ലിയോ പതിനാലാമന്റെ സന്ദർശനം ലെബനൻ ജനതയ്ക്കു പ്രത്യാശ പ്രദാനം ചെയ്യും: ബെയ്‌റൂട്ടിലെ മാറോനീത്ത ആർച്ചുബിഷപ്പ്
ഇസബെല്ല ദേ കാർവാലോ, വത്തിക്കാൻ ന്യൂസ്
ലെബനനിൽ, കഴിഞ്ഞ ദശകങ്ങളിലെ തുടർച്ചയായ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളുടെ മധ്യത്തിൽ, നവംബർ 30 മുതൽ ഡിസംബർ 2 വരെ ലിയോ പതിനാലാമൻ പാപ്പാ സന്ദർശനം നടത്തുന്നത്, രാഷ്ട്രത്തിനു പ്രത്യാശയുടെ കിരണങ്ങൾ സമ്മാനിക്കുമെന്നും, ലെബനനെ അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രത്തിൽ ഉൾപ്പെടുത്തുമെന്നും, ബെയ്‌റൂട്ടിലെ മാറോനീത്ത ആർച്ചുബിഷപ്പ് പോൾ അബ്‌ദേൽ സാത്തെർ പങ്കുവച്ചു.
പത്രോസിനടുത്ത തന്റെ ശുശ്രൂഷ ആരംഭിച്ച നാൾ മുതൽ ലെബനൻ രാജ്യത്തോട് പാപ്പായ്ക്കുണ്ടായിരുന്ന അതീവ താത്പര്യവും ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. പ്രത്യാശയുടെയും, സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശമാണ് പാപ്പാ രാഷ്ട്രത്തിലേക്കു കൊണ്ടുവരുന്നതെന്നും, സ്നേഹത്തിന്റെ സാക്ഷികളായി തുടരാൻ ഈ സന്ദേശം സഹായകരമാകുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഈ ലോകത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്നും, നിങ്ങളുടെ ബുദ്ധിമുട്ടുകൾ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളാണെന്നും, മറ്റുള്ളവർ എല്ലാ ദിവസവും നിങ്ങളെപ്പറ്റി ചിന്തിക്കുകയും, നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും, നിങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മനസിലാകുമ്പോൾ, ഈ സ്നേഹം നിങ്ങളുടെ ഹൃദയത്തിൽ പ്രത്യാശ നൽകുന്നുവെന്നും അദ്ദേഹം അടിവരയിട്ടു. പരിശുദ്ധ പിതാവിന്റെ സന്ദർശനം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകിയില്ലെങ്കിലും, അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം, ഞങ്ങൾ ഒറ്റക്കല്ല എന്നതിന് സാക്ഷ്യം നൽകുമെന്നും ആർച്ചുബിഷപ്പ് പറഞ്ഞു.
ലെബനനിൽ എന്താണ് സംഭവിക്കുന്നതെന്നും, ലെബനനിലെ ആളുകൾ അനുഭവിക്കുന്ന അനീതിയെക്കുറിച്ചും വെളിച്ചം വീശേണ്ടത് മാധ്യമങ്ങൾ ആണെന്നും, പാപ്പായുടെ സന്ദർശനം, അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം ശുഭപ്രതീക്ഷ പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: