തിരയുക

സമഗ്രമാനവിക വികസന ഡികാസ്റ്ററി സംഘടിപ്പിച്ച ഒരു സെമിനാറിൽ ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നു - ഫയൽ ചിത്രം സമഗ്രമാനവിക വികസന ഡികാസ്റ്ററി സംഘടിപ്പിച്ച ഒരു സെമിനാറിൽ ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നു - ഫയൽ ചിത്രം  (Vatican Media)

നാളെയുടെ ഭാവി നമ്മുടെ ഉത്തരവാദിത്വം: ഫ്രാൻസിസ് പാപ്പാ

സമഗ്രമാനവിക വികസന ഡികാസ്റ്ററി വിളിച്ച സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പാപ്പായുടെ സന്ദേശം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"ഭാവി തയ്യാറാക്കുക: ഒപ്പം സുസ്ഥിരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, പുനരുല്പാദനം ഉറപ്പുവരുത്തുന്നതുമായ ഒരു  സമ്പദ്‌വ്യവസ്ഥ പടുത്തുയർത്തുക" എന്ന വിഷയത്തിൽ, സമഗ്രമാനവിക വികസനത്തിനുവേണ്ടിയുള്ള ഡികാസ്റ്ററി ഒരുക്കിയ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഫ്രാൻസിസ് പാപ്പാ ആശംസകളറിയിച്ചു. ഈ മഹാമാരിയുടെ തുടക്കം മുതൽ താൻ പറഞ്ഞിരുന്നതുപോലെ "നിലവിലെ പ്രതിസന്ധിയിൽനിന്ന് നാം പഴയതുപോലെയാകില്ല തിരിച്ചുകയറുകയെന്ന്" പാപ്പാ എഴുതി. നമ്മുടെ ഭാവി എപ്രകാരം ആയിരിക്കുമെന്നത്, നാം എടുക്കുന്ന പ്രതിബദ്ധതകൾ അനുസരിച്ചായിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ "സുവിശേഷത്തിന്റെ യാഥാർത്ഥ്യത്തോടും, പാർശ്വവൽക്കരിക്കപ്പെട്ടവരോട് ഐക്യദാർഢ്യത്തോടെയും, ശാസ്ത്രപരമായ അറിവിന്റെ ഏറ്റവും നല്ല ഭാഗങ്ങൾ ഉപയോഗിച്ച് ഭാവി തയ്യാറാക്കാനാണ്" താൻ വത്തിക്കാനിലെ കോവിഡ്-19 കമ്മീഷനോട് ആവശ്യപ്പെട്ടതെന്നും പാപ്പാ എഴുതി.

നമ്മുടെ സമീപനങ്ങളിൽ മാറ്റം വരുത്തുവാനുള്ള ധാരാളം അവസരങ്ങൾ മഹാമാരിയുടെ ഈ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നാം നഷ്ടം വരുത്തിയെന്ന് നമുക്ക് സമ്മതിക്കേണ്ടിവരുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, നാം പുതിയ അനീതികളും അസമത്വങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് എഴുതി.

നമ്മുടെ പൊതു ഭവനമായ ഭൂമിയുടെ സംരക്ഷണം, വാക്സിൻ വിതരണം, പട്ടിണി, ദാരിദ്ര്യം, വ്യാപാരം എന്നിവയുടെ വർദ്ധനവ്, ആയുധവിൽപ്പനകൾ എന്നിങ്ങനെയുള്ളവ ഇപ്പോഴും  വലിയ വെല്ലുവിളികളായി തുടരുന്നു. ഒരു മാതൃകാ വ്യതിയാനം പ്രോത്സാഹിപ്പിക്കുന്നതിനും ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനുമുള്ള ഒരു പ്രധാന ഉത്തരവാദിത്തം ധന-സാമ്പത്തിക ലോകത്തിന് ഉണ്ട്.

സമഗ്രമാനവിക വികസന ഡികാസ്റ്ററി വിളിച്ചുചേർത്ത സമ്മേളനത്തിൽ, മഹത്തായ തത്വങ്ങളെക്കുറിച്ചുള്ള ഉദ്ദേശപ്രഖ്യാപനങ്ങളോ വൻ സന്ദേശങ്ങളോ അല്ല, സമ്പദ്‌വ്യവസ്ഥയും ധനകാര്യവും നിലനിൽക്കുന്നതിന് തങ്ങളുടെ കൃത്യമായ പ്രതിബദ്ധത ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.  ഹ്രസ്വകാല ലാഭമോ, ലാഭവിപുലീകരണമോ ലക്‌ഷ്യം വയ്ക്കാതെ, എത്രമാത്രം ആളുകളെ ദാരിദ്ര്യത്തിൽനിന്ന് സ്വതന്ത്രമാക്കാമെന്നും, എത്ര പേർക്ക് മാന്യമായി തൊഴിൽ ചെയ്യാൻ അവസരങ്ങൾ ഒരുക്കാമെന്നുമാകണം നിങ്ങളുടെ ലക്ഷ്യമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഒരു വ്യത്യസ്തമായ ഭാവി തയ്യാറാക്കുന്നതിന് ഉത്തരവാദിത്വമേറ്റെടുക്കാൻ എല്ലാവരും സ്വീകരിച്ചിരുന്നെങ്കിൽ എന്ന പ്രത്യാശയോടെയാണ് പാപ്പാ തന്റെ ആശംസകൾ പൂർത്തീകരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2022, 15:59