തിരയുക

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ സംഘടിപ്പിച്ച "ദൈവത്തിന്‍റെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട നമ്മുടെ പൊതു ദൗത്യം'' എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ സംഘടിപ്പിച്ച "ദൈവത്തിന്‍റെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട നമ്മുടെ പൊതു ദൗത്യം'' എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം.  

പൗരോഹിത്യ ദുരുപയോഗത്തെ അതിജീവിച്ചവരുടെ യാതനകൾ വിശ്വസ്തമായ സഭയ്ക്ക് വിത്തേകുന്നു

പോളണ്ടിലെ വാർസോയിൽ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംബന്ധിക്കുന്ന മദ്ധ്യ-കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഭാ പ്രതിനിധികൾ അവരുടെ രണ്ടാം ദിവസം ആരംഭിച്ചത് കർദ്ദിനാൾ പാട്രിക് ഓ’മാലെയ്യുടെ നേതൃത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ ആയിരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദിവ്യബലിയിൽ നടത്തിയ വചന പ്രഘോഷണത്തിൽ " നമ്മുടെ ധാരാളം സഹോദരീ സഹോദരന്മാർ പുരോഹിതരുടെ കരങ്ങളാൽ ദുരുപയോഗം ചെയ്യപ്പെട്ടതും തങ്ങളുടെ അധികാരമുപയോഗിച്ച് ഈ ദുഷിച്ച പ്രവർത്തികൾ തുടർന്നതും, മറച്ചു വയ്ക്കാൻ ശ്രമിച്ചതുമാണ് നമ്മൾ ഇവിടെ സമ്മേളിക്കാൻ കാരണം എന്ന് കർദിനാൾ സമ്മേളനത്തിന്‍റെ ഉദ്ദേശത്തെ വിശദീകരിച്ചു. പലപ്പോഴും പുരോഹിതർ ദുരുപയോഗം ചെയ്ത വ്യക്തികൾ അവരുടെ വേദനകൾ തുറന്നു പറയാൻ ശ്രമിച്ചപ്പോഴെല്ലാം അവരെ തള്ളിക്കളഞ്ഞു എന്ന് പരിതപിച്ച കർദ്ദിനാൾ ഇത്തരം ദുരുപയോഗം അതിജീവിച്ചവരുടെയും അവരുടെ കുടുംബങ്ങളുടേയും  ധൈര്യത്തെ പ്രകീർത്തിക്കുകയും അവരുടെ വേദന മറ്റുള്ളവരെ ദുരുപയോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഭയെ സഹായിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു. ദൈവം തന്‍റെ വിജ്ഞാനത്തിന്‍റെ വഴിയിലൂടെ ഈ വേദനകളും, തങ്ങളുടെ തെറ്റുകളും തിരിച്ചറിയുന്നതിനും നയിക്കുകയും അത്  ധൈര്യപൂർവ്വം തങ്ങൾ ദ്രോഹിച്ചവർക്ക് നീതിയും അവരോടു അനുരഞ്ജനവും  തേടുന്ന കൂടുതൽ ശക്തിയാർന്നതും സ്നേഹമാർന്നതും വിശ്വസ്തവുമായ ഒരു സഭയ്ക്കായുള്ള വിത്തുകളായി ഭവിക്കുകയും ചെയ്യട്ടെ എന്നും പ്രാർത്ഥിച്ചു.

രണ്ടാമത്തെ ദിവസത്തിൽ പ്രധാനപ്രസംഗം ചെക്കോസ്ലോവാക്യയിൽ ജനിച്ച മോൺ. തോമസ ഹാലിക്കന്റെതായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഒളിവിൽ ക്രൈസ്തവിശ്വാസം ജീവിച്ച "ഭൂഗർഭ സഭ " (Underground Church) യിൽ സേവനം ചെയ്തയാളാണ് മോൺ. ഹാലിക്.

കമ്യൂണിസ്റ്റ് ഭരണത്തിനു ശേഷവും സഭയിൽ നിന്നും ലൈംഗിക, മാനസീക ആത്മീയ ചൂഷണങ്ങളിലേക്കു നയിക്കുന്ന പൗരോഹിത്യ മേധാവിത്വവും (Clericalism) വിജയ ഭാവത്വവും (Triumphalism) ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നും പുരോഹിതരുടെയിടയിലുള്ള അധികാര ദുർവ്വിനിയോഗം വ്യവസ്ഥിതിയുടെ തന്നെ ഭാഗമാണ് അല്ലാതെ കേവലം വ്യക്തികളുടെ മാത്രം കാര്യമല്ല എന്നും അദ്ദേഹം കൂട്ടിചേർത്തു. സഭയെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചുമുള്ള  ദൈവശാസ്ത്ര, അജപാലക, ആത്മീയ ബോധ്യങ്ങളിൽ ധൈര്യപൂർവ്വമായ നവീകരണമില്ലാതെ ഇവയെ മറികടക്കാൻ കഴിയില്ല എന്നും വെറും അച്ചടക്ക നടപടികൾ മാത്രം പോരാതെവരുമെന്നും മോൺ. ഹാലിക് അഭിപ്രായപ്പെട്ടു. അതിനാൽ പുരോഹിതരുടെ പ്രതിസന്ധിയെ തരണം ചെയ്യാൻ സമകാലീക സമൂഹത്തിൽ പൗരോഹിത്യത്തിനുള്ള പങ്കിന് ഒരു പുതിയ ഗ്രാഹ്യം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിന് സഹായകമായി മാതൃകകളായി സഭയെ ദൈവത്തിന്‍റെ തീർത്ഥാടക ജനം, ക്രിസ്തീയ വിജ്ഞാന വിദ്യാലയം, സഞ്ചരിക്കുന്ന ചികിൽസാലയം, കൂടിക്കാഴ്ചയുടെയും, പങ്കുവയ്ക്കലിന്‍റെയും അനുരഞ്ജനത്തിന്‍റെയും ഇടം എന്നീ മാതൃകകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സഭാനിയമവും  സിവിൽ അധികാരികളും

ഉച്ചകഴിഞ്ഞുള്ള സമ്മേളനം സുതാര്യത, ചുമതല,  ഉത്തരവാദിത്വം എന്നിവയെക്കുറിച്ചായിരുന്നു. പ്രൊഫ. മിറിയം വിയ്ലെൻസ്, ജസ്റ്റിസ്  നെവില്ലേ ഓവൻ, പ്രൊഫ. പാവൽ വിലിൻസ്കി തുടങ്ങിയവരായിരുന്നു സമിതിയിൽ.

കാനോനിക നിയമത്തിന്‍റെ  പ്രൊഫസറും പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള  പൊന്തിഫിക്കൽ കമ്മീഷൻ അംഗവുമായ പ്രൊഫ. വിയ്യ്ലെൻസ് ദുരുപയോഗം തടയാനും, ഇടപെടാനും, ദുരുപയോഗം ചെയ്യപ്പെട്ടവർക്ക് നീതിയും സൗഖ്യവും ഉറപ്പാക്കാനും രൂപതാ മെത്രാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരവും കാനോനികപരവുമായ കാര്യങ്ങൾ വിശദീകരിച്ചു. പുരോഹിതരുടെ ലൈംഗീക ദുരുപയോഗം കുട്ടികളുടെ അന്തസ്സും ലൈംഗീക സമഗ്രതയും അവരുടെ ക്രിസ്തീയ വിശ്വാസവും തകർക്കുമെന്നു അവർ ചൂണ്ടിക്കാണിച്ചു. 

ഓസ്ട്രേലിയൻ മെത്രാൻ സമിതിയുടെ സത്യത്തിനും,നീതിക്കും, സൗഖ്യത്തിനുമായുള്ള കൗൺസിലിന്‍റെ  മുൻ ചെയർമാനും പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗവുമായ ജസ്റ്റിസ് ഓവൻ ഏറ്റം ബലഹീനരായവരെ സംരക്ഷിക്കാൻ സഭ വേണ്ടത് ചെയ്യാതിരിക്കുകയും മൂടിവയ്ക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ എങ്ങനെയാണ് സിവിൽ അധികാരികൾ കടന്നു വന്നത് എന്ന് വിവരിച്ചു. ഓസ്ട്രേലിയയിലെ നാല് കൊല്ലം നീണ്ട റോയൽ കമ്മീഷൻ അന്വേഷണങ്ങളെ ചൂണ്ടിക്കാണിച്ച് മറ്റു രാഷ്ട്രങ്ങൾക്ക് ഈ ഗവണ്മെഗവണ്മെന്‍റ് അന്വേഷണത്തിൽ നിന്ന് ഉത്തരവാദിത്വത്തെയും കടമയെയും സുതാര്യതെയും കുറിച്ച് പഠിക്കാമെന്നും സൂചിപ്പിച്ചു.

ദുരുപയോഗം ചെയ്യപ്പെട്ടവർക്ക് ശരിയായ ഒരു നിയമപരിരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പോളണ്ടിലെ പരമോന്നത നീതിപീഠത്തിന്‍റെ ന്യാധിപനായ പ്രൊഫ. വിലിൻസ്കി സഭയോടു ആവശ്യപ്പെട്ടു. പുരോഹിതരിൽ നിന്നേറ്റ അവരുടെ മുറിവുകളെ കൂടുതൽ വ്രണപ്പെടുത്താതിരിക്കാൻ നടപടിക്രമ പരിരക്ഷയുടെ സംവിധാനങ്ങൾ ഫലപ്രദമാക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2021, 15:38