തിരയുക

സഹായത്തിനായി കാത്ത് അഫ്ഗാൻ ജനത സഹായത്തിനായി കാത്ത് അഫ്ഗാൻ ജനത 

അഫ്ഗാനിസ്ഥാനിൽ ഒരു കോടിയോളം കുട്ടികൾ പട്ടിണിയിൽ: സേവ് ദി ചിൽഡ്രൻ

വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ ഉള്ളതിനാൽ, നിലവിൽ അഫ്ഗാനിസ്ഥാനിൽ ലഭ്യമായ സഹായങ്ങൾകൊണ്ട് മാത്രം കുട്ടികളുടെ പട്ടിണിയാവസാനിപ്പിക്കാൻ സാധിക്കുന്നില്ലെന്ന് സേവ് ദി ചിൽഡ്രൻ സംഘടന

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ മാസങ്ങളിൽ ഗണ്യമായ തോതിൽ കുടുംബങ്ങൾക്ക് ഭക്ഷ്യസഹായം നൽകിയിട്ടും രാജ്യത്ത് ഏതാണ്ട് അമ്പതു ശതമാനം ആളുകളും പട്ടിണിയിലാണെന്ന് സംഘടനയുടെ കമ്മ്യൂണിക്കേഷൻ പ്രസിഡന്റ് അഥീന റെയ്ബൺ പ്രസ്താവിച്ചു. ഏതാണ്ട് രണ്ടുകോടിയോളം ജനങ്ങൾക്ക് ഭക്ഷണസഹായം ആവശ്യമുള്ളപ്പോൾ, സംഘടനയുടെ കൈവശം ഏതാണ്ട് മുപ്പത്തിരണ്ട് ലക്ഷം ആളുകൾക്ക് അടിസ്ഥാനപരമായ സൗകര്യങ്ങൾ നൽകാൻ മാത്രമേ ഫണ്ടുകൾ ഉള്ളൂവെന്ന് അവർ കൂട്ടിച്ചേർത്തു.

സാമ്പത്തിക പ്രതിസന്ധി, ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന വരൾച്ച എന്നിവ മൂലം പ്രതിദിനം തൊണ്ണൂറ്റിയാറ് ലക്ഷത്തോളം കുട്ടികളാണ് പട്ടിണികിടക്കുന്നത്.

കഴിഞ്ഞ ഏതാണ്ട് നൂറ് വർഷങ്ങളായി ലോകമെമ്പാടുമുള്ള കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

സമീപകാലത്തെ ഏറ്റവും ശക്തമായ ഭക്ഷ്യപ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണനിയന്ത്രണം ഏറ്റെടുത്തതിനെത്തുടർന്ന്, അന്താരാഷ്ട്രസമൂഹം ഇവിടേക്കുള്ള സഹായങ്ങൾ താൽക്കാലികമായി നിറുത്തിവയ്ക്കുകയും, ഉപരോധങ്ങൾ ഏർപ്പെടുത്തുകയും, വിവിധ ഫണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.

ലോകമെമ്പാടുമായി നാലുകോടിയിലധികം കുട്ടികൾ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് അഫ്ഗാനിസ്ഥാൻ ഈ പട്ടിണിയെ നേരിടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2022, 16:15