സമാധാനത്തിനായി മതങ്ങൾ ഒന്നിച്ച് - കൊളോസിയത്തിൽനിന്നുള്ള ഒരു ദൃശ്യം സമാധാനത്തിനായി മതങ്ങൾ ഒന്നിച്ച് - കൊളോസിയത്തിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

മാനവികതയ്ക്ക് പ്രാധാന്യം കൊടുക്കാനും സമാധാനം പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്‌ത്‌ സാന്ത് എജീദിയോ സമൂഹം

സമാധാനത്തിനായി പ്രാർത്ഥനാസമ്മേളനമൊരുക്കി സാന്ത് എജീദിയോ സമൂഹം. ഒക്ടോബർ 28 ചൊവ്വാഴ്ച റോമിലെ കൊളോസിയത്തിൽ മുൻവർഷങ്ങളിലെ പതിവുപോലെ സംഘടിപ്പിക്കപ്പെട്ട പ്രാർത്ഥനാസമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ ഉൾപ്പെടെ കത്തോലിക്കാ-ക്രൈസ്തവ സഭകളുടെയും മറ്റു വിവിധ മതങ്ങളുടെയും നേതൃത്വങ്ങളും പ്രതിനിധികളും പങ്കെടുത്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാർത്ഥനാസമ്മേളനമൊരുക്കി സാന്ത് എജീദിയോ സമൂഹം. ലിയോ പതിനാലാമൻ പാപ്പാ ഉൾപ്പെടെ കത്തോലിക്കാ-ക്രൈസ്തവ സഭകളുടെയും മറ്റു വിവിധ മതങ്ങളുടെയും നേതൃത്വങ്ങളുടെയും സാന്നിദ്ധ്യത്തോടെ റോമിലെ കൊളോസിയത്തിൽ ഒക്ടോബർ 28 ചൊവ്വാഴ്ച വൈകുന്നേരം നടന്ന ഇത്തവണത്തെ പ്രാർത്ഥനാസമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ "പൊതു അഭ്യർത്ഥനയിൽ", മാനവികതയ്ക്ക് പ്രാധാന്യം കൊടുക്കാനും സമാധാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ശ്രമങ്ങളാണ് നമുക്ക് ആവശ്യമുള്ളതെന്ന് സംഘടന എഴുതി.

ലോകത്ത്, നിരായുധീകരിക്കുന്നതും, ആയുധരഹിതവുമായ സമാധാനത്തിനുവേണ്ടിയുള്ള ദാഹം നിലനിൽക്കുന്നുണ്ടെന്നും, വിവിധ ജനതകളും, അഭയാർത്ഥികളും, കുട്ടികളും സ്ത്രീകളും ആവശ്യപ്പെടുന്നതും ഇത്തരത്തിലുള്ള ഒരു സമാധാനമാണെന്നും, സാന്ത് എജീദിയോ സമൂഹം ലോകമതനേതൃത്വങ്ങളെയും സമൂഹങ്ങളെയും ഓർമ്മിപ്പിച്ചു.

നയതന്ത്രബന്ധങ്ങൾക്കും, സംവാദങ്ങൾക്കും പകരം സംഘർഷങ്ങൾ പരിഹരിക്കുന്നതിന് യുദ്ധം മുന്നോട്ടുവയ്ക്കുന്ന ഒരു നയം സ്വീകരിക്കപ്പെടുന്നയിടങ്ങളിൽ ഭാവി തന്നെയാണ് ഇല്ലാതാകുന്നതെന്ന് സംഘടന ഓർമ്മപ്പെടുത്തി.  യുദ്ധങ്ങൾ അവസാനിപ്പിക്കാനും, അനുരഞ്ജനത്തിന് സമയം നൽകാനും ആഹ്വാനം ചെയ്ത സാന്ത് എജീദിയോ സമൂഹം, ആയുധനിർമ്മാണം വർദ്ധിപ്പിച്ചും, ആയുധഭീഷണിയുയർത്തിയും കൊണ്ടുവരാൻ ശ്രമിക്കുന്ന സുരക്ഷയെക്കാൾ, സംവാദങ്ങളിൽ അടിസ്ഥാനമിട്ട സുരക്ഷയാണ് കൂടുതൽ നിലനിൽക്കുകയെന്ന് എഴുതി.

ദൈവത്തിൽനിന്ന് തങ്ങൾക്ക് ലഭിച്ച സ്നേഹവും, ജ്ഞാനവും, ജീവിതമൂല്യങ്ങളും, ക്ഷമയുമാണ് മതങ്ങൾ മുന്നോട്ട് വയ്‌ക്കേണ്ടതെന്ന് സാന്ത് എജീദിയോ സമൂഹം തങ്ങളുടെ പൊതുഅഭ്യർത്ഥനയിൽ ഓർമ്മിപ്പിച്ചു. ദൈവം ലോകത്തിന് അമൂല്യമായ സമാധാനം നൽകട്ടേയെന്നും സംഘടന ആശംസിച്ചു.

ചടങ്ങുകളിൽ ലിയോ പാപ്പാ, സാന്ത് എജീദിയോ സമൂഹത്തിന്റെ നേതൃത്വം വഹിക്കുന്ന അന്ത്രെയാ റിക്കാർദി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഒക്‌ടോബർ 2025, 13:38