തിരയുക

ഇറ്റാലിയൻ യൂണിവേഴ്സിറ്റി റെക്ടർമാരെ ഫ്രാൻസിസ് പാപ്പാ അഭിസംബോധന ചെയ്തവസരത്തിൽ... ഇറ്റാലിയൻ യൂണിവേഴ്സിറ്റി റെക്ടർമാരെ ഫ്രാൻസിസ് പാപ്പാ അഭിസംബോധന ചെയ്തവസരത്തിൽ...  (ANSA)

പാപ്പാ: വികസന മാതൃകകൾ പുനർവിചിന്തനം ചെയ്യുകയും സമൂഹ സേവനത്തിന് പ്രചോദനം നൽകുകയും ചെയ്യുക

തിങ്കളാഴ്ച്ച ഇറ്റലിയിലെ ലാത്സിയോ മേഖലയിൽ നിന്നുള്ള സർവ്വകലാശാലകളിലെ റെക്ടർമാരുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. മനുഷ്യവ്യക്തിയെ പ്രധാനകേന്ദ്രമാക്കുന്ന സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മാതൃകകൾ തിരികെ കൊണ്ടുവരുന്നത് പുനർവിചിന്തനം ചെയ്യാൻ തങ്ങളുടെ സ്ഥാപനങ്ങളെ പ്രതിജ്ഞാബദ്ധരാക്കാൻ അവരെ പാപ്പാ ക്ഷണിക്കുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യുദ്ധത്തിനും പീഡനത്തിനും ഇരയായ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്വാഗതം ചെയ്യുന്നത് തുടരാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.

ഇറ്റലിയിലെ ലാത്സിയോ മേഖലയിൽ നിന്നുള്ള യൂണിവേഴ്സിറ്റി റെക്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട്, "ഈ പ്രത്യേക ചരിത്ര നിമിഷത്തിൽ" ഈ പഠന കേന്ദ്രങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പാപ്പാ "വലിയ ഉത്തരവാദിത്തമുള്ള ഒരു ദൗത്യം" അവരെ ഭരമേൽപ്പിച്ചിരിക്കുന്നതായി അറിയിച്ചു.

പകർച്ചവ്യാധികൾ, യൂറോപ്പിലെ യുദ്ധം, ആഗോള പാരിസ്ഥിതിക പ്രശ്നം, അസമത്വങ്ങളുടെ വളർച്ച എന്നിവ “അഭൂതപൂർവ്വവും ത്വരിതഗതിയിലും നമ്മെ വെല്ലുവിളിക്കുന്നു” എന്ന്  അവിടെ സന്നിഹിതരായവരോടു  പാപ്പാ പറഞ്ഞു.

നാം പ്രതിസന്ധിയിലാണ് എന്ന സത്യം നമ്മോടു തന്നെ പറയണമെന്ന് പറഞ്ഞ പാപ്പാ  എന്നാൽ പ്രതിസന്ധിയിലായിരിക്കുന്നത് ഒരു നല്ല കാര്യമാണെന്നും അത് “നമ്മെ വളർത്തുമെന്നും കൂട്ടിച്ചേർത്തു.

"പ്രതിസന്ധി സംഘർഷമായി മാറുമ്പോഴാണ് അപകടം. സംഘർഷം അടഞ്ഞതാണ് അത് നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മൾ ഇപ്പോൾ ചെയ്യുന്നതുപോലെ പ്രതിസന്ധികളിൽ ജീവിക്കാനും പഠിക്കണം. നമ്മുടെ സർവ്വകലാശാലകളിൽ ഉള്ള യുവാക്കളെ പ്രതിസന്ധിയിൽ ജീവിക്കാനും പ്രതിസന്ധികളെ തരണം ചെയ്ത്  മുന്നോട്ട് കൊണ്ടുപോകാനും പഠിക്കണം" എന്ന് ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസത്തിനായുള്ള നിക്ഷേപം

യുവാക്കൾ "നമ്മുടെ ഉത്തരവാദിത്തങ്ങളിലേക്ക് നമ്മെ വിളിക്കുന്നു" എന്ന് പാപ്പാ അടിവരയിട്ടു, അതിനാൽ ഇപ്പോൾ ഒരു വലിയ വിദ്യാഭ്യാസ നിക്ഷേപത്തിനുള്ള സമയമാണ്.

"ഇതിനായാണ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗ്ലോബൽ കോംപാക്റ്റ് വികസിപ്പിച്ചിരിക്കുന്നത്. അത് ആഗോള തലത്തിലുള്ള ഒരു സംയുക്ത പ്രവർത്തന പദ്ധതിയാണ്.  പ്രധാന മതങ്ങൾ മുതൽ അന്താരാഷ്ട്ര സ്ഥാപനങ്ങളും, വ്യക്തിഗത വിദ്യാഭ്യാസ സ്ഥാപനങ്ങളും വരെ നിരവധി പങ്കാളികൾ അതിൽ ഉൾപ്പെടുന്നു."പാപ്പാ അനുസ്മരിച്ചു.  2019 ഫെബ്രുവരി 4ന് അബുദാബിയിൽ വച്ച് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയിൽ ഒപ്പുവെച്ചതിനെ കുറിച്ചും ഫ്രാൻസിസ് പാപ്പാ പരാമർശിച്ചു. അവിടെ "സ്വയമറിയാനും, നമ്മുടെ സഹോദരനേയും, സൃഷ്ടിയേയും, അത്യുന്നതനേയും അറിയുന്നതുമുൾക്കൊള്ളുന്ന ഒരു സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ച് തങ്ങൾ ശ്രദ്ധിക്കാമെന്ന് അംഗീകരിച്ചത് " എന്നും  പാപ്പാ വെളിപ്പെടുത്തി. ഇത്, യഥാർത്ഥത്തിൽ, സമാധാനത്തിന്റെ ചക്രവാളമാണ്, അത് ഇന്ന് നാം ആവശ്യപ്പെടുകയും അതിനായി നാം തീവ്രമായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു.

വികസന മാതൃകകളെ കുറിച്ചുള്ള പുനർവിചിചിന്തനം

"സാങ്കേതികവും ശാസ്ത്രീയവുമായ വികസനം ഉറപ്പാക്കാനും,  മനുഷ്യന്റെ സുസ്ഥിരത ഉറപ്പുനൽകാനും"വളരെയധികം കാര്യങ്ങൾ  തീർച്ചയായും  ചെയ്യാനുണ്ട് എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.“വലിയ മാറ്റങ്ങൾ, മനുഷ്യ വ്യക്തിയുടെ കേന്ദ്ര മൂല്യം വീണ്ടെടുക്കുന്നതിന് നമ്മുടെ സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മാതൃകകളെ പുനർവിചിന്തനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു,” എന്ന് ചൂണ്ടി കാണിച്ച പാപ്പാ  ഇക്കാര്യത്തിൽ, സർവ്വകലാശാലയ്ക്ക് നൽകാൻ കഴിയുന്ന സേവനം വളരെ പ്രധാനപ്പെട്ടതാണെന്ന് അടിവരയിട്ടു. "നമ്മുടെ വികസന മാതൃകകൾ പുനർവിചിന്തനം ചെയ്യാനും അനുയോജ്യമാക്കാരും, മികച്ച ബൗദ്ധികവും ധാർമ്മികവുമായ ശക്തികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള" അന്തരീക്ഷം സർവ്വകലാശാലകൾക്ക് സൃഷ്ടിക്കാൻ കഴിയും പാപ്പാ പറഞ്ഞു.

ശ്രവണം

യൂണിവേഴ്സിറ്റി റെക്ടർമാരെ അഭിസംബോധന ചെയ്യുന്നതിനിടയിൽ, അവരുടെ വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും കേൾക്കാൻ പാപ്പാ അവരെ ക്ഷണിച്ചു.

"സാമൂഹികവും സ്ഥാപനപരവും, അടുത്തുള്ളതും ആഗോളവുമായ യാഥാർത്ഥ്യം ശ്രദ്ധിക്കുക, കാരണം സർവ്വകലാശാലയ്ക്ക് അതിരുകളില്ല: അറിവ്, ഗവേഷണം, സംവാദം, കൂടിക്കാഴ്ച എന്നിവ എല്ലാ തടസ്സങ്ങളെയും മറികടന്ന് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്നതാവാതിരിക്കാൻ കഴിയില്ല."

സ്വാഗതം ചെയ്യുന്നയിടം

യുവജനങ്ങളെ ബഹുമാനം  പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഫ്രാൻസിസ് പാപ്പാ  ഊന്നിപ്പറഞ്ഞു: "സ്വയം ബഹുമാനിക്കാനും, അയൽക്കാരനെയും, സൃഷ്ടിയെയും സ്രഷ്ടാവിനെയും  ബഹുമാനിക്കാൻ" അവരെ പഠിപ്പിക്കണം. "ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പീഡനത്തിനും യുദ്ധത്തിനും വിവേചനത്തിനും ഇരയാകുന്ന" വിദ്യാർത്ഥികളെയും ഗവേഷകരെയും അധ്യാപകരെയും സമീപിക്കാനും സ്വാഗതം ചെയ്യാനും അദ്ദേഹം സർവ്വകലാശാലകളോട് ആഹ്വാനം ചെയ്തു. സർവ്വകലാശാലകളുടേത്  സജീവവും സുതാര്യവും, സ്വാഗതം ചെയ്യുന്നതും, ഉത്തരവാദിത്തമുള്ളതും, സഹകരണത്തിന്റെയും വിനിമയത്തിന്റെയും സംവാദത്തിന്റെയും  ഫലഭൂയിഷ്ഠമായ അന്തരീക്ഷത്തിൽ, ഓരോന്നിനെയും വിലമതിക്കുന്നതുമായ ഒരു സമൂഹമായിരിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ഒരു വഴി മാത്രം കാണിക്കുകയും സാർവത്രിക  വിശാല ദർശനത്തെ അടയ്ക്കുകയും ചെയ്തു കൊണ്ട് സർഗ്ഗാത്മകതയെയും ഹൃദയത്തെയും നശിപ്പിക്കുന്ന  പ്രത്യയശാസ്ത്രങ്ങൾക്കെതിരെയും  പാപ്പാ മുന്നറിയിപ്പ് നൽകി.

ലക്ഷ്യങ്ങൾ പങ്കിടൽ

ഉപസംഹരിച്ചു കൊണ്ട്, "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന മുദ്രാവാക്യം ഉൾക്കൊള്ളുന്ന 2025-ലെ ജൂബിലിയെ ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. ഇത് സഭയ്ക്കും സർവ്വകലാശാലകൾക്കും ജീവിതത്തിന്റെയും നന്മയുടെയും സാഹോദര്യത്തിന്റെയും പൊതു ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരം നൽകുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2022, 21:56