തിരയുക

അഫ്ഗാനിസ്ഥാനിലെ ഒരു സ്കൂളിൽനിന്നുള്ള ദൃശ്യം അഫ്ഗാനിസ്ഥാനിലെ ഒരു സ്കൂളിൽനിന്നുള്ള ദൃശ്യം 

പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം അഫ്ഗാനിസ്ഥാനിൽ: യുണിസെഫ്

അഫ്ഗാനിസ്ഥാനിൽ സെക്കൻഡറി സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ, പെൺകുട്ടികളെ ഒഴിവാക്കരുതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുസംരക്ഷണത്തിനായുള്ള സമിതി, യുണിസെഫ്, ഓർമ്മപ്പെടുത്തുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അഫ്ഗാനിസ്ഥാനിൽ, കോവിഡ്-19 പ്രതിസന്ധിമൂലം നിരവധി മാസങ്ങളായി അടച്ചുകിടന്നിരുന്ന  സെക്കൻഡറി സ്കൂളുകൾ വീണ്ടും തുറക്കുന്നു എന്ന വാർത്തയെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ യുണിസെഫ് ഡയറക്ടർ ജനറൽ, ഹെൻറിയെത്ത ഫോർ (Henrietta Fore), പെൺകുട്ടികളെ സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്ന്  രേഖപ്പെടുത്തി.

വിദ്യാഭ്യാസത്തിൽ പെൺകുട്ടികളെ പിന്നിൽ ഉപേക്ഷിക്കരുതെന്നും, മുതിർന്ന പെൺകുട്ടികൾ ഉൾപ്പെടെ എല്ലാ പെൺകുട്ടികൾക്കും കൂടുതൽ കാലതാമസം കൂടാതെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ കഴിയേണ്ടത് അത്യാവശ്യമാണെന്നും, ഇതിനായി വനിതാ അധ്യാപകർ ആവശ്യമാണ് എന്നും യുണിസെഫ് അധ്യക്ഷ ഓർമ്മപ്പെടുത്തി.

കോവിഡ് പ്രതിസന്ധിക്ക് മുമ്പുതന്നെ, അഫ്ഗാനിസ്ഥാനിലെ 42 ലക്ഷത്തോളം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല എന്നും അതിൽ 60 ശതമാനവും പെൺകുട്ടികളാണ് എന്നും ഓർമ്മിപ്പിച്ച ഹെൻറിയെത്ത, ഓരോ ദിവസവും നഷ്ടപ്പെടുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ ഇല്ലാതാകുന്നത് അവർക്കും, അവരുടെ കുടുംബങ്ങൾക്കും, സമൂഹങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ നല്ല ഫലങ്ങൾക്കുള്ള അവസരമാണ് എന്ന് കൂട്ടിച്ചേർത്തു.

കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ രാജ്യത്ത് വിദ്യാഭ്യാസത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. സ്കൂളുകളുടെ എണ്ണം മൂന്നിരട്ടിയാവുകയും, സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് ഏതാണ്ട് 95 ലക്ഷമായി ഉയരുകയും ചെയ്തിരുന്നു.

രാജ്യത്തെ കുട്ടികളുടെ നല്ല ഒരു ഭാവിക്കുവേണ്ടി ലഭിക്കുന്ന ഈ അവസരങ്ങൾ എല്ലാവരും സംരക്ഷിക്കുകയും, വിലമതിക്കുകയും വേണമെന്ന്‌ അഭിപ്രായപ്പെട്ട യുണിസെഫ് മേധാവി, അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ എല്ലാ പങ്കാളികളോടും, കുട്ടികളുടെ വിദ്യാഭ്യാസം തുടരുവാൻ വേണ്ട സഹായങ്ങൾ തുടരുവാൻ ആഹ്വാനം ചെയ്തു.

കൂടുതൽ സമാധാനപരവും ഉൽപാദനക്ഷമതയുള്ളതുമായ ഒരു അഫ്ഗാനിസ്ഥാന്റെ നിർമ്മിതിക്കായി ആവശ്യമായ കഴിവുകൾ സ്വന്തമാക്കാൻ എല്ലാ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യമായ അവസരങ്ങൾ ലഭ്യമാകുമെന്നു ഉറപ്പുവരുത്തുവാൻവേണ്ടി യൂണിസെഫ് തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്നും യുണിസെഫ് ഡയറക്ടർ ജനറൽ, ഹെൻറിയെത്ത ഫോർ ഉറപ്പിച്ചുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2021, 17:50