ബെനഡിക്ട് പതിനാറാമാൻ പാപ്പായെ അടക്കം ചെയ്തിരിക്കുന്ന കല്ലറ ബെനഡിക്ട് പതിനാറാമാൻ പാപ്പായെ അടക്കം ചെയ്തിരിക്കുന്ന കല്ലറ 

ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സ്മരണയിൽ റോമൻ രൂപത

കാലം ചെയ്ത ബെനഡിക്ട് പതിനാറാമാൻ പാപ്പായുടെ സ്‌മരണ പുതുക്കി റോമിലെ സാൻ ജോവാന്നി ലാറ്ററൻ ബസിലിക്കയിൽ ജനുവരി പന്ത്രണ്ടാം തീയതി പാപ്പയുടെ റോമൻ രൂപതാ വികാരി കർദിനാൾ ആന്ജലോ ദേ ദൊണാത്തിസ് വിശുദ്ധ ബലിയർപ്പിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പാപ്പാ റോമൻ രൂപതയുടെ മെത്രാൻ എന്ന സ്ഥാനം കൂടി വഹിക്കുന്നുണ്ട്.ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മരണം  ഇത്തരുണത്തിൽ റോമൻ രൂപതയുടെ മുൻ മെത്രാന്റെ മരണം കൂടിയായതിനാൽ രൂപതാകുടുംബം എന്ന നിലയിൽ ജനുവരി പന്ത്രണ്ടാം തീയതി വൈകുന്നേരം റോം രൂപതയുടെ കത്തീഡ്രലായ സാൻ ജോവാന്നി ലാറ്ററൻ ബസിലിക്കയിൽ കർദിനാൾ ആന്ജലോ ദേ ദൊണാത്തിസ് ആർച്ചുബിഷപ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തി.

തദവസരത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ റോമൻ രൂപതയ്ക്ക് നൽകിയ സ്തുത്യർഹമായ സംഭാവനകളെ കർദിനാൾ പ്രത്യേകം അനുസ്മരിച്ചു. തന്റെ ജീവിതമാതൃകയിലൂടെയും, ഇടയനടുത്ത ശുശ്രൂഷയിലൂടെയും റോമൻ രൂപതയെ കൈപിടിച്ച് നടത്തിയ പാപ്പായ്ക്ക് സുവിശേഷസന്ദേശത്തിന്റെ ആദ്യഭാഗത്ത് നന്ദി പറഞ്ഞ കർദിനാൾ തുടർന്ന് അന്നേ ദിവസം വായിച്ചുകേട്ട സുവിശേഷഭാഗത്തിന് ബെനഡിക്ട് പതിനാറാമൻ തന്നെ നൽകിയ വിശദീകരണം എടുത്തു പറഞ്ഞു. സമൂഹത്തിൽ ഭ്രഷ്ട് കല്പിക്കപ്പെട്ടിരുന്ന കുഷ്ഠരോഗികളെ യേശു സുഖപ്പെടുത്തുന്ന ഭാഗം എല്ലാ തിന്മകൾക്കും ഉപരിയായി ജ്വലിച്ചുനിൽക്കുന്ന ദൈവത്തിന്റെ സ്നേഹം വെളിവാക്കുന്നുവെന്നാണ് ബെനഡിക്ട് പതിനാറാമൻ ഈ ഭാഗത്തിന് നൽകുന്ന ആശയം.

ഇപ്രകാരം ദൈവത്തിന്റെ സ്നേഹം നമ്മുടെ കൈകൾ പിടിച്ചുകൊണ്ട് നമ്മെ പഠിപ്പിച്ച വ്യക്തിയായിരുന്നു ബെനഡിക്ട് പതിനാറാമൻ പാപ്പായെന്ന് കർദിനാൾ അനുസ്മരിച്ചു. ഈ ദൈവോന്മുഖമായ ജീവിതത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ അവസാന വാക്കുകളായ 'ദൈവമേ നിന്നെ ഞാൻ സ്നേഹിക്കുന്നു'വെന്നതും കർദിനാൾ എടുത്തു പറഞ്ഞു. തന്റെ എളിമയിലൂടെയും,ബഹുമാനത്തിലൂടെയും റോമൻ രൂപതയ്ക്ക് മാതൃകയായിരുന്ന പാപ്പാ തന്റെ സ്ഥാനം ഏറ്റെടുക്കുന്ന അവസരത്തിൽ ലാറ്ററൻ ബസിലിക്കയിൽ നടത്തിയ സന്ദേശവും കർദിനാൾ കൂട്ടിച്ചേർത്തു.

"പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ സ്ഥാനം ഏറ്റെടുക്കുന്ന വ്യക്തികൾ എപ്പോഴും അവരുടെ അയോഗ്യതയും, നിസ്സഹായതയും തിരിച്ചറിയണം. ഈ അജപാലനശുശ്രൂഷയിൽ യേശു തന്നെത്തന്നെ നമുക്കായി വിട്ടുനൽകുന്നു. വിശുദ്ധകുർബാനയുടെ ശക്തിയിൽ സഭ വീണ്ടും പുനർജ്ജനിക്കുന്നു. സഭയെന്നത് കുർബാന സമൂഹം തന്നെയാണ്. "എപ്പോഴും ദൈവത്തിൽ മാത്രം ആശ്രയിച്ച പാപ്പാ തന്റെ ഹൃദയത്തോട് ചേർത്തുനിർത്തിയ സഭയെയും കർദിനാൾ തന്റെ സന്ദേശത്തിൽ പരാമർശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2023, 22:13