തിരയുക

ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനും രാജ്ഞി റാണിയാ അൽ അബ്ദുല്ലയും ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ചയോടൊപ്പം ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനും രാജ്ഞി റാണിയാ അൽ അബ്ദുല്ലയും ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ചയോടൊപ്പം 

ജോർദാൻ രാജാവും രാജ്ഞിയും സമാധാനത്തിനായുള്ള 2022-ലെ അവാർഡിനർഹരായി

2022-ലെ പാത്ത് ടു പീസ് ഫൗണ്ടേഷന്റെ സമാധാനത്തിനായുള്ള അവാർഡിന്, ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്ൻ അൽ ഹുസൈനും രാജ്ഞി റാണിയാ അൽ അബ്ദുല്ലയും അർഹരായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മെയ് 9 തിങ്കളാഴ്ച പാത്ത് ടു പീസ് ഫൗണ്ടേഷൻ എന്ന പേരിൽ പ്രവർത്തിക്കുന്ന സമാധാനപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സ്ഥാപനം അതിന്റെ ഇരുപത്തിയൊൻപതാമത് വാർഷികസമ്മേളനം ന്യൂയോർക്ക് മൻഹാട്ടനിൽ ആഘോഷിച്ച അവസരത്തിൽ, ജോർദാൻ രാജാവിനും രാജ്ഞിക്കും പാത്ത് ടു പീസ് ഫൗണ്ടേഷന്റെ സമാധാനത്തിനായുള്ള അവാർഡ് നൽകി.

മതാന്തര ഐക്യവും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ പങ്ക്, അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ജോർദാന്റെ ശ്രമങ്ങൾ, അതുപോലെ തന്നെ സമാധാനത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധത എന്നിവ കണക്കിലെടുത്താണ് "സമാധാനത്തിനായുള്ള പാത" എന്ന പേരിലുള്ള ഈ അവാർഡ് രാജാവിനും രാജ്ഞിക്കും സമ്മാനിച്ചത്.

ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനും, പാത്ത് ടു പീസ് ഫൗണ്ടേഷന്റെ പ്രസിഡന്റുമായ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാച്ച്യയോടൊപ്പം മറ്റ് വിവിധ വിശിഷ്ടതിഥികളും 370 പേര് പങ്കെടുത്ത ഈ ചടങ്ങിൽ സംബന്ധിച്ചു.

ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ദൗത്യസംഘത്തിന്റെ നയതന്ത്ര മാനദണ്ഡങ്ങൾക്കപ്പുറമുള്ള വിപുലീകരിച്ച മാനുഷികവും അനുരഞ്ജനപരവുമായ പ്രവർത്തനങ്ങളുടെ ആവശ്യകതയെ മുൻനിറുത്തി 1991-ൽ അന്നത്തെ അപ്പസ്തോലിക് നുൺഷ്യോയും ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനുമായിരുന്ന ആർച്ച് ബിഷപ്പ് റെനാത്തോ മർത്തീനോയാണ് പാത്ത് ടു പീസ് ഫൗണ്ടേഷൻ സ്ഥാപിച്ചത്.

ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യം 1964 ഏപ്രിൽ 6 നാണ് സ്ഥാപിതമായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2022, 16:33