ദാരിദ്ര്യത്തിന്റെ യഥാർത്ഥ മുഖം ദാരിദ്ര്യത്തിന്റെ യഥാർത്ഥ മുഖം  

ദരിദ്രരെ സഹായിക്കുന്നത് ക്രിസ്തുസ്നേഹത്തോട് പ്രതികരിക്കാനുള്ള ഒരു മാർഗ്ഗമാണ്

ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te)എന്ന ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെഎട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. ആഗോളതലത്തിൽ അനുഭവിക്കുന്ന ദാരിദ്ര്യാവസ്ഥയെ പാപ്പാ ചൂണ്ടിക്കാണിക്കുകയും, ഈ വിഭാഗത്തിനുവേണ്ടി കരുതലോടെ പ്രവർത്തിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ദൈവരാജ്യത്തിലെ ദരിദ്രരുടെ പ്രാധാന്യം കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ ഒരു അടിസ്ഥാന ശിലയാണ്. സഭയുടെ പാരമ്പര്യത്തിൽ, ദരിദ്രരെ "ക്രിസ്തുവിന്റെ പ്രത്യേക പ്രതിനിധികൾ" എന്നും "സഭയുടെ നിധി" എന്നും വിശേഷിപ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ, യേശുക്രിസ്തു തനിക്ക് ചുറ്റുമുള്ളവരോട് ദരിദ്രരെ സഹായിക്കാൻ ആഹ്വാനം ചെയ്യുന്നു, ഇത് ദൈവത്തിലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന പ്രകടനമായി ഉയർത്തിക്കാട്ടുന്നു. മത്തായിയുടെ സുവിശേഷം 25:40-ൽ യേശുവിന്റെ വാക്കുകൾ ഈ പ്രബോധനത്തിന്റെ കാതൽ വ്യക്തമാക്കുന്നു: "നിങ്ങൾ എന്റെ ഈ ഏറ്റവും ചെറിയ സഹോദരങ്ങളിൽ ഒരുവന് ചെയ്തപ്പോഴെല്ലാം അത് എനിക്കാണ് ചെയ്തത്." ഈ വാക്കുകൾ ഓരോ വിശ്വാസിക്കും ദരിദ്രരിൽ ക്രിസ്തുവിനെ കാണാനും അവർക്ക് ശുശ്രൂഷ ചെയ്യാനും ഒരു ആഹ്വാനമാണ്.

കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് ദരിദ്രർ ദൈവരാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്നാണ്. ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ, സഭയും അതിലെ അംഗങ്ങളും ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വെറുമൊരു സാമൂഹിക സേവനം എന്നതിലുപരി, നമ്മുടെ വിശ്വാസത്തിന്റെ ആഴത്തിലുള്ള പ്രകടനമാണ്. ദരിദ്രരെ പരിപാലിക്കുകയും അവർക്ക് നീതി ഉറപ്പാക്കുകയും ചെയ്യുക എന്നത് സുവിശേഷത്തിന്റെ കാതലായ സന്ദേശങ്ങളിലൊന്നാണ്. ഈ ദൗത്യം വ്യക്തിപരമായ തലത്തിലും സാമൂഹിക തലത്തിലും സഭയെ പ്രചോദിപ്പിക്കുന്നു, കാരണം ദാരിദ്ര്യം ഒരു വ്യക്തിഗത പ്രശ്നം മാത്രമല്ല, ഘടനാപരമായ അനീതികളുടെയും ഫലമാണ്.

വർദ്ധിച്ചുവരുന്ന ദാരിദ്ര്യം: ആഗോള വെല്ലുവിളി

ലോകമെമ്പാടുമുള്ള ദരിദ്രരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു ആഗോള വെല്ലുവിളിയാണ്. സാമ്പത്തിക അസമത്വങ്ങൾ, യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, ആരോഗ്യ പ്രതിസന്ധികൾ തുടങ്ങിയ നിരവധി കാരണങ്ങൾ ദാരിദ്ര്യം വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, കത്തോലിക്കാ സഭയ്ക്ക് ദാരിദ്ര്യത്തിനെതിരെ പോരാടാനും ആവശ്യമുള്ളവരെ സഹായിക്കാനും ഒരു പ്രധാന ദൗത്യമുണ്ട്. ഇത് വെറുമൊരു ചാരിറ്റി പ്രവർത്തനം എന്നതിലുപരി, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള ഒരു പോരാട്ടമാണ്. സഭയുടെ സാമൂഹിക പ്രബോധനങ്ങൾ ദാരിദ്ര്യത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യാനും ഘടനാപരമായ മാറ്റങ്ങൾ വരുത്താനും ആഹ്വാനം ചെയ്യുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ, ദരിദ്രരെ സഹായിക്കുന്നത് ദൈവത്തെ പ്രീതിപ്പെടുത്തുന്ന ഒരു പ്രവൃത്തിയാണെന്ന് പറയുന്നു. "ദരിദ്രരെ പരിപാലിക്കുന്നവൻ കർത്താവിന് കടം കൊടുക്കുന്നു, അവൻ ചെയ്തതിന് അവൻ പ്രതിഫലം നൽകും" എന്ന് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ദരിദ്രരോടുള്ള നമ്മുടെ കടമയെ മാത്രമല്ല, അത്തരം പ്രവൃത്തികളിലൂടെ ലഭിക്കുന്ന ആത്മീയ പ്രതിഫലത്തെയും ഓർമ്മിപ്പിക്കുന്നു. ദരിദ്രരെ സഹായിക്കുന്നതിലൂടെ, നാം ദൈവത്തോട് നമ്മുടെ സ്നേഹം പ്രകടിപ്പിക്കുകയും അവന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്നു. ഇത് ഓരോ വിശ്വാസിക്കും ആത്മീയ വളർച്ചയ്ക്കുള്ള ഒരു വഴിയാണ്.

കത്തോലിക്കാ സഭയുടെ ദൗത്യം: ദരിദ്രർക്ക് വേണ്ടിയുള്ള കരുതൽ

ദരിദ്രരെ സഹായിക്കേണ്ടത് നമ്മുടെ ധാർമ്മിക ഉത്തരവാദിത്തമാണ്. മത്തായി 22:39-ൽ യേശു പറയുന്നതുപോലെ, "നിങ്ങളുടെ അയൽക്കാരനെ നിങ്ങളെപ്പോലെ സ്നേഹിക്കുക." ഈ കല്പന ദരിദ്രരോടുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനമാണ്. ദാരിദ്ര്യം ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്. സഭ ഈ ദൗത്യം ഏറ്റെടുക്കുകയും ദരിദ്രരെ സഹായിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലൂടെയും, ആരോഗ്യ പരിരക്ഷയിലൂടെയും, ഉപജീവന മാർഗ്ഗങ്ങൾ ഒരുക്കുന്നതിലൂടെയും സഭ ദരിദ്രരുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തുന്നു.

ദരിദ്രരെ സഹായിക്കേണ്ടത് കത്തോലിക്കാ സഭയുടെ പ്രധാന ദൗത്യമാണ്. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം, ദരിദ്രരെ സഹായിക്കുന്നത് ഒരു തിരഞ്ഞെടുപ്പോ കടമയോ മാത്രമല്ല, ക്രിസ്തുവിന്റെ സ്നേഹത്തോട് പ്രതികരിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. ഓരോ വിശ്വാസിയും തങ്ങളാൽ കഴിയുന്ന വിധത്തിൽ ഈ ദൗത്യത്തിൽ പങ്കുചേരണം. ദരിദ്രരെ സഹായിക്കുന്നതിൽ സഭയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ദാരിദ്ര്യം ഇല്ലാതാക്കാനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ഇത് ഒരു ആത്മീയ യാത്രയാണ്, ക്രിസ്തുവിനെ അനുഗമിക്കുന്നതിനുള്ള ഏറ്റവും യഥാർത്ഥമായ മാർഗ്ഗങ്ങളിലൊന്നാണ്.

ഈ ആശയങ്ങളാണ്, ദരിദ്രരുടെ നിലവിളി എന്ന  ശീർഷകത്തോടെ, എട്ടു മുതലുള്ള ഖണ്ഡികകളിൽ, ദിലെക്സി തെ പ്രബോധനം മുൻപോട്ടു വയ്ക്കുന്ന ആശയങ്ങൾ.

ദരിദ്രരുടെ നിലവിളി

പാവങ്ങളുടെ കണ്ണുനീരിനു സ്വർഗം പോലും തുറക്കുവാനുള്ള കരുത്തുണ്ടെന്നു താൻ വിശ്വസിക്കുന്നതായും, നമ്മുടെ മുൻപിൽ കൈനീട്ടുന്നവന്റെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് അവന്റെ അഭിമാനം ഹനിക്കാതെ അവന്റെ ജീവിതത്തിൽ ഇടപെടുവാൻ, അവന്റെ ഉള്ളിലെ ദൈവസാന്നിധ്യത്തെ തിരിച്ചറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും  കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, തന്റെ വചനസന്ദേശത്തിൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനം, തങ്ങളുടെ വിമോചനത്തിനായി യഹോവയെ വിളിച്ചു കരഞ്ഞപ്പോഴാണ് സ്വർഗ്ഗം തുറക്കപ്പെട്ടത്. കത്തുന്ന മുൾപടർപ്പിൽ മോശയ്ക്ക് ദൈവം നൽകിയ വെളിപ്പെടുത്തൽ, " എന്റെ ജനത്തിന്റെ നിലവിളി ഞാൻ ശ്രവിച്ചിരിക്കുന്നു" എന്നാണ്.

ഇപ്രകാരം ഓരോ വ്യക്തിയെയും, അവന്റെ ദുർബലതയിൽ വ്യക്തിപരമായി അറിയുകയും സഹായിക്കുകയും ചെയ്യുന്നവനാണ് കർത്താവ്. എന്നാൽ ദൈവം നേരിട്ട് ഇറങ്ങി വന്നു ആയിരിക്കില്ല, മറിച്ച് ദൈവം അതിനു ആളുകളെ തിരഞ്ഞെടുക്കുകയും, അപ്രകാരം ദൈവീക സാന്നിധ്യം നിലവിളിക്കുന്നവർക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതിനാൽ, ദരിദ്രരുടെ നിലവിളി കേട്ടുകൊണ്ട്, തന്റെ മക്കളുടെ ആവശ്യങ്ങൾക്കായി കരുതുന്ന ദൈവത്തിന്റെ ഹൃദയവുമായി നാം താദാത്മ്യം പ്രാപിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. എന്നാൽ ബോധപൂർവം ഇവയോട് നിസ്സംഗത പുലർത്തുകയാണെങ്കിൽ, നാം പാപം ചെയ്യുന്നുവെന്നും ഗൗരവമായി പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു.

ദരിദ്രരുടെ ദുരവസ്ഥ നമുക്ക് നേരെയുള്ള വെല്ലുവിളിയാണ്

ദരിദ്രരുടെ ദുരവസ്ഥ മനുഷ്യചരിത്രത്തിലുടനീളം നമ്മുടെ ജീവിതങ്ങളെയും, സമൂഹങ്ങളെയും, രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥകളെയും, പ്രത്യേകിച്ച് സഭയെയും നിരന്തരം വെല്ലുവിളിക്കുന്ന ഒന്നാണെന്ന് പറയുന്നതോടൊപ്പം, ഈ വേദനിക്കുന്നവരുടെ മുറിവുകളിൽ യേശുവിന്റെ തിരുമുറിവുകൾ കാണുവാനും,  ആർദ്രതയോടെ അവരെ സേവിക്കുവാനും പാപ്പാ ഏവരെയും ക്ഷണിക്കുന്നു.

അതായത് വേദനിക്കുന്നവർക്കൊപ്പം പങ്കുചേരുന്ന ഒരു ദൈവത്തെയും, ആ ദൈവത്തിന്റെ കരങ്ങളാകുവാൻ ഏവരെയും പാപ്പാ ഇവിടെ ക്ഷണിക്കുന്നു. ധാർമ്മികവും ആത്മീയവുമായ ദാരിദ്ര്യം, സാംസ്കാരിക ദാരിദ്ര്യം, വ്യക്തിപരമോ സാമൂഹികമോ ആയ ബലഹീനതയോ ദുർബലതയോ ഉള്ള അവസ്ഥയിൽ കഴിയുന്നവരുടെ ദാരിദ്ര്യം ഇങ്ങനെ ദാരിദ്ര്യത്തിന്റെ വിവിധ മുഖങ്ങളും പാപ്പാ പരിചയപ്പെടുത്തുന്നു. ആയതിനാൽ, സാമ്പത്തികമായ പങ്കുവയ്ക്കൽ മാത്രമല്ല, ചെറിയ പുഞ്ചിരി പോലും അപരന്റെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുവാൻ ഉതകുമെന്നും പാപ്പാ പഠിപ്പിക്കുന്നു. ഇത്തരം പ്രവർത്തങ്ങൾക്കുള്ള ആഹ്വാനങ്ങൾ നിരവധിയുണ്ടെങ്കിലും, അവയെ പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിനുള്ള അമാന്തം പാപ്പാ എടുത്തുപറയുന്നു.

ഐക്യരാഷ്ട്രസഭ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളിൽ ഒന്നായി ദാരിദ്ര്യ നിർമാർജനം സ്ഥാപിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ അവ എത്രയും വേഗം നടപ്പിലാക്കുവാനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്നുള്ള അഭ്യർത്ഥനയും പാപ്പാ നൽകുന്നു.

നിശ്ശബ്ദരാക്കപ്പെടുന്ന ജനവിഭാഗം

സാമ്പത്തികത്തിന്റെ അസന്തുലിതാവസ്ഥയും പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദരിദ്രർ വർദ്ധിച്ചുവരുന്ന ഒരു ലോകത്ത്, വളരെ സുഖകരവും ആഡംബരപൂർണ്ണവുമായ സാഹചര്യങ്ങളുടെ ഒരു കുമിളയിൽ ജീവിക്കുന്ന ആളുകൾ ആശങ്കയുണർത്തുന്നുവെന്നും, ഇത് ആഗോള തലത്തിൽ നിലനിൽക്കുന്ന ഒരു വിരോധാഭാസം ആണെന്നു അടിവരയിടുകയും ചെയ്യുന്നു. ദരിദ്രരോടുള്ള ഒരു നിസ്സംഗത, ഇന്നത്തെ ലോകത്തിന്റെ വലിയൊരു വേദനയാണ്. വാർത്തകളിൽ പോലും ഇത്തരം ആളുകൾ അപ്രസക്തരാകുമ്പോൾ, നിശബ്ദതയുടെ ആഴങ്ങളിലേക്ക് ഇത്തരം ആളുകൾ  തഴയപ്പെടുന്നുവെന്നതും, വെളിവാക്കപ്പെട്ട സത്യമാണ്. എന്നാൽ എവിടെയെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോൾ, പെട്ടെന്നുള്ള ഒരു ആവേശവും, ആരവവും ഒഴിച്ചാൽ, പിന്നീട് ഈ ആളുകളെ മറന്നു പോകുന്ന ഒരു പ്രവണതയാണ് ഇന്ന് നിലനിൽക്കുന്നതെന്നും പാപ്പാ അടിവരയിടുന്നു.

ദരിദ്രർക്കുവേണ്ടി ക്രൈസ്തവർ ജാഗരൂകരാകണം

ദാരിദ്ര്യത്തിന്റെ കാര്യത്തിൽ നാം ജാഗ്രത കുറയ്ക്കരുത്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം മൂലം നിരവധി ആളുകൾ കടന്നുപോകുന്ന ഈ  ദുരിതപൂർണ്ണമായ അവസ്ഥയെക്കുറിച്ച് വ്യക്തിപരമായി നമുക്ക് ആശങ്കകൾ തോന്നുമ്പോഴാണ് യഥാർത്ഥത്തിൽ സാഹോദര്യത്തിന്റെ മനോഹാരിത മനസിലാക്കുവാനും, അനുഭവിക്കുവാനും, വേദനകൾ പങ്കുവയ്ക്കുവാനും നമുക്ക് സാധിക്കുന്നത്. യൂറോപ്യൻ നാടുകളിൽ പോലും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാടുപെടുന്ന കുടുംബങ്ങളെ പാപ്പാ പരിചയപ്പെടുത്തുന്നുണ്ട്, ഇത് ദാരിദ്ര്യത്തിന്റെ ആഗോള പ്രതിഭാസത്തെ അടിവരയിടുവാൻ കൂടിയാണ്പറയുന്നത്. ലിംഗത്തിന്റെയും, കഴിവുകളുടെയും, സാമ്പത്തികത്തിന്റെയും, സാമൂഹിക സാഹചര്യങ്ങളുടെയും പേരിലുള്ള അസമത്വങ്ങൾ ഒഴിവാക്കുവാൻ കൂട്ടായ്മയുടെ ശക്തിയെയും പാപ്പാ ആഹ്വാനം ചെയ്യുന്നു.

ഇക്കഴിഞ്ഞ ഖണ്ഡികകളിൽ പാപ്പാ വളരെ വ്യക്തമായി അവതരിപ്പിക്കുന്നത്, ദാരിദ്ര്യം എന്ന മഹാവിപത്തിനെയാണ്. വിശപ്പിന്റെ വിലയറിയണമെങ്കിൽ, അത് പട്ടിണി കിടന്നിട്ടുള്ള ഒരാളോട് ചോദിക്കണം എന്നാണ് പറയുക. ഇപ്രകാരം, ലോകം മുഴുവൻ ദാരിദ്ര്യമനുഭവിക്കുന്നവർക്കുവേണ്ടി, ഒരു പിതാവിനടുത്ത വാത്സല്യത്തോടെയാണ്, പാപ്പാ, ഏവരുടെയും സഹകരണം ആവശ്യപ്പെടുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 നവംബർ 2025, 13:39