കർദ്ദിനാൾ എദ്വാർദൊ മെനിക്കേല്ലി കാലം ചെയ്തു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇറ്റലിസ്വദേശി കർദ്ദിനാൾ എദ്വാർദൊ മെനിക്കേല്ലി (Card.Edoardo Menichelli) മരണമടഞ്ഞു. 86 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് ഒക്ടോബർ 20-ന് (20/10/25) തിങ്കളാഴ്ചയാണ് അന്ത്യം സംഭവിച്ചത്.
ഇറ്റലിയിലെ അങ്കോണ-ഓസിമൊ അതിരൂപതയുടെ എമെരിത്തൂസ് ആർച്ച്ബിഷപ്പായ കർദ്ദിനാൾ മെനിക്കേല്ലിയുടെ നിര്യാണത്തോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 246 ആയി താണു. ഇവരിൽ പാപ്പായെ തിരഞ്ഞെടുക്കുന്ന കൊൺക്ലേവിൽ സംബന്ധിച്ച് സമ്മതിദാനം നല്കാൻ അവകാശമുള്ളവർ 127 പേരാണ്. ശേഷിച്ച 119 പേർ, വിശുദ്ധ പോൾ ആറാമൻ പാപ്പാ “ഇൻഗ്രാവെഷെന്തേം എത്താത്തെം” (Ingravescentem Aetatem) എന്ന അപ്പൊസ്തോലിക ലേഖനത്തിലൂടെ നിശ്ചയിച്ച, പ്രായപരിധിയായ 80 വയസ്സു പൂർത്തിയായവരാകയാൽ ഈ അവകാശം ഇല്ലാത്തവരാണ്.
ഇറ്റലിയുടെ ഏതാണ്ട് മദ്ധ്യകിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന മച്ചെറാത്ത പ്രവിശ്യയിൽപ്പെട്ട സെറീപൊള ദി സാൻ സെവെരിനൊ മാർക്കെയിൽ 1939 ഒക്ടോബർ 14-ന് ജനിച്ച കർദ്ദിനാൾ മെനിക്കേല്ലി 1965 ജൂലൈ 3-ന് പൗരോഹിത്യം സ്വീകരിക്കുകയും 1994 ജൂലൈ 9-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. ഫ്രാൻസീസ് പാപ്പാ കർദ്ദിനാളാക്കിയവരുടെ രണ്ടാമത്തെ ഗണത്തിൽപ്പെട്ട അദ്ദേഹം 2015 ഫെബ്രുവരി 14-നാണ് കർദ്ദിനാളാക്കപ്പെട്ടത്.
പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം മൂന്നാം വർഷം, അതായത്, 1968 മുതൽ കാൽ നൂറ്റാണ്ടിലേറെ അദ്ദേഹത്തിൻറെ പ്രവർത്തന വേദി റോം ആയിരുന്നു. അപ്പൊസ്തോലിക കോടതി, പൗരസ്ത്യസഭകൾക്കായുള്ള സംഘം, വത്തിക്കാൻ സംസ്ഥാനകാര്യാലയം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച കർദ്ദിനാൾ മെനിക്കേല്ലി ആദ്യം കിയേത്തി-വാസ്തൊ അതിരൂപതയുടെയും പിന്നീട് അങ്കോണ-ഓസിമൊ അതിരൂപതയുടെയും ആർച്ചുബിഷപ്പായി അജപാലനശുശ്രൂഷ നിർവ്വഹിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: