തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം...  (Vatican Media)

പാപ്പാ: പൂർണ്ണമായും സജീവനായി ക്രിസ്തു ഇന്നും ജീവിക്കുന്നു

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 124-125 ആം ഖണ്ഡികകളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

നാലാം അദ്ധ്യായം

മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും.

നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന് പാപ്പാ പറയുന്നു.

അവിടുന്ന് ജീവിക്കുന്നു

124. “അവസാനമായി രണ്ടാമത്തേതിൽ നിന്ന് വേർതിരിക്കാനാവാത്ത മൂന്നാമത്തെ ഒരു സത്യം കൂടിയുണ്ട് : ക്രിസ്തു ജീവിക്കുന്നു ഇത് നാം എപ്പോഴും ഓർക്കണം. കാരണം നമുക്ക് ഒരു അപകടസാധ്യതയുണ്ടാകാം. അതായത് ഭൂതകാലത്തുണ്ടായിരുന്ന ഒരു നല്ല മോഡലായി, ഒരു ഓർമ്മയായി, രണ്ടായിരം കൊല്ലം മുമ്പ് നമ്മെ രക്ഷിച്ച ഒരാളായി യേശുക്രിസ്തുവിനെ കണ്ടെന്നുവരാം. അതുകൊണ്ട് നമുക്ക് യാതൊരു പ്രയോജനവുമില്ല. അത് നമ്മിൽ ഒരു മാറ്റവുമുണ്ടാക്കില്ല. അത് നമ്മെ സ്വതന്ത്രരാക്കുകയില്ല. നമ്മെ തന്റെ കൃപ കൊണ്ട് നിറയ്ക്കുന്ന, സ്വന്ത്രരാക്കുന്ന, രൂപാന്തരപ്പെടുത്തുന്ന, സുഖപ്പെടുത്തുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്ന വ്യക്തി പൂർണ്ണമായും സജീവനാണ്. അവിടുന്ന് ക്രിസ്തുവാണ് മരിച്ചവരിൽ നിന്ന് ഉയിർത്തവൻ, പ്രകൃത്യാതീത ജീവനും ഊർജ്ജവും നിറഞ്ഞവൻ. അതിരറ്റ പ്രകാശം അണിഞ്ഞവൻ. അതുകൊണ്ടാണ് വിശുദ്ധ പൗലോസിന് ഇങ്ങനെ പറയാനായത്: ''ക്രിസ്തു ഉത്ഥാനം ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമാണ്.”(1കൊറി15:7)

125. “അവിടുന്ന് ജീവിക്കുന്നവനാണ്. ഓരോ നിമിഷവും നിങ്ങളുടെ ജീവിതത്തിൽ സന്നിഹിതനായിരിക്കാൻ അവിടുത്തേക്ക് കഴിയും. ജീവിതത്തെ പ്രകാശം കൊണ്ട് നിറയ്ക്കാനും എല്ലാ ദുഃഖവും ഏകാന്തതയും എടുത്തു മാറ്റാനും തന്നെ. മറ്റുള്ള എല്ലാവരും തിരിഞ്ഞു പോയാലും അവിടുന്ന് നിലനിൽക്കും. അവിടുന്ന് വാഗ്ദാനം ചെയ്തത് പോലെ തന്നെ. "ലോക അവസാനം വരെ ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും " (മത്താ.28 :20) അവിടുന്ന് തന്റെ അദൃശ്യമായ സാന്നിധ്യം കൊണ്ട് നിന്റെ ജീവിതം നിറയ്ക്കും. നീ എവിടെ പോയാലും അവിടെ അവിടുന്ന്  നിന്നെ കാത്തു നിൽക്കും. അവിടുന്ന് ഭൂതകാലത്ത് മാത്രമല്ല വന്നത് ഇന്നും ഓരോ ദിവസവും നിന്റെ അടുക്കലേക്ക് വരുന്നു, നിത്യനൂതനമായ ചക്രവാളങ്ങളിലേക്ക് പുറപ്പെടാൻ നിന്നെ ക്ഷണിച്ചു കൊണ്ടു വരുന്നു.” (കടപ്പാട്. പി.ഒ.സി പ്രസീദ്ധീകരണം).

മനുഷ്യ നിർമ്മിത ബുദ്ധി (Artificial Intelligence)

മനുഷ്യബന്ധങ്ങളിൽ ഇന്ന് ഒരു തരം യാന്ത്രികത്വം കടന്നു കൂടിയിട്ടുണ്ടെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ഔപചാരീകതയ്ക്കും അപ്പുറം ആഴമായ ബന്ധങ്ങൾ മനുഷ്യന് അന്യമായി കൊണ്ടിരിക്കുന്നു. അത് കുടുംബ ബന്ധങ്ങളിലാണെങ്കിലും സ്നേഹിതർ തമ്മിലുള്ളതാണെങ്കിലും ഒരു ഉപഭോക്തൃ സംസ്കാരത്തിന്റെ  നിഴൽ വീഴുന്നതും സ്വാർത്ഥതയുടെ മുഖം മറക്കുന്ന മൂടുപടം ധരിക്കുന്നതുമാണ് പലതുമെന്ന തിരിച്ചറിവുകൾ ഭയാനകമാണ്. എന്നാൽ ഈ മൂല്യച്യുതികളാൽ മനുഷ്യന്റെ ബന്ധങ്ങൾ യാന്ത്രീകമാകുമ്പോഴും യന്ത്രങ്ങൾ മാനുഷീകമാക്കാൻ പരിശ്രമിക്കുന്ന ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്. മനുഷ്യനെ പോലെ ജോലികൾ ചെയ്യാൻ യന്ത്രങ്ങൾ നിർമ്മിച്ച മനുഷ്യൻ ഇപ്പോൾ അവയിലേക്ക് മനുഷ്യ നിർമ്മിത ബുദ്ധി (Artificial Intelligence) പകർന്നു കൊടുക്കുന്നു.  അങ്ങനെ ചിരിക്കാനും കരയാനും മാത്രമല്ല മണമറിയാനും മുനുഷ്യനെപ്പോലെ വികാരങ്ങൾ പ്രകടിപ്പിക്കാനും വരെ കഴിവുള്ള യന്ത്രമനുഷ്യനെ നിർമ്മിച്ചു കഴിഞ്ഞുവെന്ന് ഈയടുത്ത കാലത്ത് ഒരു ടെലവിഷൻ പരിപാടി കണ്ടത് ഓർമ്മിക്കുന്നു. ചിലർ ഈ സാങ്കേതിക വിദ്യകളെ തങ്ങളുടെ മത വ്യാപാരങ്ങളിലും ആരാധനയിൽ പോലും പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതായും, പ്രാർത്ഥനകളും പ്രഭാഷണങ്ങളും നടത്താനും ആത്മീയ പ്രതിസന്ധിയിൽ അകപ്പെടുന്നവരെ ആശ്വസിപ്പിക്കാനും ഉപയോഗപ്പെടുത്തുവാൻ കഴിയുന്ന ഒരു ഭാവിവരും എന്നുവരെ ഒരു ബി.ബി.സി. റിപ്പോർട്ടും  കണ്ടു.

യേശുവുമായുള്ള ബന്ധം

ഡിജിറ്റൽ പരിസരത്ത് പുതുമകൾ തേടി നടക്കുന്ന യുവജനങ്ങളുടെ മുന്നിലേക്ക് നവീന സംസ്കാരത്തിന്റെ പ്രതീകങ്ങളും പ്രതിഫലനങ്ങളുമായി ഇവയെല്ലാം അവതാരം ചെയ്യുമ്പോൾ പരിശുദ്ധ പിതാവ് അവരോടു പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം ബന്ധങ്ങളെക്കുറിച്ചു തന്നെയാണ്. വളരെ പ്രധാനമായും യേശുവുമായുള്ള ബന്ധത്തെ കുറിച്ചാണ്.

കഴിഞ്ഞ ഖണ്ഡികകളിൽ പരിശുദ്ധ പിതാവ് സ്നേഹമാകുന്ന ദൈവത്തെക്കുറിച്ചും രക്ഷിക്കുന്ന ക്രിസ്തു നാഥനെക്കുറിച്ചും സംസാരിച്ചെങ്കിൽ ഇനി അടുത്ത പടിയായി നമ്മോടു പറയുന്നത് ഇന്നും ജീവിക്കുന്ന യേശുവിനെക്കുറിച്ചാണ്. ആ നാഥനോടു നാം പുലർത്തേണ്ട അനുദിന ബന്ധത്തെക്കുറിച്ചാണ്.ലോകത്തിൽ ജനിച്ച് മഹാന്മാരായി മനുഷ്യകുലത്തിന് നന്മകൾ ചെയ്തു പോയ മഹാത്മാ ഗാന്ധിയെ പോലെയോ കറുത്തവർഗ്ഗക്കാരെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ സ്വന്തം ജീവൻ നൽകിയ അബ്രഹാം ലിങ്കനെപ്പോലെയോ, നെൽസൺമണ്ടേലായെപ്പോലെയോ, തന്റെ സ്വപ്നത്തെ ഒരു ജനതയുടെ തന്നെ സ്വപ്നമാക്കി പകർന്ന മാർട്ടിൻ ലൂതറിനെപ്പോലെയോ ആവേശം പകരുന്ന ആദർശങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഒരു ചരിത്രമഹാനായി യേശുവിനെ ചുരുക്കിക്കളയുന്ന അപകടം മുൻകൂട്ടി കണ്ട് യുവജനങ്ങളെ ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

ഇന്നും ജീവിക്കുന്ന ഒരു യാഥാർത്ഥ്യമാണ് യേശു

ഇവിടെ യേശുവിനെ അവരിൽ നിന്നൊക്കെ വ്യത്യാസപ്പെടുത്തുന്ന ഒരു വലിയ സത്യമുണ്ട്. മഹാന്മാരായ മനുഷ്യർ ജീവിച്ചനുഗ്രഹിച്ച മാനവകുലവും മണ്ണും അവരെ അനുസ്മരിക്കുന്നത് വെറും ഓർമ്മകളിൽ മാത്രമാണ്. ചരിത്രത്തിലെ കഴിഞ്ഞ് കൊഴിഞ്ഞു പോയ ഒരു സംഭവമായി. എന്നാൽ യേശു കഴിഞ്ഞു പോയ ഒരു സംഭവമല്ല. ഇന്നും ജീവിക്കുന്ന ഒരു സത്യമാണ്. മരണത്തെ വരെ ജയിച്ച് ഉയിർത്ത് ഇന്നും ജീവിക്കുന്ന ഒരു യാഥാർത്ഥ്യമാണ് യേശുവെന്ന സത്യം നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. മാറ്റിമറിക്കാൻ അനുവദിക്കണം. ഇന്നത്തെ യുവജനങ്ങളോടു അങ്ങനെ ഇന്നും സജീവനായ ഒരു യേശുവുമായി ബന്ധം സ്ഥാപിക്കാനാണ് പാപ്പായുടെ ആഹ്വാനം.

ഒരു ചരിത്ര പുരുഷൻമാത്രമായി യേശുവിനെ ചുരുക്കുമ്പോൾ നമുക്ക് അവന്റെ ആദർശങ്ങൾ മാത്രമാവും ആവേശം പകരുക. “യേശു പറഞ്ഞതോ പ്രവർത്തിച്ചതോ ഒന്നുമല്ല അത്ഭുതം, അവൻ തന്നെയാണ്” എന്ന മഹാനായ റൂമിയുടെ വാക്കുകൾ കടമെടുത്താൽ യേശു ഒരു അത്ഭുതമായി ഇന്നും നമുക്ക് ചുറ്റും ജീവിക്കുന്നത് നമുക്ക് അനുഭവവേദ്യമാകും. ആ സജീവ സാന്നിധ്യം നമ്മുടെ ജീവിതത്തെ മാറ്റി മറിക്കണം എന്ന് പാപ്പാ തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് ഇവിടെ. കാരണം തന്റെ കൃപയാൽ നമ്മെ നിറച്ച്  നമ്മെ സ്വതന്ത്രരാക്കുകയും, രൂപാന്തരപ്പെടുത്തുകയും, സൗഖ്യമാക്കുകയും, സമാശ്വസിപ്പിക്കുകയും ചെയ്യുന്നവൻ തീർച്ചയായും പരിപൂർണ്ണമായും ജീവിക്കുന്നവനാണെന്ന് ഇന്നും അനുഭവവേദ്യമാകുന്ന ഒരു സത്യമാണെന്ന് പാപ്പാ അടിവരയിടുന്നു. സജീവനായ ആ വ്യക്തി ക്രിസ്തുവാണ് : “ക്രിസ്തു ഉയിർത്തില്ലായിരുന്നുവെങ്കിൽ നമ്മുടെ വിശ്വാസം വൃഥാവിലായിരുന്നേനെ” എന്ന വി. പൗലോസപ്പോസ്തലന്റെ വാക്കുകളും ഇവിടെ ഫ്രാൻസിസ് പാപ്പാ ഉദ്ധരിക്കുന്നു.

നമ്മുടെ ജീവിതത്തിൽ ഏതു നിമിഷവും ഇറങ്ങിവരുന്ന യേശു 

സജീവനായ ക്രിസ്തുവിന് നമ്മുടെ ജീവിതത്തിൽ ഏതു നിമിഷവും കടന്നു വരാം, നമ്മിൽ പ്രകാശം നിറച്ച് നമ്മിലെ ദു:ഖവും ഏകാന്തതയും ദുരീകരിക്കാം. കാരണം അവൻ കടന്നു പോയവനല്ല കൂടെ നടക്കുന്നവനാണ് എന്ന് പാപ്പാ യുവജനങ്ങൾക്ക് ഉറപ്പു തരുന്നു. ഇന്നും ജീവിക്കുന്നവനായ അവൻ നമ്മോടു സംസാരിക്കുന്നില്ലേ? ബന്ധപ്പെടുന്നില്ലേ? തീർച്ചയായും, കാരണം അവൻ ഇമ്മാനുവൽ ആണ് നമ്മോടൊത്ത് വസിക്കുന്നവൻ. അതിനാൽ തന്റെ വഴികൾ അവൻ നമുക്ക് കാണിച്ചു തരികയും പറഞ്ഞു തരികയും ചെയ്യുന്നുണ്ട്.  ഓരോ ദിവസവും ഓരോ നിമിഷത്തിലും. എന്നാൽ ശബ്ദമുഖരിതമായ ഈ ലോകത്തിൽ നിന്ന് ആ സ്വരം തിരിച്ചറിയാൻ കഴിയണമെങ്കിൽ തീർച്ചയായും അവനുമായി ഒരു സ്ഥിരമായ ബന്ധം ആവശ്യമാണ്. ഇടയന്റെ സ്വരം തിരിച്ചറിയുന്ന ആടുകളെപ്പോലെ…

സഭയുടെ സജീവതയുടെ തുടിക്കുന്ന ഹൃദയങ്ങളാണ് യുവജനങ്ങൾ. വിശ്വാസ ജീവിതത്തിന്റെ ആരംഭം എപ്പോഴും യേശുവുമായുള്ള ഒരു വ്യക്തിപരമായ കണ്ടുമുട്ടലിൽ നിന്നാണ് ആരംഭിക്കേണ്ടത്. കൂദാശകൾ അതിനു  കരുത്തേകുന്ന കൃപകളാണ്. ആ കണ്ടുമുട്ടൽ വെറും ഒരു കഴിഞ്ഞകാല അനുഭവം മാത്രമായി മറവിയിലേക്ക് തള്ളാതെ, പുതുമകൾ നിറച്ച് ആ ബന്ധത്തെ അനുദിനം സജീവമായി നിലനിർത്തേണ്ടതും വിശ്വാസ ജീവിതത്തിന് ആവശ്യം തന്നെ. വീഴ്ച്ചകൾ വന്നേക്കാം, തളർച്ചകൾ ഉണ്ടാവാം. എങ്കിലും കുറച്ച് സമയം മൗനമായി നാഥന്റെ ചാരെയിരുന്ന് ഇന്ന് നമ്മോടു യേശു സംസാരിക്കുന്നത് ശ്രവിക്കാനുള്ള ഒരു ശ്രമം നടത്തിയാൽ, ആ ബന്ധം ഊട്ടിയുറപ്പിക്കാൻ കഴിയും. സജീവനായ യേശു നിശബ്ദനല്ല, വിദൂരത്തുമല്ല. അവൻ നമ്മുടെ ചാരെ തന്നെയുണ്ട്, എവിടെ പോയാലും അവൻ കൂടെയുണ്ട്, നമ്മൾ ഉപേക്ഷിച്ച് വഴിതെറ്റി നടന്നാലും, ഒരു സാന്നിധ്യമായി അവൻ ഒരു വിളിക്കപ്പുറമുണ്ട്. നമ്മെ കാത്തു കാത്തു നിൽക്കുന്ന സ്നേഹിതനായി, രക്ഷകനായി, ജീവിക്കുന്ന സാന്നിധ്യമായി എപ്പോഴും കൂടെയുണ്ട്. അതിന് ഉറപ്പായി നമുക്ക് അവന്റെ തന്നെ വാക്കുകളുണ്ട്. "യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും."(മത്താ28: 20)  ഈ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുത്തൻ ചക്രവാളങ്ങളിലേക്ക് ചലിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്യുകയാണ് ഫ്രാൻസിസ് പാപ്പാ.



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2022, 12:30