തിരയുക

വിശ്വാസപ്രചാരണ പ്രവർത്തന സംഘത്തിൻറെ സ്ഥാപകയായ ഫ്രഞ്ചുകാരി പോളിൻ മരീ ജറിക്കോ (Pauline Marie Jaricot) വിശ്വാസപ്രചാരണ പ്രവർത്തന സംഘത്തിൻറെ സ്ഥാപകയായ ഫ്രഞ്ചുകാരി പോളിൻ മരീ ജറിക്കോ (Pauline Marie Jaricot)  (Pontificia Opera Missionaria)

പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ പൊതുസമ്മേളനത്തിന് പാപ്പായുടെ സന്ദേശം!

മെയ് 16 മുതൽ 23 വരെ ഫ്രാൻസിലെ ലിയോണിലാണ് പൊ ന്തിഫിക്കൽ പ്രേഷിത സമൂഹങ്ങൾ, അഥവാ, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ സമ്മേളിച്ചിരിക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രേഷിത പരിവർത്തനം, പ്രാർത്ഥന, സമൂർത്ത ഉപവി എന്നിവ സുവിശേഷ പ്രചാരണത്തിൻറെ സുപ്രധാന ഘടകങ്ങളാണെന്ന് മാർപ്പാപ്പാ.

ഫ്രാൻസിലെ ലിയോണിൽ ജന്മം കൊണ്ട പൊന്തിഫിക്കൽ പ്രേഷിത സമൂഹങ്ങൾ, അഥവാ, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ ഈ മാസം 16-23 വരെ അവിടെ പൊതുസമ്മേളനം ചേർന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഈ സമ്മേളനത്തിൻറെ ഉദ്ഘാടന ദിനത്തിൽ, അതായത്, തിങ്കളാഴ്‌ച (16/05/22) അയച്ച  സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ സുവിശേഷത്തിൻറെ പ്രസരണത്തിന് പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്താൽ ഏറെ സംഭാവനയേകിയിട്ടുള്ള ഈ ഘടകങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

200 വർഷം പിന്നിടുന്ന വിശ്വാസപ്രചാരണ പ്രവർത്തന സംഘത്തിൻറെ സ്ഥാപകയായ ഫ്രഞ്ചുകാരി പോളിൻ മരീ ജറിക്കോ (Pauline Marie Jaricot) ഈ മാസം 22-ന് (22/05/22) ലിയോണിൽ വച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നതും പൊന്തിഫിക്കൽ പ്രേഷിതസഖ്യത്തിൻറെ സ്ഥാപകനായ വാഴ്ത്തപ്പെട്ട പാവൊളൊ മാന്നയുടെ (Paolo Manna) നൂറ്റിയമ്പതാം ജന്മ വാർഷികാചരണ വത്സരമാണ് ഇതെന്നതും ഈ വാർഷികാഘോഷങ്ങൾ വിശ്വാസപ്രചാരക സംഘത്തിൻറെ നാനൂറാം വാർഷികാചരണത്തിൻറെ ഭാഗമാണെന്നതും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

സുവിശേഷ പ്രഘോഷണദൗത്യത്തിൻറെ ഘടകങ്ങളിൽ സുപ്രധാനമായ പ്രേഷിത പരിവർത്തനത്തെക്കുറിച്ചു പറയുന്ന പാപ്പാ പ്രേഷിത ദൗത്യത്തിൻറെ നന്മ ആശ്രയിച്ചിരിക്കുന്നത് അവനവനിൽ നിന്ന് പുറത്തു കടക്കുകയും, ജീവിതത്തെ അവനവനിലല്ല യേശുവിൽ  കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലാണെന്ന് ഉദ്ബോധിപ്പിക്കുന്നു.

ഈ അർത്ഥത്തിൽ, ദൈവത്തിൻറെ അനുകമ്പാർദ്രമായ കാരുണ്യത്തോടുള്ള പ്രതികരണമായാണ് പോളിൻ മരീ ജറിക്കോ സ്വന്തം അസ്തിത്വത്തെ കണ്ടതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പ്രാർത്ഥനയെന്ന രണ്ടാമത്തെ മാനത്തെക്കുറിച്ചു വിശദീകരിക്കുന്ന പാപ്പാ പ്രേഷിതത്വത്തിൻറെ പ്രഥമ രൂപം പ്രാർത്ഥനയാണെന്നും പ്രാർത്ഥന കൂടാതെ അത് സാദ്ധ്യമല്ലെന്നും ഉദ്ബോധിപ്പിക്കുന്നു.

സുവിശേഷ പ്രചാരണത്തിൻറെ മൂന്നാമത്തെ ഘടകമായ ജീവകാരുണ്യപ്രവർത്തനത്തിൻറെ മൂർത്തതയെക്കുറിച്ചു സൂചിപ്പിക്കുന്ന പാപ്പാ പ്രാർത്ഥനാ ശൃംഖലയ്ക്കൊപ്പം പോളിൻ ജറിക്കോ വലിയതോതിലുള്ളതും ക്രിയാത്മകവുമായ സംഭവാനകൾ സ്വീകരിക്കുകയും അത് പ്രേഷിതപ്രവർത്തന മേഖലകൾക്ക് ദൈവപരിപാലനാപരമായ സഹായമായി ഭവിക്കുകയും ചെയ്തത് അനുസ്മരിക്കുന്നു.

പ്രേഷിത വനിതയായ പോളിൻറെ സമൂർത്തമായ വിശ്വാസവും അവളുടെ ഭയലേശമില്ലാത്ത മനോബലവും ഉദാരമായ സർഗ്ഗാത്മകതയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രചോദനം പകരട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2022, 13:24