തിരയുക

മുപ്പത്തിനാലാം വിദേശ അജപാലന സന്ദർശനം - ഒരു തിരനോട്ടം!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: ഹങ്കറിയിലെ ബുദാപെസ്റ്റിലും സ്ലൊവാക്യയിലും സെപ്റ്റമ്പർ 12-15 വരെ നടത്തിയ ഇടയസന്ദർശനത്തിൻറെ പുനരവലോകനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ മാസം 12-15 വരെ (12-15/09/21) താൻ ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിൽ അപ്പൊസ്തോലിക ഇടയസന്ദർശനത്തിലായിരുന്നതിനാൽ കഴിഞ്ഞ ബുധനാഴ്ച (15/09/21) മുടങ്ങിയ പ്രതിവാരപൊതുദർശനപരിപാടി ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ച (22/09/21) പുനരാരംഭിച്ചു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു പൊതുകൂടിക്കാഴ്ചാ വേദി. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ഈ ശാലയിൽ സന്നിഹിതരായിരുന്നു. ശാലയിൽ പ്രവേശിച്ച പാപ്പായെ ജനങ്ങൾ സസന്തോഷം ഹർഷാരവത്തോടെ വരവേറ്റു. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. ഈ വായനയെത്തുടർന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, തൻറെ അപ്പൊ  സ്തോലികയാത്ര പുനരവലോകനം ചെയ്തു. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന പ്രസ്തു പ്രഭാഷണത്തിൻറെ സംഗ്രഹം:

പാപ്പായുടെ പ്രാർത്ഥനാ തീർത്ഥാടനം

സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നു ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്, കൃത്യം ഒരാഴ്ച മുമ്പ്, കഴിഞ്ഞ ബുധനാഴ്ച സമാപിച്ച, ഞാൻ ബുദാപെസ്റ്റിലും സ്ലൊവാക്യയിലും നടത്തിയ അപ്പൊസ്തോലിക യാത്രയെക്കുറിച്ചാണ്. അതിനെ ഞാൻ ഇപ്രകാരം സംഗ്രഹിക്കാൻ അഭിലഷിക്കുന്നു: അതൊരു പ്രാർത്ഥനാ തീർത്ഥാടനമായിരുന്നു, വേരുകളിലേക്കുള്ള തീർത്ഥാടനം, പ്രത്യാശയുടെ തീർത്ഥാടനം. പ്രാർത്ഥന, വേരുകൾ, പ്രതീക്ഷ.

പാപ്പാ ബുദാപെസ്റ്റിൽ- ലൗകികതയാകുന്ന ചിതലിൽ നിന്ന് നമ്മെ രക്ഷിക്കുന്ന ദിവ്യകാരുണ്യം   

1. പകർച്ചവ്യാധി കാരണം കൃത്യമായി ഒരു വർഷത്തേക്ക് മാറ്റിവച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന വിശുദ്ധ കുർബ്ബാനയ്‌ക്കായി ബുദാപെസ്റ്റ് ആയിരുന്നു ഈ യാത്രയുടെ ആദ്യ പാദം. ഈ ആഘോഷത്തിൽ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. ദൈവത്തിൻറെ വിശുദ്ധ ജനം, കർത്താവിൻറെ ദിവസത്തിൽ, ദിവ്യകാരുണ്യരഹസ്യത്തിനു മുന്നിൽ ഒത്തുകൂടി. ഈ ദിവ്യകാരുണ്യത്താലാണ് അവർ നിരന്തരം ഉരുവാകുന്നതും പുനർസൃഷ്ടിക്കപ്പെടുന്നതും. ദിവ്യകാരുണ്യം സൂചിപ്പിക്കുന്ന അതേ ദിശ, അതായത്, എളിയതും നിസ്വാർത്ഥവുമായ സ്നേഹത്തിൻറെ, ഉദാരവും സകലരോടും ആദരവുകാട്ടുന്ന സ്നേഹത്തിൻറെ, ലൗകികതയെ വിശുദ്ധീകരിക്കുകയും സത്തയിലേക്കാനയിക്കുകയും ചെയ്യുന്ന വിശ്വാസത്തിൻറെ പാത കാണിക്കുന്നതിന് അൾത്താരയ്ക്ക് മുകളിൽ ഉണ്ടായിരുന്ന കുരിശിനാൽ ആശ്ലേഷിതമായിരുന്നു അത്. ഈ വിശ്വാസം നമ്മെ ശുദ്ധീകരിക്കുകയും എല്ലാവരെയും ആന്തരികമായി നശിപ്പിക്കുന്ന ചിതലാകുന്ന ലൗകികതയിൽ നിന്ന് നമ്മെ അകറ്റി നിറുത്തുകയും ചെയ്യും.

സ്ലൊവാക്യയിൽ : പ്രാർത്ഥനയും സ്നേഹവും സാക്ഷ്യവും

ഈ പ്രാർഥനാതീർത്ഥാടനം സമാപിച്ചത് സ്ലൊവാക്യയിൽ വ്യകുലനാഥയുടെ തിരുന്നാളിലാണ്. അവിടെയും, ഷഷ്ടിനിൽ, സപ്ത സന്താപങ്ങളുടെ കന്യകയുടെ ദേവാലയത്തിൽ, മക്കളുടെ ഒരു വലിയ കൂട്ടം അമ്മയുടെ തിരുന്നാളിന് ഒഴുകിയെത്തി, അത് മതപരമായ ദേശീയോത്സവം കൂടിയാണ്. യൂറോപ്പിൻറെ ഹൃദയഭാഗത്തേക്കുള്ള പ്രാർത്ഥനയുടെ തീർത്ഥാടനമായിരുന്നു എൻറേത്. അത് ദിവ്യകാരുണ്യ ആരാധനയോടെ തുടങ്ങി ജനകീയ ഭക്തിയിൽ അവസാനിച്ചു. കാരണം, എല്ലാറ്റിനുമുപരിയായി ദൈവജനം ഇതിലേക്ക് വിളിക്കപ്പെട്ടു: ആരാധിക്കാൻ, പ്രാർത്ഥിക്കാൻ, സഞ്ചരിക്കാൻ, തീർത്ഥാടനം ചെയ്യാൻ, പ്രായശ്ചിത്തം ചെയ്യാൻ, കർത്താവേകുന്ന സമാധാനം, സന്തോഷം ഇതിൽ അനുഭവിക്കാൻ. ഉപഭോഗത്താലും പഴയതും പുതിയതുമായ പ്രത്യയശാസ്ത്രങ്ങളുടെ മിശ്രണത്തിൻറെ ഏക ഫലമായ ചിന്താധാരയുടെ "ബാഷ്പീകരണങ്ങളാലും" ദൈവസാന്നിദ്ധ്യത്തിൽ വെള്ളം ചേർത്തിരിക്കുന്നു  യൂറോപ്യൻ ഭൂഖണ്ഡത്തെ സംബന്ധിച്ചിടത്തോളം ഇതിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ഈ സാഹചര്യത്തിലും സൗഖ്യത്തിനുള്ള പ്രതിവിധി പ്രാർത്ഥനയിലും സാക്ഷ്യത്തിലും എളിയ സ്നേഹത്തിലും നിന്നാണ് വരുന്നത്. 

പ്രാർത്ഥനയുടെ അനിവാര്യ ഘടകം ഓർമ്മ

ദൈവത്തിൻറെ വിശുദ്ധ ജനവുമായുള്ള സമാഗമത്തിൽ ഞാൻ കണ്ടത് ഇതാണ്: നാസ്തിക്യവാദത്തിൻറെ പീഡനം അനുഭവിച്ച വിശ്വസ്ത ജനതയെ. നമ്മുടെ യഹൂദ സഹോദരീസഹോദരന്മാരുടെ വദനങ്ങളിലും ഞാൻ അത് കണ്ടു, അവരോടൊപ്പം നമ്മൾ ഷോഹ അനുസ്മരണവും നടത്തി. കാരണം ഓർമ്മ കൂടാതെ പ്രാർത്ഥനയില്ല.

വേരുകളിലേക്കുള്ള തീർത്ഥാടനം  

2. രണ്ടാമത്തെ മാനം ഇതാണ്: ഈ യാത്ര, വേരുകളിലേക്കുള്ള ഒരു തീർത്ഥാടനമായിരുന്നു. ബുദാപെസ്റ്റിലും ബ്രാത്തിസ്ലാവയിലും മെത്രാൻസഹോദരങ്ങളുമായി കണ്ടുമുട്ടിയപ്പോൾ, മിത്സേന്തി, കോറെത്ച് എന്നീ കർദ്ദിനാളന്മാർ, വാഴ്ത്തപ്പെട്ട മെത്രാൻ പവോൽ പെറ്റെർ ഗൊയ്ദീച്ച് എന്നിവരെപ്പോലുള്ള വിളങ്ങുന്ന വിശ്വാസസാക്ഷികളിൽ തെളിഞ്ഞു നില്ക്കുന്ന, വിശ്വാസത്തിൻറെയും ക്രിസ്തീയ ജീവിതത്തിൻറെയും ഈ വേരുകളുടെ കൃതജ്ഞതാഭരിതമായ ഓർമ്മകളെ തൊട്ടറിയാൻ എനിക്ക് സാധിച്ചു. ഒൻപതാം നൂറ്റാണ്ട് വരെ, സിറിൽ മെത്തോഡിയസ് എന്നീ വിശുദ്ധരായ സഹോദരങ്ങൾ നടത്തിയ സുവിശേഷവത്ക്കരണ പ്രവർത്തനം വരെ, ആഴത്തിൽ ഇറങ്ങിയതാണീ വേരുകൾ. ഈ സഹോദരങ്ങൾ സ്ഥിരമായ സാന്നിദ്ധ്യമായി ഈ യാത്രയെ തുണച്ചു. വിശുദ്ധ കുരിശിൻറെ തിരുനാളിൽ പ്രെഷോവിൽ ബൈസൻറയിൻ റീത്തിലായിരുന്ന വിശുദ്ധകുർബ്ബാനാഘോഷത്തിൽ ഈ വേരുകളുടെ ശക്തി ഞാൻ മനസ്സിലാക്കി. വിശ്വാസത്തെപ്രതിയുള്ള നിരവധിയായ സഹനങ്ങൾ വാർത്തെടുത്ത വിശുദ്ധ ജനത്തിൻറെ ഹൃദയം ഗാനങ്ങളിൽ പ്രകമ്പനം കൊള്ളുന്നതായി എനിക്ക് അനുഭവപ്പെട്ടു.

കാത്തുസൂക്ഷിക്കേണ്ട ജീവസുറ്റ വേരുകൾ

ഈ വേരുകൾ എപ്പോഴും സജീവമാണെന്നും അവ പരിശുദ്ധാത്മാവായ ജീവരക്തത്താൽ നിറഞ്ഞതാണെന്നും അവ അപ്രകാരം തന്നെ കാത്തുസൂക്ഷിക്കണമെന്നും ഞാൻ പലതവണ ഊന്നിപ്പറഞ്ഞു. പ്രദർശനശാലകളിലെന്നപോലെ സൂക്ഷിക്കേണ്ട പുരാതന അവശിഷ്ടങ്ങളല്ല അവ. ആദർശത്തിനും അധികാര താൽപര്യങ്ങൾക്കുമായി ഒരു അടഞ്ഞ സ്വത്വം ഉറപ്പിക്കുന്നതിനായി പ്രത്യയശാസ്ത്രവൽക്കരിക്കുകയും കരുവാക്കുകയുമരുത്. അതു പാടില്ല. ഇതിനർത്ഥം അവയെ ഒറ്റുകൊടുക്കുകയും ഊഷരമാക്കുകയും ചെയ്യരുതെന്നാണ്. സിറിലും മെത്തോഡിയസും നമുക്ക് അനുസ്മരിക്കാനുള്ള കഥാപാത്രങ്ങളല്ല, അനുകരിക്കേണ്ട മാതൃകകളാണ്, സുവിശേഷവൽക്കരണത്തിൻറെയും  അതുപോലെതന്നെ പൗരപ്രതിബദ്ധതയുടെയും ആത്മാവും ശൈലിയും നമുക്ക് പഠിക്കാൻ കഴിയുന്ന അദ്ധ്യാപകരും ആണ്. യൂറോപ്പിൻറെ ഹൃദയഭാഗത്തേയ്ക്കുള്ള ഈ യാത്രയിൽ ഞാൻ പലപ്പോഴും യൂറോപ്യൻസമിതിയുടെ പിതാക്കന്മാരെക്കുറിച്ച് ചിന്തിച്ചു. ഈ രീതിയിൽ മനസ്സിലാക്കുകയും ജീവിക്കുകയും ചെയ്താൽ, വേരുകൾ ഭാവിയുടെ അച്ചാരമായിരിക്കും: അവയിൽ നിന്ന് പ്രതീക്ഷയുടെ ശക്തമായ ശാഖകൾ മുളപൊട്ടും.

പ്രത്യാശയുടെ തീർത്ഥാടനം

3. ഈ യാത്രയുടെ മൂന്നാമത്തെ വശം ഇതാ: പ്രതീക്ഷയുടെ തീർത്ഥാടനമായിരുന്നു അത്. കൊഷീത്സെ കായികമൈതാനിയിലെ അവിസ്മരണീയമായ കൂടിക്കാഴ്ചയിൽ, ഞാൻ യുവതയുടെ കണ്ണുകളിൽ ഒരുപാട് പ്രതീക്ഷകൾ കണ്ടു. പ്രത്യേകിച്ച് പകർച്ചവ്യാധിയുടെ ഈ സമയത്ത്, ആഘോഷവേള ശക്തവും പ്രചോദനദായകവുമായ ഒരു അടയാളമായിരുന്നു, കൂടാതെ നിരവധി യുവ ദമ്പതികൾ അവരുടെ കുഞ്ഞുങ്ങളോടൊപ്പം ഇതിൽ പങ്കുകൊണ്ടതിനും നന്ദി.

മഹിളകൾക്കെതിരായ ആക്രമണം-തുറന്ന മുറിവ്  

അക്രമത്തെ ചെറുത്തുകൊണ്ട് സ്വജീവൻ പണയം വച്ച് സ്വന്തം ഔന്നത്യം സംരക്ഷിച്ച സ്ലൊവാക് പെൺകുട്ടിയായ വാഴ്ത്തപ്പെട്ട അന്ന കൊളെസാറൊവായുടെ സാക്ഷ്യം എത്ര ശക്തവും പ്രവചനാത്മകവുമാണ്: ദൗർഭാഗ്യവശാൽ, സ്ത്രീകൾക്കെതിരായ അതിക്രമം ഒരു തുറന്ന മുറിവായിരിക്കുന്നതിനാൽ എന്നത്തേക്കാളുപരി പ്രസക്തമായ ഒരു സാക്ഷ്യമാണ്.

കരുതലിൻറെ ആശ്ലേഷം

മറ്റുള്ളവരെ നിശബ്ദമായി പരിപാലിക്കുകയും അവരെക്കുറിച്ച് ഉൽക്കണ്ഠപ്പെടുകയും ചെയ്യുന്ന നിരവധി ആളുകളിൽ ഞാൻ പ്രതീക്ഷ കണ്ടു. ഭവനരഹിതരായ ആളുകളെ സ്വാഗതം ചെയ്യുന്ന ബ്രാത്തിസ്ലാവയിലെ ബെത്ലഹേം കേന്ദ്രത്തിലെ ഉപവിയുടെ പ്രേഷിത സഹോദരികളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. നടോടി വംശജരുടെ സമൂഹത്തെയും അവരോടൊപ്പം  സാഹോദര്യത്തിൻറെയും സാകല്യത്തിൻറെയും പ്രയാണത്തിനായി പരിശ്രമിക്കുന്നവരെയും ഞാൻ ഓർക്കുന്നു. നാടോടി വംശജരുടെ സമൂഹത്തിൻറെ ആഘോഷത്തിൽ പങ്കുചേരാൻ കഴിഞ്ഞത് ഹൃദയസ്പർശിയായിരുന്നു. അത് സുവിശേഷ സ്വാദാർന്ന ലളിതമായ ഉത്സവമായിരുന്നു. നാടോടി വംശജർ നമ്മുടെ സഹോദരങ്ങളാണ്. അവരെ നാം സ്വീകരിക്കണം. സലേഷ്യൻ വൈദികർ ബ്രാത്തിസ്ലാവയിൽ ചെയ്യുന്നതു പോലെ അവരോട് ഏറ്റവും ചാരെ ആയിരിക്കണം.

ഒരുമ

പ്രിയ സഹോദരീ സഹോദരന്മാരേ, ഈ പ്രത്യാശ സമൂർത്തമായിത്തീരണമെങ്കിൽ അത്, മറ്റൊരു വാക്കിനോട് ചേർന്നു നില്ക്കണം: ഒത്തൊരുമ എന്നതാണ് ആ പദം. ബുദാപെസ്റ്റിലും സ്ലൊവാക്യയിലും കത്തോലിക്കാ സഭയിലെ വ്യത്യസ്ത റീത്തുകളോടും, മറ്റ് ക്രൈസ്തവ സഹോദരങ്ങളോടും, യഹൂദ സഹോദരങ്ങളോടും, മറ്റ് മത വിശ്വാസികൾ, ദുർബ്ബലവിഭാഗങ്ങൾ എന്നിവരോടൊപ്പം നമ്മൾ ഒത്തു ചേർന്നു. ഇതാണ് മാർഗ്ഗം, കാരണം നാം ഒന്നിച്ചാണെങ്കിൽ മാത്രമെ, ഭാവി പ്രതീക്ഷയുടെതാകുകയുള്ളൂ

നന്ദിയോടെ....

ഈ യാത്രയ്ക്ക് ശേഷം, എൻറെ ചിത്തം വലിയ "നന്ദി"യാൽ പൂരിതമാണ്. മെത്രാന്മാർക്കും പൗരാധികാരികൾക്കും നന്ദി; ഹങ്കറിയുടെയും സ്ലൊവാക്യയുടെയും പ്രസിഡൻറന്മാർക്ക് നന്ദി;  ഈ യാത്രായ്ക്കു വേണ്ട സംവിധാനത്തിലെ എല്ലാ സഹകാരികൾക്കും നന്ദി; നിരവധിയായ സന്നദ്ധപ്രവർത്തകർക്ക് നന്ദി; പ്രാർത്ഥാനാസഹായമേകിയ എല്ലാവർക്കും നന്ദി. ഈ യാത്രയ്ക്കിടെ വിതറപ്പെട്ട വിത്തുകൾ നല്ല ഫലം കായ്ക്കുന്നതിന്, ദയവായി, ഒരു പ്രാർത്ഥന കൂടി ചേർക്കുക. ഇതിനായി നമുക്കു പ്രാർത്ഥിക്കാം. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്തു. അനുവർഷം സെപ്റ്റമ്പർ 21-ന് സുവിശേഷകനായ വിശുദ്ധ മത്തായിയുടെ തിരുന്നാൾ തിരുസഭ ആചരിക്കുന്നത് അനുസ്മരിച്ച പാപ്പാ, ജീവിതയത്രയെ നേരിടുന്നതിനുള്ള സുരക്ഷിത വഴികാട്ടിയായ സുവിശേഷത്തിൻറെ പാഠശാലയിൽ ആയിരിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. തുടർന്ന് പാപ്പാ എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2021, 12:46

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >