയ്യുന്നത്. പാപ്പാ വിശദീകരിച്ചു.

പാപ്പായുടെ ആദ്യകുർബ്ബാന സ്വീകരണം

ആദ്യകുർബ്ബാന സ്വീകരണത്തിനായി പാപ്പായെ ഒരുക്കിയ രണ്ട് മതബോധന അദ്ധ്യാപകരെ പരിശുദ്ധ പിതാവ് സ്നേഹപൂർവ്വം അനുസ്മരിച്ചു. ഒരു പുരോഹിതൻ എന്ന നിലയിലും പിന്നീട് മെത്രാനായതിന് ശേഷവും  അവരിൽ ജീവിച്ചിരുന്ന ഒരാളുമായുള്ള തന്‍റെ ബന്ധം തുടർന്നതും പാപ്പാ ഓര്‍മ്മിച്ചു. തനിക്കു മതബോധനം നൽകിയ സ്ത്രീകളോടും,കന്യാസ്ത്രീയോടുമുള്ള നന്ദിയും, ബഹുമാനവും പ്രകടിപ്പിച്ച പാപ്പാ, ആ അനുഭവത്തെ വിലമതിക്കുന്നുവെന്നും അവരുടെ ജീവിതാവസാനം വരെ അവരെ അനുഗമിച്ചുവെന്നും തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനൊരുക്കിയ കന്യാസ്ത്രിയുടെ അന്ത്യയാത്രയിലും താൻ പങ്കെടുത്തുവെന്നും വെളിപ്പെടുത്തി.

സർഗ്ഗാത്മകമായ സുവിശേഷവൽക്കരണം

സുവിശേഷവൽക്കരണം ഒരിക്കലും ഭൂതകാലത്തിന്‍റെ ഒരു ആവർത്തനമല്ല. വെറും  ഉപരിപ്ലവമായരീതിയിലോ മുൻകൂട്ടി തയ്യാറാക്കിയ  ഉത്തരങ്ങളോടോകൂടിയല്ലാതെ എങ്ങനെയാണ് പ്രഘോഷണം നടത്തുന്ന വ്യക്തികളെ അവരുടെ  സംസ്കാരവും, ചരിത്രവും, മുഖവും മനസ്സും, മനോഭാവങ്ങളും അറിഞ്ഞു ശ്രവിക്കേണ്ടതെന്ന് വെളിപ്പെടുത്തി വിളിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സര്‍ഗ്ഗാത്മകതയാണ്. ഇത് നമ്മെ എല്ലാ പ്രകടമായ ഭാഷകൾക്കുമപ്പുറം ദൈവ വചനത്തോടും ജീവിക്കുന്ന സുവിശേഷമായ  യേശുക്രിസ്തുവിനോടുമൊപ്പമുള്ള ഒരു ശ്രവണത്തിനായി ക്ഷണിക്കുന്നു, പാപ്പാ വിശദീകരിച്ചു.

യൂറോപ്പ്

ഭൂഖണ്ഡത്തിന്‍റെ ക്രൈസ്തവ പാരമ്പര്യം ഒരു ചരിത്ര അവശിഷ്ടമായി മാറരുത്. അല്ലാത്ത പക്ഷം അത് 'പാരമ്പര്യം' അല്ലാതാകുന്നു  എന്ന് പറഞ്ഞ പാപ്പാ യൂറോപ്പിലെ ജനങ്ങൾക്കിടയിൽ സഭയുടെ ഏറ്റവും അടിയന്തരമായ കർത്തവ്യം ഇതാണെന്ന് ഊന്നി പറഞ്ഞു. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക്, മനസ്സിൽ നിന്ന് മനസ്സിലേക്ക്, ജീവിതത്തിൽ നിന്ന് ജീവിതത്തിലേക്ക് ജീവിക്കുന്ന ഒരു പാരമ്പര്യമാണ് മതബോധനം എന്ന് വിശേഷിപ്പിച്ച പാപ്പാ, അഭിനിവേശത്തോടും, ഉൽസാഹത്തോടും, പരിശുദ്ധാത്മാവിന്‍റെ സർഗ്ഗാത്മകതയോടും കൂടി തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കണമെന്ന് പാപ്പാ അവരെ ആഹ്വാനം ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2021, 10:22