ജപമാലരാജ്ഞിയായ പരിശുദ്ധ അമ്മ ജപമാലരാജ്ഞിയായ പരിശുദ്ധ അമ്മ 

പരിശുദ്ധ അമ്മയോടുള്ള വണക്കവും ജപമാലയർപ്പണവും ക്രൈസ്തവജീവിതത്തിൽ

പരിശുദ്ധ അമ്മയോടുള്ള വണക്കവും ജപമാലയർപ്പണവും ക്രൈസ്തവജീവിതത്തിൽ എന്ന വിഷയത്തെക്കുറിച്ചുള്ള വിചിന്തനം.
ശബ്ദരേഖ - പരിശുദ്ധ അമ്മയോടുള്ള വണക്കവും ജപമാലയർപ്പണവും ക്രൈസ്തവജീവിതത്തിൽ

റവ. ഫാ. ഡോ. ജോർജ് കറുകപ്പറമ്പിൽ MSP, കോട്ടയം അതിരൂപത

ഒക്ടോബർ മാസം ഒന്നാം തീയതി മുതൽ മുപ്പതാം തീയതി വരെ, തുടർച്ചയായി കുടുംബങ്ങളിലും സമൂഹങ്ങളിലും വിശ്വാസികൾ ഒരുമിച്ച് കൂടുന്ന എല്ലാ തലങ്ങളിലും ജപമാല അർപ്പിക്കുന്ന ഒരു പതിവ് ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ ഇടയിൽ നിലനിന്നിരുന്നു, ഇന്നും എല്ലായിടത്തും തന്നെ നിലനിൽക്കുന്നു. രക്ഷകനും നാഥനുമായ ദൈവപുത്രനായ ഈശോയോടുള്ള സ്നേഹവും ഭക്തിയും ആരാധനയും കഴിഞ്ഞാൽ, പരിശുദ്ധ കന്യകാമറിയത്തോടാണ് നാം ക്രിസ്തീയ വിശ്വാസത്തിൽ ബഹുമാനവും ഭക്തിയും പ്രകടിപ്പിക്കുന്നത്. ഇതിന് പലവിധ മാർഗ്ഗങ്ങളാണ് സഭ നമുക്കായി നിർദ്ദേശിച്ച് തന്നിട്ടുള്ളത്. മംഗളവർത്തക്കാലം മുഴുവനും ആഴ്ച്ചയിലെ ബുധനാഴ്ച ആചരണം എന്നിവ ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്. ബുധനാഴ്ചയിലെ യാമപ്രാർത്ഥന, മരിയൻ സ്തുതിഗീതങ്ങൾ കൊണ്ടും മറിയത്തോടുള്ള പ്രർത്ഥനകൊണ്ടും മറിയത്തിനൊപ്പമുള്ള പ്രാർത്ഥനകൊണ്ടും സുരക്ഷിതവും സമഗ്രവുമാണ്. എട്ടു നോമ്പും പതിനഞ്ച് നോമ്പും മറിയത്തിന്റെ പ്രധാന തിരുനാളുകൾക്കൊരുക്കമായ ആചരണങ്ങളാണ്. പാശ്ചാത്യ-പൗരസ്ത്യ സഭകളിൽ നിരവധി തിരുനാളുകൾ മറിയത്തിന്റെ ബഹുമാനാർത്ഥം ആഘോഷിച്ചുപോരുന്നു. ജനനത്തിരുനാൾ, മറിയത്തിന്റെ ദൈവമാതൃത്വത്തിരുനാൾ, അമലോത്ഭവത്തിരുനാൾ, സ്വർഗ്ഗരോപണത്തിരുനാൾ എന്നിവ ഇവയിൽ ചിലതു മാത്രമാണ്. ചില തിരുനാളുകൾ സഭയുടെ ആദ്യകാലത്തുതന്നെ രൂപീകൃതമായതാണ് എന്ന് ചരിത്രം സാക്ഷിക്കുന്നു. അതുപോലെതന്നെ നിരവധി ഭക്താനുഷ്ഠാനങ്ങളും പ്രാർത്ഥനകളും ഗാനങ്ങളും ഗീതകങ്ങളൂം മറിയത്തോട് ബന്ധപ്പെടുത്തി സഭയിൽ ഇന്നും നിലനിൽക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും, ലോകത്തുതന്നെ എല്ലാവർക്കും സുപരിചിതവുമാണ് ജപമാലയർപ്പണം. ജപമാലയുടെ നന്മകളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഫലത്തെക്കുറിച്ചും ജപമാലയെക്കുറിച്ചുള്ള ഉദ്ധരിണികളെക്കുറിച്ചും പറഞ്ഞാൽ ഒരു ദിവസം തന്നെ പോരാ എന്നതാണ് സത്യം. നമ്മുടെ കുടുംബങ്ങളിൽ മുടക്കം കൂടാതെ അനുദിനം അർപ്പിക്കുന്ന പ്രാർത്ഥനയാണ് ജപമാല. ഒരുമിച്ച് ജപമാലയർപ്പിക്കുന്ന കുടുംബങ്ങളിൽ ഐക്യവും സ്നേഹവും ശാന്തതയും നിലനിൽക്കുന്നു എന്നതാണ് സത്യം.

ജപമാല, ചരിത്രവും അർത്ഥവും

ആയിരത്തിയെണ്ണൂറ്റിതൊണ്ണൂറ്റിയൊന്ന് സെപ്റ്റംബർ മാസം ഇരുപത്തിരണ്ടിന് ഭാഗ്യസ്മരണാർഹനായ ലിയോ പതിമൂന്നാമൻ മാർപാപ്പാ "ഒക്ടോബ്രി മെൻസേ" (Otobri mense) എന്ന തന്റെ ചാക്രികലേഖനം വഴിയാണ് ഒക്ടോബർ മാസം മുഴുവനും ജപമാലമാസമായി ആചരിക്കണമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് എല്ലാ ദിവസവും ജപമാലയർപ്പിക്കണമെന്ന് നിർദ്ദേശിച്ചതും ഈ ചാക്രികലേഖനത്തിലൂടെയാണ്. അന്നുമുതൽ ഇന്നും നമ്മുടെ കുടുംബങ്ങളിൽ അത് തുടരുന്നു. ജപമാലയർപ്പണത്തിന് നമ്മളുപയോഗിക്കുന്ന ഉപകരണമാണ് കൊന്ത. അൻപത്തിയൊൻപത് മണികളുള്ള ഒരുപകരണം. "കൊന്താരേ" (contare) എന്ന പദത്തിൽനിന്നാണ് കൊന്ത എന്ന വാക്ക്. എണ്ണുക എന്നാണതിന്റെ അർത്ഥം. ജപമാല അർപ്പണത്തിൽ നന്മനിറഞ്ഞ മറിയമേ എന്ന ജപം എണ്ണി അർപ്പിക്കുവാനായിട്ടാണ് ഇതുപയോഗിക്കുക. ജപമാല അല്ലെങ്കിൽ കൊന്ത, വിശുദ്ധമാക്കുന്നത്, ആശീർവദിക്കുന്നത് വഴിയും അതിൽ ഒരുമിച്ച് ചേർത്തിട്ടുള്ള കുരിശുവഴിയുമാണ്. ഇംഗ്ലീഷ് ഭാഷയിൽ അതിന് "റോസാറി" (Rosary) എന്നാണ് പറയുക. റൊസാരിയും (Rosarium) എന്ന ലത്തീൻ പദത്തിൽനിന്നാണ് അതിന്റെ ഉത്ഭവം. റോസാപ്പൂക്കളുടെ തോട്ടം എന്നാണതിന്റെയർത്ഥം. എന്തുകൊണ്ടാണ് അങ്ങനെ ഒരു പേരിതിനിടുക? മരിയൻ ശാസ്ത്രജ്ഞന്മാർ ഇങ്ങനെ അതിന് വിശദീകരണം നൽകുന്നു. ഓരോ പ്രാവശ്യവും "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥന ഉരുവിടുമ്പോൾ ഒരു റോസാപ്പൂവ് നാം പരിശുദ്ധ അമ്മയുടെ കൈയ്യിലേൽപ്പിക്കുന്നു. റോസാപ്പൂക്കളുടെ തോട്ടം പോലെ അത് ആക്കിത്തീർക്കുവാൻ അൻപത്തിമൂന്ന് റോസാപ്പൂക്കൾ അമ്മയുടെ കൈയ്യിൽ നാം കൊടുക്കുന്നു. അമ്മ അത്, രക്ഷകനും നാഥനും തന്റെ പുത്രനുമായ ഈശോയ്ക്ക് സമർപ്പിച്ച്, നമുക്കായി മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നു.

ജപമാല പ്രാർത്ഥന എന്ന്, എവിടെ ആരംഭിച്ചു എന്ന് കൃത്യതയില്ല. എന്നാൽ, അലൻ ദേ ല റൊഷേ എന്ന ഡൊമിനിക്കൻ സന്ന്യാസിയാണ് ഇന്നത്തെ രീതിയിലുള്ള ജപമാലപ്രാർത്ഥന ക്രമപ്പെടുത്തിയത് ചരിത്രം പറയുന്നു. ഏതായാലും ആയിരത്തിയഞ്ഞൂറ്റിഅറുപത്തിയഞ്ചിന് മുൻപാണ് ജപമാല പ്രാർത്ഥന ഉണ്ടായതെന്ന് സഭയുടെ ചരിത്രം നമ്മോട് പറയുന്നു. ജപമാലയെക്കുറിച്ചുള്ള ആദ്യത്തെ ചാക്രികലേഖനം എഴുതിയത് പിയൂസ് അഞ്ചാമൻ മാർപാപ്പായാണ്. കൊൺസുവരേന്ത് റൊമാനി പൊന്തിഫീച്ചെസ് (Consuvarent Romani Ponthifices) എന്ന ചാക്രികലേഖനം ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ച് അന്നുതന്നെ നമ്മോട് പറയുന്നുണ്ട്. അന്നുമുതൽ നിരവധി സഭാരേഖകകൾ, മാർപാപ്പാമാരുടെ പഠനങ്ങൾ ജപമാലയെക്കുറിച്ച് ഉണ്ടായിട്ടുണ്ട് എന്നതാണ് സത്യം. ലിയോ പതിമൂന്നാമൻ മാർപാപ്പാ പതിമൂന്ന് ചാക്രികലേഖനങ്ങളാണ് ജപമാലയെക്കുറിച്ച് എഴുതിയത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ, മാർപാപ്പയായി സ്ഥാനാരോഹിതനായതിന് ശേഷം ഇങ്ങനെ പറഞ്ഞു. "ജപമാലയാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രാർത്ഥന. അതുവഴി പരിശുദ്ധ അമ്മ എന്നെ പുത്രനുമായി ബന്ധിക്കുന്നു." ജപമാലയെന്ന ഉപകാരണത്തെക്കുറിച്ച് പരിശുദ്ധ പിതാവ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ ഇങ്ങനെ പറയുന്നു: "മറിയം വഴി എന്നെ ഈശോയുമായി ബന്ധിക്കുന്ന ചങ്ങലയാണ് ജപമാല." വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിന് ശേഷം എഴുപത് പ്രസംഗങ്ങൾ ജപമാലയെക്കുറിച്ച് നൽകുന്നുണ്ട്. പരിശുദ്ധ പിതാവുതന്നെയാണ് അവസാനത്തെ ചാക്രികലേഖനവും ജപമാലയെക്കുറിച്ച് എഴുതിയിരിക്കുന്നത്; "റൊസാറിയും വിർജിനിസ് മരിയെ" (Rosarium Virginis Mariae), രണ്ടായിരത്തിരണ്ട് ഒക്ടോബർ മാസം പതിനാറാം തീയതി. ഇതിൽനിന്നെല്ലാം നമുക്ക് മനസ്സിലാകുമല്ലോ, ജപമാലയെക്കുറിച്ച് സഭയ്ക്കും സഭാധികാരികൾക്കുമുള്ള ചിന്തകൾ എന്താണ് എന്ന്.

ജപമാലയും രക്ഷാകരരഹസ്യവും

ഈശോമിശിഹായിൽ പൂർത്തിയായ രക്ഷാകരരഹസ്യം ഇത്രയധികം വ്യക്തമായി ഉദ്‌ഘോഷിക്കുകയും ആഘോഷിക്കുകയും അനുദിനം ഓർക്കുകയും ചെയ്യുന്ന മറ്റൊരു ഭക്തനുഷ്ഠാനം വേറെയില്ല എന്നതാണ് യാഥാർത്ഥ്യം. വിശുദ്ധ ഗ്രന്ഥത്തിലും സഭാപഠനങ്ങളിലും അധിഷ്ഠിതമായ വിശിഷ്ഠമായൊരു പ്രാർത്ഥനാരീതിയാണ് ജപമാല. ജപമാല രഹസ്യമെന്നാണല്ലോ നാം ജപമാലയുടെ ഇടയ്ക്കിടെ ചൊല്ലുന്ന പ്രാർത്ഥനയ്ക്ക് പറയുക. അത് സത്യത്തിൽ മിശിഹാരഹസ്യം തന്നെയാണ്. ഇരുപത് ദൈവീകരഹസ്യങ്ങളെക്കുറിച്ച് ഉരുവിട്ട്, മറിയത്തിന്റെ മാദ്ധ്യസ്ഥ്യതയിൽ പ്രാർത്ഥിക്കുന്നതാണ് ജപമാല. അതുകൊണ്ട്, ജപമാല പ്രാർത്ഥന എന്നതിനേക്കാൾ, ജപമാല സമർപ്പണം എന്ന പേരാണ് ഉചിതമായ പേര് എന്ന് മനസ്സിലാക്കണം. അതിൽ മംഗളവാർത്ത, സ്നാപകന്റെ അടുത്തുള്ള സന്ദർശനവും വിശുദ്ധീകരണവും, ഈശോമിശിഹായുടെ ജനനം, ദേവാലയസമർപ്പണം, പൈതലായ ഈശോയെ ദേവാലയത്തിൽ കണ്ടുമുട്ടുന്നത്, ഈശോയുടെ മാമ്മോദീസാ, ഈശോയുടെ ദൈവാരാജ്യപ്രഘോഷണം, അവിടുത്തെ രൂപാന്തരീകരണം, കാനായിലെ അത്ഭുതം, പരിശുദ്ധ കുർബാനയുടെ സ്ഥാപനം, ഗദ്‌സമനിലെ പ്രാർത്ഥന, പീഡാനുഭവം, മുൾമുടി ധരിപ്പിച്ചുള്ള അവഹേളനം, കാൽവരി യാത്ര, കുരിശുമരണം, ഉത്ഥാനം, സ്വർഗ്ഗാരോഹണം, പരിശുദ്ധ റൂഹായുടെ ആഗമനം, മറിയത്തിന്റെ സ്വർഗ്ഗാരോപണം, മറിയത്തിന്റെ രാജ്ഞിപദം അലങ്കരിക്കൽ ഇങ്ങനെ, ദൈവീകരഹസ്യങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് ജപമാല പ്രാർത്ഥന.

എന്തിന് ജപമാല അർപ്പിക്കണം?

ജപമാലയെക്കുറിച്ച് എതിരായി ചിന്തിക്കുന്നവരുണ്ട്. അവർത്തനവിരസതയെന്ന് അവർ പറയും. അല്ലെങ്കിൽ മറിയത്തെ ഇത്രയധികം പുകഴ്‌ത്തേണ്ടതുണ്ടോ എന്ന് ചോദിച്ച് പലരും ജപമാലയെ എതിർക്കുന്നവരുണ്ട്. അതിന് കാരണം, ജപമാലയെന്താണെന്നും, ജപമാലയുടെ അകക്കാമ്പ്, ഉള്ളടക്കം എന്താണെന്നും, ജപമാലയുടെ ലക്ഷ്യമെന്താണെന്നും അറിയാത്തത്തുകൊണ്ടുമാത്രമാണ് ഇക്കൂട്ടർ ഇങ്ങനെ പറയുക. ജപമാല ക്രിസ്തുകേന്ദ്രീകൃതമായ ധ്യാനമാണ്. രക്ഷാകരരഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനമാണ് അത്. പരിശുദ്ധ കന്യകാമറിയത്തിന്റെ മടിയിലിരുന്നുകൊണ്ട്, നാം ഈശോയെ അനുഭവിക്കുന്നതാണ് ജപമാല. അമ്മയോടൊപ്പമിരുന്ന് ഈശോയെ കേൾക്കുന്നു; ഈശോയെ കാണാൻ ശ്രമിക്കുന്നു; ഈശോയെ അനുഭവിക്കാൻ ശ്രമിക്കുന്നു; ഈശോയെ ധ്യാനിക്കുന്നു.

ജപമാല മരിയൻ വിശ്വാസസത്യങ്ങളുടെ പ്രഖ്യാപനമാണ്. നമ്മുടെ വിശ്വാസസത്യങ്ങൾ പന്ത്രണ്ടെണ്ണം നാം വിശ്വാസപ്രമാണത്തിൽ ഉദ്‌ഘോഷിക്കുന്നുണ്ടല്ലോ. അതുപോലെ നാല് മരിയൻ വിശ്വാസസത്യങ്ങളുണ്ട്: മറിയം ദൈവമാതാവ്, നിത്യകന്യക, അമലോത്ഭവ, സ്വർഗ്ഗാരോപിത. ഈ നാല് വിശ്വാസസത്യങ്ങളും ജപമാലയർപ്പണത്തിൽ നാം ഉദ്‌ഘോഷിക്കുന്നു, പ്രാർത്ഥിക്കുന്നു.

ജപമാല സുവിശേഷങ്ങളുടെ സംക്ഷിപ്‌തമാണ്. എന്നാൽ സുവിശേഷത്തിന് പകരമല്ല എന്ന് നാം ഓർക്കണം. മംഗളവാർത്ത മുതൽ ഈശോയുടെ സ്വർഗ്ഗാരോഹണം വരെയുള്ളതാണല്ലോ സുവിശേഷത്തിന്റെ ഉള്ളടക്കം. അതാണ് ജപമാലയുടെയും ഉള്ളടക്കം. ഇതാ കർത്താവിന്റെ ദാസി എന്ന് പറഞ്ഞ് ദൈവത്തെ തിരഞ്ഞെടുത്ത്, കാൽവരി മലയുടെ ബലിയിൽ സന്നിഹിതയായി, അവന്റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ച്, പരിശുദ്ധ റൂഹായുടെ വരവിൽ നിറയപ്പെട്ട മറിയത്തിന്റെ സമ്മതത്തോടെ മിശിഹായിൽ പൂർത്തിയായ രക്ഷാകരരഹസ്യങ്ങൾ ജപമാലയിൽ നമ്മൾ ഓർക്കുകയാണ്. മിശിഹായുടെ ജീവിതം കണ്മുൻപിലൂടെ കടത്തിവിടുകയാണ്. അങ്ങനെ ഈശോയെ ഹൃദയത്തിൽ ഉറപ്പിക്കാൻ ഈ ജപമാലപ്രാർത്ഥന നമ്മെ സഹായിക്കും.

ജപമാലയും ആത്മീയ ജീവിതവും

ജപമാല നമ്മുടെ ആത്മീയജീവിതത്തിനെ സഹായിക്കുന്ന ഉചിതമായ പ്രാർത്ഥനയാണ്. രക്ഷാകരരഹസ്യങ്ങൾ ധ്യാനിച്ച് ഈശോയോട് അനുരൂപപ്പെടാൻ ജപമാല സഹായിക്കുന്നു. സുവിശേഷസംഭവങ്ങളോർത്ത് ഈശോയെ പ്രഘോഷിക്കാൻ കഴിയുന്ന പ്രാർത്ഥനയാണിത്. എളുപ്പത്തിൽ എല്ലാവർക്കും എവിടെയും വച്ച് അർപ്പിക്കാവുന്ന ഒരു പ്രാർത്ഥനയാണിത്. ഈശോയിലുള്ള വിശ്വാസത്തിന്റെ ബാഹ്യപ്രകടനമായിട്ട് ജപമാലയെ നമുക്ക് കാണാം. ജപമാല കൈയിലേന്തി പരസ്യമായി പ്രാർത്ഥനയർപ്പിക്കുന്നത് യഥാർത്ഥത്തിൽ ഈശോയിലുള്ള വിശ്വാസത്തിന്റെ ബാഹ്യപ്രകടനമാണ്, വലിയ സാക്ഷ്യമാണ്, വിശിഷ്ഠവും മനോഹരവുമായ ഒരു സാക്ഷ്യം.

ജപമാല അർപ്പിക്കുന്നതിലൂടെ ദുഷ്ടശക്തികളെ എതിർക്കാൻ, പ്രലോഭനങ്ങളെ വിജയിക്കാൻ നമുക്ക് ശക്തി ലഭിക്കും. ഇതിനായി അമ്മയോടൊപ്പം നടത്തുന്ന പ്രാർത്ഥനയാണ് ജപമാല. ശക്തിയേറിയ ആയുധമാണ് ജപമാല. അതുകൊണ്ടാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ പറഞ്ഞത്: “ജപമാല, അത് കൈയ്യിലേന്തിയാൽ ആയുധം, കഴുത്തിലേന്തിയാൽ അത് ആഭരണവുമാണ്.”

ജപമാല നിത്യതയ്ക്ക് വഴിതുറക്കുന്ന പ്രാർത്ഥനയാണ് എന്നതാണ് വിശുദ്ധ ഡൊമിനിക്കിന്റെ ഭാഷ്യവും സാക്ഷ്യവും. നിത്യവും ജപമാലയർപ്പിക്കുന്നവർക്ക് നിത്യശിക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടിവരികയേയില്ല, നിത്യരക്ഷ ഉറപ്പാണ് എന്നാണ് വിശുദ്ധ ഡൊമിനിക്ക് നമ്മെ ഓർമ്മിപ്പിക്കുക. അമ്മയെപ്പോലെ ഈശോയോടൊപ്പം ജീവിച്ച്, ഈശോയെക്കുറിച്ച് ധ്യാനിച്ച്‌, ഈശോയോടൊപ്പം അമ്മയോടൊപ്പം സ്വർഗ്ഗത്തിലെത്താൻ നമ്മെ സഹായിക്കുന്നതാണ് ജപമാല. അതിന് പരിശുദ്ധ അമ്മ നമുക്ക് മാതൃകയാണ്, ശക്തിയാണ്, നമുക്ക് ഉദാഹരണവും ആണ്.

ജപമാലയും വിശുദ്ധരും സഭയും

ജപമാലയെക്കുറിച്ച് നിരവധി ഉദ്ധരണികൾ, പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിധത്തിൽ പുണ്യാത്മാക്കളും സഭാധികാരികളും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. വിശുദ്ധ ഡൊമിനിക്ക് പറയുന്നു, "ജപമാല എല്ലാ ദാനങ്ങളുടെയും വരങ്ങളുടെയും ഖജനാവാണ്". അന്നുതന്നെ വിശുദ്ധ ഡൊമിനിക്ക് പറഞ്ഞു; "അസ്വസ്ഥത നിറഞ്ഞ ലോകത്തിൽ, ചിന്തകൾ ഈശോയിൽ സുസ്ഥിരമാക്കാൻ സഹായിക്കുന്ന ഒരു സാധാരണ പ്രാർത്ഥനയാണ് ജപമാല. ഫ്രാൻസിസ് മാർപാപ്പാ "ദിലെക്സിത് നോസ്" (Dilexit nos) എന്ന തന്റെ ചാക്രികലേഖനത്തിൽ ഒരു ലിക്വിഡ് സൊസൈറ്റിയെക്കുറിച്ച് പറയുന്നുണ്ട്, സ്ഥിരതയില്ലാത്ത, അസ്ഥിരമായ ലോകത്തെക്കുറിച്ച്. ഈ അസ്ഥിരമായ ചിന്തയുള്ള ലോകത്ത് ഓരോരുത്തരുടെയും ഹൃദയങ്ങളും വിചാരങ്ങളും ഈശോയിൽ ഉറപ്പിച്ചു നിറുത്താൻ നമ്മെ സഹായിക്കുന്നതാണ് ജപമാല.

പാദ്രേ പിയോ (St. Padre Pio) പറയുന്നു: "ജപമാല ശക്തിയേറിയതും ബലവത്തുമായ പടച്ചട്ടയാണ്. എന്തിനെയും എതിർക്കാനായിട്ട് ശക്തി നൽകുന്നത്." മോൺഫോർട്ട് ഇങ്ങനെ പറയുന്നു: "ജപമാല ചൊല്ലുന്നവർ വഴി തെറ്റുകയില്ല." പത്താം പിയൂസ് ഇങ്ങനെ ഓർമ്മിപ്പിക്കുന്നു: "മറിയവും ജപമാലയും എനിക്ക് പ്രതീക്ഷയുടെ മഴവില്ലാണ്. ഏതൊരു പതിവ് തെറ്റിയാലും എന്റെ ജീവിതത്തിൽ ജപമാല ചൊല്ലുന്ന പതിവ് തെറ്റുകയില്ല" എന്ന്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ ഇങ്ങനെ പറയുന്നു: "ക്രിസ്തുവിനെ കേന്ദ്രബിന്ദുവാക്കി ജീവിക്കാൻ നമുക്ക് ശക്തി നൽകുന്നതാണ് ജപമാല. ഈശോയോടും പരിശുദ്ധ അമ്മയോടുമുള്ള സ്നേഹവും ബന്ധവും സാധ്യമാക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ജപമാലയർപ്പണം."

ദൈവപുത്രനായ മിശിഹായാണ് രക്ഷ നേടിത്തന്നത് എന്ന് ജപമാലയർപ്പണത്തിലൂടെ നമുക്ക് ബോധ്യമാവുകയും ആ വിശ്വാസം ആഴപ്പെടുകയും ചെയ്യും. ജപമാലയർപ്പണത്തിലൂടെ നാം രക്ഷാകരചരിത്രത്തിലൂടെ വീണ്ടും ജീവിക്കുകയും, അതിന്റെ ഫലമായ നിത്യതയിലുള്ള പ്രതീക്ഷയിൽ ആഴപ്പെടുകയും ചെയ്യും. ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ ഫാത്തിമ സന്ദർശിച്ച വേളയിൽ ഇങ്ങനെ പറഞ്ഞു: ജപമാല ചൊല്ലണമെന്ന് വീണ്ടും വീണ്ടും ആവർത്തിച്ച ഈ സ്ഥലത്ത് ജപമാല അർപ്പിക്കുന്നതിലൂടെ ക്രിസ്തുനാഥന്റെ രക്ഷാകരരഹസ്യങ്ങളിൽ ആഴപ്പെടാൻ നമ്മെ സഹായിക്കും.

അമ്മയോടൊപ്പം ഹൃദയങ്ങളും, വിചാരങ്ങളും, വിശുദ്ധമാക്കാനും, ഉന്നതങ്ങളിലേക്കുയർത്താനും ജപമാല നമ്മെ സഹായിക്കും. ജപമാലയർപ്പിച്ചുകൊണ്ട് മിശിഹാരഹസ്യങ്ങളുടെ ആഴത്തിലേക്ക് നമുക്ക് പ്രവേശിക്കാം. ദൈവകൃപ നമ്മിൽ നിറയാൻ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാം. നാം ജപമാല അർപ്പിക്കുമ്പോൾ നമ്മുടെ കൈകൾ പിടിച്ച് അമ്മ നമ്മെ മിശിഹാ നടന്ന മാർഗ്ഗത്തിലൂടെ നടത്തുന്നു. ജപമാല അർപ്പിച്ചുകഴിയുമ്പോൾ അമ്മ നമ്മുടെ കൈകൾ പിടിച്ച് നടത്തുന്നു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ട് ഈ ദിവസങ്ങളിൽ ഭക്തിയോടെ നമുക്ക് ജപമാലയർപ്പിച്ച് ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ ആഴപ്പെടാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഒക്‌ടോബർ 2025, 17:37