തിരയുക

ബാലവേല ബാലവേല  (AFP or licensors)

ബാലവേല നിർമ്മാർജ്ജന യത്നങ്ങൾക്ക് പരിശുദ്ധസിംഹാസനത്തിൻറെ പിന്തുണ!

കിശോരതൊഴിൽ നിർമ്മാർജ്ജനത്തെ അധികരിച്ചുള്ള അഞ്ചാം ആഗോള സമ്മേളനത്തിന് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം. മെയ് 15-20 വരെ, ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് സമ്മേളനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബാലവേലയുടെ മുഖ്യകാരണം ദാരിദ്ര്യമാണെന്ന് മാർപ്പാപ്പാ.

കിശോരതൊഴിൽ നിർമ്മാർജ്ജനത്തെ അധികരിച്ച് ഈ മാസം 15-20 വരെ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ (ILO) നടക്കുന്ന അഞ്ചാം ആഗോള സമ്മേളനത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഈ സംഘടനയുടെ മേധാവി ഗയ് റൈഡറിൻറെ (Guy Ryder) പേരിൽ ചൊവ്വാഴ്‌ച (17/05/22) അയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.

ദക്ഷിണാഫ്രിക്കയിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് പീറ്റർ ബ്രയൻ വ്വെൽസ് ആണ് ഈ സന്ദേശം സമ്മേളനത്തിൽ വായിച്ചത്.

ബാലവേല എന്ന വിപത്ത് സമൂഹത്തിൽ നിന്ന് തുടച്ചുനീക്കുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ആഗോള ആരോഗ്യ പ്രതിസന്ധിയുടെ ആഘാതവും, മാന്യമായ തൊഴിൽ അവസരങ്ങളുടെ അഭാവം മൂലം ലോകത്തിൻറെ പല ഭാഗങ്ങളിലും കൊടും ദാരിദ്ര്യം വ്യാപിച്ചിരിക്കുന്നതും ഈ ദുരന്തം കൂടുതൽ വഷളാക്കിയിരിക്കയാണെന്ന് പാപ്പാ അനുസ്മരിക്കുന്നു.

കുടിയേറ്റവും മാനവിക അടിയന്തരാവസ്ഥകളും ദശലക്ഷക്കണക്കിന് പെൺകുട്ടികളെയും ആൺകുട്ടികളെയും സാമ്പത്തികവും സാംസ്കാരികവുമായ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നുണ്ടെന്നും പാപ്പാ പറയുന്നു.

ദശലക്ഷക്കണക്കിന് കുട്ടികളുടെ സന്തോഷം കവർന്നെടുത്ത ബാലവേശ്യാവൃത്തി എന്ന കുറ്റകൃത്യത്തെക്കുറിച്ചും വേദനയോടെ അനുസ്മരിക്കുന്ന പാപ്പാ അത് അവരുടെ യുവത്വത്തിൻറെയും ദൈവദത്തമായ ഔന്നത്യത്തിൻറെയും ആനന്ദം കവർന്നെടുത്തിരിക്കയാണെന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു.

കുഞ്ഞുങ്ങൾക്ക് അവരുടെ ജീവിതദശയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും ശോഭനമായ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ മെനയുന്നതിനും കഴിയുന്നതിനു വേണ്ടി, ബാലവേല എന്ന ചൂഷണത്തെ ദൃഢനിശ്ചയത്തോടും സംയുക്തമായും നിർണ്ണായകമായും ചെറുക്കാനുള്ള ശ്രമങ്ങളിൽ അന്താരാഷ്‌ട്ര സമൂഹം അചഞ്ചലമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിന് പരിശുദ്ധസിംഹാസനം തുടർന്നും  പ്രവർത്തിക്കുമെന്ന് പാപ്പാ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2022, 15:01