ഈശോയുടെയും സക്കേവൂസിന്റെയും  കൂടിക്കാഴ്ച ഐക്കൺ ചിത്രം ഈശോയുടെയും സക്കേവൂസിന്റെയും കൂടിക്കാഴ്ച ഐക്കൺ ചിത്രം  

ആഴമായ ദൈവാന്വേഷണത്തിന്റെ പ്രതീകമാണ് സക്കേവൂസ്

സീറോ മലബാർ സഭ ആരാധനാക്രമം നോമ്പുകാലം രണ്ടാം ഞായറാഴ്ച്ചയിലെ വായനകൾ ആധാരമാക്കിയ വചന വിചിന്തനം. വിശുദ്ധ ലൂക്കയുടെ സുവിശേഷം, പത്തൊൻപതാം അധ്യായം,ഒന്ന് മുതൽ പത്തുവരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ സുവിശേഷഭാഗം
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. മോൻസ് കരുവാക്കുന്നേൽ, എം എസ് ടി

മാനസാന്തരത്തിന്റെയും ജീവിത നവീകരണത്തിന്റെയും ആഹ്വാനമാണ് വലിയ നോമ്പ് നമുക്ക് മുൻപിൽ വയ്ക്കുന്നത്. കർത്താവിനെ കണ്ടെത്തി രക്ഷയുടെ അനുഭവത്തിലേക്ക് ഉയർന്ന സക്കേവൂസിനെക്കുറിച്ചുള്ള വിവരണമാണ്, നോമ്പുകാലത്തിന്റെഈ രണ്ടാം ഞായറാഴ്ച്ചയിൽ സഭാമാതാവ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ദൈവത്തെ അന്വേഷിച്ചു ഇറങ്ങുന്ന ഒരാളുടെ അടുത്തേക്ക് അല്ലങ്കിൽ രക്ഷയെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ അടുത്തേക്ക് ദൈവം കൃപയായി വരുമെന്നും,അവന്റെ മാത്രമല്ല അവന്റെ ഭവനത്തിലും, ജീവിതചുറ്റുപാടുകളിലും രക്ഷ ചൊരിയുമെന്നും നമ്മെ ലൂക്കാ സുവിശേഷകൻ പത്തൊൻപതാം അധ്യായത്തിലൂടെ ഓർമ്മിപ്പിക്കുന്നു.

ആഴമായ ദൈവാന്വേഷണത്തിന്റെ പ്രതീകമാണ് സക്കേവൂസ്. വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു വിവരണമാണിത്. യേശു ജെറുസലെമിക്കുള്ള യാത്രയിൽ ജെറീക്കോയിൽ വച്ചാണ് സക്കേവൂസിനെ കണ്ടെത്തുന്നത്. ഒരു പക്ഷെ ജെറീക്കോയിൽ വച്ച് നടക്കുന്ന അവസാന സംഭവമാണിത് എന്നുള്ള പ്രത്യേകതയും ഈ കൂടിക്കാഴ്ച്ചയ്ക്കുണ്ട്.   ലൂക്ക സുവിശേഷകൻ, ചുങ്കക്കാരോടും, പാപികളോടും സമൂഹം പുറന്തള്ളിയവരോടും യേശു പുലർത്തുന്ന കാരുണ്യത്തിന്റെ മുഖം വളരെ കൃത്യമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല.

ബെനഡിക്ട് പതിനാറാമൻ പാപ്പാ പറയുന്നു: " നീ ഈശോയെ കാണുവാൻ ആഗ്രഹിക്കുന്ന നിമിഷം അവന്റെ നോട്ടം നിന്നിൽ എത്തിയിരിക്കും". സക്കേവൂസിന്റെ ദൈവ ദർശനത്തിനുള്ള ആഗ്രഹമാണ് യഥാർത്ഥത്തിൽ ആ കൂടിക്കാഴ്ച്ച സാധ്യമാക്കിയത്. എത്ര ജനക്കൂട്ടത്തിന്റെ നടുവിലും, ആത്മാർത്ഥതയുടെ സ്വരം തിരിച്ചറിയുന്നവനാണ് യേശു. അതുകൊണ്ട് തന്നെ സുവിശേഷത്തിലുടനീളം കപടതയെ യേശു വെറുക്കുന്നതായി എടുത്തു പറയുന്നു. ഈശോയെ കാണുവാൻ ആഗ്രഹിച്ചുകൊണ്ട് സിക്കമൂർ മരത്തിൽ ചില്ലകൾക്കിടയിൽ ഒളിച്ചിരുന്ന സക്കേവൂസിലേക്ക് യേശുവിന്റെ നോട്ടം പതിയുന്നു. ആ കൂടിക്കാഴ്ചയിൽ, സക്കേവൂസ് നോക്കിയത് യേശുവിന്റെ കണ്ണുകളിലേക്ക് ആയിരിക്കണം. അവിടെ അവൻ തന്റെ ജീവിതത്തെ മുഴുവൻ, അതിന്റെ സകല വിധ തിന്മകളോടും, പോരായ്മകളോടും കൂടി കാണുന്നു. ആത്മാർത്ഥമായ ആ നോട്ടം, പിന്നീടൊരിക്കലും തന്റെ അധാർമ്മികതയിലേക്ക് അവനെ തിരിഞ്ഞു നോക്കുവാൻ അനുവദിക്കുന്നില്ല.

സഭാപിതാവായ അലെക്‌സാൻഡ്രിയയിലെ വിശുദ്ധ സിറിൽ ഇപ്രകാരം പറയുന്നു: ദൈവീക ജ്ഞാനം നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ, അവന്റെ സ്വത്ത് ഏതുവിധേനയും വർധിപ്പിക്കുക. അതിനാൽ ആരുമായും ഒന്നും പങ്കുവയ്ക്കാതെ എല്ലാവരിൽ നിന്നും എല്ലാം തട്ടിപ്പറിച്ചെടുത്തു തന്റെ സമ്പത്ത്  വർധിപ്പിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരുന്ന സക്കേവൂസിന്റെ ജീവിതത്തെ, യേശുവിലേക്കുള്ള ആ നോട്ടം മാറ്റിമറിച്ചു. വിശുദ്ധ സിറിൽ കൂട്ടിച്ചേർക്കുന്നത് ഇതാണ്: സക്കേവൂസിന്റെ ഉള്ളിൽ എന്നാൽ രക്ഷയുടെ വിത്തുണ്ടായിരുന്നു. അത് അവന്റെ ഉള്ളിൽ വളർന്നു, ഈ ആഗ്രഹമാണ് സിക്കമൂർ മരത്തോളം അവനെ എത്തിച്ചത്. 

ക്രൈസ്തവ ജീവിതത്തിന്റെ രണ്ടു സാധ്യതകളെയും ഈ വചനഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഒന്ന് ദൈവവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷവും പഴയ ജീവിത രീതികളിലേക്ക് മടങ്ങിപ്പോകുന്ന ആത്മാർത്ഥരഹിതരായ മനുഷ്യർ, രണ്ട് ദൈവത്തെ കണ്ടെത്തിയതിനുശേഷം, ഒരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാത്ത മനുഷ്യർ. രണ്ടു സാധ്യതകളും സക്കേവൂസിനു മുൻപിൽ തുറന്നു കിടന്നിരുന്നു. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും യേശു അവനു നൽകിയിരുന്നു എന്നതും പ്രധാനപ്പെട്ടതാണ്. എന്നാൽ അവൻ രണ്ടാമത്തെ സാധ്യത ജീവിതത്തിൽ തിരഞ്ഞെടുക്കുന്നു. ഈ തിരഞ്ഞെടുപ്പാണ് സക്കേവൂസിനെ വ്യത്യസ്തനാക്കുന്നതും, മറ്റുള്ളവർക്ക് ഒരു ഉത്തമ ക്രൈസ്തവൻ എന്ന നിലയിൽ മാതൃകയാക്കുന്നതും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നു: മാനസാന്തരം എന്നത് വ്യക്തിപരമായ ഒരു തീരുമാനത്തിലൂടെ ക്രിസ്തുവിന്റെ രക്ഷാകരമായ ആധിപത്യം സ്വീകരിക്കുകയും, അവന്റെ ശിഷ്യനായി മാറുകയും ചെയ്യുന്നതാണ്.

സക്കേവൂസ് ഇന്നത്തെ സമൂഹത്തിന്റെ, ഒരുപക്ഷെ നമ്മുടെ തന്നെ പ്രതീകമായിരിക്കാം. ഒരു പാട് നേട്ടങ്ങൾ കൈവെള്ളയിൽ ഒതുക്കിയിട്ടും, നിരവധി ആളുകളെ കബളിപ്പിച്ച് സമ്പാദിച്ചിട്ടും അവന്റെ ജീവിതം സംതൃപ്തമായിരുന്നില്ല. ഇന്ന് നമുക്ക് ചുറ്റിലും കാണുന്നതും ഇത് തന്നെയാണ്. ധനാഢ്യരായ പല മനുഷ്യരും പകുതി വഴിയിൽ ജീവിതം അവസാനിപ്പിക്കുമ്പോൾ, നാം പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന പരസ്പരം ചോദിക്കാറുമുണ്ട്. ഇതിൽ നിന്നെല്ലാം നമുക്ക് മനസിലാകുന്ന ഒരു കാര്യം, സമ്പത്തിനു മനുഷ്യജീവിതത്തിനു സംതൃപ്തിയും, സമാധാനവും പ്രദാനം ചെയുവാൻ സാധിക്കില്ല എന്നുള്ളതാണ്. ദൈവമില്ലാത്ത ഭൗതീക നേട്ടങ്ങൾ നമ്മെ ശൂന്യതയിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങളോട് ഇപ്രകാരം പറഞ്ഞത്: നാം അന്വേഷിക്കേണ്ടുന്ന സന്തോഷത്തിന്റെ പേരാണ് ക്രിസ്തു. ക്രിസ്തു എന്ന യഥാർത്ഥ സന്തോഷത്തെ തിരിച്ചറിയുകയും, ആ സന്തോഷത്തെ കാണുവാൻ ആഗ്രഹിക്കുകയും, ആ സന്തോഷം തന്നെ തേടിയെത്തി കൂട്ടായ്മയിലേക്ക് അടുപ്പിക്കുകയും ചെയ്ത നിമിഷം, സക്കേവൂസ് വലയിൽ ഒളിപ്പിച്ചുവച്ച നിധി കണ്ടെത്തിയവനായി മാറി.

പ്രിയപ്പെട്ടവരേ, സക്കേവൂസിന്റെയും  ഈശോയുടെയും ഈ കൂടിക്കാഴ്ച കേവലം ചരിത്രത്തിലെ ഒരു സംഭവമല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ആവർത്തിക്കേണ്ട ഒരു ആത്മീയ പരിവർത്തനത്തിന്റെ അടയാളമാണ്. അവൻ  ഒരു 'കുറിയ' മനുഷ്യനായിരുന്നു; ശാരീരികമായി മാത്രമല്ല, സമൂഹത്തിന്റെ കണ്ണിൽ ആത്മീയമായും ധാർമ്മികമായും അയാൾ കുറിയവനായിരുന്നു. എന്നാൽ തന്റെ പരിമിതികളെ ഓർത്ത് നിരാശനാകാതെ, ദൈവത്തെ കാണാനായി അവൻ സിക്കമൂർ മരത്തിന് മുകളിൽ കയറി. നമ്മുടെ ജീവിതത്തിലും ദൈവാനുഭവത്തിന് തടസ്സമായി നിൽക്കുന്ന 'ജനക്കൂട്ടം' അഥവാ ലോകത്തിന്റെ മോഹങ്ങളും പാപസാഹചര്യങ്ങളും ഉണ്ടാകാം. അവയെ മറികടന്ന് ദൈവത്തിലേക്ക് നോക്കാനുള്ള തീക്ഷ്ണതയാണ് നമുക്ക് ഉണ്ടാകേണ്ടത്.

യേശു സക്കേവൂസിനെ  പേര് ചൊല്ലി വിളിച്ചു എന്നത് ശ്രദ്ധേയമാണ്. ലോകം അവനെ 'പാപി' എന്ന് വിളിച്ചപ്പോൾ, യേശു അവനെ പേര് ചൊല്ലി വിളിച്ച് അവന്റെ അന്തസ്സിനെ ആദരിച്ചു. ഇന്ന് നിങ്ങളെയും എന്നെയും പേര് ചൊല്ലി വിളിക്കുന്ന ഒരു ദൈവമുണ്ട്. നമ്മുടെ പാപങ്ങളെക്കാൾ ഉപരിയായി നമ്മുടെ ആത്മാവിന്റെ വില അറിയുന്ന ദൈവമാണത്. ഈശോ അവന്റെ  വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചു. ഇന്ന് നമ്മുടെ ഹൃദയമാകുന്ന വീട്ടിൽ വസിക്കാൻ അവൻ ആഗ്രഹിക്കുന്നു.

സക്കേവൂസിന്റെ മറുപടി വെറും വാക്കുകളിൽ ഒതുങ്ങിയില്ല. അവൻ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. താൻ അന്യായമായി സമ്പാദിച്ചതെല്ലാം നാലിരട്ടിയായി തിരിച്ചുനൽകാനും തന്റെ സ്വത്തിന്റെ പകുതി ദരിദ്രർക്ക് നൽകാനും അവൻ തയ്യാറായി. യഥാർത്ഥ പശ്ചാത്താപം എന്നത് വാക്കുകളിലല്ല, പ്രവൃത്തികളിലാണ് വെളിപ്പെടേണ്ടത്. ഈശോയെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുമ്പോൾ നമ്മുടെ ഉള്ളിലെ സ്വാർത്ഥതയും അത്യാഗ്രഹവും പടിയിറങ്ങണം. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള മനസ്സ് നമുക്കുണ്ടാകണം.

തന്റെ ബലഹീനതകളെ തിരിച്ചറിഞ്ഞുകൊണ്ട്, ഈശോയെ എത്തി നോക്കുവാനുള്ള സക്കേവൂസിന്റെ ദാഹം നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ ഉണ്ടാകണം. കർത്താവിനെ എത്തിനോക്കുവാനുള്ള മനസിന്റെ ബലമാണ് നമ്മുടെ പൊക്കം. വിശുദ്ധ കുർബാനയിലൂടെയും, മറ്റു കൂദാശ അനുഷ്ഠാനങ്ങളിലൂടെയും വിശുദ്ധ ഗ്രന്ഥ വായനയിലൂടെയും, നാം കർത്താവിനെ എത്തിനോക്കുന്നവരായി മാറണം. സഭാപിതാക്കന്മാർ നമ്മെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: പാപിയുടെ വീട്ടിൽ പ്രവേശിക്കുന്ന യേശു, അവനെ നീതിമാനാക്കി പുറത്തേക്ക് കൊണ്ടുവരുന്നു. ബെനഡിക്ട് പതിനാറാമൻ  പാപ്പാ പഠിപ്പിക്കുന്നതും ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്: ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ച വെറുമൊരു ആശയമല്ല, മറിച്ച് ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവമാണ്. നമ്മൾ അനുഷ്ഠിക്കുന്ന നോമ്പും, ഉപവാസവും, ദാനധർമ്മങ്ങളും, സ്വീകരിക്കുന്ന വിശുദ്ധ കൂദാശകളും നമ്മെയും രക്ഷയുടെ മാർഗത്തിലേക്ക് നയിക്കുന്ന ശക്തിയായി മാറട്ടെ.

അപ്പോൾ ഈശോ നമ്മെയും നോക്കി പറയും: ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു,നീയും അബ്രാഹത്തിന്റെ പുത്രനാണ്. മുൻപ് സമ്പത്തും, സ്വാർത്ഥ താത്പര്യങ്ങളും ഭരിച്ചിരുന്ന നമ്മുടെ  ഹൃദയം പിന്നീട് ക്രിസ്തുവിന്റെ സ്നേഹത്താൽ നിറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഫെബ്രുവരി 2026, 10:48