തിരയുക

വിശുദ്ധരായി ഉയർത്തപ്പെട്ടവരുടെ ചിത്രങ്ങൾ വത്തിക്കാനിൽ... വിശുദ്ധരായി ഉയർത്തപ്പെട്ടവരുടെ ചിത്രങ്ങൾ വത്തിക്കാനിൽ...  (Vatican Media)

കത്തോലിക്കാ തിരുസഭയ്ക്ക് പത്ത് നവവിശുദ്ധർ കൂടി

മെയ് 15ന് പത്ത് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പാപ്പാ പ്രഖ്യാപിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മെയ് 15ന് രാവിലെ 10.00 മണിക്ക് 10 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിച്ച ദിവ്യബലി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തിൽ പരിശുദ്ധ പിതാവ്  ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മകത്വത്തിൽ അർപ്പിക്കപ്പെട്ടു.  ഈ  ദിവ്യബലിയിൽ വച്ച് 10 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിനും പാപ്പാ നേതൃത്വം  നൽകി.

വാഴ്ത്തപ്പെട്ടവരായ  ടൈറ്റസ് ബ്രൻഡ്സ്മ, ലാസർ എന്ന പേരുള്ള ദേവസഹായം,  സെസാർ ദെ ബുസ്, ലൂയിജി മരിയ പാലാത്സോളോ, ജുസ്ത്തീനോ മരിയ റുസോളില്ലോ, ചാൾസ് ദെ ഫൂക്കോൾഡ്, മരിയ റിവിയർ, മരിയ ഫ്രാൻചെസ്ക ദി ജെസു റുബാത്തോ, മരിയ ദി ജെസു സാന്തോകനാലെ, മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരെയാണ് പാപ്പാ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. വാഴ്ത്തപ്പെട്ട ദേവസഹായം, മെയ് 15 ന് വത്തിക്കാനിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ അൽമായനും വിവാഹിതനും ഇന്ത്യയുടെ പ്രഥമ രക്തസാക്ഷിയുമാണ്.

ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും വൈദികരും, സന്യസ്തരും, അൽമായ വിശ്വാസികളും ഈ ചടങ്ങിൽ പങ്കെടുക്കാ൯ എത്തിയിരുന്നു. നാമകരണത്തോടനുബന്ധിച്ചു തലേ ദിവസം, മെയ് പതിനാലാം തിയതി വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പ്രത്യേക സായാഹ്‌ന പ്രാർത്ഥനയും, ദിവ്യകാരുണ്യ ആശിർവാദവും ഉണ്ടായിരുന്നു. ലത്തീൻ, സിറോ മലങ്കര, സിറോ മലബാർ റീത്തിൽ നിന്നുള്ള കർദിനാൾമാരും, തമിഴ്‌നാട്ടിൽ നിന്നുള്ള മെത്രാന്മാരും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. മെയ് പതിനഞ്ചാം തിയതി നടന്ന വിശുദ്ധ പ്രഖ്യപന ദിവ്യ ബലിയിൽ ലോകത്തിന്റെ വിവിധ ഭാഗത്തിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ വത്തിക്കാനിൽ പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ സന്നിഹിതരായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2022, 13:44