വരണ്ടുണങ്ങുന്ന ഭൂമി - ഇറാക്കിൽനിന്നുള്ള ഒരു ദൃശ്യം വരണ്ടുണങ്ങുന്ന ഭൂമി - ഇറാക്കിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

കാലാവസ്ഥാപ്രതിസന്ധി കൂടുതൽ സംഘർഷങ്ങളിലേക്ക് നയിച്ചേക്കാം: കത്തോലിക്കസംഘടനകൾ

വളർന്നുവരുന്ന കാലാവസ്ഥാപ്രതിസന്ധിയുടെ മുന്നിലെ നിഷ്‌ക്രിയത്വം ആഗോളസംഘർഷങ്ങൾ കൂടുതൽ വഷളാകുന്നതിന് കാരണമായേക്കാമെന്ന്, അന്താരാഷ്ട്ര പാക്സ് ക്രിസ്റ്റി, കാരിത്താസ്, സിഡ്‌സേ എന്നീ കത്തോലിക്കാസംഘടനകളുടെ നേതൃത്വങ്ങൾ സെപ്റ്റംബർ 9-ന് പുറത്തുവിട്ട ഒരു സംയുക്തപ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. വരുന്ന നവംബർ 10 മുതൽ 21 വരെ തീയതികളിൽ ബ്രസീലിൽ കോപ്30-ന്റെ സമ്മേളനം നടക്കാനിരിക്കെയാണ് ഇത്തരമൊരു പ്രസ്താവന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വളർന്നുവരുന്ന കാലാവസ്ഥാപ്രതിസന്ധിയുടെ മുന്നിലെ നിഷ്ക്രിയത്വം ആഗോളതലത്തിൽ കൂടുതൽ സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും കാരണമായേക്കാമെന്ന് അന്താരാഷ്ട്ര പാക്സ് ക്രിസ്റ്റി (Pax Christi International), കാരിത്താസ് (Caritas Internationalis), സിഡ്‌സേ (Coopération Internationale pour le Développement et la Solidarité - CIDSE) എന്നീ കത്തോലിക്കാസംഘടനാനേതൃത്വങ്ങൾ, സെപ്റ്റംബർ ഒൻപത് ചൊവ്വാഴ്ച പുറത്തുവിട്ട ഒരു സംയുക്തപ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

ബ്രസീലിൽ, വരുന്ന നവംബർ പത്ത് മുതൽ ഇരുപത്തിയൊന്ന് വരെ തീയതികളിൽ കോപ്30 (COP30) സമ്മേളനം നടക്കാനിരിക്കെ, അതിന് മുൻപുതന്നെ കാലാവസ്ഥാപ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള കൂടുതൽ ശക്തമായ നടപടികൾക്കായി ശ്രമിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

കാലാവസ്ഥാവ്യതിയാനത്തിന് മുന്നിൽ നിഷ്‌ക്രിയത്വം കാട്ടുന്നതും, മാറി നിൽക്കുന്നതും, ഈ പ്രതിസന്ധിയുയർത്തുന്ന ഭീഷണിയെ പല മടങ്ങ് ഭീകരമാക്കാനേ സഹായിക്കൂ എന്ന് സംഘടനകൾ പ്രസ്താവിച്ചു. തങ്ങൾക്ക് വേണ്ട പ്രകൃതിവിഭവങ്ങൾ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ആളുകൾ തമ്മിൽ ഉണ്ടായേക്കാവുന്ന സംഘർഷങ്ങൾ രൂക്ഷമാകുന്നതിനുള്ള സാധ്യതയാണ് മുന്നിൽ നിൽക്കുന്നതെന്ന് സംഘടനകൾ ഓർമ്മപ്പിച്ചു. കാലാവസ്ഥാനീതിയില്ലാതെ ശരിയായ സമാധാനമോ, സമാധാനമില്ലാതെ ശരിയായ കാലാവസ്ഥാനീതിയോ ഉണ്ടാകില്ലെന്നും സംഘടനകൾ എഴുതി.

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപരമായ പ്രവർത്തനങ്ങൾ പ്രകൃതിസംരക്ഷണത്തിന് മാത്രമല്ല, ഭാവി യുദ്ധങ്ങൾ ഒഴിവാക്കാനും, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് നീതി ഉറപ്പാക്കാനും വേണ്ട അടിസ്ഥാനപരമായ ആവശ്യമാണെന്ന് മൂന്ന് സംഘടനകളുടെയും ജനറൽ സെക്രെട്ടറിമാർ പ്രസ്താവിച്ചു.

ജനതകൾ യുദ്ധങ്ങളിലേക്ക് നീങ്ങാതിരിക്കാനും, സമാധാനവും സുസ്ഥിരതയും ആഗോളനീതിയും ഉറപ്പാക്കാനും വേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാനും ലിയോ പതിനാലാമൻ പാപ്പായ്‌ക്കൊപ്പം മൂന്ന് കത്തോലിക്കസംഘടനകളും ആവശ്യപ്പെട്ടു.

ഒരുമിച്ച് പ്രകൃതിസംരക്ഷണത്തിനായുള്ള ശ്രമങ്ങൾ നടത്തുന്നതുവഴി നേടിയെടുക്കാൻ സാധിക്കുന്ന നീതിപൂർണ്ണമായ സമാധാനത്തിനുവേണ്ടി ധൈര്യപൂർവ്വം മുന്നോട്ട് പോകണമെന്നും, ലോകത്തിലെ സഹനങ്ങളുടെ മുന്നിൽ നാം നിശ്ശബ്ദരായിരിക്കരുതെന്നും, സൃഷ്ടിയുടെ പരിപാലനവുമായി ബന്ധപ്പെട്ട നമ്മുടെ ഉത്തരവാദിത്വത്തെയാണ് കാലാവസ്ഥാപ്രതിസന്ധി നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും പോർത്തോ അലെഗ്രെയുടെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ഹൈമേ സ്‌പെൻഗ്ലർ (Cardinal Jamie Spengler) ഇതുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 സെപ്റ്റംബർ 2025, 14:16