ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ അംബോംഗോയും ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ അംബോംഗോയും  (@VATICAN MEDIA)

ലോകത്തിന്റെ കുറ്റകരമായ നിശബ്ദതയുടെ ഇരയാണ് കോംഗോയെന്ന് കർദ്ദിനാൾ അംബോംഗോ

നിരവധി വർഷങ്ങളായി സംഘർഷങ്ങളും മാനവികപ്രതിസന്ധിയും ജീവിക്കുന്ന കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിൽ സമാധാനമുണ്ടാകട്ടെയെന്ന് ആശംസിച്ചും, ലക്ഷക്കണക്കിന് പേരുടെ മരണത്തിനും, ഗ്രാമങ്ങളുടെ നാശത്തിനും കാരണമായ അതിക്രമങ്ങളിലൂടെ കടന്നുപോകുന്ന തങ്ങളുടെ രാജ്യത്തുനിന്ന് പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്‌ത്‌ ലാഭമുണ്ടാക്കുകയാണ് അന്താരാഷ്ട്രസമൂഹം ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തിയും കർദ്ദിനാൾ ഫ്രിദൊളീൻ അംബോംഗോ.

ഫ്രഞ്ചേസ്‌ക സബത്തിനെല്ലി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലെ ജനങ്ങൾ കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, അന്താരാഷ്ട്രസമൂഹത്തിന്റെ ചൂഷണത്തിന്റെയും നിശബ്ദതയുടെയും ഇരകളാണ് അവിടുത്തെ ജനങ്ങളെന്നും കോംഗോയിലെ കിൻഷാസ (Kinshasa) അതിരൂപതാദ്ധ്യക്ഷൻ കൂടിയായ കർദ്ദിനാൾ ഫ്രിദൊളീൻ അംബോംഗോ ബെസുംഗു (Fridolin Ambongo Besungu). ഏതാണ്ട് മുപ്പത് വർഷങ്ങളോളമായി കോംഗോ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും തരണം ചെയ്യുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറ്റിയിരുപത്തിലധികം സായുധസംഘങ്ങളുള്ള തങ്ങളുടെ രാജ്യത്ത് സമാധാനം ഉറപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾക്കായി ശ്രമിക്കേണ്ടതുണ്ടെന്നും വത്തിക്കാൻ മീഡിയയോട് സംസാരിക്കവെ കർദ്ദിനാൾ അംബോംഗോ ഓർമ്മിപ്പിച്ചു.

വർഷങ്ങളായി തുടരുന്ന സംഘർഷങ്ങളും അനുബന്ധപ്രതിസന്ധികളും മൂലം ദശലക്ഷക്കണക്കിനാളുകളാണ് മരണമടഞ്ഞതെന്നും, നിരവധി ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും, കുടുംബങ്ങൾ ചിതറിക്കപ്പെട്ടുവെന്നും പറഞ്ഞ കിൻഷാസ അതിരൂപതാദ്ധ്യക്ഷൻ, തങ്ങളുടെ രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്‌ത്‌ ലാഭം കൊയ്യുകയും, കുറ്റകരമായ നിശബ്ദത പാലിക്കുകയും ചെയ്യുന്ന അന്താരാഷ്ട്രസമൂഹത്തെ കുറ്റപ്പെടുത്തി.

കോംഗോ അഭിമുഖീകരിക്കുന്നത് ഒരു മാനവികപ്രതിസന്ധിയാണെന്നും, പൊതുനന്മയെ നശിപ്പിക്കുന്ന വിധത്തിൽ ആയുധക്കച്ചവടം രാജ്യത്ത് നടക്കുന്നുണ്ടെന്നും കർദ്ദിനാൾ പ്രസ്താവിച്ചു. ദൈവം സൃഷ്ടിച്ച മനുഷ്യരുടെ അന്തസ്സ് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും, അവിടെ നിന്ന് കൊണ്ടുപോകാൻ സാധിക്കുന്ന മിനറലുകളുൾപ്പെടുന്ന സമ്പത്തിൽ മാത്രമാണ് ഏവരുടെയും ശ്രദ്ധയെന്നും, മനുഷ്യർ അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വത്തിക്കാൻ മീഡിയയോട് പറഞ്ഞു.

രാജ്യത്തെ മതാന്തരസംവാദങ്ങളെക്കുറിച്ച് സംസാരിക്കവെ, അവിടെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് സഭയുമായുള്ള ചർച്ചകൾ മാത്രമാണ് നിലവിൽ നടക്കുന്നതെന്നും, രാഷ്ട്രീയക്കാരുൾപ്പെടെയുള്ളവർ സ്ഥാപിച്ച പുതിയ എവൻജേലിക്കൽ സഭകൾ അധികാരികളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെമ്പാടും, പ്രത്യേകിച്ച് കിഴക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ പത്തുവർഷത്തിൽ ഏറ്റവും കൂടുതൽ എബോളയും കോളറയും പടർന്നിട്ടുണ്ടെന്ന് അറിയിച്ച കർദ്ദിനാൾ, നിലവിൽ ഏതാണ്ട് അറുപതിനായിരത്തോളം രോഗികളാണുള്ളതെന്നും, കഴിഞ്ഞ ഒൻപത് മാസങ്ങളിൽ മാത്രം ആയിരത്തി എഴുന്നൂറ് പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു.

രാജ്യത്ത് സംഘർഷങ്ങളും പ്രതിസന്ധികളും തുടരുമ്പോഴും കത്തോലിക്കാസഭ ജനങ്ങൾക്ക് പ്രത്യാശ നൽകി മുന്നോട്ട് പോകുന്നുണ്ടെന്നും, സമാധാനത്തോടെയും ഐക്യത്തോടെയുള്ള സഹവാസത്തിന് ആഹ്വാനം ചെയ്യുന്നുണ്ടെന്നും, കോംഗോയിലെ ജനതകൾ തമ്മിലും അയൽരാജ്യങ്ങളുമായുമുള്ള അനുരഞ്ജനത്തിനും സമാധാനത്തിനുമായി ശ്രമിക്കുകയാണ് ശരിയായ പാതയെന്നാണ് തങ്ങളും പ്രൊട്ടസ്റന്റ് സഭയും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഒക്‌ടോബർ 2025, 13:39