നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു വൈദികർത്ഥി കൂടി കൊല്ലപ്പെട്ടു: ഫീദെസ് ഏജൻസി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നൈജീരിയയിലെ ഔചി (Auchi) രൂപതയിൽനിന്ന് അക്രമികൾ തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരിക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു. എഡോ (Edo) സംസ്ഥാനത്തുള്ള ഇവിയാനോക്പൊടിയിലുള്ള (Ivianokpodi) അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എമ്മാനുവേൽ അലാബി (Emmanuel Alabi) എന്നയാളാണ് കൊല്ലപ്പെട്ടത്. അതേസമയം കൂടെയുണ്ടായിരുന്ന ജോഷ്വാ അലെയോബ്വാ (Joshua Aleobua) എന്ന സെമിനാരിക്കാരൻ സ്വാതന്ത്രനാക്കപ്പെട്ടു. ജൂലൈ 18-ആം തീയതി ജാഫെറ്റ് ജെസ്സെ (Japhet Jesse) എന്ന സെമിനാരിക്കാരൻ സ്വാതന്ത്രനാക്കപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്, ക്രിസ്റ്റഫർ അവനെഗിയെമേ (Christopher Aweneghieme) എന്ന സുരക്ഷപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. ഫീദെസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ നവംബർ അഞ്ചാം തീയതി പുറത്തുവിട്ടത്.
ജൂലൈ പത്താം തീയതി രാത്രിയാണ് സായുധസംഘം അമലോത്ഭവമാതാ സെമിനാരി ആക്രമിച്ച് സെമിനാരിക്കാരെ തട്ടികൊണ്ടുപോയത്. ഇവരിൽ ജൂലൈ പതിനെട്ടിന് ജാഫെറ്റ് ജെസ്സെയും, നവംബർ നാലിന് ജോഷ്വാ അലെയോബ്വായും സ്വാതന്ത്രരാക്കപ്പെട്ടുവെന്ന് ഔചി രൂപതയിലെ മാധ്യമവിഭാഗം ഉപമേധാവി, ഫാ. ലിനസ് ഇമോദേമേ (Linus Imoedemhe) ഫീദെസ് ഏജൻസിയെ അറിയിക്കുകയായിരുന്നു.
തങ്ങളുടെ യുവ വൈദികർത്ഥിയുടെ മരണത്തിൽ ഔചി രൂപതാദ്ധ്യക്ഷൻ ബിഷപ് ഗബ്രിയേൽ ഗ്യാക്കൊമോ ദുനിയാ (H.E. Msgr. Gabriel Ghiakhomo Dunia) തങ്ങളുടെ തീവ്രമായ ദുഃഖം രേഖപ്പെടുത്തി. ആളുകളുടെ ജീവൻ സംരക്ഷിക്കാൻവേണ്ടിയുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാൻ അദ്ദേഹം സുരക്ഷാസേനകളോട് അഭ്യർത്ഥിച്ചു.
രാജ്യത്തെ സുരക്ഷാമേഖല ദുർബ്ബലമാകുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ അലംഭാവം എടുത്തുപറഞ്ഞ ബിഷപ് ദുനിയ, 2027-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ മോഹങ്ങളേക്കാൾ ജനങ്ങളുടെ സുരക്ഷയ്ക്കും നന്മയ്ക്കും പ്രാധാന്യം കൊടുക്കാൻ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: