തിരയുക

59-മത് പൊതുസമ്മേളനത്തിനായി  ഒത്തുകൂടിയ ഓർഡർ ഓഫ് മിനിസ്റ്റേഴ്‌സ് ഓഫ് ദ ഇൻഫെർമ് (കമീലിയൻസ്) അംഗങ്ങൾ തിങ്കളാഴ്ച്ച വത്തിക്കാനിൽ പാപ്പായുമായി കൂടികാഴ്ച്ച നടത്തിയവസരത്തിൽ... 59-മത് പൊതുസമ്മേളനത്തിനായി ഒത്തുകൂടിയ ഓർഡർ ഓഫ് മിനിസ്റ്റേഴ്‌സ് ഓഫ് ദ ഇൻഫെർമ് (കമീലിയൻസ്) അംഗങ്ങൾ തിങ്കളാഴ്ച്ച വത്തിക്കാനിൽ പാപ്പായുമായി കൂടികാഴ്ച്ച നടത്തിയവസരത്തിൽ...  (Vatican Media)

കമീലിയൻ സഭാംഗങ്ങളോടു പാപ്പാ: കഷ്ടപ്പാടുകളെയും രോഗങ്ങളെയും യേശുവിന്റെ കണ്ണുകളാൽ നോക്കുക

ദുർബ്ബലരെ ശുശ്രൂഷിക്കുന്ന കമീലിയൻ സന്യാസസഭാംഗങ്ങളെ അഭിസംബോധന ചെയ്യവേ അവരെ അവരുടെ ശുശ്രൂഷയിൽ പ്രോത്സാഹിപ്പിക്കുകയും കഷ്ടപ്പാടുകളുടെയും രോഗത്തിന്റെയും മരണത്തിന്റെയും യാഥാർത്ഥ്യത്തെ യേശുവിന്റെ കണ്ണുകളാൽ കാണേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുകാണിക്കുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തങ്ങളുടെ സഭയുടെ 59-മത് പൊതുസമ്മേളനത്തിനായി  ഒത്തുകൂടിയ ഓർഡർ ഓഫ് മിനിസ്റ്റേഴ്‌സ് ഓഫ് ദ ഇൻഫെർമ് (കമീലിയൻസ്) അംഗങ്ങൾ തിങ്കളാഴ്ച്ച വത്തിക്കാനിൽ പാപ്പായുമായി കൂടി കാഴ്ച്ച നടത്തി. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ആശംസകൾ നേർന്ന പരിശുദ്ധ പിതാവ് പ്രത്യേകിച്ച്, കമീലിയൻസിന്റെ പുതിയ സുപ്പീരിയർ ജനറൽ ഫാ. പെഡ്രോ ട്രമോണ്ടിന് തന്റെ ശുശ്രൂഷയ്ക്ക് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു.

ഇന്നത്തെ കമീലിയൻ പ്രവചനം

"ഇന്നത്തെ കമീലിയൻ പ്രവചനം എന്താണ്?" എന്ന അവരുടെ പൊതു സമ്മേളനത്തിൻ്റെ പ്രമേയത്തെ അനുസ്മരിച്ച പാപ്പാ രോഗികളെ ശുശ്രൂഷിക്കുന്നതിലുള്ള അവരുടെ സിദ്ധിയിലുള്ള വിശ്വസ്ഥത  സാധ്യമാക്കാൻ, സുവിശേഷവൽക്കരണത്തിന്റെയും സാമീപ്യത്തിന്റെയും  പുതിയ വഴികൾ കണ്ടെത്താൻ സന്യാസസഭ നിർദ്ദേശിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു. കമീലിയന്മാർ ഒരു പൊതുസമ്മേളനത്തിനു യോജ്യമായ കൃപയാൽ നയിക്കപ്പെട്ട് ആത്മാവിനെ ശ്രവിച്ചുകൊണ്ട്  നമ്മുടെ സഹോദരീ സഹോദരന്മാരേയും  ചരിത്രത്തെയും കേൾക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു.

ആത്മാവിലും ശരീരത്തിലും വേദന അനുഭവിക്കുന്നവരോടുള്ള യേശുവിന്റെ അനുകമ്പയും ആർദ്രതയും അനുകരിച്ച്, സുവിശേഷം പ്രഘോഷിച്ചും രോഗികളെ പരിചരിച്ചും സ്നേഹത്തിന്റെ കൽപ്പനയിൽ ജീവിക്കുന്ന ഈ സന്യാസ കുടുംബത്തിന് ജീവൻ നൽകാനുള്ള ആഹ്വാനമാണ് വിശുദ്ധ കമീലസ് ഡി ലെല്ലിസിന് തോന്നിയതെന്ന് പാപ്പാ പറഞ്ഞു.

നമ്മുടെ കാലത്തോടുള്ള ക്രിസ്തീയ പ്രതികരണം

നമ്മുടെ ഈ കാലഘട്ടം " സ്വാർത്ഥതയും നിസ്സംഗതയും കൊണ്ട് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു, അത് ഏകാന്തത സൃഷ്ടിക്കുകയും അനേകം ജീവിതങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു" എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. ഇതിന്റെ വെളിച്ചത്തിൽ, "ക്രൈസ്തവ പ്രതികരണം വർത്തമാനകാലത്തിൽ നിന്നു ഒഴിഞ്ഞുമാറിയുള്ള  നിരീക്ഷണമോ ഭൂതകാലത്തിന്റെ ഗൃഹാതുരത്വം പേറുന്ന പശ്ചാത്താപത്തിലോ അല്ല"  പകരം ദൈവപരിപാലനയിൽ വിശ്വാസമർപ്പിച്ച്, അതിന്റെതായ സമയത്തെ സ്നേഹിക്കാൻ അറിയുകയും  വിനയത്തോടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന ഉപവിയിലാണ്.

നല്ല സമരിയാക്കാരന്റെ മാതൃക

സഭാ സ്ഥാപകന്റെ ജീവിതത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞത് നല്ല സമരിയാക്കാരന്റെ ശൈലി ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്ന വ്യക്തികളിൽ ഒരാളായ വിശുദ്ധ കമീലസ് ഡി ലെല്ലിസ്, വഴിയിൽ മുറിവേൽക്കപ്പെട്ട സഹോദരനും സഹോദരിക്കും തന്നെത്തന്നെ സമീപസ്ഥനാക്കുക" എന്ന പ്രവൃത്തി  ചെയ്തു എന്നാണ്. "യേശുവിന്റെ കണ്ണുകളാൽ കഷ്ടപ്പാടുകളുടെയും രോഗത്തിന്റെയും മരണത്തിന്റെയും യാഥാർത്ഥ്യത്തെ നോക്കാൻ" വിശുദ്ധനിൽ നിന്ന് പ്രചോദനത്തിൽ നിന്നുള്ള  "ദാനവും ചുമതലയും" നിർവ്വഹിക്കുവാൻ പാപ്പാ അവരോടു ആവശ്യപ്പെട്ടു. അങ്ങനെ കമീലിയൻ പ്രവചനവും "മാംസം ധരിക്കുന്ന പ്രവചനവും" - നമ്മുടെ ഏറ്റവും ദുർബലരായ സഹോദരങ്ങളുടെയും സഹോദരിമാരുടെയും ഭാരങ്ങളും മുറിവുകളും ഉത്കണ്ഠകളും ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. അപ്പോസ്തോലിക ശക്തിയുടെ ജീവനായ പരിശുദ്ധാത്മാവിനോടുള്ള നിഷ്‌കളങ്കമായ തുറവിലൂടെയും, ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാത്ത പാതകൾ കണ്ടെത്തി കമീലിയൻ ശുശ്രൂഷകളുടെയും സിദ്ധികളുടേയും സാധ്യതകൾ പുതിയ രൂപത്തിൽ അവതരിപ്പിക്കുവാനാവശ്യമായ  "ധൈര്യ"വും വഴിയേ ഇത് നേടിയെടുക്കാൻ കഴിയൂ എന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

ക്രിസ്തീയ ജീവിതത്തിന്റെ രണ്ട് തലങ്ങൾ

കമീലിയൻ സഭയുടെ ശൈലിയും ശുശ്രൂഷയും  ക്രിസ്തീയ ജീവിതത്തിന്റെ രണ്ട് പ്രധാന മാനങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്ന് പരിശുദ്ധ പിതാവ്  പറഞ്ഞു: പുറത്തേക്കിറങ്ങിച്ചെല്ലുന്നതും മൂർത്തവുമായ ഒരു സാക്ഷ്യത്തിനുള്ള ആഗ്രഹം, കൂടാതെ സുവിശേഷത്തിലെ എളിമയുടെ മൂല്യം ഒരു താക്കോലായി ഉപയോഗിച്ച് സ്വയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത. ഇക്കാര്യത്തിൽ, സൗമ്യതയോടും ലാളിത്യത്തോടും കൂടി ദരിദ്രർക്ക് സന്തോഷവാർത്ത അറിയിക്കാനും കഷ്ടപ്പെടുന്ന ഒരു സഹോദരനോ സഹോദരിക്കോ ചെയ്യുന്ന നന്മ യേശുവിന് തന്നെയുള്ള ഒരു ദാനമാണെന്ന ആത്മവിശ്വാസത്തിൽ പരസ്‌പരം നവോന്മേഷം പകരാനും പാപ്പാ അവരെ ആഹ്വാനം ചെയ്തു. "നിങ്ങളുടെ സമർപ്പിത ജീവിതത്തിന്റെ തിരഞ്ഞെടുപ്പ്  അതിന്റെ ആരംഭം മുതൽ എപ്പോഴും നവീക്കുന്നതിന്,"യേശു നിങ്ങളുടെ ഹൃദയം കീഴടക്കിയ ആദ്യ സ്നേഹത്തിന്റെ ഓർമ്മകൾ മറക്കരു തെ"ന്ന് ഫ്രാൻസിസ് പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

വിശുദ്ധ കമീലസിന്റെ അഭിനിവേശം ഉൾക്കൊണ്ടു കൊണ്ട് പരിശുദ്ധാത്മാവിനോടു സഹകരിക്കാൻ പാപ്പാ  അവരെ പ്രോത്സാഹിപ്പിച്ചു. “കർത്താവ് നിങ്ങളിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് നന്നായി വിവേചിക്കാൻ സഹായിക്കുന്ന കൂട്ടായ്മയുടെ ആത്മീയത” തങ്ങൾക്കിടയിലും എല്ലാവരുമായും വളർത്തിയെടുക്കാനും അവരെ ഉപദേശിച്ചു.

കൃതജ്ഞത

തന്റെ പ്രഭാഷണം ഉപസംഹരിച്ചുകൊണ്ട്, കമീലിയൻ സഭ എന്താണെന്നും അവർ സഭയിൽ ചെയ്യുന്ന കാര്യങ്ങൾക്കും പാപ്പാ നന്ദി പറഞ്ഞു. മുറിവേറ്റവർക്ക് ക്രിസ്തുവിന്റെ സാമീപ്യവും ആർദ്രതയും അനുഭവവേദ്യമാക്കാൻ കഴിയുന്ന ഒരു നല്ല " ഫീൽഡ് ഹോസ്പിറ്റൽ" ആളുകൾക്ക് വാഗ്ദാനം ചെയ്യണമെങ്കിൽ വിശുദ്ധ കാമിലസ് ഡി ലെല്ലിസിന്റെ സിദ്ധിയില്ലാതെ നമുക്ക് ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി.

"നമ്മുടെ കാലത്ത് ദൈവത്തിന്റെ പ്രവൃത്തികളെ പ്രചോദിപ്പിക്കുന്ന ദൈവത്തിന്റെ ഈ ദാനത്തിന് കൈകളും കാലുകളും മനസ്സും ഹൃദയവും നൽകേണ്ടത് നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്," ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഒടുവിൽ, തനിക്കുവേണ്ടി പ്രാർത്ഥനാഭ്യർത്ഥനയോടെ, പാപ്പാ നമ്മുടെ കർത്താവിന്റെ അനുഗ്രഹങ്ങളും പൊതുസമ്മേളനത്തിന് നമ്മുടെ അമ്മയുടെ മാദ്ധ്യസ്ഥവും പ്രാർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2022, 21:38