ദരിദ്രരോടു ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2025 ഒക്ടോബർ 4 ന് പ്രസിദ്ധീകരിച്ച ലിയോ പതിനാലാമൻപാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനമാണ്, "ദിലെക്സി തെ" (Dilexi te) എന്നത്. "ദരിദ്രർക്കുള്ള സേവനം" എന്ന വിഷയത്തിൽ ഫ്രാൻസിസ് പാപ്പാ ആരംഭിച്ച, രചനയുടെ പൂർത്തീകരണമാണ്, ലിയോ പതിനാലാമൻ പാപ്പായിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത് . സമൂഹത്തിലെ അധഃസ്ഥിത വർഗത്തോട് നാം കാണിക്കേണ്ടുന്ന കരുതലിനെ ഓർമ്മപ്പെടുത്തിയാണ്, ഈ അപ്പസ്തോലിക പ്രബോധനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സഭയുടെ തുടക്കം മുതൽ ഇത്തരത്തിൽ, ദരിദ്രരോടുള്ള പ്രത്യേകമായ ഒരു അടുപ്പം , പുലർത്തിയിരുന്നുവെന്നതിനു, ആദിമ സഭാചരിത്രം സാക്ഷ്യം നൽകുന്നുണ്ട്. "ദിലെക്സി തെ", എന്ന് ഈ അപ്പസ്തോലിക പ്രബോധനത്തിന് പേര് നൽകുവാൻ രണ്ടു പ്രധാനപ്പെട്ട കാരണങ്ങളെ ചൂണ്ടിക്കാണിക്കാം. അതിൽ ആദ്യത്തേത്, കർത്താവിനു ദരിദ്രരായവരോടുള്ള പ്രത്യേകമായ പരിഗണനയും സ്നേഹവുമാണ്, അതോടൊപ്പം നമ്മുടെ ജീവിതത്തിൽ, നമ്മുടെ സഹായം ആവശ്യമായിട്ടുള്ളവരോട് നാം പരിഗണന കാണിക്കുമ്പോൾ, ദൈവം നമ്മെ കൂടുതൽ സ്നേഹിക്കുന്നു എന്നുള്ള സത്യവും.
'ഞാൻ നിന്നെ സ്നേഹിച്ചു' എന്ന് മലയാളത്തിൽ തർജ്ജമ ചെയ്യാവുന്ന ഈ പ്രബോധനത്തിന്റെ തലക്കെട്ടു, ഒരു വാഗ്ദാനത്തിന്റെ ദൃഢത കൂടി വെളിപ്പെടുത്തുന്നു. ഫ്രാൻസിസ് പാപ്പായുടെ, അവസാന ചാക്രികലേഖനമായ ദിലെക്സിത് നോസ് -'അവൻ നമ്മെ സ്നേഹിച്ചു' ക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ സ്നേഹത്തെ എടുത്തു പറയുകയും, ഇന്നത്തെ ലോകത്തിൽ ആ തിരുഹൃദയത്തോടുള്ള ഭക്തി ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. തിരുഹൃദയത്തോടുള്ള ആ ഭക്തിയാണ് നമ്മെ, ദരിദ്രരോടുള്ള പരിഗണനയ്ക്കായി പ്രചോദിപ്പിക്കേണ്ടത്.
കുരിശിന്റെ ചുവട്ടിൽ, നിയമവാഴ്ച്ചയോടുള്ള അന്ധമായ അടിയറവു മൂലം, കർത്താവിന്റെ വിലാപ്പുറത്തു കുന്തം കൊണ്ട് കുത്തിയ ആ മനുഷ്യന്റെ ഉള്ളിലും, യേശുവിനോടുള്ള ഒരു തരി സ്നേഹം അവശേഷിപ്പിച്ചിരുന്നുവെന്നതിൽ തെല്ലും സംശയമില്ല. കർത്താവ് എന്നാൽ നോക്കിയത്, അവന്റെ ദുഷ്ടതയിലേക്കല്ല മറിച്ച് അവന്റെ ആവശ്യങ്ങളിലേക്കാണ്. അതാണ് തിരുഹൃദയത്തിൽ നിന്നും സൗഖ്യത്തിന്റെ കാരുണ്യം ആ മനുഷ്യനിലേക്ക് ഒഴുക്കുവാൻ യേശു സ്വയം സമർപ്പിച്ചത്.
ദരിദ്രരോടുള്ള നമ്മുടെ പരിഗണയിൽ യേശു നമ്മോടു കാണിച്ച ഈ സ്നേഹം നമ്മുടെ ഹൃദയത്തിൽ ഉൾക്കൊള്ളുവാനും, അപരനെ ചേർത്തുപിടിക്കാനുമാണ്, ഈ അപ്പസ്തോലിക പ്രബോധനം നമ്മെ ക്ഷണിക്കുന്നത്.
വെളിപാട് പുസ്തകം മൂന്നാം അദ്ധ്യായം, ഒൻപതാം തിരുവചനമാണ് പ്രബോധനത്തിന്റെ ശീർഷകമായി ഉപയോഗിച്ചിരിക്കുന്നത്. വെളിപാട് പുസ്തകത്തിലെ മൂന്നാം അധ്യായം ഏഷ്യാ മൈനറിലെ (ഇന്നത്തെ തുർക്കിയിലെ) സ്മിർണയും ഫിലദെൽഫിയയും ഉൾപ്പെടെയുള്ള സഭകളോടുള്ള ക്രിസ്തുവിന്റെ സന്ദേശങ്ങളാണ് ഉൾക്കൊള്ളുന്നത്. ഫിലദെൽഫിയയിലെ സഭ ചെറുതായിരുന്നെങ്കിലും വിശ്വാസത്തിലും സഹനത്തിലും ഉറച്ചുനിന്ന സഭയായി ക്രിസ്തു അവരെ പ്രശംസിക്കുന്നു. അവരുടെ സമൂഹത്തിൽ ചില യഹൂദന്മാർ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും അവരെ ദൈവജനമല്ലെന്ന് ആരോപിക്കുകയും ചെയ്തു. അവരെ കർത്താവ് വിളിക്കുന്ന പേര് സാത്താന്റെ സഭ എന്നാണ്. ഇത് ഒരു ആത്മീയ പ്രതീകം ആണ്. ദൈവത്തിന് എതിരായി പ്രവർത്തിക്കുന്ന ശക്തികളെ ഇവ സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ സത്യത്തിൽ ഉറച്ച് നിൽക്കുന്നവർക്ക് ക്രിസ്തുവിന്റെ സംരക്ഷണം ഉറപ്പാണ് എന്നുള്ളത് ഈ വചനം ഉറപ്പിച്ചു പറയുന്നു. ചെറിയ സഭയായ ഫിലദെൽഫിയയെയും ക്രിസ്തു സ്നേഹത്താൽ സംരക്ഷിക്കുന്നു. ഈ സംരക്ഷണമാണ്, ദരിദ്രരായ ആളുകൾക്കും കർത്താവ് ഇന്നും വാഗ്ദാനം ചെയ്യുന്നത്.
ഈ വചന ഭാഗത്തുനിന്നും, സാധാരണക്കാർക്ക് മനസിലാകുന്ന മറ്റൊരു വചനത്തിലേക്ക് പാപ്പാ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. "അവൻ ശക്തരെ അവരുടെ സിംഹാസനങ്ങളിൽ നിന്ന് ഇറക്കി, എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിഭവങ്ങളാൽ നിറച്ചു, സമ്പന്നരെ വെറും കൈയോടെ അയച്ചു" ( ലൂക്കാ 1:52-53). പരിശുദ്ധ മറിയത്തിന്റെ സ്തോത്രഗീതത്തിന്റെ ഈ ഏടുകൾ, അവളുടെ ജീവിതത്തിന്റെ പ്രതിഫലനമായിരുന്നു.
ലളിതമായ ഒരു കുടുബത്തിലെ അംഗം, സാധാരണക്കാരിൽ സാധാരണക്കാരി, അങ്ങനെയുള്ള മറിയത്തെ ദൈവം തന്റെ പുത്രന് മാതാവായി തിരഞ്ഞെടുക്കുമ്പോൾ, അവൾ ചോദിച്ച നിഷ്കളങ്കമായ ഒരു ചോദ്യമുണ്ട്, 'ഇതെങ്ങനെ സംഭവിക്കും?'.. ഇതിനുത്തരം പരിശുദ്ധാത്മാവിന്റെ ശക്തി ആവസിച്ചതായിരുന്നു. അതായത്, ഓരോ അധസ്ഥിതനും തന്റെ വേദനയിൽ നിലവിളിക്കുമ്പോൾ, നിശബ്ദമായി തന്റെ വേദനകൾ പങ്കുവയ്ക്കുമ്പോൾ, കർത്താവ് നൽകുന്നത്, നന്മകളുടെ നിറവായ ആത്മാവിനെയാണ്. ഇപ്രകാരം കർത്താവ് നമ്മെ സ്നേഹിക്കുന്നു, സ്നേഹിച്ചു, ഇനിയും സ്നേഹിക്കും.
അതുകൊണ്ട്, പരിശുദ്ധ മറിയത്തിന്റെ സ്തോത്രഗീതത്തിലെ വരികളും, വെളിപാട് പുസ്തകത്തിലെ വചനങ്ങളും, നമുക്ക് നൽകുന്ന അടയാളം, ക്രിസ്തുവിന്റെ ഹൃദയത്തിന്റെ ദിവ്യവും മാനുഷികവുമായ സ്നേഹമാണ്. ഇത് തന്നെയാണ്, തിരുവിലാവിൽ നിന്നൊഴുകിയ ആ പരമമായ സ്നേഹരക്തവും . "സമൂഹത്തിലെ ഏറ്റവും ചെറിയവരോട്" യേശു കാണിച്ച സ്നേഹത്തെ എടുത്തു പറഞ്ഞുകൊണ്ടാണ്, ഈ പ്രബോധനം ആരംഭിക്കുന്നത്.
ഏറ്റവും ചെറിയ ആളുകൾക്കും, അവരുടെ ന്യൂനതകൾക്കു നടുവിലും, കൈമോശം വരാത്തത് അവരുടെ മനുഷ്യാന്തസാണെന്നും പാപ്പാ ചൂണ്ടികാണിക്കുന്നു. ഇത് നമ്മുടെ ജീവിതത്തിനും വലിയ ഒരു പാഠമാണ് നൽകുന്നത്. അപരന്റെ കുറവുകൾ കണ്ടെത്തുവാനുള്ള മാനുഷിക പ്രലോഭനങ്ങൾക്കും, ജിജ്ഞാസയ്ക്കും പകരം, മറ്റുള്ളവരുടെ കഷ്ടപ്പാടുകളിലും ആവശ്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കർത്താവിന്റെ സ്നേഹം നമ്മെ പ്രചോദിപ്പിക്കുന്നു. കർത്താവിന്റെ ഉപകരണങ്ങളായി നാം മാറുന്നുവെന്നാണ് പ്രബോധനം നമുക്ക് പറഞ്ഞുതരുന്നത്.
പ്രബോധനത്തിന്റെ ആദ്യഭാഗത്തുതന്നെ, ഈ രചനയുടെ പിന്നിലെ ചരിത്രപരമായ ഏതാനും ഏടുകളും പാപ്പാ വിവരിക്കുന്നുണ്ട്. ഫ്രാൻസിസ് പാപ്പാ തന്റെ ജീവിതത്തിന്റെ അവസാന ഏടുകളിൽ, ഇത്തരമൊരു പ്രബോധനം പ്രസിദ്ധീകരിക്കണം എന്ന ചിന്തയിൽ, രചന ആരംഭിച്ചിരുന്നു. ദരിദ്രരോടുള്ള സഭയുടെ കരുതൽ എന്നുള്ളതായിരുന്നു പ്രധാന പ്രമേയം. ലിയോ പതിനാലാമൻ പാപ്പാ, ഫ്രാൻസിസ് പാപ്പായുടെ ഈ രചന പൂർത്തീകരിക്കുകയും, അത് വിശ്വാസികൾക്കായി സമർപ്പിക്കുകയും ചെയ്തു.
ഓരോരുത്തരും സ്വന്തം കാര്യം മാത്രം നോക്കി, അവരുടേതായ ലോകത്തേക്ക് ചുരുങ്ങുന്ന അവസരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ ആദ്യം ചിന്തിച്ചത്, തന്റെ മുൻഗാമിയുടെ ആഗ്രഹങ്ങളിലേക്കാണ്. ഈ പദ്ധതി ഒരു അവകാശമായി തനിക്കു ലഭിച്ചുവെന്നും, അവയിൽ തന്റെ ചിന്തകൾ കൂടി ചേർത്ത് പ്രസിദ്ധീകരിക്കുന്നുവെന്നും പാപ്പാ തന്നെ എടുത്തു പറയുന്നുണ്ട്. ഈ തുടർച്ച, പ്രബോധനത്തിന്റെ വലിയ പാഠം കൂടിയാണ്. അതായത്, 'അപരനിൽ നിന്നും എന്നിലേക്കുള്ള യാത്ര' ഒരു തുടർച്ചയാണ് എന്നുള്ള സത്യം. ഈ ലോകത്തിൽ ഏതൊരു മനുഷ്യനും ഞാനുമായി ഒരു ബന്ധം ഉണ്ടെന്നുള്ള പരമാർത്ഥം.
അപരനിൽ ദൈവത്തെ തിരിച്ചറിയുക എന്നതാണ് ഈ ക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ക്രിസ്തുവിന്റെ സ്നേഹത്തിനു നമ്മെ സമർപ്പിക്കുന്നതിനും, നമ്മെ ദരിദ്രരിലേക്ക് അടുപ്പിക്കാനുള്ള ആഗ്രഹത്തിനും ഫ്രാൻസിസ് പാപ്പാ നൽകിയ സ്ഥാനം, ലിയോ പതിനാലാമൻ പാപ്പാ നമ്മെ അനുസ്മരിപ്പിക്കുന്നു. കൂടാതെ ഇതാണ് വിശുദ്ധിയിലേക്കുള്ള മാർഗമെന്ന് കാണിച്ചു തരികയും ചെയ്യുന്നു. ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും അവനെ തിരിച്ചറിയുവാൻ നമുക്ക് നൽകുന്ന ആഹ്വാനം ഏറെ പ്രധാനപ്പെട്ടതാണ്, കാരണം അവിടെയാണ് ക്രിസ്തുവിന്റെ ഹൃദയം വെളിപ്പെടുന്നത്. മദർ തെരേസയുടെ ഒരു ഉദാഹരണം ഇവിടെ എടുത്തുപറയുന്നത് ഏറെ ഉചിതമാണ്.
വിശുദ്ധ മദർ തെരേസ ഒരിക്കൽ പറഞ്ഞു നിങ്ങൾ എനിക്ക് കോടികൾ തന്നാലും കുഷ്ഠരോഗികളെ ശുശ്രൂഷിക്കാൻ എനിക്കാവില്ല. ഞാനിത് ചെയ്യുന്നത് അവരിൽ ക്രിസ്തുവിനെ ദർശിക്കുന്നത് കൊണ്ടാണ്. കരുണയുടെ മുഖങ്ങളായി ജീവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിയ്ക്കുന്നത്. വിശുദ്ധ യോഹന്നാൻ ശ്ലീഹായെഴുതിയ ഒന്നാം ലേഖനം മൂന്നാമധ്യായം പതിനേഴും പതിനെട്ടും തിരുവചനങ്ങളിൽ ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നപോലെ, "ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്‌ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?
കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്." പഴയ നിയമത്തിൽ മറ്റുള്ളവരോട് ദയകാണിക്കുന്നവരോട് ദൈവം കാണിക്കുന്ന ദയയെകുറിച്ച് സുഭാഷിതങ്ങളുടെ പുസ്തകം പത്തൊൻപതാം അധ്യായം പതിനേഴാം തിരുവചനത്തിൽ പറയുന്നത് ഇങ്ങനെയാണ്, "ദരിദ്രരോടു ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും."
അതിനാൽ ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ ആമുഖം, നമുക്ക് വായനയ്ക്കുള്ള പ്രചോദനം നൽകുന്നതോടൊപ്പം, നമ്മുടെ ജീവിതങ്ങളെ ഒന്ന് ആത്മപരിശോധനയ്ക്ക് വിധേയമാക്കുന്നതിനു നമ്മെ സഹായിക്കുയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: