സീറോ മലങ്കര സഭയുടെ തിരുവനന്തപുരം അതിഭദ്രാസനത്തിനു പുതിയ സഹ ഇടയൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സീറോ മലങ്കര കത്തോലിക്കാ സഭയുടെ, തിരുവനന്തപുരം മേജർ അതിഭദ്രാസത്തിന്റെ പുതിയ സഹായ മെത്രാനായി, അതെ അതിരൂപതയിലെ വൈദികഗണത്തിലെ അംഗമായ മോൺസിഞ്ഞോർ ജോൺ കുറ്റിയിലിനെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ മെത്രാൻ സിനഡ്, മുൻകൂറായി പരിശുദ്ധ പിതാവിന്റെ സമ്മതം നേടിയ ശേഷം, തിരഞ്ഞെടുത്തു. കാനാറ്റ എന്ന സ്ഥാനിക രൂപതയാണ് നവ മെത്രാന് നല്കപ്പെട്ടിരിക്കുന്നത്.
1982 മെയ് 30 ന് കിഴക്കെത്തരുവിൽ ജനിച്ച മോൺസിഞ്ഞോർ ജോൺ കുറ്റിയിൽ, സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലും പഠനം പൂർത്തിയാക്കിയ ശേഷം, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.
2008 ഏപ്രിൽ 2 ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, തിരുവനന്തപുരം അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരി, മേജർ ആർച്ച് ബിഷപ്പിന്റെ പേഴ്സണൽ സെക്രട്ടറി; അതിരൂപതയിലെ മൈനർ സെമിനാരിയുടെ റെക്ടർ; സെന്റ് മേരി ക്വീൻ ഓഫ് പീസിന്റെ ബസിലിക്കയുടെ റെക്ടർ; സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലെ പ്രൊഫസർ ; ദൈവവിളിക്കു വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ സെക്രട്ടറി; സഭാ ട്രൈബ്യൂണലിൽ ജഡ്ജി എന്നിങ്ങനെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട്.
നാലാഞ്ചിറയിലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഇടവകയുടെ വികാരിയും, തിരുവനന്തപുരം അതിരൂപതയുടെ ചാൻസലറുമായി സേവനം അനുഷ്ഠിച്ചുവരവെയാണ്, മേല്പട്ട ശുശ്രൂഷയിലേക്ക് മോൺസിഞ്ഞോർ ജോൺ കുറ്റിയിൽ തിരഞ്ഞെടുക്കപ്പെടുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: