തിരയുക

ബെനഡിക്ട് പതിനാറാമൻ എമെറിറ്റസ് പാപ്പായുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിനായി വച്ചപ്പോൾ ബെനഡിക്ട് പതിനാറാമൻ എമെറിറ്റസ് പാപ്പായുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിനായി വച്ചപ്പോൾ  (VATICAN MEDIA Divisione Foto)

എമെരിറ്റസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകൾ മാർപാപ്പാമാരുടേതിന് അടുത്തുള്ളതായിരിക്കും: മത്തെയോ ബ്രൂണി

സാധാരണ മാർപാപ്പാമാരുടെ മൃതസംസ്കാരച്ചടങ്ങുകൾക്ക് ഏതാണ്ട് സമാനമായ രീതിയിലായിരിക്കും ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെയും അവസാനചടങ്ങുകളെന്ന് വത്തിക്കാൻ പത്രം ഓഫീസ് മേധാവി മത്തെയോ ബ്രൂണി വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഭരണത്തിലായിരിക്കുമ്പോൾ മരണമടഞ്ഞ മാർപാപ്പാമാരുടെ മൃതസംസ്കാരചടങ്ങുകൾക്ക് ഏതാണ്ട് സമാനമായ ആരാധനാക്രമമായിരിക്കും ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായ്ക്ക് വേണ്ടിയും ഉപയോഗിക്കുകയെന്ന് വത്തിക്കാൻ പത്രം ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. എന്നാൽ ഭരണത്തിലായിരിക്കെ മരണമടഞ്ഞ സഭയുടെ പരമോന്നതഅധ്യക്ഷന്റെ സംസ്കാരചടങ്ങുകളിൽ ഉള്ള ചില ഘടകങ്ങൾ ജനുവരി അഞ്ച് വ്യാഴാഴ്ച നടക്കുന്ന എമെരിറ്റസ് പാപ്പായുടെ മൃതസംസ്കാരചടങ്ങുകളിൽ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങുകളുടെ അവസാനമുള്ള പ്രാർത്ഥനകളിൽ റോമാ രൂപതയുടെയും, പൗരസ്ത്യസഭകളുടെയും അപേക്ഷാപ്രാർത്ഥനകൾ ഉണ്ടാകില്ലന്ന് മത്തെയോ ബ്രൂണി വിശദീകരിച്ചു. പ്രാർത്ഥനകളും വിശുദ്ധഗ്രന്ഥ വായനകളും സാധാരണയിൽനിന്ന് വ്യത്യസ്തമായിരിക്കും.

സാധാരണയായി സംഭവിക്കുന്നതുപോലെതന്നെ ബെനഡിക്ട് പതിനാറാമന്റെ സംസ്കാരത്തിൽ അധികാരവടിയും കുരിശും ശവപേടകത്തിനുള്ളിൽ അടയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ചില മെഡലുകളും, അദ്ദേഹത്തിന് ലഭിച്ച പാലിയങ്ങളും പേടകത്തിൽ അടയ്ക്കപ്പെടും. അവയെക്കൂടാതെ, ബെനഡിക്ട് പതിനാറാമന്റെ ഭരണകാലത്തെക്കുറിച്ചുള്ള ചെറിയ ഒരു വിവരണവും ഒരു ലോഹ സിലിണ്ടറിൽ അടച്ച്, പേടകത്തിൽ അടക്കം നിക്ഷേപിക്കും.

ജനുവരി നാല് ബുധനാഴ്‌ച വൈകുന്നേരത്തോടെ മൃതദേഹപേടകം അടയ്ക്കപ്പെടും. ജനുവരി അഞ്ച് വ്യാഴാഴ്ച രാവിലെ 8.50-ന് പേടകം വത്തിക്കാനിലെ ബസലിക്കയിൽനിന്ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് നീക്കപ്പെടും. ജനുവരി അഞ്ച് വ്യാഴാഴ്ച രാവിലെ 9.30-നാണ് മൃതസംസ്കാരച്ചടങ്ങുകൾ ആരംഭിക്കുക.

വിശുദ്ധ ബലിയർപ്പണത്തിനും പ്രാർത്ഥനകൾക്കും ശേഷം പേടകം വത്തിക്കാൻ ബസലിക്കയിൽ ഗ്രോട്ടോയിലേക്ക് മറ്റും. മൃതസംസ്കാരച്ചടങ്ങുകൾ ദൃശ്യമാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുമെങ്കിലും, ഗ്രോട്ടോയിൽ നടക്കുന്ന അവസാനഭാഗം പൊതുവായി പ്രക്ഷേപണം ചെയ്യപ്പെടില്ലെന്ന് മത്തെയോ ബ്രൂണി അറിയിച്ചു.

മൃതസംസ്കാര ചടങ്ങുകളിൽ ഇറ്റലിയുടെയും ജർമനിയുടെയും ഔദ്യോഗിക പ്രതിനിധിസംഘവും എക്യൂമെനിക്കൽ പ്രതിനിധിസംഘവും പങ്കെടുക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 January 2023, 16:18