തിരയുക

ഫ്രാൻസിസ് പാപ്പായയും മോൺസിഞ്ഞോർ യാനുഷ് ഉർബാൻചികും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായയും മോൺസിഞ്ഞോർ യാനുഷ് ഉർബാൻചികും - ഫയൽ ചിത്രം 

കോവിഡ് പകർച്ചവ്യാധി കൂടുതൽ സാഹോദര്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള അവസരം: മോൺ. ഉർബാൻചിക്

കോവിഡ് -19 മഹാമാരി സൃഷ്‌ടിച്ച ലോക പ്രതിസന്ധി "കൂടുതൽ സാഹോദര്യവും അനുകമ്പയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു അവസരമാണ്" എന്ന് "യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനുമുള്ള സംഘടന" ഓഷേ (Osce) യിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ യാനുഷ് ഉർബാൻചിക്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന "യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനുമുള്ള സംഘടന" മുൻകൈയെടുത്ത് "ഉയർന്നുവരുന്ന വെല്ലുവിളികളുടെ മുൻപിൽ ആഗോള സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതു പ്രതികരണങ്ങൾ" എന്ന പ്രമേയത്തിൽ സെപ്റ്റംബർ 20, 21 തീയതികളിലായി നടത്തിയ ഏഷ്യൻ കോൺഫറൻസിൽ സംസാരിക്കവെ കോവിഡ് പ്രതിസന്ധിയെ സാഹോദര്യം വളർത്താനുള്ള ഒരു അവസരമാക്കി മാറ്റാൻ വത്തിക്കാൻ പ്രതിനിധി ആവശ്യപ്പെട്ടു. ഈ സമ്മേളനത്തിൽ നേരിട്ടും, സൂം വഴിയായും വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.

നിലവിലെ ആരോഗ്യ അടിയന്തിരാവസ്ഥ, മനുഷ്യജീവിതത്തിന്റെ ദുർബലതയെ ഓർമ്മിപ്പിക്കുകയും നമ്മുടെ പരസ്പര സഹകരണത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു എന്നും മറ്റുള്ളവരെ അപകടത്തിൽപ്പെടുത്താതിരിക്കാൻ, ഉത്തരവാദിത്വപ്പെട്ട പെരുമാറ്റങ്ങളും, ഐക്യദാർഢ്യവും ആവശ്യമാണെന്നും നമ്മെ ഓർമ്മിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിസന്ധി സമൂഹത്തിൽ വളരെയധികം തിന്മയായ പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്ന് മോൺസിഞ്ഞോർ ഉർബാൻചിക് തന്റെ പ്രസംഗത്തിൽ പറഞ്ഞു. മുൻപുതന്നെ സമൂഹത്തിൽ നിലവിലുണ്ടായിരുന്ന അസന്തുലിതാവസ്ഥകളെ കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്കും, അതുവഴി ജനങ്ങളെ കൂടുതൽ കഷ്ടപ്പാടുകളിലേക്ക് നയിക്കുന്നതിലും കോവിഡ് മഹാമാരിയുടെ സാഹചര്യം കാരണമായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പന്നവർഗ്ഗത്തിന് കോവിഡ് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നുണ്ടെങ്കിലും പാവപ്പെട്ടവർക്ക് ഇപ്പോഴത്തെ സാഹചര്യം വളരെ ദുഷ്ക്കരമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ മരുന്നുകളുടെയും, പ്രതിരോധകുത്തിവയ്പുകളുടെയും ലഭ്യത, കോവിഡ് സംബന്ധമായ വിവരലഭ്യത എന്നിവ പാവപ്പെട്ടവർക്ക് കൂടുതൽ അന്യമാകുന്നുണ്ടെന്നും, ഇതിന് പരിഹാരമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2021, 15:13