സ്വാതന്ത്രക്കപ്പെട്ട വൈദികർ (മധ്യത്തിൽ) സ്വാതന്ത്രക്കപ്പെട്ട വൈദികർ (മധ്യത്തിൽ) 

ബെലാറുസിൽ തടവിലായിരുന്ന രണ്ട് കത്തോലിക്കാ വൈദികർ സ്വാതന്ത്രരാക്കപ്പെട്ടു

വിവിധ കാരണങ്ങളാൽ ബെലാറൂസിൽ തടവിലടയ്ക്കപ്പെട്ടിരുന്ന ഫാ. ഹെൻറിക് അകലോതോവിച്ചും ഫാ. അന്ദ്രേ യൂക്നിയേവിച്ചും സ്വാതന്ത്രരാക്കപ്പെട്ടു. ഇരുവരുടെയും സ്വാതന്ത്ര്യത്തിന് പിന്നിൽ പ്രവർത്തിച്ച പരിശുദ്ധ സിംഹാസനത്തിനുൾപ്പെടെ നന്ദി പറഞ്ഞ് ബെലാറുസിലെ മെത്രാൻസമിതി. പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ക്‌ളൗദിയോ ഗുജറോത്തി കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്തെത്തിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ബെലാറൂസ് സർക്കാർ തടവിലാക്കിയിരുന്ന രണ്ട് കത്തോലിക്കാ വൈദികർ സ്വാതന്ത്രരാക്കപ്പെട്ടതായി രാജ്യത്തെ കത്തോലിക്ക മെത്രാൻസമിതിയുടെ പ്രെസ് ഓഫീസ് അറിയിച്ചു. ഇരുവരുടെയും സ്വാതന്ത്ര്യത്തിലേക്കുള്ള നടപടികൾക്ക് പിന്നിൽ പ്രവർത്തിച്ച ഏവർക്കും, പ്രത്യേകിച്ച് പരിശുദ്ധ സിംഹാസനത്തിന് മെത്രാൻസമിതി നന്ദി പ്രകടിപ്പിച്ചു. വാലോസിനിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഇടവക വികാരി ഫാ. ഹെൻറിക് അകലോതോവിച് (Fr. Henryk Akalotovich), അമലോത്ഭവമാതാവിന്റെ പേരിലുള്ള സന്ന്യാസസമൂഹാംഗവും (OMI), ഷുമിലിനോയിലുള്ള ഫാത്തിമ തീർത്ഥാടനകേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചിരുന്നയാളുമായ ഫാ. അന്ദ്രേ യൂക്നിയേവിച് (Fr. Andrzej Yuchniewicz) എന്നീ വൈദികരെയാണ് സർക്കാർ സ്വാതന്ത്രരാക്കിയത്.

ബെലാറൂസും അമേരിക്കയും തമ്മിലുള്ള സംവാദങ്ങൾ പുനഃരാരംഭിച്ചതിലും, പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടതിലും ബെലാറൂസ് മെത്രാൻസമിതി സന്തോഷം പ്രകടിപ്പിച്ചു. പരിശുദ്ധ പിതാവിന്റെ പ്രതിനിധി എന്ന നിലയിൽ, പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ക്‌ളൗദിയോ ഗുജറോത്തി രാജ്യം സന്ദർശിച്ചതും, ഇരു രാജ്യങ്ങളും തമ്മിൽ കരാറുകളിലെത്തിയതും മെത്രാൻസമിതി പ്രത്യേകം എടുത്തുപറഞ്ഞു.

കരുണയുടെയും, പരിശുദ്ധ പിതാവിനോടുള്ള ബഹുമാനത്തിന്റെയും അടയാളമായാണ് ബെലാറൂസ് പ്രസിഡന്‍റ്, തടവിലായിരുന്ന രണ്ട് വൈദികരെ വിട്ടയക്കാൻ തീരുമാനിച്ചതെന്ന് മെത്രാൻസമിതി തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. രാജ്യത്തെ കത്തോലിക്കാസഭയും ജൂബിലി ആഘോഷങ്ങളിലാണെന്ന് അറിയിച്ച സഭാനേതൃത്വം, ജൂബിലിയുടെ അവസരത്തിൽ “സ്‌പേസ് നോൺ കൊൺഫൂന്തിത്” എന്ന ബൂളയിലൂടെ, സഭ 2025-ൽ ക്ഷമയുടെ ഒരു സമയം ജീവിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ എഴുതിയത് പ്രത്യേകം അനുസ്മരിച്ചു.

ബെലാറൂസിലെ സന്ന്യസ്തസമൂഹങ്ങളുടെ സുപ്പീരിയർ ജനറൽമാരുടെ കോൺഫറൻസിന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്നു ഫാ. അന്ദ്രേ യൂക്നിയേവിച്. 2024 മെയ് എട്ടാം തീയതി, രാഷ്ട്രീയ കാരണങ്ങളാലാണ് അദ്ദേഹം അറസ്റ് ചെയ്യപ്പെട്ടത്. പിന്നീട് അട്ടിമറി, ക്രിമിനൽ കുറ്റങ്ങൾ ആരോപിക്കപ്പെട്ട അദ്ദേഹത്തിന് 2025 ഏപ്രിൽ 30-ന് 13 വർഷത്തേക്ക് തടവ് ശിക്ഷ വിധിക്കപ്പെട്ടിരുന്നു.

ബെലാറൂസിൽ ജനിച്ചതും പോളണ്ടിൽ വേരുകളുമുള്ള ഫാ. അകലോതോവിച് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട 1984 മുതൽ, വാലോസിനിലെ ഇടവകയിൽ സേവനമനുഷ്ഠിച്ചു വരവെ, 2023 നവംബർ 16-നാണ് അറസ്റ് ചെയ്യപ്പെട്ടത്.

ബെലാറൂസിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് ഇഞ്ഞാസിയോ ചെഫാലിയ (H.E. Msgr. Ignazio Ceffalia), മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് യോസിഫ് സ്തനേവ്സ്‌കി (H.E. Msgr. Iosif Stanevsky) എന്നിവരും ഇരുവൈദികരുടെയും സ്വാതന്ത്ര്യത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 നവംബർ 2025, 14:54