സ്നേഹം മരണത്തേക്കാൾ ശക്തമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആണ്ടുവട്ടക്കാലം മുപ്പത്തിയൊന്നാമത് ഞായറാഴ്ച്ച, ഈ വർഷം അടയാളപ്പെടുത്തുന്ന മറ്റൊരു സ്മരണ, മരണം മൂലം ഈ ലോകത്തിൽ നിന്നും വേർപെട്ടുപോയവരുടേതാണ്. ഈ അനുസ്മരണം നമ്മെ നിശബ്ദതയുടെ ആഴങ്ങളിലേക്കും, ധ്യാനത്തിലേക്കും നയിക്കാറുണ്ട്. നാടകീയമായ ദുരവസ്ഥകളിലൂടെ കടന്നുപോയവരെ ചേർത്ത് നിർത്തുവാനും, ആരും ഓർക്കാനില്ലാത്ത ആത്മാക്കളെ പ്രത്യേകം ഒരുക്കുവാനും ഈ ദിവസം നമ്മെ ക്ഷണിക്കുന്നു. അപരന്റെ വിരഹവേദന നമ്മുടേതുകൂടി ആക്കി ഏറ്റെടുത്തുകൊണ്ട്, ദൈവത്തിന്റെ ആശ്വാസം പകരുവാൻ ദൈവം നൽകുന്ന ഒരു ദിനമാണിത്.
ഈ വർഷം, ഇത്തരുണത്തിൽ ഈ ഓർമ്മദിനത്തിനു വലിയ ഒരു പ്രസക്തിയുണ്ട്. ഇന്ന് ലോകം മുഴുവൻ യുദ്ധങ്ങളുടെയും, കലഹങ്ങളുടെയും വേദനയിൽ കഴിയുകയാണ്. ഓരോ ദിവസവും പതിനായിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുന്നത് ഒരു യാഥാർഥ്യമായി മാറിയിരിക്കുന്നു. വളരെ പെട്ടെന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, തങ്ങളുടെ കുട്ടികൾ അസ്വാഭാവികമായി മരിക്കുന്നത് കാണേണ്ടിവരുന്ന മാതാപിതാക്കൾ, സുഖം പ്രാപിക്കാനുള്ള സാധ്യതയില്ലാത്ത രോഗത്തിന്റെ പാതയിലൂടെ മരണത്തിലേക്ക് നടന്നടുത്തവർ, അഭയാർഥികളായി സ്വദേശം വിട്ടു പുറത്തുകടന്നു, ജീവൻ നഷ്ട്ടപ്പെടുന്നവർ, മതവിദ്വെഷത്തിന്റെ ഇരകളായി രക്തസാക്ഷിത്വം വരിച്ചവർ, പട്ടിണി മൂലം മരണപ്പെട്ടവർ ഇങ്ങനെ ഇന്നിന്റെ നേർക്കാഴ്ച്ചകളായവർ നിരവധിയാണ്. ഇവരെയെല്ലാം ഓർക്കുവാനുള്ള ഒരു ദിനമാണിത്.
പുനരുത്ഥാനത്തിന്റെ പ്രത്യാശയോടെ മാത്രമേ നമുക്ക് നിരാശയിലേക്ക് വീഴാതെ മനുഷ്യചരിത്രത്തിലൂടെ കടന്നുപോകാൻ കഴിയൂ എന്ന് ഈ ദിനം നമ്മെ അനുസ്മരിപ്പിക്കുന്നു. ഈ ഒരു വിശ്വാസത്തിലേക്കും പ്രത്യാശയിലേക്കും നമ്മെ നയിക്കുന്ന വചനങ്ങളാണ് ഇന്നത്തെ ആരാധനക്രമം നമുക്ക് നൽകുന്നത്. ആദ്യവായന ജോബിന്റെ പുസ്തകത്തിൽ നിന്നുമാണ്.
പരീക്ഷണമാണെങ്കിലും, ജോബിന്റെ ജീവിതത്തിലെ വേദനകൾ, മാനുഷികമായ ചിന്തയിൽ അസഹനീയമാണ്. എല്ലാ കാര്യങ്ങളിലും വിശ്വസ്തനായ ദൈവദാസനു, തന്റെ കഷ്ടതയുടെ അവസരത്തിൽ, മറുതലിക്കുവാനുള്ള എല്ലാ അവകാശങ്ങളും മാനുഷികമായി ഉണ്ടെന്നതിൽ തെല്ലും സംശയമില്ല. എന്നാൽ ദൈവത്തിൽ പൂർണ്ണമായ പ്രത്യാശ വച്ച ജോബ്, ഈ ലോകത്തിന്റെ വേദകൾക്കുമപ്പുറം, ദൈവീകമഹത്വത്തെയാണ് ദർശിക്കുന്നത്.
ദൈവത്തിന്റെയും മനുഷ്യരുടെയും രഹസ്യം കൂടുതൽ ആഴത്തിൽ അറിയാൻ ജോബ് തന്നെത്തന്നെ സമർപ്പിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ലളിതമായ ഉത്തരമില്ലെന്നും ഒടുവിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിശ്വാസത്തിൽ വളരുക എന്നതാണെന്നും ജോബ് നമ്മെ പഠിപ്പിക്കുന്നു. ഇപ്രകാരം ജീവിതം മുൻപോട്ടു നയിക്കുമ്പോൾ മാത്രമാണ്, നമുക്ക് ദൈവത്തെ കണ്ടുമുട്ടുവാൻ സാധിക്കുക.
"എനിക്കുന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നുംഞാന്‍ അറിയുന്നു.എന്റെ ചര്‍മം അഴുകി ഇല്ലാതായാലുംഎന്റെ മാംസത്തില്‍നിന്നു ഞാന്‍ ദൈവത്തെ കാണും.അവിടുത്തെ ഞാന്‍ എന്റെ പക്‌ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്റെ കണ്ണുകള്‍ ദര്‍ശിക്കും.എന്റെ ഹൃദയം തളരുന്നു." ജോബിന്റെ ഈ വാക്കുകൾ അവന്റെ അസാധാരണമായ ധൈര്യമാണ് പ്രകടമാക്കുന്നതെങ്കിലും, ഈ ധൈര്യത്തിന്റെ ഉറവിടം, പ്രത്യാശ നിറഞ്ഞ വിശ്വാസം തന്നെയാണ്.
രണ്ടാമത്തെ വായനയിലും, ജോബിന്റേതുപോലെയുള്ള ഒരു അചഞ്ചലമായ ഒരു വിശ്വാസത്തിലേക്കാണ്, വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ ക്ഷണിക്കുന്നത്. എന്നാൽ ഇത് അനുഭവവേദ്യമായ ഒരു പ്രത്യാശയാണ്. അത് യേശുവിന്റെ പെസഹാരഹസ്യത്തിന്റേതാണ്. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ നമ്മെ ക്ഷണിക്കുന്ന 2025 മഹാജൂബിലീ വർഷത്തിൽ, ഈ ആത്മീയതയുടെ ചൈതന്യം നമുക്ക് കാട്ടിത്തരുന്ന ബൂള, കാലം ചെയ്ത ഫ്രാൻസിസ് പാപ്പാ പ്രസിദ്ധീകരിച്ചത്, "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല" എന്ന തലക്കെട്ടിലാണ്. ഈ ഒരു ആഹ്വാനം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് റോമയിലെ സഭയ്ക്ക് വിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയ ലേഖനത്തിൽ നിന്നുമുള്ള രണ്ടാമത്തെ വായന. റോമാ ലേഖനം അഞ്ചാം അധ്യായം പത്താം തിരുവചനത്തിൽ നാം ഇപ്രകാരമാണ് വായിക്കുന്നത്: "നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്‍മൂലം രക്‌ഷിക്കപ്പെടുമെന്നതും തീര്‍ച്ച." (റോമാ 5 : 10).
മരിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രഹസ്യത്തിൽ നാം രക്ഷിക്കപ്പെട്ടു എന്നത് പൗലോസ് ശ്ലീഹ അടിവരയിട്ടു നമ്മെ ഓർമ്മിപ്പിക്കുക മാത്രമല്ല, നമ്മെ ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു. എന്നേക്കും നിലനിൽക്കുന്ന ഒരു രക്ഷയ്ക്കുവേണ്ടിയുള്ള നമ്മുടെ പ്രത്യാശ മരണപ്പെട്ട , എന്നാൽ എല്ലാറ്റിനുമുപരിയായി ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ അധിഷ്ഠിതമാണ്. ക്രിസ്തുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും ഉള്ള വിശ്വാസത്തിൽ നിന്നുമാണ്, ശാരീരിക മരണത്തിന്റെ വേദനയിൽ നിന്നും നാം പുറത്തുകടക്കേണ്ടത്. അതുകൊണ്ടാണ് നമ്മുടെ സെമിത്തേരികളെ ദൈവത്തിന്റെ വിശുദ്ധരും തിരഞ്ഞെടുക്കപ്പെട്ടതുമായ ആത്മാക്കളുടെ വയലുകൾ എന്ന് നാം പരമ്പരാഗതമായി വിശേഷിപ്പിക്കുന്നത്. അത് നിത്യതയിലേക്കുള്ള നിർബന്ധിത പാതയാണ്.
അവസാന യാത്രയിലേക്ക് പോകാനുള്ള സമയം വരുമ്പോൾ, ഈ പ്രതീക്ഷയും ഉറപ്പും നമ്മുടെ ഉള്ളിൽ ഉണ്ടാകണമെന്നും പൗലോസ് ശ്ലീഹ ആഗ്രഹിക്കുകയും നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. ഈ ഇരു വായനകളുടെയും മൂർത്തീമത്ഭാവമാണ് ഇന്നത്തെ സുവിശേഷം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. "എന്നെ അയച്ചവന്റെ ഇഷ്ടമാണിത്, അവൻ എനിക്ക് തന്നതിൽ ഒന്നും നഷ്ടപ്പെടുത്തരുത് ” ഈ വചനം യേശുവിന്റെ ഈ ലോകത്തിലേക്കുള്ള വരവിന്റെ ആത്യന്തിക ലക്ഷ്യം വെളിപ്പെടുത്തുന്നു. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം, പതിനാറാം തിരുവചനം നമുക്ക് പറഞ്ഞുതരുന്നതുപോലെ, തന്റെ ഏകജാതനെ ഈ ലോകത്തിലേക്ക് നൽകുവാൻ തക്കവണ്ണം, ഈ ലോകത്തെ അത്രയധികം സ്നേഹിച്ച പിതാവായ ദൈവം, തന്റെ ആ സ്നേഹത്തിൽ നിന്നും ഒരിക്കലും പിന്നോട്ട് മാറിയിട്ടില്ല എന്ന് വെളിപ്പെടുത്തുന്നതാണ്, പിതാവിന്റെ ഹിതം വെളിപ്പെടുത്തുന്ന യേശുവിന്റെ വാക്കുകൾ. ആരും നഷ്ടപ്പെടാതിരിക്കാൻ എല്ലാവരെയും കൂട്ടിച്ചേർക്കുക എന്നതാണ് യേശുവിന്റെ ദൗത്യം, ഇത് തന്നെയാണ് സഭയുടെ ദൗത്യവും.
എന്നാൽ നിത്യജീവൻ മരണാനന്തര ജീവിതത്തിന്റെ കാര്യം മാത്രമാണെന്ന് കരുതുന്നത് തെറ്റാണ്. മറിച്ച്, നിത്യജീവൻ ആരംഭിക്കുന്നത് ഇഹലോകത്തിൽ നിന്നുമാണ്. നമുക്ക് സ്വർഗ്ഗമോ നരകമോ ആരംഭിക്കുന്നത് ഇവിടെയാണ്. സ്വർഗ്ഗം എന്നാൽ പ്രശ്നങ്ങൾ ഇല്ലാത്തതിനെക്കുറിച്ചല്ല. നിങ്ങൾ സ്നേഹിക്കപ്പെടുന്നുവെന്നും ആരുടെയെങ്കിലും സ്വന്തമാണെന്നും അറിയുന്നതാണ് സ്വർഗ്ഗം. ഈ അവസ്ഥയ്ക്ക് വിപരീതമാണ്, നരകം. ക്രിസ്തുവിനെ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് ഈ ലോകത്തിൽ വച്ചാണ് നാം തീരുമാനിക്കേണ്ടത്. "സ്നേഹം മരണത്തേക്കാൾ ശക്തമാണ്," എന്ന് നാം ഉത്തമഗീതത്തിൽ വായിക്കുന്നതും, ഈ പുനരുത്ഥാന ആഹ്വാനം നവീകരിക്കുന്നു. മനുഷ്യൻ സന്തോഷം തേടുന്നു, പക്ഷേ പലപ്പോഴും അതിനെ ആനന്ദവുമായി ആശയക്കുഴപ്പത്തിലാക്കുന്നു, പ്രത്യാശ പിന്തുടരുന്നു, പക്ഷേ പലപ്പോഴും മിഥ്യാധാരണകളുടെ അടിമയായി തുടരുന്നു, കൂട്ടായ്മ ആഗ്രഹിക്കുന്നു, പക്ഷേ വേദനാജനകമായ ഏകാന്തത അനുഭവിക്കുന്നു. ഇതെല്ലാമാണ് ഇന്നത്തെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളായി തുടരുന്നത്. എന്നാൽ ഇവയ്ക്കപ്പുറം ശാശ്വതമായ ഒരു ജീവൻ കണ്ടെത്തുവാൻ നമ്മെ ക്ഷണിക്കുന്നതാണ് ഇന്നത്തെ വചന ഭാഗം. വിശ്വാസം മനുഷ്യനെ എക്കാലത്തെയും വലിയ വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു പാതയാണ്.
ഈ വചനങ്ങളെ ജീവിതത്തിൽ ചേർത്തുവച്ചുകൊണ്ട്, കർത്താവിന്റെ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ നമ്മെ സഹായിക്കുന്നതാണ്, ഇന്നത്തെ പ്രതിവചന സങ്കീർത്തനം. "ജീവനുള്ളവരുടെ നാട്ടിൽ ഞാൻ എന്റെ കർത്താവിന്റെ നന്മകളെ വാഴ്ത്തുമെന്ന" വചനം, തുടർന്ന്, എപ്രകാരമാണ് നമ്മുടെ ജീവിതത്തിൽ ദൈവം നമ്മെ കൈപിടിച്ചുനടത്തിയതെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു. കർത്താവ് എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?കർത്താവ് എന്റെ ജീവന്റെ കോട്ടയാകുന്നു; ഞാൻ ആരെ ഭയപ്പെടും? ഈ ഒരു ചോദ്യവും, ധൈര്യമാർന്ന ഉത്തരവും ഓരോ ക്രൈസ്തവന്റെയും ജീവിതത്തിന്റെ ഭാഗമാകണം. കർത്താവേ, നിന്റെ മുഖം ഞാൻ അന്വേഷിക്കുന്നു. നിന്റെ മുഖം എന്നിൽ നിന്ന് മറയ്ക്കരുതേ. എന്ന വചനങ്ങളും, പ്രത്യാശയുടെ ആത്യന്തികത കർത്താവിൽ മാത്രമാണ് കണ്ടെത്തുവാൻ നമുക്ക് സാധിക്കുക എന്നത് നമ്മെ ബോധ്യപ്പെടുത്തുന്നു.
യേശുവിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ, ഒരു പ്രാർത്ഥനയോടെ ഈ ദിവസത്തിന്റെ ചൈതന്യം നമുക്ക് ഉൾക്കൊള്ളാം. ദൈവമേ, വിശ്വാസികളുടെ സമൂഹം, ഉയിർത്തെഴുന്നേറ്റ കർത്താവിലുള്ള വിശ്വാസത്താൽ അങ്ങേപക്കലേക്ക് ഉയർത്തുന്ന പ്രാർത്ഥന കേൾക്കണമേ. ഞങ്ങളിൽ നിന്നും വേർപിരിഞ്ഞുപോയ സഹോദരീസഹോദരന്മാരോടൊപ്പം, ഞങ്ങളും ക്രിസ്തുവിൽ പുതിയ ജീവിതത്തിലേക്ക്ഉയിർപ്പിക്കപ്പെടുമെന്ന അനുഗ്രഹീതമായ പ്രത്യാശ ഞങ്ങളിൽ സ്ഥിരീകരിക്കണമേ. ആമേൻ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: