തിരയുക

2015-ൽ വിശുദ്ധ വാതിൽ തുറന്ന് ഫ്രാൻസിസ് പാപ്പാ കരുണയുടെ ജൂബിലി ഉദ്ഘാടനം ചെയ്യുന്നു. 2015-ൽ വിശുദ്ധ വാതിൽ തുറന്ന് ഫ്രാൻസിസ് പാപ്പാ കരുണയുടെ ജൂബിലി ഉദ്ഘാടനം ചെയ്യുന്നു. 

ജൂബിലി വർഷം 2025 ന്റെ ആപ്തവാക്യം: “പ്രതീക്ഷയുടെ തീർത്ഥാടകർ”

വരാനിരിക്കുന്ന വിശുദ്ധ വർഷത്തിന്റെ ശീർഷകത്തിന് ഫ്രാൻസിസ് പാപ്പാ അംഗീകാരം നൽകി

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2025 ജൂബിലി വർഷം ഏറ്റവും മികച്ച രീതിയിൽ ഒരുക്കണമെന്നതാണ് പാപ്പയുടെ പ്രഥമ പരിഗണനയെന്ന് നവ സുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷനായ ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ലാ പറഞ്ഞു.

ജനുവരി 3ന് ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിച്ച ആർച്ച് ബിഷപ്പ് വരാനിരിക്കുന്ന ജൂബിലി വർഷത്തേക്കുള്ള മുദ്രാവാക്യം പാപ്പാ അംഗീകരിച്ചതായി അറിയിച്ചു. “പ്രത്യാശയുടെ തീർത്ഥാടകർ”എന്ന രണ്ട് വാക്കുകളിൽ ശീർഷകത്തെ സംഗ്രഹിക്കാമെന്നും ഏതൊരു മുദ്രാവാക്യത്തെയും പോലെ, അത് മുഴുവൻ ജൂബിലി യാത്രയുടെയും അർത്ഥം സംഗ്രഹിക്കാൻ ശ്രമിക്കുന്നതുമാണെന്ന് ആർച്ച് ബിഷപ്പ് ഫിസിക്കെല്ലാ വിശദീകരിച്ചു.

തീർത്ഥാടകരും പ്രത്യാശയും എന്ന തിരഞ്ഞെടുത്ത വാക്കുകൾ രണ്ടും ഫ്രാൻസിസ് പാപ്പയുടെ ഭരണകാലത്തെ പ്രധാന വിഷയങ്ങളെ പ്രതിനിധീകരിക്കുന്നു. ഈ രണ്ട് വർഷത്തിനുള്ളിൽ “ഒരുപാട് പ്രവർത്തനങ്ങൾ നിർവ്വഹിക്കാനുണ്ട്”, പ്രത്യേകിച്ച് താൻ നേതൃത്വം നൽകുന്ന ഡികാസ്റ്ററിയെ പരാമർശിച്ചു കൊണ്ട് ആർച്ച് ബിഷപ്പ് പറഞ്ഞു. ജൂബിലിയെ സംബന്ധിച്ച പരിപാടിയുടെ സംഘടനാപരമായ ഉത്തരവാദിത്തം നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഒരു “ഉറച്ച ഒരുക്കത്തിന്റെ സുശക്തമായ ഫലം ലഭിക്കുന്നതിനായി കാര്യക്ഷമമായ സംഘാടന സംവിധാനം സൃഷ്ടിക്കേണ്ടതിന്റെ” ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും “ഇത് പൂർണ്ണമായും സജീവമാക്കുന്നതിന്, പാപ്പയിൽ നിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾക്കായി താൻ കാത്തിരിക്കുകയാണ്”എന്ന് ആർച്ച് ബിഷപ്പ് ഫിസിക്കെല്ല കൂട്ടിച്ചേർത്തു. തീർത്ഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതാണ്  മുൻ‌ഗണനകളിലൊന്ന്. ഈ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ  ധാരാളം തീർത്ഥാടകർ റോമിൽ വരുമെന്നു പ്രതീക്ഷിക്കുന്നതായും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആരോഗ്യ അടിയന്തരാവസ്ഥ ഇന്നത്തെപ്പോലെ പ്രവർത്തനങ്ങളെ ബാധിക്കില്ല എന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാം വളരെ സുരക്ഷിതമായും സന്ദർശകരെ ഏറ്റവും മികച്ച രീതിയിൽ സ്വീകരിക്കാനുമുള്ള നഗരത്തിന്റെ കഴിവിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തേണ്ടതിന് “റോം മുനിസിപ്പാലിറ്റിമായും, ലാസിയോ പ്രവിശ്യയുടെ അധികാരികളുമായും, ഇറ്റാലിയൻ ഭരണകൂടവുമായും”ഉള്ള സഹകരണം സജീവമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

ജൂബിലി വർഷം

2015ൽ ഫ്രാൻസിസ് പാപ്പാ  ആഗ്രഹിച്ച കാരുണ്യത്തിന്റെ അസാധാരണ വിശുദ്ധ വർഷത്തിനു ശേഷം, വരാനിരിക്കുന്ന ജൂബിലി, ഓരോ ജൂബിലി വർഷങ്ങൾക്കിടയിൽ 25 വർഷത്തെ ഇടവേള നൽകാനുള്ള മാനദണ്ഡത്തിന് അനുസൃതമായാണ് നടക്കുന്നത്. ലോകവും കത്തോലിക്കാ സഭയും പുതിയ സഹസ്രാബ്ദത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുത്ത 2000 വർഷത്തിലാണ് ഇതിന് മുമ്പുള്ള സാധാരണ ജൂബിലി നടന്നത്.

ജൂബിലി വർഷം കൃപയുടെ ഒരു പ്രത്യേക വർഷമാണ്, അതിൽ വിശ്വാസികൾക്ക് പൂർണ്ണ ദണ്ഡ വിമോചനം ലഭിക്കാനുള്ള സാധ്യത സഭ പ്രദാനം ചെയ്യുന്നു. പരമ്പരാഗതമായി, ജൂബിലി വർഷം  ക്രിസ്തുമസ്സിന് തൊട്ടുമുമ്പ് ആരംഭിച്ച് അടുത്ത വർഷത്തെ പ്രത്യക്ഷീകരണത്തിരുന്നാളിലാണ് അവസാനിക്കുക.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറക്കുന്ന ചടങ്ങോടെയാണ് പാപ്പാ വിശുദ്ധ വർഷം ഉദ്ഘാടനം ചെയ്യുന്നത്. അതിനുശേഷം, മറ്റ് പേപ്പൽ ബസിലിക്കകളായ - സെന്റ് ജോൺ ലാറ്ററൻ, റോമ നഗരത്തിന്റെ മതിലിന് വെളിയിലുള്ള സെന്റ് പോൾ, സെന്റ് മേരി മേജർ എന്നിവയുടെ വിശുദ്ധ വാതിലുകൾ തുറക്കുകയും ജൂബിലി വർഷാവസാനം വരെ അങ്ങനെ സൂക്ഷിക്കുകയും ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2022, 13:29