തിരയുക

ഫ്രാൻസിൽ നിന്നെത്തിയ കാത്തലിക് ആക്ഷൻ സംഘടനയുടെ അംഗങ്ങളുമായി പാപ്പാ... ഫ്രാൻസിൽ നിന്നെത്തിയ കാത്തലിക് ആക്ഷൻ സംഘടനയുടെ അംഗങ്ങളുമായി പാപ്പാ...  (Vatican Media)

ദൈവവചനത്തിൽ വേരൂന്നിയ ഫലദായകരായ അപ്പോസ്തലന്മാരായിരിക്കുക

ഫ്രാൻസിൽ നിന്നെത്തിയ കാത്തലിക് ആക്ഷൻ സംഘടനയുടെ അംഗങ്ങളുമായി വ്യാഴാഴ്ച പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. അപ്പോൾ നൽകിയ സന്ദേശത്തിൽ അവരുടെ ശുശ്രൂഷയുടെ രൂപരേഖ ദൈവവചനമാണെന്ന് പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിൽ നിന്നെത്തിയ കാത്തലിക് ആക്ഷൻ സംഘടനാംഗങ്ങൾക്ക് അഭിവാദനം അർപ്പിച്ച ഫ്രാൻസിസ് പാപ്പാ പിയൂസ് പതിനൊന്നാമൻ പാപ്പയുടെ കാലം മുതൽ പാപ്പാമാരെ സന്ദർശിക്കുന്ന അവരുടെ പാരമ്പര്യത്തെ അനുസ്മരിച്ചു. റോമിലേക്കുള്ള ഈ തീർത്ഥാടനത്തിന്റെ പ്രമേയമായി കാത്തലിക്ക് ആക്ഷൻ ഫ്രാൻസ് സംഘടന സ്വീകരിച്ച പ്രമേയം “ഇന്നത്തെ അപ്പോസ്തലന്മാർ”എന്നാണ്. ഇതിനെ അനുസ്മരിച്ചു കൊണ്ട്, “ഇന്നത്തെ ഫലദായകരായ അപ്പോസ്തലന്മാരാകാനുള്ള ആഹ്വാനത്തെ”ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ  സൂചിപ്പിച്ചു. ശിഷ്യന്മാർ യേശുവിനോടൊപ്പം സഞ്ചരിക്കുമ്പോൾ “അവർ അനുഭവിച്ച സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് യാത്ര ആരംഭിക്കുന്നത്. പിന്നീടവർ ആ സംഭവങ്ങളിൽ നിറഞ്ഞ ദൈവ സാന്നിധ്യം തിരിച്ചറിഞ്ഞു.  അവസാനം അവർ  ജെറൂസലേമിലേക്ക് തിരികെ വന്ന്  ക്രിസ്തുവിന്റെ ഉത്ഥാനത്തെ കുറിച്ച് പ്രഘോഷിക്കുകയാണ് ചെയ്തതെന്ന് തന്റെ സന്ദേശത്തിൽ പാപ്പാ പറഞ്ഞു.

തുടർന്ന് ഫ്രാൻസിസ് പാപ്പാ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്  കാണുക, വിലയിരുത്തുക, പ്രവർത്തിക്കുക എന്ന മൂന്നു ഘട്ടങ്ങളെ കുറിച്ചാണ്.

ഓർമ്മിക്കലിന്റെ പ്രാധാന്യം

“കാണുക,”എന്ന ആദ്യ അടിസ്ഥാനഘട്ടം ജീവിതത്തെ രൂപപ്പെടുത്തുന്ന സംഭവങ്ങളെ,   നിന്ന് നിരീക്ഷിക്കുന്നതിലാണ് എന്ന് പാപ്പാ പറഞ്ഞു. ഇത് നമ്മുടെ ചരിത്രം, നമ്മുടെ കുടുംബം, സാംസ്കാരികം, ക്രിസ്ത്യൻ വേരുകൾ എന്നിവ നിരീക്ഷിക്കുന്നതിൽ “അടങ്ങിയിരിക്കുന്നു.

ഓർമ്മിക്കലിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രീക ലേഖനമായ “ഫ്രാത്തെല്ലി തൂത്തി”യിൽ എഴുതിയ കാര്യം ഉദ്ധരിച്ചു.  ഓർമ്മിക്കലിന്റെ പ്രാധാന്യം “ചിലപ്പോൾ നമ്മുടെ ലോകത്തിലെ ആശങ്കാജനകമായ സാഹചര്യത്തിലേക്ക് നോക്കി കൊണ്ടാവാം ആരംഭിക്കുന്നത്. ഇത് അൽപ്പം അശുഭാപ്തി വിശ്വാസമാണെന്ന് തോന്നിയേക്കാം, പക്ഷേ മുന്നോട്ട് പോകുന്നതിന് ഇതാവശ്യമാണ്.” പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവവചനം

വിലയിരുത്തുക, വിവേചിക്കുക എന്ന രണ്ടാം ഘട്ടത്തിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, “ഇത് സ്വയം ചോദ്യം ചെയ്യപ്പെടാനും വെല്ലുവിളിക്കപ്പെടാനും നാം അനുവദിക്കുന്ന നിമിഷമാണ് ”എന്ന് പാപ്പാ പറഞ്ഞു. “ഈ ഘട്ടത്തിലെ താക്കോൽ വിശുദ്ധ ഗ്രന്ഥവുമായുള്ള  അഭിപ്രായം തേടലാണ്. ഒരുവന്റെ ജീവിതം ദൈവവചനത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്നു എന്നത് അംഗീകരിക്കുന്നതിന്റെ വിഷയമാണ്,”പാപ്പാ വിശദീകരിച്ചു.

“ഒരു വശത്ത് ലോകത്തിന്റെയും നമ്മുടെ ജീവിതത്തിന്റെയും സംഭവങ്ങളും മറുവശത്ത് ദൈവവചനവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ കർത്താവ് നമ്മോടു ആവശ്യപ്പെടുന്നതെന്തെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും”എന്ന് പാപ്പാ തുടർന്നു.

സിനഡാലിറ്റി

കത്തോലിക്കാ ആക്ഷൻ പ്രസ്ഥാനങ്ങൾ “അവരുടെ ചരിത്രത്തിൽ, യഥാർത്ഥ സിനഡൽ സമ്പ്രദായങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, പ്രത്യേകിച്ച് കൂട്ടായ ജീവിതത്തിൽ”എന്ന് ഫ്രാൻസിസ് പാപ്പാ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. അത് അവരുടെ അനുഭവത്തിന്റെ അടിസ്ഥാനമാണ്.

“സഭ മൊത്തത്തിൽ ഒരു സിനഡൽ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുകയാണെ”ന്നും അവരുടെ സംഭാവന ആവശ്യമാണെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

“സിനഡലിറ്റി ഒരു ഒരു ലളിതമായ ചർച്ചയോ പാർലമെന്റ് രീതിയിലുള്ള ഭൂരിപക്ഷ സമവായത്തിനായുള്ള അന്വേഷണമോ അല്ലെന്ന് നമുക്ക് ഓർക്കാം.ഏറ്റവും ആദ്യം  ദൈവ വചനത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തുകയും, വായിക്കപ്പെടുകയും, ധ്യാനിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് പ്രധാന കഥാപാത്രമാകുന്ന  ഒരു ശൈലിയുടെ സ്വീകരണമാണ്”, പാപ്പാ പറഞ്ഞു.

ദൈവത്തിന്റെ പ്രവർത്തനം

മൂന്നാമത്തെ ഘട്ടമായ പ്രവർത്തനത്തിന് എപ്പോഴും ദൈവത്തിന്റെ മുൻകൈ എടുക്കൽ ഉണ്ടാകണമെന്ന് സുവിശേഷം പഠിപ്പിക്കുന്നത് എങ്ങനെയെന്ന് പാപ്പാ  വിശദീകരിച്ചു. “അതിനാൽ, നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതിന്, ഹൃദയങ്ങളിൽ ദൈവം നടത്തുന്ന പ്രവർത്തനത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കർത്തവ്യമെന്ന്,”പാപ്പാ  ഉദ്ബോധിപ്പിച്ചു.

ഇന്ന് നാം ജീവിക്കുന്ന കാലഘട്ടം കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതുപോലെയല്ലെന്ന് ഫ്രാൻസിസ്  പാപ്പാ അഭിപ്രായപ്പെട്ടു.“ഇന്ന്, പ്രത്യേകിച്ച് യൂറോപ്പിൽ,”ക്രൈസ്തവ പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുന്നവർ സ്ഥാപനങ്ങളെക്കുറിച്ച് കൂടുതൽ സംശയാലുക്കളാണ്, അവർ എളുപ്പവും ക്ഷണികവുമായ ബന്ധങ്ങൾ കൂടുതൽ അന്വേഷിക്കുന്നു ,പ്രത്യേകിച്ചും യുവജനങ്ങൾ. “ അവർ പ്രത്യേകിച്ച് സ്നേഹ വികാരങ്ങളോടു കൂടുതൽ സംവേദനക്ഷമതയുള്ളവരും, അതിനാൽ തന്നെ കൂടുതൽ ദുർബ്ബലരും, മുൻ തലമുറകളേക്കാൾ ബലഹീനരും, വിശ്വാസത്തിൽ അധികം വേരില്ലാത്തവരും, എന്നാൽ അർത്ഥവും സത്യവും അന്വേഷിക്കുന്നവരും, ഉദാരത കുറഞ്ഞവരുമല്ല”എന്നും പാപ്പാ പങ്കുവച്ചു.

ഉപസംഹാരമായി, കത്തോലിക്കാ പ്രവർത്തകരെന്ന നിലയിൽ അവരുടെ ദൗത്യം ഇവരിലേക്ക് ഇവരായിരിക്കുന്ന അവസ്ഥയിൽ എത്തിച്ചേർന്ന് അവരെ ക്രിസ്തുവിനോടും അയൽക്കാരനോടും ഉള്ള സ്നേഹത്തിൽ വളർത്താനും അവരെ കൂടുതൽ മഹത്തായതിലേക്ക് നയിക്കാനുമുള്ളതാണെന്ന് പാപ്പാ പ്രസ്ഥാനത്തിലെ അംഗങ്ങളോടു പറഞ്ഞു. അങ്ങനെ അവരെ മൂർത്തമായ പ്രതിബദ്ധതയിലേക്ക് നയിക്കാനും, സ്വന്തം ജീവിതത്തിലും സഭാ ജീവിതത്തിലും നായകന്മാരാക്കാനും ലോകത്തെ മാറ്റാനും കഴിയുന്നവരാക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2022, 13:21