തിരയുക

ജീവനോളം വിലയുള്ള ഭക്ഷണം - ദാരിദ്ര്യവും സമ്പത്തും വിലപറയുമ്പോൾ ജീവനോളം വിലയുള്ള ഭക്ഷണം - ദാരിദ്ര്യവും സമ്പത്തും വിലപറയുമ്പോൾ 

കുട്ടികളുടെ ദുരിതങ്ങൾ നിറഞ്ഞ ബാല്യം: യുണിസെഫ്

ലോകത്ത് കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ഉള്ള 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതിയിലധികവും, അതായത് ഏതാണ്ട് 23 ദശലക്ഷത്തോളം കുട്ടികൾ, 2 വയസ്സിന് താഴെയുള്ളവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫ് (UNICEF).

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യസംവിധാനങ്ങളെക്കുറിച്ചുള്ള ഉച്ചകോടിയിൽ  യൂണിസെഫ് പുതുതായി അവതരിപ്പിച്ച റിപ്പോർട്ടിൽ, 6 മുതൽ 23 മാസം വരെയുള്ള കുട്ടികളിൽ പകുതിപ്പേർക്ക് മാത്രമേ  സാധാരണയായി കുട്ടികൾക്ക് ലഭിക്കേണ്ട അവശ്യഭക്ഷണം ലഭിക്കുന്നുള്ളൂ എന്നും ലോകത്ത് ഏതാണ്ട് മൂന്നിലൊന്ന് കുട്ടികൾക്ക് മാത്രമേ അവർക്ക് ശരിയായ രീതിയിൽ വളരാൻ ആവശ്യമായ ഭക്ഷ്യവൈവിധ്യങ്ങൾ ലഭിക്കുന്നുള്ളൂ എന്നും അറിയിച്ചു.

2020 -ൽ, പൊതുവായി ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള ഭക്ഷ്യവൈവിധ്യങ്ങൾ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണമേഖലകളിൽ പകുതിയേ ഉള്ളൂ എന്നും യൂണിസെഫ് റിപ്പോർട്ട് ചെയ്തു. നഗരങ്ങളിൽ ഏതാണ്ട് 39 ശതമാനത്തിന് ഇത് ലഭിക്കുമ്പോൾ ഗ്രാമങ്ങളിലുള്ള കുട്ടികളിൽ ഏതാണ്ട് 23 ശതമാനത്തിന് മാത്രമാണ് ഇത് ലഭിക്കുന്നത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ പലതിലും, ദക്ഷിണേഷ്യൻ രാജ്യങ്ങളിലും നാലിലൊന്ന് കുട്ടികൾക്ക് മാത്രമാണ് മെച്ചപ്പെട്ട വളർച്ചയ്ക്കാവശ്യമായ വൈവിധ്യമുള്ള ഭക്ഷണങ്ങൾ ലഭിക്കുന്നത്.

സെപ്റ്റംബർ 22-ന് പുറത്തുവിട്ട ഒരു റിപ്പോർട്ടിലാണ് ലോകത്ത് കഠിനമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളെ സംബന്ധിച്ചുള്ള ഈ റിപ്പോർട് യൂണിസെഫ് പുറത്തുവിട്ടത്. ലോകത്തെ 91 വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്.

ലോകത്തെങ്ങും കുട്ടികൾക്കെല്ലാവർക്കും പോഷകാഹാരലഭ്യത ഉറപ്പുവരുത്താൻ, സർക്കാരുകളും, സമൂഹനന്മലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.

റിപ്പോർട്ട് പ്രകാരം ലോകമെമ്പാടും കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന പോഷകാഹാരക്കുറവിന്റെ പ്രതിസന്ധി വ്യക്തമാണെന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യസംവിധാനങ്ങളെക്കുറിച്ചുള്ള ഉച്ചകോടിക്ക് വലിയ രീതിയിലുള്ള ഈ പ്രശ്‌നപരിഹാരത്തിന് ഒരു അടിത്തറയിടുവാൻ സാധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട്, യുണിസെഫ് ഡയറക്ടർ ജനറൽ, ഹെൻറിയെത്ത ഫോർ (Henrietta Fore) അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2021, 15:33