ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

രോഗീശുശ്രൂഷ: സഭയുടെ മാതൃസഹജമായ ദൗത്യവും ക്രിസ്തുവിന്റെ സാക്ഷ്യവും

ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te) എന്ന ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെ നാൽപ്പത്തിയൊൻപതു മുതൽ അൻപത്തിരണ്ടു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. ഈ ഭാഗത്ത്, സഭയുടെ സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രോഗീപരിചരണത്തെയും, ആതുരശുശ്രൂഷയെയും പാപ്പാ എടുത്തു പറയുകയും, ഈ ദൗത്യത്തിന് ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നു.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കത്തോലിക്കാ സഭയുടെ ചരിത്രം പരിശോധിച്ചാൽ, അത് കരുണയുടെയും സ്നേഹത്തിന്റെയും വലിയൊരു സാക്ഷ്യമാണ്.  ഈ കാരുണ്യപ്രവർത്തികളിൽ ഏറ്റവും ഉദാത്തമായത് രോഗികളോടും വേദനിക്കുന്നവരോടുമുള്ള സഭയുടെ കരുതലാണ്. ലിയോ പതിനാലാമൻ പാപ്പായുടെ  'ദിലെക്സി തേ' (Dilexi Te) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ, രോഗീശുശ്രൂഷയെ കേവലം ഒരു സാമൂഹിക സേവനമായല്ല, മറിച്ച് സഭയുടെ അസ്തിത്വത്തിന്റെ ഭാഗമായിട്ടാണ് വിവരിക്കുന്നത്. രോഗികളിൽ ക്രിസ്തുവിന്റെ തകർന്ന ശരീരത്തെ ദർശിക്കുകയും, അവരെ ശുശ്രൂഷിക്കുന്നതിലൂടെ ദൈവരാജ്യം ഭൂമിയിൽ യാഥാർത്ഥ്യമാക്കുകയും ചെയ്യുന്ന വലിയൊരു ആത്മീയ ദൗത്യത്തെക്കുറിച്ചാണ് ഈ പ്രബോധനത്തിന്റെ നാല്പത്തിയൊൻപതു മുതലുള്ള ഖണ്ഡികകൾ  നമ്മെ ഓർമ്മിപ്പിക്കുന്നത്.

രോഗീശുശ്രൂഷയിലെ സഭയുടെ സഭയുടെ മാതൃകയും പ്രചോദനവും , ശിരസായ ക്രിസ്തുവിന്റെ ഇഹലോക വാസ ജീവിതം തന്നെയാണ്. യേശുവിന്റെ പരസ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം രോഗശാന്തി ശുശ്രൂഷകളായിരുന്നു. അന്ധർക്ക് കാഴ്ച നൽകിയും, കുഷ്ഠരോഗികളെ ശുദ്ധീകരിച്ചും, തളർവാതരോഗികളെ  സുഖപ്പെടുത്തിയും യേശു പിതാവായ ദൈവത്തിന്റെ കാരുണ്യം ലോകത്തിന് വെളിപ്പെടുത്തി. എന്നാൽ യേശുവിന്റെ ഈ പ്രവൃത്തികൾ കേവലം അത്ഭുതങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് വേദനിക്കുന്ന മനുഷ്യനോടുള്ള ദൈവത്തിന്റെ ആഴമായ അനുകമ്പയുടെ അടയാളങ്ങളായിരുന്നു.

പാപ്പാ  തന്റെ പ്രബോധനത്തിൽ വ്യക്തമാക്കുന്നതുപോലെ, "ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു" (മത്തായി 25:36) എന്ന വചനത്തിലൂടെ യേശു തന്നെത്തന്നെ രോഗികളോട് താദാത്മ്യപ്പെടുത്തിയിരിക്കുന്നു. രോഗിയുടെ മുഖത്ത് നാം ദർശിക്കേണ്ടത് ക്രൂശിതനായ ക്രിസ്തുവിനെയാണ്. രോഗശാന്തി ശുശ്രൂഷയിലൂടെ യേശു മാനവരാശിയുടെ ആത്മീയവും ശാരീരികവുമായ തകർച്ചകളെ സൗഖ്യമാക്കി. ക്രിസ്തുവിന്റെ ഈ ദൗത്യം തുടരാൻ വിളിക്കപ്പെട്ടവളാണ് സഭ. സഭ ചെയ്യുന്ന ഓരോ രോഗീശുശ്രൂഷയും യേശുവിന്റെ ആർദ്രതയുടെ തുടർച്ചയാണ്. ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകളിൽ നിന്നും പൊടിയുന്ന ചോരത്തുള്ളികൾ ഇന്നും, നമ്മുടെ സഹോദരങ്ങളുടെ വേദനയായി കാണുവാൻ സാധിക്കുമ്പോഴാണ്, സഭയിൽ ക്രൈസ്തവർ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വം നാം നിറവേറ്റുന്നത്.  

രോഗികളിൽ ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നു

സഭയുടെ പ്രഥമ ദൗത്യങ്ങളിലൊന്ന് രോഗികളെ പരിപാലിക്കുക എന്നതാണ്. എന്നാൽ ഇത് കേവലം ഒരു ഉത്തരവാദിത്വം നിറവേറ്റലല്ല  മറിച്ച്,  സഭയുടെ ആരാധനാക്രമപരമായ ഒരു പ്രവൃത്തിയാണ്. വിശുദ്ധ കുർബാനയിൽ നാം ക്രിസ്തുവിന്റെ ശരീരത്തെ സ്വീകരിക്കുന്നതുപോലെ, രോഗിയുടെ മുറിവുകളിൽ സ്പർശിക്കുമ്പോൾ നാം ക്രിസ്തുവിന്റെ പീഡിപ്പിക്കപ്പെട്ട ശരീരത്തെയാണ് സ്പർശിക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ  ഓർമ്മിപ്പിക്കുന്നു. അതിനാൽ വിശുദ്ധ കുർബാനയിൽ, യേശുവിനെ നാം സ്നേഹിച്ചുകൊണ്ട്, തിരുശരീരവും തിരുരക്തവും സ്വീകരിക്കുന്നതുപോലെ, പൂജ്യമായി വേണം നമ്മുടെ രോഗികളായ സഹോദരങ്ങളെ നമ്മോട് ചേർത്ത് നിർത്തുവാൻ.

ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും സഭ ഈ ദൗത്യം വിശ്വസ്തതയോടെ നിർവ്വഹിച്ചിട്ടുണ്ട്. അതിനുള്ള ഉദാഹരണങ്ങളും പാപ്പാ നൽകുന്നു. കാർത്തേജിലെ മെത്രാനായിരുന്ന  വിശുദ്ധ സിപ്രിയന്റെ കാലത്തുണ്ടായ ഭീകരമായ പ്ലേഗ് രോഗത്തെക്കുറിച്ച് പാപ്പാ  പരാമർശിക്കുന്നുണ്ട്. അന്ന് നഗരം മുഴുവൻ ഭയന്നുവിറച്ചപ്പോൾ, ക്രൈസ്തവർ രോഗികളെ ഉപേക്ഷിച്ചു ഓടിപ്പോയില്ല. മറിച്ച്, ക്രിസ്ത്യാനികളുടെ നീതിയും സ്നേഹവും പരീക്ഷിക്കപ്പെടുന്നത് ഇത്തരം പ്രതിസന്ധികളിലാണെന്ന് സിപ്രിയൻ അവരെ ഓർമ്മിപ്പിച്ചു. യജമാനൻ ദാസനെയും, ഡോക്ടർ രോഗിയെയും, ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരെയും എങ്ങനെ നോക്കുന്നു എന്നതിലാണ് ക്രിസ്തീയ സാക്ഷ്യം അടങ്ങിയിരിക്കുന്നതെന്നു വിശുദ്ധൻ  ഉദ്‌ബോധിപ്പിച്ചു . അതിനാൽ രോഗീശുശ്രൂഷ എന്നത് സഭയുടെ നീതിയുടെയും വിശ്വാസത്തിന്റെയും അളവുകോലാണ്.

രോഗീശുശ്രൂഷയിലെ വിശുദ്ധർ

സഭയുടെ രോഗീശുശ്രൂഷാ ചരിത്രത്തിലെ രണ്ടു പ്രധാനപ്പെട്ട വിശുദ്ധരാണ്  വിശുദ്ധ ജോൺ ഓഫ് ഗോഡും വിശുദ്ധ കാമില്ലസ് ഡി ലെല്ലിസും.

വിശുദ്ധ ജോൺ ഓഫ് ഗോഡ്: പതിനാറാം നൂറ്റാണ്ടിൽ ഹോസ്പിറ്റലർ ഓർഡർ സ്ഥാപിച്ച ഇദ്ദേഹം, ദരിദ്രനും സമ്പന്നനും ഒരുപോലെ ചികിത്സ ലഭിക്കുന്ന 'മാതൃകാ ആശുപത്രികൾ' നിർമ്മിച്ചു. "സഹോദരങ്ങളേ, നന്മ ചെയ്യുവിൻ" എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഇന്നും ആധുനിക ആതുരശുശ്രൂഷാ രംഗത്ത് മുഴങ്ങിക്കേൾക്കുന്നു. ലാഭേച്ഛയില്ലാതെ, മനുഷ്യന്റെ അന്തസ്സിന് വിലനൽകുന്ന ശുശ്രൂഷാ ശൈലിയാണ് അദ്ദേഹം വിഭാവനം ചെയ്തത്.

വിശുദ്ധ കാമില്ലസ് ഡി ലെല്ലിസ്: രോഗികളുടെ ശുശ്രൂഷകർ (Camillians) എന്ന സന്യാസ സഭ സ്ഥാപിച്ച അദ്ദേഹം, ഓരോ രോഗിയെയും ശുശ്രൂഷിക്കേണ്ടത് "ഒരു അമ്മ തന്റെ ഏക മകനെ ശുശ്രൂഷിക്കുന്നതുപോലെയായിരിക്കണം" എന്ന് പഠിപ്പിച്ചു. 'മാതൃസഹജമായ സ്നേഹം'എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. യുദ്ധക്കളങ്ങളിലും തെരുവുകളിലും ജയിലുകളിലും കാമില്ലിയൻ സന്യാസികൾ ക്രിസ്തുവിന്റെ സൗഖ്യദായകമായ സാന്നിധ്യമായി മാറി. ഒരു അമ്മയുടെ ഹൃദയത്തോടെ രോഗിയെ സമീപിക്കുമ്പോൾ മാത്രമേ ചികിത്സ പൂർണ്ണമാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു.

സന്യാസ സമൂഹങ്ങളുടെ വിപ്ലവകരമായ സാന്നിധ്യം

രോഗീശുശ്രൂഷാ രംഗത്ത് സഭ നൽകിയിട്ടുള്ള ഏറ്റവും വലിയ സംഭാവനകളിൽ ഒന്ന് സ്ത്രീ സന്യാസ സമൂഹങ്ങളുടെ പ്രവർത്തനമാണ്. വിശുദ്ധ ലൂയിസ് ഡി മരിലാക്കും വിശുദ്ധ വിൻസെന്റ് ഡി പോളും ചേർന്ന് സ്ഥാപിച്ച 'ഡോട്ടേഴ്സ് ഓഫ് ചാരിറ്റി' (Daughters of Charity) ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

സഭയിലെ അനേകം വനിതാ സന്യാസ സമൂഹങ്ങൾ ആശുപത്രികളിലും വൃദ്ധസദനങ്ങളിലും കാരുണ്യത്തിന്റെ ഉറവിടങ്ങളായി മാറി. ആധുനിക വൈദ്യശാസ്ത്രം എത്തുന്നതിനും മുൻപേ, ഉൾനാടൻ ഗ്രാമങ്ങളിലും വനപ്രദേശങ്ങളിലും ആശുപത്രികൾ നിർമ്മിക്കാനും ശുചിത്വത്തെക്കുറിച്ച് പഠിപ്പിക്കാനും പ്രസവ ശുശ്രൂഷകൾ നൽകാനും ഈ കന്യാസ്ത്രീകൾ തയ്യാറായി. അവർ കേവലം ആരോഗ്യപ്രവർത്തകർ  മാത്രമായിരുന്നില്ല, മറിച്ച് രോഗികളുടെ അമ്മമാരും സഹോദരിമാരുമായിരുന്നു. നമ്മുടെ നാടിനെ പറ്റി ചിന്തിക്കുമ്പോഴും, പാപ്പാ എടുത്തു പറഞ്ഞ ഉദാരണങ്ങളുടെ മൂർത്തമായ ഭാവം പല സന്യാസ സമൂഹങ്ങളിലും നമുക്ക് കാണാവുന്നതാണ്. എത്രയോ ആശുപത്രികളാണ്, പാവപെട്ടവർക്കുവേണ്ടി നമ്മുടെ നാട്ടിൽ പണിതീർത്തിരിക്കുന്നത്.

"ആർദ്രത" എന്ന പദമാണ് പാപ്പാ  ഇവിടെ ഉപയോഗിക്കുന്നത്. സ്പർശനത്തിലൂടെയും ശ്രദ്ധയോടെയുള്ള കേൾവിയിലൂടെയും അവർ നൽകുന്ന സാന്ത്വനം മരുന്നുകളേക്കാൾ വലിയ ഗുണം നൽകുന്നു. രോഗികളുടെ അരികിൽ നിശബ്ദമായി പ്രാർത്ഥനയോടെ ഇരിക്കുന്ന സന്യാസിനികൾ, ആരും പരിപാലിക്കുവാൻ ഇല്ലാത്തവർക്കും, ആരും സ്നേഹിക്കാനില്ലാത്തവർക്കും വേണ്ടി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ചു.

 ആധുനിക ലോകവും കത്തോലിക്കാ ആശുപത്രികളും

ഇന്ന് ആഗോളതലത്തിൽ ആരോഗ്യരംഗത്ത് കത്തോലിക്കാ സഭയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്. ലോകത്തിന്റെ വിദൂര കോണുകളിൽ, സർക്കാർ സംവിധാനങ്ങൾ പോലും എത്താത്ത ഇടങ്ങളിൽ സഭയുടെ ക്ലിനിക്കുകളും മിഷൻ ആശുപത്രികളും പ്രവർത്തിക്കുന്നു. യുദ്ധമേഖലകളിലെ 'ഫീൽഡ് ഹോസ്പിറ്റലുകൾ', ലഹരിവിമുക്ത കേന്ദ്രങ്ങൾ, എയ്ഡ്സ് രോഗികൾക്കായുള്ള പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയെല്ലാം സഭയുടെ സജീവമായ സാന്നിധ്യം അറിയിക്കുന്നു.

കത്തോലിക്കാ ആശുപത്രികൾ കേവലം ചികിത്സാ കേന്ദ്രങ്ങളല്ല, മറിച്ച് അവ 'ദൈവരാജ്യത്തിന്റെ മരുപ്പച്ചകളാണ്'. അവിടെ ആരും ഒഴിവാക്കപ്പെടുന്നില്ല. പണമില്ലാത്തവനു ജാതിയോ മതമോ നോക്കാതെ ചികിത്സ നൽകാൻ കത്തോലിക്കാ സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധമാണ്. മനുഷ്യജീവന്റെ അന്തസ്സ് ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ സംരക്ഷിക്കപ്പെടണം എന്ന സഭയുടെ നിലപാട് ഈ ആശുപത്രികളുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നു. ഇത്തരത്തിലുള്ള പരിചരണം നൽകുവാനുള്ള ആഹ്വാനവും സഭ പാപ്പാമാരുടെ ഉദ്ബോധനങ്ങൾ വഴിയായി നല്കുന്നുണ്ടെന്നതും ഇത്തരുണത്തിൽ എടുത്തുപറയേണ്ടതാണ്.


പാലിയേറ്റീവ് കെയറും സാന്ത്വന ചികിത്സയും
മറ്റൊരു പ്രധാന മേഖലയാണ് സാന്ത്വന ചികിത്സ അഥവാ പാലിയേറ്റീവ് കെയർ. മരണം ആസന്നമായ രോഗികൾക്ക് ശാരീരികമായ വേദന കുറയ്ക്കുന്നതിനോടൊപ്പം ആത്മീയവും മാനസികവുമായ പിന്തുണ നൽകുക എന്നത് സഭയുടെ പ്രധാന ദൗത്യമാണ്. ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെങ്കിലും, സ്നേഹിക്കാൻ കഴിയും (Cure vs Care) എന്ന തത്വമാണ് ഇവിടെ പ്രാവർത്തികം.

ഒറ്റപ്പെട്ടുപോകുന്ന വൃദ്ധർക്കും മാരക രോഗം ബാധിച്ചവർക്കും അന്തസ്സോടെ മരിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നത് ക്രിസ്തീയ കാരുണ്യത്തിന്റെ ഏറ്റവും ഉന്നതമായ ഭാവമാണ്.  രോഗിയുടെ വേദനയിൽ പങ്കുചേരുകയും അവർക്ക് പ്രത്യാശ നൽകുകയും ചെയ്യുന്നതിലൂടെ സഭ ക്രിസ്തുവിന്റെ കാൽവരിയിലെ സാന്നിധ്യമായി മാറുന്നു. മരണം എന്നത് ഒരു പരാജയമല്ല, മറിച്ച് പിതാവായ ദൈവത്തിലേക്കുള്ള യാത്രയാണെന്ന് രോഗിയെ ബോധ്യപ്പെടുത്താൻ കത്തോലിക്കാ പാലിയേറ്റീവ് കേന്ദ്രങ്ങൾക്ക് സാധിക്കുന്നുവെന്നുള്ളതിനു നിരവധി സാക്ഷ്യങ്ങൾ ചൂണ്ടിക്കാണിക്കുവാൻ സാധിക്കും.

രോഗീശുശ്രൂഷ എന്നത് സഭയ്ക്ക് ഒരു ബാധ്യതയല്ല, മറിച്ച് അവളുടെ ഏറ്റവും ആഴമേറിയ വിളിയാണ് കുഷ്ഠരോഗിയുടെ അരികിലും, പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുഞ്ഞിന്റെ അരികിലും, അജ്ഞാതനായി മരിക്കുന്ന വൃദ്ധന്റെ അരികിലും സഭ മുട്ടുകുത്തുമ്പോൾ അവൾ അവളുടെ നാഥനായ ക്രിസ്തുവിനെയാണ് ആരാധിക്കുന്നത്. പാപ്പാ ഇക്കാര്യങ്ങൾ പറയുമ്പോൾ, ഈ വാക്കുകളെ പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിനുള്ള നമ്മുടെ കടമകൾ നാം മറന്നുപോകരുത്.

ലോകം പലപ്പോഴും രോഗികളെയും അവശരെയും ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി കണ്ട് തള്ളിക്കളയുമ്പോൾ (Throwaway culture), സഭ അവരെ ക്രിസ്തുവിന്റെ തിരുമുറിവുകളായി ഏറ്റുവാങ്ങുന്നു. "എന്റെ ഈ ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്" എന്ന വചനം ഓരോ കത്തോലിക്കാ ആരോഗ്യ പ്രവർത്തകന്റെയും ഹൃദയത്തിൽ ജ്വലിച്ചു നിൽക്കണം.

ലിയോ പതിനാലാമൻ പാപ്പായുടെ  'ദിലെക്സി തേ' എന്ന പ്രബോധനം നമുക്ക് നൽകുന്ന സന്ദേശം വ്യക്തമാണ്: രോഗീശുശ്രൂഷ ക്രിസ്തീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. സഭ ഒരു ചലിക്കുന്ന ആശുപത്രി  പോലെയായിരിക്കണം, അത് മുറിവേറ്റവരുടെ അരികിലേക്ക് ഓടിയെത്തണം. വിശുദ്ധ ജോൺ ഓഫ് ഗോഡിന്റെയും കാമില്ലസ് ഡി ലെല്ലിസിന്റെയും മാതൃക ഉൾക്കൊണ്ട്, ലോകത്തിന്റെ വേദനകളിൽ ക്രിസ്തുവിന്റെ സൗഖ്യദായകമായ സ്പർശനമായി മാറാൻ നമുക്ക് കടമയുണ്ട്.

നാം ഓരോരുത്തരും രോഗികളെ സന്ദർശിക്കുമ്പോഴും അവരെ സഹായിക്കുമ്പോഴും ഓർക്കുക, നാം തൊടുന്നത് ക്രിസ്തുവിന്റെ ശരീരത്തിലാണ്. സഭയുടെ കൈകൾ രോഗിയുടെ മുറിവുകൾ കെട്ടുമ്പോൾ, അവിടെ ദൈവരാജ്യം ഉദയം ചെയ്യുന്നു. ഈ ശുശ്രൂഷയിലൂടെ മാത്രമേ സഭയ്ക്ക് അവളുടെ ദൈവവിളി പൂർണ്ണമായി ജീവിക്കാൻ സാധിക്കൂ. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്ന ഓരോ കരവും ക്രിസ്തുവിന്റെ കരങ്ങളാണ്. ആ സ്നേഹത്തിന്റെ പാതയിൽ നാം പങ്കുചേരുവാനുള്ള ക്ഷണമാണ് ഈ അപ്പസ്തോലിക പ്രബോധനം നമുക്ക് നൽകുന്നത്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഫെബ്രുവരി 2026, 11:39