സമാധാനപരിശ്രമങ്ങൾക്ക് ആഹ്വാനം ചെയ്‌ത് മ്യാന്മാർ മെത്രാൻസമിതി: ഫീദെസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മ്യാന്മറിൽ കഴിഞ്ഞ നാലുവർഷങ്ങളോളമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടയിൽ പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി രാജ്യത്തെ മെത്രാൻസമിതി. കീഴടങ്ങാനുള്ള സമയമല്ല നമുക്ക് മുന്നിലുള്ളതെന്നും, വേദനകളുടെ ചാരത്തിനടിയിൽ പ്രത്യാശയുടെ തീക്കനൽ കണ്ടെത്താനുള്ള സമയമാണിതെന്നും, സമാധാനം സാധ്യമാണെന്നും ഒക്ടോബർ 29 ബുധനാഴ്ച നടന്ന തങ്ങളുടെ സമ്മേളനത്തിന്റെ അവസാനം പുറത്തുവിട്ട ഒരു അഭ്യർത്ഥനയിൽ മെത്രാൻസമിതി എഴുതിയെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ മറികടക്കുന്നതിനായി ക്രൈസ്തവവിശ്വാസം കുറുക്കുവഴികൾ ഒന്നും മുന്നോട്ട് വയ്ക്കുന്നില്ലെന്നും, എളിമ ആവശ്യമുള്ളതും, സൗഖ്യം പകരുന്നതും സുസ്ഥിരമായ സമാധാനം ഉറപ്പുവരുത്തുന്നതുമായ അനുരഞ്ജനത്തിന്റെ പാതയാണ് തങ്ങൾക്ക് മുന്നോട്ടുവയ്ക്കാനുള്ളതെന്നും മെത്രാൻസമിതി എഴുതി. അനുരഞ്ജനം എന്നാൽ എല്ലാം മറക്കുകയെന്നും, എല്ലാം നന്നായി പോകുന്നുവെന്ന് അഭിനയിക്കുകയെന്നുമല്ല അർത്ഥമെന്നും, അത്, മറ്റുള്ളവരെ കേൾക്കുകയും, കരയുന്നവർക്കൊപ്പം കരയുകയും, ആരെയും തോൽപ്പിക്കാതിരിക്കാനുള്ള പരിശ്രമം നടത്തുകയും ചെയ്യുന്നതിലൂടെയാണ് സാധ്യമാകുകയെന്നും സഭാനേതൃത്വം ഓർമ്മിപ്പിച്ചു.
മുറിവേറ്റതും തകർന്നതുമായ നമ്മുടെ രാഷ്ട്രം വീണ്ടും ഉയർത്തെഴുന്നേൽക്കട്ടെയെന്നും, ഹൃദയങ്ങൾ നവീകരിക്കപ്പെടട്ടെയെന്നും തങ്ങളുടെ പൊതു അഭ്യർത്ഥനയിൽ മെത്രാന്മാർ എഴുതി. തങ്ങളുടെ മുൻ തലമുറകൾ സമാധാനത്തിനായുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചില്ലെന്ന് പറയാൻ നമ്മുടെ കുട്ടികൾക്കാകട്ടെയെന്നും മെത്രാൻസമിതി ആശംസിച്ചു.
മ്യാന്മാറിലെ എല്ലാ മെത്രാന്മാരും ഒപ്പിട്ടതും, "മ്യാന്മാർ കടന്നുപോകുന്ന നാനാവിധ പ്രതിസന്ധികൾക്കുമുന്നിൽ അനുകമ്പയുടെയും പ്രത്യാശയുടെയും സന്ദേശം" എന്ന പേരിലുള്ളതുമായ തങ്ങളുടെ സന്ദേശത്തിൽ, രാജ്യത്തെ മുഴുവൻ ജനങ്ങളും സമീപകാലത്തെങ്ങുമുണ്ടായിട്ടില്ലാത്തത്ര കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് കത്തോലിക്കാസഭ ഓർമ്മിപ്പിച്ചു. രാജ്യം നിലവിൽ അഭിമുഖീകരിക്കുന്നത് ഒരു പ്രതിസന്ധി മാത്രമല്ലെന്നും, പരസ്പരം ബന്ധപ്പെട്ടതും പ്രശ്നങ്ങളെ കൂടുതൽ തീവ്രമാക്കുന്നതുമായ നിരവധി പ്രതിസന്ധികളുടെ ഒരു സമയമാണ് നമ്മുടേതെന്നും മെത്രാൻസമിതി എഴുതി.
സായുധസംഘരഷവും, പ്രകൃതിദുരന്തങ്ങളും, കുടിയിറക്കവും, സാമ്പത്തിക തകർച്ചയും, സാമൂഹിക ഭിന്നതയുമാണ് മ്യാന്മാർ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് മെത്രാന്മാർ ഓർമ്മിപ്പിച്ചു. രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ദുരിതങ്ങൾ തങ്ങളെ ഏറെ വേദനിപ്പിക്കുന്നുണ്ടന്ന് മെത്രാന്മാർ എഴുതി. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം മ്യാന്മറിൽ ഏതാണ്ട് മുപ്പത് ലക്ഷത്തിലധികം ആളുകളാണ് സ്വഭവനങ്ങളിൽനിന്ന് കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്നതെന്ന് മെത്രാന്മാർ അപലപിച്ചു.
സംഘർഷമേഖലകളിലെ ജനങ്ങൾ തുറന്ന ഇടങ്ങളിലും, കൃഷിയിടങ്ങളിലും, ആശ്രമങ്ങളിലും ക്യാമ്പുകളിലും ജീവിക്കുമ്പോൾ, നഗരങ്ങളിൽ ആളുകൾ ഒഴിഞ്ഞുപോവുകയാണെന്നും, അതേസമയം ഭൂമികുലുക്കമുണ്ടായ ഇടങ്ങളിൽ നിരവധി ഗ്രാമങ്ങളാണ് നിലം പൊത്തിയതെന്നും, ഇത് ജനങ്ങളിൽ ഭയവും കടുത്ത ആഘാതവുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മെത്രാന്മാർ എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: