യേശുവിന്റെ രാജത്വം സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ഭരണമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സീറോ മലബാർ സഭ ആരാധനക്രമം പള്ളികൂദാശക്കാലം നാലാം ഞായറാഴ്ച്ചയിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. ഈ ഒരു കാലത്തോടെയാണ്, ആരാധന വത്സരം പൂർത്തിയാക്കി , വീണ്ടും കർത്താവിന്റെ വരവിനു വേണ്ടി വിശ്വാസികളെ ഒരുക്കുന്ന മംഗളവാർത്തക്കാലത്തേക്ക് പ്രവേശിക്കുന്നത്. ഈ ഞായറാഴ്ച്ചയിൽ സഭാമാതാവ്, മിശിഹായുടെ രാജത്വ തിരുനാൾ സമുചിതം ആഘോഷിക്കുകയാണ്. മംഗലവാർത്താക്കാലം തുടങ്ങുന്നതിനു മുന്നോടിയായി ഈ തിരുനാൾ ആഗോളസഭയിൽ ആഘോഷിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്നു നമ്മിൽ പലരും ആലോചിച്ചേക്കാം. ഏതൊരു രാജാവിന്റെ അഭിഷേകത്തിനു മുൻപും എപ്രകാരമുള്ള രാജാവാണ് വരാൻ പോകുന്നതെന്ന ഒരു ജിജ്ഞാസ മാനുഷികമാണ്.
ഇപ്രകാരം നമ്മുടെ അനുദിനജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളെ പറ്റി അറിയുവാനുള്ള താത്പര്യവും ആകാംക്ഷയും ആ വ്യക്തിയിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുന്നു അല്ലെങ്കിൽ അകറ്റുന്നു. ഇത് ഒരു പക്ഷെ നമ്മുടെ നാടിൻറെ വർത്തമാനസംഭവങ്ങളിൽ ഏറെ വ്യക്തമാണ്. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് നമ്മുടെ നാട് മുഴുവൻ. പലവർണ്ണ കൊടികളും, പല സ്ഥാനാർത്ഥികളും, പല രാഷ്ട്രീയപാർട്ടികളും അനുദിനം നമ്മുടെ ഭവനങ്ങളിൽ സന്ദർശനം നടത്തിവരുന്നു. എല്ലാവർക്കും ജയിക്കുവാനോ, എല്ലാവരും തിരഞ്ഞെടുക്കപ്പെടുവാനോ ഉള്ള സാധ്യതകൾ ഇല്ലാത്തതുകൊണ്ട്, ഓരോ സ്ഥാനാർത്ഥിയെപ്പറ്റിയും, അവർ ചെയ്യുവാൻ പോകുന്ന കാര്യങ്ങളെ പറ്റിയാലോചിച്ചുകൊണ്ടാണ്, നാം അവർക്കുവേണ്ടി വോട്ടു ചെയ്യുവാൻ പോകുന്നത്. ചിലപ്പോൾ സങ്കൽപ്പങ്ങളിൽ നാം കണ്ട ആളായിരിക്കണമെന്നില്ല, പിന്നീട് നമ്മുടെ സമൂഹത്തിൽ തിരഞ്ഞെടുക്കപ്പെട്ടു കഴിയുമ്പോൾ പ്രവർത്തിക്കുന്നത്. യേശുവിന്റെ രാജത്വതിരുനാൾ ആഘോഷിക്കുമ്പോൾ, ഇതുപോലെ ഇസ്രായേൽ ജനത, അധികാരത്തിന്റെ മധ്യത്തിൽ, ചെങ്കോലും കിരീടവും ധരിച്ച ഒരു രാജാവിനെ പ്രതീക്ഷിച്ചിരുന്നപ്പോൾ, പുൽക്കൂട്ടിൽ, പിറക്കുകയും, അവസാനം കുരിശിൽ മരിക്കുകയും ചെയ്ത ഒരു രാജാവിനെ പറ്റി ചിന്തിക്കാൻ പോലും ആളുകൾക്ക് സാധിക്കുമായിരുന്നില്ല. അതിനാൽ, യേശുവിന്റെ രാജത്വത്തിന്റെ വ്യതിരിക്തതയെക്കുറിച്ചാണ് ഇന്നത്തെ വായനകൾ എടുത്തു പറയുന്നത്.
ഈ ലോകചരിത്രത്തിൽ പല ചിത്രകാരന്മാരുടെ ഭാവനയിലും,ധ്യാനത്തിലും വിരിഞ്ഞ മിശിഹായുടെ ഓരോ ചിത്രങ്ങളും അവന്റെ മനുഷ്യത്വത്തിന്റെ ഓരോ വ്യത്യസ്ത മുഖങ്ങളാണ്.നല്ല ഇടയൻ,മലയിലെ പ്രാർത്ഥന,രോഗികളെ സുഖപ്പെടുത്തുന്നവൻ,കുഞ്ഞുങ്ങളെ കൈയിൽ എടുക്കുന്നവൻ,ശിഷ്യന്മാരുടെ കൂടെ ആയിരിക്കുന്നവൻ,പുൽക്കൂട്ടിൽ പിറന്നവൻ,തിരുക്കുടുംബത്തിന്റെ മധ്യത്തിൽ നിൽക്കുന്നവൻ,അപ്പനെ തന്റെ ജോലിയിൽ സഹായിക്കുന്നവൻ,കുരിശിൽ മരണം വഹിക്കുന്നവൻ, അങ്ങനെ എണ്ണിത്തിട്ടപെടുത്താൻ വയ്യാത്തവണ്ണം നീണ്ടുപോകുന്നു ഈ ചിത്രങ്ങളുടെ എണ്ണം. ഇപ്രകാരം വരയ്ക്കപ്പെട്ടവയിൽ ഒന്നാണ് ക്രിസ്തുവിന്റെ രാജത്വം മനുഷ്യർക്ക് വെളിവാക്കികൊടുക്കുന്ന സിംഹാസനത്തിൽ ഉപവിഷ്ടനായി കിരീടവും ചെങ്കോലും അണിഞ്ഞ യേശുവിന്റെ ചിത്രം.ഒരുപക്ഷെ നമ്മുടെ ഉള്ളിൽ ഒരു ചോദ്യം അവശേഷിപ്പിക്കുന്ന തരത്തിലും ആ ചിത്രം മാറിയേക്കാം.കുരിശിലേറി മരിച്ചവൻ എപ്പോഴാണ് ചെങ്കോലേന്തിയത്?മുൾമുടി ധരിപ്പിക്കപ്പെട്ട് അപമാനിതനാക്കപ്പെട്ട യേശുവിന്റെ ശിരസ്സിലെപ്പോഴാണ് മിന്നുന്ന കിരീടം വയ്ക്കപ്പെട്ടത്?അവസാനതുള്ളി രക്തം വരെ മനുഷ്യന് വേണ്ടി ചിന്തിയ അവന്റെ ശരീരം എപ്പോഴാണ് പടച്ചട്ട അണിഞ്ഞത്?
ഇവിടെയാണ് മിശിഹായുടെ രാജത്വത്തിന്റെ വ്യതിരിക്തത ഇന്നത്തെ വായനകൾ നമുക്ക് വെളിവാക്കിത്തരുന്നത്.
ദൈവത്തിനു ആലയം പണിയുന്നതിനുള്ള ദാവീദ് രാജാവിന്റെ വലിയ ആഗ്രഹം സോളമനിലൂടെ പൂർത്തിയാക്കുന്നതാണ് ഇന്നത്തെ ആദ്യ വായനയുടെ സന്ദർഭം. എന്നാൽ ദേവാലയത്തിന്റെ പ്രാധാന്യം, പണിതുയർത്തിയ കെട്ടിടത്തിന്റെ ഭംഗിയിലല്ല, മറിച്ച് ആരാധകരുടെ കൂട്ടായ്മയിലും, ദൈവത്തിന്റെ കല്പനയനുസരിച്ചുള്ള ജീവിതത്തിലും ആണെന്ന് ഇന്നത്തെ ആദ്യ വായന അടിവരയിടുന്നു. മഹത്തായ ഒരു ദേവാലയം ഉണ്ടെന്നു പറയുന്നതുകൊണ്ട് മാത്രം ദൈവത്തിന്റെ സാന്നിധ്യം ജനമധ്യേ ഉണ്ടാകും എന്ന ഇന്നത്തെ കാഴ്പ്പാടുകളെക്കൂടി തിരുത്തുന്നതാണ് ഈ വചനഭാഗം.
ദൈവസ്തുതിക്കും ആരാധനക്കുമായി ആലയങ്ങൾ പണിയുന്ന പതിവ് മനുഷ്യർ എക്കാലത്തും അനുഷ്ഠിച്ചുപോന്നിട്ടുണ്ട്. പുരാതന ലോകത്തിലെ അത്ഭുതങ്ങൾ പലതും ദേവാലയങ്ങളുമായി ബന്ധപ്പെടുത്തി പണിതീർത്തിട്ടുള്ള കെട്ടിടങ്ങളും സംവിധാനങ്ങളുമാണ്.
ഏറ്റവും നല്ലതും വിശിഷ്ടവുമായത് ദൈവത്തിന് എന്ന ചിന്തയാണ് മനോഹരങ്ങളായ ആലയങ്ങൾ ദൈവാരാധനയ്ക്കായി പണിചെയ്യാൻ മനുഷ്യനെ പ്രേരിപ്പിച്ചിട്ടുള്ളത്. എന്നാൽ ദേവാലയങ്ങൾ പണിതുയർത്തിയതു കൊണ്ടു മാത്രം മനുഷ്യൻ ദൈവത്തോട് അടുക്കണമെന്നില്ല, അതായത് യഥാർത്ഥ ആലയം ക്രിസ്തു തന്നെയാണെന്ന് തിരിച്ചറിയുമ്പോഴാണ്, മഹത്വം കർത്താവിൽ കാണുവാനും, ആ മഹത്വത്തിൽ പങ്കുചേരുവാനും നമുക്ക് സാധിക്കുന്നത്. യേശുവിന്റെ രാജത്വം നമ്മുടെ ജീവിതത്തിൽ മനസ്സിലാകണമെങ്കിൽ, ഭൗതീകമായ മനോഹാരിതയ്ക്കുമപ്പുറം, തന്റെ മരണത്തിലൂടെയും, പുനരുത്ഥാനത്തിലൂടെയും നമ്മെ സ്വർഗീയ മഹത്വത്തിലേക്ക് പ്രവേശിപ്പിക്കുന്ന, അവന്റെ വിളിക്ക് നാം കാതോർക്കണം. ഇതാണ് ഹെബ്രായർക്ക് എഴുതപെട്ട ലേഖനം നമ്മെ ഓർമ്മിപ്പിക്കുന്നത്.
പുതിയ ഉടമ്പടിയുടെ മധ്യസ്ഥനാണ് ക്രിസ്തു. ഹോമയാഗങ്ങളുടെ രക്തം കൊണ്ടല്ല, മറിച്ച് നമ്മുടെ പാപങ്ങളുടെ മോചനത്തിനായി ചൊരിയപ്പെട്ട സ്വന്തം രക്തം കൊണ്ടാണ് ഈ ഉടമ്പടി ക്രിസ്തു പൂർത്തീകരിക്കുന്നത്. ഈ ഉടമ്പടിയിലേക്കുള്ള വിളിക്ക് നാം കാതോർക്കുകയും ഉത്തരം നൽകുകയും ചെയ്യുമ്പോൾ, ക്രിസ്തുവിന്റെ രാജത്വത്തിൽ പങ്കുചേരുവാൻ ആത്മീയമായി ഒരുങ്ങുവാൻ നമുക്ക് സാധിക്കും. ഒരിക്കൽ മാത്രമുള്ള ബലിയാൽ തന്റെ ജനതയെ മുഴുവൻ പാപത്തിൽ നിന്നും രക്ഷിക്കുവാൻ മനസു കാണിക്കുകയും, അപ്രകാരം നിത്യരക്ഷ സമ്മാനിക്കുകയും ചെയ്ത ക്രിസ്തുവാണ് യഥാർത്ഥ രാജാവാണെന്നുള്ളതിന് വചനം മുഴുവൻ സാക്ഷ്യം നൽകുന്നു.
ക്രിസ്തുവിന്റെ രാജകീയത്വത്തെ പറ്റിയുള്ള തെറ്റായ ചിന്തകൾ ചരിത്രത്തിലെന്നും പ്രചരിക്കപ്പെട്ടിട്ടുള്ളതാണ്.ഇന്നും, വേദനകളെയും, കുരിശിനെയും മറന്നു കൊണ്ട്, ക്രിസ്തുവിന്റെ രാജകീയത്വത്തെപ്പറ്റി ചിന്തിക്കുന്നവർ ധാരാളമുണ്ട്. ഇപ്രകാരമുള്ള ചിന്തകളെ പുറത്തേക്ക് കൊണ്ടുവരുവാൻ ഉതകുംവണ്ണമുള്ള ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷഭാഗം ആരംഭിക്കുന്നത്. "ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്?", ഇതിനു അവർ നൽകുന്ന ഉത്തരം: ദാവീദിന്റേത് എന്നാണ്. യേശുവിനെ കുടുക്കുവാൻ നേതാക്കളുടെ തുടർച്ചയായ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ ഉത്തരവും. എന്നാൽ ഈ ഉത്തരത്തിനു യേശു ചോദിക്കുന്ന മറുചോദ്യം ഏറെ പ്രസക്തമാണ്. "അങ്ങനെയെങ്കില്‍ ദാവീദ് ആത്മാവിനാല്‍ പ്രചോദിതനായി അവനെ കര്‍ത്താവ് എന്നു വിളിക്കുന്നതെങ്ങനെ? അവന്‍ പറയുന്നു: കര്‍ത്താവ് എന്‍െറ കര്‍ത്താവിനോടരുളിച്ചെയ്തു: ഞാന്‍ നിന്‍െറ ശത്രുക്കളെ നിന്‍െറ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്‍െറ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക. ദാവീദ് അവനെ കര്‍ത്താവേ എന്നുവിളിക്കുന്നുവെങ്കില്‍ അവന്‍ അവന്‍െറ പുത്രനാകുന്നതെങ്ങനെ?". ഈ മറുചോദ്യമാണ്: മാനുഷികമായതും, അടഞ്ഞതും, പരിമിതവുമായ ഭാവത്തിൽ നിന്നും, ദൈവീകഭാവത്തിലേക്ക് യേശുവിന്റെ ജീവിതത്തെ മനസിലാക്കുവാൻ നമ്മെ സഹായിക്കുന്ന ഘടകം.
മുൻവിധികളാൽ അന്ധരായി പോയി എന്നതാണ് ഫരിസേയരുടെ ഏറ്റവും വലിയ പ്രശ്നം. ദാവീദിന്റെ വംശത്തിൽ മനുഷ്യനായി പിറന്ന ക്രിസ്തു, ദൈവപുത്രന് ആണെന്നുള്ള തിരിച്ചറിവിലേക്ക് വളരുവാൻ ഈ മുൻവിധികൾ അവരെ അനുവദിക്കുന്നില്ല. ആരോഗ്യ സംരക്ഷണ മേഖലയിലെ ധാർമ്മികതയെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുത്തവർക്ക് ലിയോ പതിനാലാമൻ പാപ്പാ നൽകിയ സന്ദേശത്തിൽ, ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനം മുൻവിധികൾ ആണെന്നും, അത് സമൂഹത്തിൽ അനീതിപരമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്നു എടുത്തുപറയുകയുണ്ടായി. അതിനാൽ യേശുവിന്റെ രാജത്വത്തെ മനസിലാക്കണമെങ്കിൽ, ദൈവീക ദാനങ്ങളെ തിരിച്ചറിയുവാൻ ഉതകുന്ന തുറന്ന മനസ് ഏറെ ആവശ്യമെന്ന് ഇന്നത്തെ സുവിശേഷം ചൂണ്ടിക്കാണിക്കുന്നു.
നമുക്കോരോരുത്തർക്കും അവന്റെ രാജ്യത്തിൽ ഒരു സ്ഥാനം ഉറപ്പുനൽകുന്നതാണ് ക്രിസ്തുവിന്റെ രാജത്വം എന്നാൽ ഈ രാജ്യം ലൗകീകമല്ല മറിച്ച് സ്വർഗീയമാണ്.ഈ രാജ്യം സ്വന്തമാക്കുന്നതിന് രാജാവിനെപ്പോലെ സഹനത്തിന്റെയും,വേദനയുടെയും,കുരിശിന്റെയും വഴിയിലൂടെ നടക്കുവാൻ നാമും തയ്യാറാവണം.
കുരിശിന്റെ അൾത്താരയിൽ സമാധാനത്തിന്റെ കളങ്കമില്ലാത്ത ഇരയായി സ്വയം ബലിയർപ്പിച്ച്, മാനുഷിക വീണ്ടെടുപ്പിന്റെ നിഗൂഢത പരിഹരിച്ച" യേശുവിലേക്ക് നമ്മുടെ ദൃഷ്ടി കേന്ദ്രീകരിക്കുമ്പോൾ ഈ ക്രിസ്തുരാജ്യത്തിന്റെ ശാശ്വത സന്തോഷത്തിലേക്ക് നമുക്ക് നടക്കാൻ സാധിക്കും.
ക്രിസ്തുവിന്റെ രാജത്വം നമ്മുടെ അധികാരസീമകളിൽ ക്രൈസ്തവീകത വെളിപ്പെടുത്തുന്ന അവസരങ്ങളായി മാറ്റുവാനും തിരുസഭ നമ്മെ ഓർമ്മിപ്പിക്കുന്നു.ഈ അധികാരവിനിയോഗത്തിന്റെ ക്രൈസ്തവ ഭാവം നാം തുടങ്ങേണ്ടത് നമ്മുടെ കുടുംബങ്ങളിൽനിന്നുമാണ്.നമുക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന ഓരോ ഉത്തരവാദിത്വവും ക്രിസ്തുവിന്റെ രാജത്വത്തിന് തുല്യമായി സ്നേഹത്തിന്റെയും,കരുണയുടെയും,വിനയത്തിന്റെയും നന്മകളിലൂന്നി ചെയ്യുമ്പോഴാണ് നമ്മുടെ വ്യക്തിജീവിതത്തിലും ക്രിസ്തുവിന്റെ രാജ്യം സംസ്ഥാപിക്കപ്പെടുന്നത്. ഇപ്രകാരം ഇന്ന് ലോകത്തിന്റെ രാജാവായ മിശിഹായുടെ തിരുനാൾ ആഘോഷിക്കുന്ന വേളയിൽ അവന്റെ രാജ്യവും രാജത്വവും നമ്മുടെ ജീവിതത്തിലും പൂർത്തീകരിക്കപ്പെടുവാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം ഒപ്പം സഹനത്തിന്റെ വേളകൾ പോലും വിശ്വാസത്തോടെ ജീവിക്കാനുള്ള വിശ്വാസത്തിന്റെ ആഘോഷമായും ഈ തിരുനാൾ മാറട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: