തിരയുക

സാന്താ മാർത്ത ഭവനം സാന്താ മാർത്ത ഭവനം 

ഫ്രാൻസിസ് പാപ്പാ ദോമൂസ് വത്തിക്കാനെ സ്ഥാപിച്ചു

ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ രാജ്യം ആസ്ഥാനമായി, പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട "ദോമൂസ് വത്തിക്കാനെ" എന്ന പേരിൽ പുതിയ ഒരു പ്രസ്ഥാനം സ്ഥാപിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

1996 മാർച്ച് 25-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സ്ഥാപിച്ചതും ഇപ്പോൾ ഫ്രാൻസിസ് പാപ്പാ താമസിക്കുന്നതുമായ "ദോമൂസ് സാന്തെ മാർത്തെ", 1999 ജനുവരി 6-ന് ജോൺ പോൾ രണ്ടാമൻ പാപ്പാ തന്നെ സ്ഥാപിച്ചതും "ത്രാസ്പൊന്തീന" എന്നറിയപെടുന്നതുമായ "ദോമൂസ് റൊമാന സാച്ചെർദോത്താലിസ്", "ദോമൂസ് ഇന്തെർനാസിയൊണാലിസ് പൗളോ സെക്സ്‌തോ", എന്നിവയും 2008 ഏപ്രിൽ 28-ന് ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പാ സ്ഥാപിച്ച "കാസാ സാൻ ബെനെദെത്തോ"യും ഏകോപിപ്പിച്ചാണ് പുതിയ ഘടകം സ്ഥാപിച്ചത്. ഇവയിൽ ദോമൂസ് സാന്തെ മാർത്തെ, പുതിയ മാർപാപ്പാമാരെ തിരഞ്ഞെടുക്കുന്ന സമയത്ത്, വോട്ടവകാശമുള്ള കർദ്ദിനാൾമാർക്കായി സംവരണം ചെയ്തിട്ടുണ്ട്.

വത്തിക്കാൻ കൂരിയായിൽ സേവനമനുഷ്ഠിക്കുന്ന വൈദികർ, കർദ്ദിനാൾമാർ, മെത്രാന്മാർ, വത്തിക്കാന്റെ നയതന്ത്രപ്രതിനിധികൾ, പരിശുദ്ധപിതാവിനെ സന്ദർശിക്കാനെത്തുന്ന വൈദികർ, പരിശുദ്ധസിംഹാസനം സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കാനെത്തുന്നവർ തുടങ്ങിയവർക്കായാണ് ഇവയിൽ ആദ്യത്തെ മൂന്ന് ഭവനങ്ങളും സ്ഥാപിക്കപ്പെട്ടത്. കാസാ സാൻ ബെനെദെത്തോയാകട്ടെ, പരിശുദ്ധ സിംഹാസനത്തിന്റെ പേരിൽ മറ്റു രാജ്യങ്ങളിലെ നൂൺഷ്യേച്ചറുകൾ പോലെയുള്ള ഇടങ്ങളിൽ സേവനമനുഷ്ടിച്ചതിനു ശേഷം വിരമിച്ചവർക്കുവേണ്ടിയാണ് സ്ഥാപിക്കപ്പെട്ടത്.

നിലവിലെ സാഹചര്യങ്ങളിൽ, അപ്പസ്തോലിക അധികാരവും, വത്തിക്കാൻ രാജ്യത്തിന്റെ പരമാധികാരവും, കാനോനിക, വത്തിക്കാൻ നിയമങ്ങളും അനുസരിച്ചാണ് ദോമൂസ് വത്തിക്കാനെ എന്ന പുതിയ ഘടകം സ്ഥാപിച്ചിട്ടുള്ളത്. പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ടതും, നൈയാമിക വ്യക്തിത്വത്തോടുകൂടിയുള്ളതുമായ ഈ സ്ഥാപനത്തിന്റെ സൃഷ്ടിയോടുകൂടി മുൻപുണ്ടായിരുന്ന വ്യത്യസ്ത ഘടകങ്ങൾ ഇനി വേറിട്ടുള്ള വ്യക്തിത്വങ്ങളായി നിലനിൽക്കില്ല. എന്നാൽ നിലവിൽ ഈ സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്നവർ ഇനിമുതൽ റോമൻ കൂരിയായിലെ ജീവനക്കാരായി കണക്കാക്കപ്പെടും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 May 2022, 16:14