തിരയുക

സങ്കീർത്തനചിന്തകൾ - 10 സങ്കീർത്തനചിന്തകൾ - 10 

എല്ലാത്തിനും ഉപരിയായ ദൈവികനീതിയും വിധിയും

വചനവീഥി: പത്താം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
പത്താം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒൻപതും പത്തും സങ്കീർത്തനങ്ങളെ ഒരുമിച്ചു കാണുന്ന ഗ്രീക്ക് ലത്തീൻ പാരമ്പര്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഹെബ്രായ പാരമ്പര്യത്തിൽ രണ്ടു വ്യത്യസ്ത സങ്കീർത്തനങ്ങളായിത്തന്നെയാണ് ഇവയെ കാണുന്നത്. പരസ്പരബന്ധിതങ്ങളായ ചില ആശയങ്ങളാണ് ഇരു സങ്കീർത്തനങ്ങളിലും നമുക്ക് കണ്ടെത്താനാകുന്നത്. ശത്രുവിന്റെ താൽക്കാലികവിജയത്തിന് മുന്നിൽ ദൈവത്തോട് സഹായത്തിനപേക്ഷിക്കുന്ന പീഡിതൻ, തന്റെ ഭക്തന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമായി ദുഷ്ടനെ തോൽപ്പിക്കുന്ന ദൈവത്തിന്റെ നീതി, ജനതകളുടെമേൽ വരുവാനിരിക്കുന്ന ദൈവത്തിന്റെ വിധിയും ലോകമെങ്ങും വ്യാപിക്കുന്ന അവന്റെ അധികാരവും, തനിക്കും ദൈവജനത്തിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്ന ദാവീദ് തുടങ്ങിയ ചിന്തകളാണ് ഒൻപതും പത്തും സങ്കീർത്തനങ്ങളിൽ നമുക്ക് കണ്ടുമുട്ടാനാകുന്നത്. ദൈവവിചാരം ഹൃദയത്തിൽ വഹിക്കാത്ത മനുഷ്യരുടെ അർത്ഥശൂന്യമായ ചിന്തകളും, സഹനത്തിന്റെ നിലയില്ലാക്കയങ്ങളിലും ദൈവത്തിൽ ജീവിതം അർപ്പിക്കുന്ന വിശ്വാസവും പത്താം സങ്കീർത്തനത്തിന്റെ വാക്യങ്ങളിൽ നമുക്ക് കാണാം.

ദൈവത്തോടുള്ള സംവാദം

സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ സങ്കീർത്തകൻ ദൈവത്തിന്റെ മുൻപിൽ വയ്ക്കുന്ന ചില ഹൃദയവിചാരങ്ങളാണ്: "കർത്താവേ, എന്തുകൊണ്ടാണ് അവിടുന്ന് അകന്നു നിൽക്കുന്നത്?" (സങ്കീ. 10, 1) എന്ന, പലപ്പോഴും വിശ്വാസികളുടെ മനസ്സിലും ഉയർന്നുവരുന്ന ഒരു ചോദ്യമാണ് സങ്കീർത്തകനും ഒന്നാം വാക്യത്തിൽ ചോദിക്കുന്നത്. ദൈവം കൂടെയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന നിമിഷങ്ങളിൽ നിഷ്ക്രിയത്വമെന്ന തോന്നലുളവാക്കുന്ന ദൈവത്തിന്റെ മൗനം ഹൃദയങ്ങളിൽ സൃഷ്ടിക്കുന്ന അസ്വസ്ഥത കുറച്ചൊന്നുമല്ല. തങ്ങളുടെ കഷ്ടതയിൽ ദൈവം അകലെയാണെന്ന ചിന്തയാണ് സങ്കീർത്തകനെ നയിക്കുന്നത്. രണ്ടാം വാക്യമാകട്ടെ സങ്കീർത്തകന്റെ ഹൃദയവ്യഥയുടെ കാരണം വ്യക്തമാക്കുന്നു. പാവപ്പെട്ടവരുടെയും, നിഷ്കളങ്കരുടെയും മേൽ ദുഷ്ടൻ ഗർവ്വോടെ പീഡനം അഴിച്ചുവിടുകയും അവർക്കെതിരെ കെണികൾ ഒരുക്കുകയും ചെയ്യുന്നു എന്നതാണ് സങ്കീർത്തകന്റെ സങ്കടകാരണം. പാവപ്പെട്ടവരുടെ വേദനകൾക്ക് മുന്നിൽ ദൈവത്തിന്റെ നീതി ഉയരണമെന്നും തങ്ങളുടെ കൂടെയുള്ള ദൈവമായി, ദുഷ്ടരെ അവരുടെ കെണികളിൽത്തന്നെ പതിപ്പിക്കണമെന്നും സങ്കീർത്തകൻ പ്രാർത്ഥിക്കുന്നു.

ദുഷ്ടന്റെ ചിന്തകളും പ്രവൃത്തികളും

സങ്കീർത്തനത്തിന്റെ മൂന്ന് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങൾ, ദുഷ്ടരുടെ മനോവിചാരങ്ങളും അതിക്രമങ്ങളുമാണ് വിവരിക്കുക. ഇതിൽ മൂന്ന് മുതൽ ഏഴു വരെയുള്ള വാക്യങ്ങളിൽ ദുഷ്ടന്റെ ചിന്തകളിലെ തിന്മയും, ദൈവത്തെക്കുറിച്ചുള്ള തെറ്റായ ബോധ്യങ്ങളുമാണ് നാം കാണുന്നത്. ദുരാഗ്രഹങ്ങൾ തന്റെ ജീവിതത്തിൽ ഉളവാക്കുന്ന തിന്മകൾ ദുഷ്ടന്റെ കണ്ണുകൾ കാണുന്നില്ല. അതുകൊണ്ടുതന്നെ അവയെ ഒരു കുറവായി കാണാൻ അവനാകുന്നില്ല. തിന്മ ചിന്തിക്കുകയും ദൈവഹിതത്തിനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നവനാണ് ദുഷ്ടൻ. ദൈവമില്ല എന്ന ചിന്തയാൽ നയിക്കപ്പെടുന്നതിനാലാണ് അവന് നീതിബോധം നഷ്ടപ്പെടുന്നത്. പലപ്പോഴും ദുഷ്ടന്റെ മാർഗ്ഗങ്ങൾ വിജയത്തിലേക്കെത്തുന്നത് സങ്കീർത്തകൻ കാണുന്നുണ്ട്. എന്നാൽ അതെ സമയം ദൈവത്തിന്റെ ന്യായവിധി ദുഷ്ടന്റെ കണ്ണുകൾ എത്താത്തത്ര ഉയരത്തിലാണെന്നും അവൻ തിരിച്ചറിയുന്നു. ദൈവം അനുവദിക്കുമ്പോഴാണ് യഥാർത്ഥ വിജയം നേടാനാവുക എന്ന തിരിച്ചറിവ് മനുഷ്യരെ എളിമയുള്ളവരായി, ദൈവാശ്രയബോധത്തോടെ ജീവിക്കാൻ സഹായിക്കും. എന്നും തന്റെ ഇഷ്ടപ്രകാരം ജീവിക്കാമെന്നും, തനിക്കൊരിക്കലും ഒരു തിന്മയും ഉണ്ടാവുകയില്ലെന്നുമാണ് ദുഷ്ടൻ തന്റെ ഹൃദയത്തിൽ കരുതുന്നത്. ശാപവും, വഞ്ചനയും, ഭീഷണിയും നിറഞ്ഞ വായും, ദ്രോഹവും അധർമ്മവും ദുഷ്ടരുടെ സ്വന്തമാണ്. തങ്ങളുടെ ചിന്തകൾക്കും പ്രവൃത്തികൾക്കും ഒരിക്കൽ ദൈവസന്നിധിയിൽ കണക്കുകൊടുക്കേണ്ടിവരുമെന്ന ചിന്ത പാപത്തിൽനിന്ന് അകന്നു ജീവിക്കാൻ മനുഷ്യനെ സഹായിക്കും.

എട്ടു മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ ദുഷ്ടന്റെ പ്രവൃത്തികളെയാണ് സങ്കീർത്തകൻ വിവരിക്കുന്നത്. ഗ്രാമങ്ങളിൽ പതിയിരുന്ന് നിർദോഷരെ കൊല ചെയ്യുകയും സിംഹത്തെപ്പോലെ പതിയിരുന്ന്, നിസ്സഹായരെയും പാവങ്ങളെയും തന്റെ വലയിലാക്കുകയും ചെയ്യുന്ന ദുഷ്ടനെക്കുറിച്ചാണ് ദാവീദ് ദൈവത്തോട് പറയുക. നിസ്സഹായനും, പാവപ്പെട്ടവനും ശത്രുവിന്റെ കരങ്ങളിൽ നെരിഞ്ഞമരുന്നതും, നിലം പതിക്കുന്നതും സങ്കീർത്തകനിലെ മനസാക്ഷിയെ ഉണർത്തുന്നുണ്ട്. ദുഷ്ടന്റെ ദുഷ്ടതയുടെ കാരണം, ദൈവം തന്റെ പ്രവൃത്തികൾ കാണുകയില്ലെന്ന മിഥ്യാധാരണയാണ്. എന്നാൽ നമ്മുടെ പ്രവൃത്തികളെല്ലാം ദൈവം കാണുന്നുണ്ടെന്നും, എല്ലാത്തിനും അവൻ കണക്കു  സൂക്ഷിക്കുമെന്നുമുള്ള ചിന്തയിലേക്ക് ഉയരാൻ ദുഷ്ടന്റെ ഹൃദയം ഇനിയും വളർന്നിട്ടില്ല.

ദൈവത്തോടുള്ള പ്രാർത്ഥന

സങ്കീർത്തനത്തിന്റെ പന്ത്രണ്ടു മുതൽ പതിനഞ്ചു വരെയുള്ള വാക്യങ്ങൾ വിശ്വാസത്താൽ നയിക്കപ്പെട്ട് സങ്കീർത്തകൻ ദൈവത്തോട് നടത്തുന്ന പ്രാർത്ഥനയാണ്. പീഡനമനുഭവിക്കുന്ന പാവങ്ങൾക്കായുള്ള ഒരു പ്രാർത്ഥനയാണ് ആദ്യഭാഗത്ത് നാം കാണുക. ദൈവം ഒന്നും കാണുന്നില്ല എന്ന ഒരു ചിന്തയിൽ ദുഷ്ടൻ തന്റെ ദുഷ്ടതയിൽ തുടരുമ്പോൾ, "കർത്താവേ ഉണരണമേ, ദൈവമേ അവിടുന്നു കരം ഉയർത്തണമേ! പീഡിതരെ മറക്കരുതേ!" (സങ്കീ. 10, 12) എന്ന് ദാവീദ് പ്രാർത്ഥിക്കുന്നു. പതിമൂന്നാം വാക്യത്തിലാകട്ടെ, സങ്കീർത്തനത്തിന്റെ നാലാം വാക്യത്തിൽ സങ്കീർത്തകൻ തന്നെ വിശദീകരിക്കുന്ന ഒരു കാര്യമാണ് ദൈവത്തോടുള്ള ചോദ്യമായി അവൻ വീണ്ടും ആവർത്തിക്കുന്നത്. എന്തുകൊണ്ട് ദുഷ്ടൻ ദൈവത്തെ നിഷേധിക്കുകയും അവഗണിക്കുകയും ചെയ്യുന്നു? ദൈവമില്ല എന്നും, തന്റെ തിന്മകൾ എന്നും വിജയിക്കുമെന്നുമുള്ള തെറ്റായ ബോധ്യമാണ് ദുഷ്ടനെ ദൈവനിഷേധത്തിലേക്ക് നയിക്കുന്നത്. എന്നാൽ, ദൈവം മനുഷ്യന്റെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുകയും, തന്നിൽ അഭയമർപ്പിക്കുന്ന അനാഥന് സഹായകനും,  നിസ്സഹായനു തുണയുമാണെന്ന് പതിനാലാം വാക്യത്തിൽ, സങ്കീർത്തകൻ ഏറ്റുപറയുന്നുണ്ട്.

പതിനഞ്ചാം വാക്യത്തിലാകട്ടെ, ദുഷ്ടർക്കും അധർമ്മികൾക്കും തക്കതായ ശിക്ഷ നൽകണമെന്ന്, തിന്മ പ്രവർത്തിച്ചിരുന്ന അവരുടെ കരങ്ങൾ തകർക്കണമെന്നാണ് സങ്കീർത്തകൻ പ്രാർത്ഥിക്കുക. ഇനിയും ദുഷ്ടതയ്ക്ക് വിജയം അനുവദിക്കരുതെന്ന്, അതിന് അറുതി വരുത്തണമെന്ന് അവൻ ദൈവത്തോട് അപേക്ഷിക്കുന്നു.

നീതിമാനായ ദൈവത്തിലുളള വിശ്വാസം

സങ്കീർത്തനത്തിന്റെ അവസാനഭാഗത്തേക്ക് കടന്നുവരുമ്പോൾ, ദൈവത്തിന്റെ ന്യായവിധിയിലുള്ള ഉറപ്പും, ദൈവം നൽകുന്ന സംരക്ഷണത്തെക്കുറിച്ചുള്ള ബോധ്യവുമാണ് സങ്കീർത്തകൻ ഏറ്റുപറയുന്നത്. പതിനാറുമുതലുള്ള വാക്യങ്ങൾ ഇതാണ് നമ്മോട് പറയുക. എന്നും രാജാവായി വാഴുന്ന കർത്താവിന്റെ ദേശത്ത്, അവനെ സ്വീകരിക്കാത്ത, അവന്റെ ഹിതമനുസരിച്ച് ജീവിക്കാത്ത, തിന്മയിൽ തുടരുന്ന ജനതകൾക്ക് സ്ഥാനമില്ല. ദൈവത്തിനെതിരെയും, അവന്റെ ജനമായ ഇസ്രയേലിനെതിരെയും നിരന്ന ശത്രുക്കളുടെ പരാജയങ്ങളുടെ ചരിത്രം ദാവീദിന് മുന്നിലുണ്ട്. മാത്രവുമല്ല, എളിയവരുടെ ഹൃദയാഭിലാഷങ്ങൾ അറിയുന്ന, അവരുടെ ഹൃദയങ്ങൾക്ക് സ്തൈര്യം പകരുന്ന, പ്രാർത്ഥനകൾ ശ്രവിച്ച്, അനാഥർക്കും പീഡിതർക്കും നീതി നടത്തിക്കൊടുക്കുന്ന, തന്റെ ഭക്തരെ അറിയുകയും അവർക്ക് സംരക്ഷണം നൽകുകയും ചെയ്യുന്ന ദൈവമാണ് ഇസ്രയേലിന്റെ നാഥൻ എന്ന വ്യക്തമായ ബോധ്യവും സങ്കീർത്തകൻ പങ്കുവയ്ക്കുന്നുണ്ട്. ഇനിമേൽ ദൈവത്തിന്റെ പാവങ്ങൾക്കെതിരെ, അനാഥർക്കും പീഡിതർക്കുമെതിരെ ഭീഷണിയുടെ സ്വരമുയർത്തുവാൻ മണ്ണിൽനിന്നുള്ള മനുഷ്യനെ കർത്താവ് അനുവദിക്കില്ല എന്ന ദൈവാശ്രയബോധത്തിന്റെ മനോഹരമായ ചിന്തകൾ പകർന്നുകൊണ്ടാണ് സങ്കീർത്തകൻ തന്റെ വാക്യങ്ങൾ അവസാനിപ്പിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

വിശ്വാസം സംശയത്തിന്റെ നിഴലിലായ, ജീവിതം പലപ്പോഴും നിരാശയിൽ ആണ്ടുപോയ, ദൈവാശ്രയബോധം കുറഞ്ഞുപോയ മനസ്സുകളുടെ ചിന്തകളിൽനിന്നാണ് സങ്കീർത്തകൻ തന്റെ വാക്കുകൾ ആരംഭിച്ചത്. ദൈവവിശ്വാസത്തിന്റെ പാതയിൽ സഞ്ചരിക്കാൻ പാടുപെടുന്ന പീഡിതരുടെ ഹൃദയങ്ങളിൽ, ദുഷ്ടന്റെയും അധർമ്മിയുടെയും താൽക്കാലികവിജയങ്ങൾ ഉണർത്തുന്ന ചോദ്യങ്ങളും, നിരാശയും ഈ വാക്യങ്ങളിൽ നാം കണ്ടു. ദൈവികനീതി പോലും അവസാനിച്ചുവോ എന്ന, വേദനയിൽനിന്നുള്ള ഹൃദയനെടുവീർപ്പും ഈ സങ്കീർത്തനവരികളിൽ നാം കാണുന്നുണ്ട്. എന്നാൽ, സങ്കീർത്തനത്തിന്റെ രണ്ടാംഭാഗത്തേക്ക് കടന്നുവരുമ്പോൾ, ദുഷ്ടതയുടേത് അവസാനവാക്കല്ലെന്നും, അധർമ്മിയുടെ വിജയം താൽക്കാലികം മാത്രമാണെന്നും സങ്കീർത്തകൻ ദൈവജനത്തിന്റെ ചരിത്രത്തിന്റെ ബോധ്യങ്ങളിൽനിന്നുകൊണ്ട് നമുക്ക് ഉറപ്പു നൽകുകയാണ്. നിരാശയിൽനിന്ന് അകന്ന്, ദൈവാശ്രയബോധത്തിൽ കൂടുതൽ ആഴപ്പെട്ട്, ദൈവത്തിന്റെ ന്യായവിധിയിലും, വിണ്ണിന്റെ നീതിയിലും സത്യത്തിന്റെ അന്തിമവിജയത്തെക്കുറിച്ചുള്ള ഉറപ്പിലും നമുക്ക് വളരാം. അനുദിന ജീവിതത്തിൽ നേരിടേണ്ടിവരുന്ന വേദനകളെയും തോൽവികളെയും, ദൈവത്തോട് കൂടുതൽ ചേർന്ന് നടക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ, ഇസ്രയേലിന്റെ നാഥൻ നമ്മെ സഹായിക്കട്ടെ. അവന്റെ കരുണയുള്ള കണ്ണുകൾ നമ്മുടെമേൽ പതിയട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 February 2023, 16:46