പാവങ്ങളായ സഹോദരങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാവങ്ങളായ സഹോദരങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ   (@Vatican Media)

ദരിദ്രരോടുള്ള പരിഗണന നമ്മുടെ ജീവിതവ്രതമായിരിക്കണം

ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te) എന്ന ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെ പതിനാറു മുതൽ മുതൽ ഇരുപത്തിമൂന്നു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. ദരിദ്രരോടുള്ള ദൈവത്തിന്റെ പ്രത്യേകമായ പരിഗണനയെ തിരുവെഴുത്തുകളിലൂടെ പ്രബോധനം വിശദീകരിക്കുന്നു.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യേശുവിന്റെ പരസ്യജീവിതകാലത്ത്, സമൂഹത്തിൽ അധഃസ്ഥിതരും, പാവപ്പെട്ടവരുമായ ആളുകൾക്ക് ഒരു പ്രത്യേക പരിഗണയുണ്ടായിരുന്നുവെന്നതിനു വചനം സാക്ഷ്യം നൽകുന്നുണ്ട്. പഴയ നിയമത്തിലും പുതിയ നിയമത്തിലും, ദൈവം തന്റെ മക്കളോടുള്ള സ്നേഹവും അനുകമ്പയും വെളിപ്പെടുത്തുന്ന പല ഭാഗങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. അതിൽ ദരിദ്രാവസ്ഥയിൽ കഴിയുന്നവരോടുള്ള കർത്താവിന്റെ കാരുണ്യവും സ്നേഹവും അടുപ്പവും, ബൈബിൾ രചയിതാക്കൾ പ്രത്യേകമായി അടിവരയിടുന്നുണ്ട്. ദരിദ്രർ എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്നു യേശു പറയുന്നു. ( മത്തായി 26:11) ദരിദ്രരോടും രോഗികളോടും കരുണ കാണിക്കുന്നവർ വ്യക്തിപരമായി തന്നെ ശുശ്രൂഷിക്കുന്നുവെന്നും ( മത്തായി 25:35-40 ) അവർക്ക് അതിനനുസരിച്ച് പ്രതിഫലം ലഭിക്കുമെന്നും യേശു സുവിശേഷത്തിലൂടെ നമ്മെ പഠിപ്പിക്കുന്നുണ്ട്. ദരിദ്രരെ പരിപാലിക്കണമെന്നുള്ള കർത്താവിന്റെ ആഹ്വാനം, അവന്റെ അനുയായികളെന്ന നിലയിൽ നാം ഏറ്റെടുക്കണമെന്നും, അവരോട് നിസ്സംഗതയോടെ പെരുമാറരുതെന്നും വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.

എന്നാൽ ഇന്ന് യുദ്ധങ്ങളും, കലഹങ്ങളും, സ്വാർത്ഥതയും നിറഞ്ഞ ഒരു ലോകത്ത്, ദരിദ്രരായ ആളുകളോട് പുറംതിരിഞ്ഞുനിൽക്കുന്ന ഒരു സമീപനമാണ് സമൂഹത്തിലെങ്ങും കാണുവാൻ സാധിക്കുന്നത്. എന്നാൽ ക്രിസ്ത്യാനികൾ എന്ന നിലയിൽ, ദരിദ്രരോടുള്ള പരിഗണന, നമ്മുടെ ജീവിതവ്രതമായിരിക്കണം എന്നാണ് വചനം നന്മെ പഠിപ്പിക്കുന്നത്.സുഭാഷിതങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന നിരവധി വചന ഭാഗങ്ങൾ, ദൈവം തിരഞ്ഞെടുത്ത ഇസ്രായേൽ ജനത്തിനുള്ള ഉപദേശങ്ങൾ ആണെങ്കിൽ, പുതിയ ഇസ്രായേൽ ജനമായ സഭയിലെ മക്കളും, അത് പാലിക്കുവാൻ ബാധ്യസ്ഥരാണ്. "ദരിദ്രരെ ഞെരുക്കുന്നവൻ സ്രഷ്ടാവിനെ നിന്ദിക്കുന്നു; പാവപ്പെട്ടവരോട് ദയ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു." (സുഭാഷിതങ്ങൾ 14,31) എന്നാണ് വചനം പഠിപ്പിക്കുന്നത്. ഇത്, ദൈവവും തന്റെ ഹൃദയത്തിൽ എപ്പോഴും ദരിദ്രരായവർക്ക് സ്ഥാനം നൽകിയിരുന്നു എന്നത് എടുത്തു പറയുന്നതാണ്. ഇതുപോലെ അനുകമ്പയും, ദയയും നിറഞ്ഞ ഒരു ദൈവീക ഹൃദയത്തിനു ഉടമകൾ ആകുവാനുള്ള വിളിയാണ് കർത്താവ് നമുക്ക് നൽകുന്നത്.

ദരിദ്രരെ എങ്ങനെ പരിപാലിക്കണമെന്ന് പുതിയ നിയമത്തിലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. തന്റെ സഹോദരന് ആവശ്യമുണ്ടെന്ന് കണ്ടിട്ട്, അവനിൽ നിന്ന് ഹൃദയം അടച്ചുകളഞ്ഞാൽ, ദൈവസ്നേഹം അവനിൽ എങ്ങനെ വസിക്കും? എന്റെ കുഞ്ഞുങ്ങളേ, വാക്കിനാൽ അല്ല, പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കുക എന്നാണ് യോഹന്നാൻ ശ്ലീഹായുടെ ലേഖനം എടുത്തു പറയുന്നത്.(1 യോഹന്നാൻ 3:17–18). ദൈവം മുൻകൂട്ടി തയ്യാറാക്കിയ നല്ല പ്രവൃത്തികൾ ചെയ്യുന്നതിനാണ് നാം സൃഷ്ടിക്കപ്പെട്ടതെന്ന് ഓർമ്മിക്കുക.  "ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതു പോലെ, പ്രവൃത്തികളില്ലാത്ത വിശ്വാസവും നിർജ്ജീവമാണെന്നാണ്" യാക്കോബ് ശ്ലീഹ നമ്മെ പഠിപ്പിക്കുന്നത്. അതിനാൽ വചനം കേൾക്കുന്നവരായി മാത്രം ഇരിക്കാതെ അവയെ പ്രവൃത്തിപഥത്തിൽ എത്തിച്ചുകൊണ്ട്, ദരിദ്രരെ സഹോദരങ്ങളായി കാണുവാനുള്ള ഒരു ആഹ്വാനമാണ്  വചനം നമുക്ക് നൽകുന്നത്.

വിശുദ്ധ ഗ്രന്ഥം നമുക്ക് നൽകുന്ന  ഈ ക്ഷണം തന്നെയാണ്  ദിലെക്സി തെ എന്ന അപ്പസ്തോലിക പ്രബോധനം വഴിയായി, ലിയോ പതിനാലാമൻ പാപ്പായും, ഫ്രാൻസിസ് പാപ്പായും നമുക്ക് നൽകുന്നത്. നമുക്ക് ക്രിസ്തുവിൽ യഥാർത്ഥ വിശ്വാസമുണ്ടെങ്കിൽ, ദരിദ്രരോടുള്ള അവന്റെ കരുതലും നാം പങ്കുവയ്ക്കണമെന്നു ഈ പ്രബോധനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.

പ്രബോധനത്തിന്റെ പതിനാറു മുതലുള്ള ഖണ്ഡികകളിൽ, ദുർബലർക്ക് അനുകൂലമായി നിർണായകവും സമൂലവുമായ ഒരു തിരഞ്ഞെടുപ്പ് നടത്താൻ സഭയോടും, സമൂഹത്തോടുമുള്ള ദൈവത്തിന്റെ ആഹ്വാനത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിന്റെ പ്രകടനമാണ്, അടിമത്തം, ഭയം, പാപം, മരണത്തിന്റെ ശക്തി എന്നിവയിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ, നമ്മുടെ ഇടയിലേക്ക് നമ്മിൽ ഒരുവനായി കടന്നുവന്നതെന്ന വലിയ സത്യം നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നാൽ ഇത് നമ്മുടെ മഹത്വം കണ്ടതുകൊണ്ടല്ല, മറിച്ച് അവൻ നോക്കിയത് നമ്മുടെ ഇല്ലായ്മകളെയും, കുറവുകളെയും, ദാരിദ്ര്യാവസ്ഥയെയുമാണ്. നമ്മുടെ മനുഷ്യപ്രകൃതിയുടെ പരിമിതികളും ബലഹീനതകളും പങ്കിടാൻ വേണ്ടി, അവൻ തന്നെത്തന്നെ ദരിദ്രനാക്കി എന്നാണ് പാപ്പാ എടുത്തുപറയുന്നത്. തന്റെ ജനനത്തിലും, മരണത്തിലും ദരിദ്രനോട് ചേർന്ന് നിന്നതുകൊണ്ടു തന്നെ, ദരിദ്രരോടുള്ള ദൈവത്തിന്റെ മുൻഗണനയെ കർത്താവ് നമ്മെ അനുസ്മരിപ്പിക്കുന്നു.

എന്നാൽ മുൻഗണന എന്ന് കേൾക്കുമ്പോൾ, നമ്മുടെ ഉള്ളിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സംശയം, ദരിദ്രർ അല്ലാത്തവരെ കർത്താവ് അവഗണിക്കുകയാണോ എന്നതാണ്. എന്നാൽ അവഗണന എന്നത് ദൈവത്തിനു അസാധ്യമാണെന്നും, ദാരിദ്ര്യത്തോടും ബലഹീനതയോടും  ദൈവത്തിന്റെ അനുകമ്പാർദ്രമായ  പ്രവർത്തനത്തെ അടിവരയിടാനാണ് മുൻഗണന എന്നപദം  ഉപയോഗിക്കുന്നതെന്നും പാപ്പാ എടുത്തു പറയുന്നു. നീതിയുടെയും സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ദൈവ രാജ്യത്തിൽ, ഏവരും സമന്മാരായിരിക്കുവാൻ, ദരിദ്രരോട് പരിഗണനയോടെ പെരുമാറുക ആവശ്യമാണെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

തുടർന്ന് പഴയനിയമത്തിലെ ചില ഏടുകളും പാപ്പാ എടുത്തു പറഞ്ഞു. ദൈവത്തെ ദരിദ്രരുടെ സുഹൃത്തും വിമോചകനുമായി അവതരിപ്പിച്ചുകൊണ്ട്, ദരിദ്രരുടെ നിലവിളി കേട്ട് അവരെ മോചിപ്പിക്കാൻ ഇടപെടുന്നവനായി സങ്കീർത്തന ഗ്രന്ഥം നമുക്ക് എടുത്തുകാണിക്കുന്നുണ്ട്.  ദരിദ്രരുടെ അഭയസ്ഥാനമായ ദൈവം, പ്രവാചകന്മാരിലൂടെ ഏറ്റവും ദുർബലർക്കെതിരെ ചെയ്ത അകൃത്യങ്ങളെ അപലപിക്കുകയും, അവർക്കു വേണ്ടി ശബ്‌ദിക്കുവാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കണമെങ്കിൽ, ആ അവസ്ഥയുടെ വേദന അറിഞ്ഞവന് മാത്രമേ സാധിക്കൂ എന്നതുകൊണ്ട്,  ദരിദ്രരോടുള്ള ദൈവത്തിന്റെ താൽപ്പര്യത്തെക്കുറിച്ചും,  അവരുടെ നിലവിളി കേൾക്കാനുള്ള ദിവ്യാഭിലാഷത്തെക്കുറിച്ചുമുള്ള  പഴയനിയമ വചനങ്ങൾ പൂർത്തിയാക്കപ്പെടുന്നത്, യേശുവിന്റെ ജീവിതത്തിലൂടെയാണ്.സ്വയം ശൂന്യനായി, ഒരു ദാസന്റെ രൂപം സ്വീകരിച്ചു, മനുഷ്യസാദൃശ്യത്തിൽ ജനിച്ച യേശു ഏവർക്കുമുള്ള രക്ഷ കൊണ്ടുവന്നത്, തന്റെ ദരിദ്രമായ മനുഷ്യരൂപത്തിലൂടെയാണ്. ദിവ്യസ്നേഹത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്താനുള്ള കർത്താവിന്റെ ദൗത്യം ഈ ദരിദ്രമായ അവസ്ഥയിലൂടെയാണ് പൂർത്തിയാക്കിയത്.  "നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ അറിയുന്നുവല്ലോ; അവൻ സമ്പന്നനായിരുന്നിട്ടും നിങ്ങൾ നിമിത്തം ദരിദ്രനായി, അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകേണ്ടതിന് വേണ്ടി തന്നെ" (2 കോറിന്തോസ് 8:9).

തീർച്ചയായും, ഈ ദാരിദ്ര്യം അവന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിച്ചുവെന്ന് സുവിശേഷം എടുത്തു കാണിക്കുന്നു. ജനനം പോലും സത്രത്തിൽ സ്ഥലം ലഭിക്കാതെ കാലിത്തൊഴുത്തിലേക്ക് മാറ്റേണ്ടി വരുന്ന അവസ്ഥ, മരണത്തിനു ജറുസലേമിന് പുറത്തേക്ക് കൊണ്ടുപോകുന്ന സാഹചര്യം, ഇങ്ങനെ തിരസ്കരണങ്ങളുടെ മധ്യത്തിലാണ്, യേശുവിന്റെ ദാരിദ്ര്യം വ്യക്തമായി സംഗ്രഹിക്കുവാൻ സാധിക്കുന്നത്. ദരിദ്രരെ വിശേഷിപ്പിക്കുന്ന അതേ 'ഒഴിവാക്കൽ' തന്നെയാണ് യേശു തന്റെ ജീവിതത്തിലും അനുഭവിച്ചത്. ദരിദ്രനായ മിശിഹായായി മാത്രമല്ല, ദരിദ്രരുടെയും മിശിഹായായും അവൻ ലോകത്തിന് മുന്നിൽ സ്വയം വെളിപ്പെടുത്തിയെന്നാണ് പ്രബോധനം എടുത്തു പറയുന്നത്. "കുറുനരികൾക്ക് മാളങ്ങളും ആകാശത്തിലെ പക്ഷികൾക്ക് കൂടുകളുമുണ്ട്, എന്നാൽ മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ല" (മത്തായി 8:20) എന്ന് സ്വയം വിശേഷിപ്പിച്ച യേശു, ശിഷ്യത്വത്തിന്റെ പാതയിൽ അദ്ദേഹത്തെ പിന്തുടരാൻ ആഗ്രഹിക്കുന്നവരിൽ നിന്നും  ആവശ്യപ്പെടുന്നതും, അപരന് വേണ്ടി സ്വയം വ്യയം ചെയ്യുന്ന ജീവിതങ്ങളെയാണ്.

"ദരിദ്രർക്ക് സുവിശേഷം അറിയിക്കാൻ അവൻ എന്നെ അഭിഷേകം ചെയ്തിരിക്കുന്നതിനാൽ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്" (ലൂക്ക 4:18). എന്ന യേശുവിന്റെ സിനഗോഗിലെ വാക്കുകൾ, നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാകണമെന്നു അവൻ ആഗ്രഹിക്കുന്നു. കർത്താവിന്റെ പ്രത്യാശയുടെയും വിമോചനത്തിന്റെയും വചനം ആദ്യം ദരിദ്രരായവരെയാണ്  അഭിസംബോധന ചെയ്യുന്നത്, അതിനാൽ, ദാരിദ്ര്യത്തിന്റെയോ ബലഹീനതയുടെയോ സാഹചര്യങ്ങളിൽ പോലും, ആരും ഉപേക്ഷിക്കപ്പെട്ടതായി തോന്നരുത്. ക്രിസ്തുവിന്റേതായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സഭ അനുഗ്രഹങ്ങളുടെ ഒരു സഭയായിരിക്കണമെന്നും, അതിനു സഭ ദാരിദ്ര്യം അനുസരിക്കുന്ന ഒരു ഭവനമാകണമെന്നും, ഏവരെയും ഉൾച്ചേർക്കുന്ന സാഹചര്യം ഒരുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.

"ദരിദ്രനായിത്തീർന്നതും ദരിദ്രരോടും ഒഴിവാക്കപ്പെട്ടവരോടും എപ്പോഴും അടുത്തുനിന്നതുമായ ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം, സമൂഹത്തിലെ ഏറ്റവും ഉപേക്ഷിക്കപ്പെട്ടവരുടെ സമഗ്രവികസനത്തിനായുള്ള നമ്മുടെ ചിന്തകളെ ഉത്തേജിപ്പിക്കണമെന്നുള്ള ആഹ്വാനവും പ്രബോധനം നമുക്ക് നൽകുന്നുണ്ട്. സമൂഹം ദരിദ്രരെ ഒഴിവാക്കുവാൻ പരിശ്രമിയ്ക്കുമ്പോൾ, ക്രൈസ്തവരെന്ന നിലയിൽ നമ്മുടെ ഗുരുവും നാഥനുമായ കർത്താവ് നമുക്ക് കാട്ടിത്തരുന്ന അവരെ ചേർത്ത് നിർത്തുവാനും, അവരോടുള്ള യഥാർത്ഥ നീതി കാട്ടുവാൻ സാധിക്കണമെന്നും പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 നവംബർ 2025, 13:54