പാവപ്പെട്ടവരുടെ വിദ്യാഭ്യാസം സഭയുടെ കടമയാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ ദർശനങ്ങളെയും ചരിത്രപരമായ ദൗത്യങ്ങളെയും ലിയോ പതിനാലാമൻ പാപ്പാ, തന്റെ അപ്പസ്തോലിക പ്രബോധനമായ, "ദിലെക്സി തെ", യിൽ 68 മുതലുള്ള ഖണ്ഡികകളിൽ വിവരിക്കുന്നുണ്ട്. വിദ്യാഭ്യാസത്തെ കേവലം അറിവ് പകർന്നുനൽകുന്ന ഒരു പ്രക്രിയ എന്നതിലുപരി, സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ പ്രകടനമായും സാമൂഹിക നീതിയുടെ അനിവാര്യതയായും പാപ്പാ ഇവിടെ വിശേഷിപ്പിക്കുന്നു. പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി സഭ നൂറ്റാണ്ടുകളായി നടത്തിവരുന്ന പോരാട്ടങ്ങളെയും അതിന് നേതൃത്വം നൽകിയ വിശുദ്ധരെയും അനുസ്മരിച്ചുകൊണ്ട്, വർത്തമാനകാലത്ത് ഈ ദൗത്യം എങ്ങനെ തുടരണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസം സ്നേഹത്തിന്റെ ദൗത്യം
വിദ്യാഭ്യാസം എന്നത് തടസ്സങ്ങൾ നിറഞ്ഞതാണെങ്കിലും സന്തോഷകരമായ ഒരു ദൗത്യമാണെന്ന് ഫ്രാൻസിസ് പാപ്പാ, മുൻപ് അധ്യാപകരോട് പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ തന്റെ പ്രബോധനം ആരംഭിക്കുന്നത്. "സ്നേഹിക്കാതെ പഠിപ്പിക്കാൻ കഴിയില്ല" എന്നതാണ് ഈ ദൗത്യത്തിന്റെ കാതൽ. അറിവ് എന്നത് വ്യക്തിയെ സ്വതന്ത്രനാക്കുന്ന ശക്തിയാണ്. അത് മനുഷ്യന് അന്തസ്സ് നൽകുകയും അവനെ പരമമായ സത്യത്തോട് അടുപ്പിക്കുകയും ചെയ്യുന്നു.
ക്രിസ്തു തന്റെ ജീവിതകാലത്ത് സാധാരണക്കാർക്കും ദരിദ്രർക്കും ദൈവികവും മാനുഷികവുമായ സത്യങ്ങൾ പഠിപ്പിച്ചു നൽകിയ ആ മാതൃകയാണ് സഭ എന്നും പിന്തുടരുന്നത്. സാധാരണക്കാരോടുള്ള യേശുവിന്റെ സ്നേഹത്തിന്റെ ഭാവം, പഠിപ്പിക്കലുകളിൽ വെളിപ്പെടുന്നതാണ്, ഉപമകളുടെ ഭാഷ.
സഭയെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവരെ പഠിപ്പിക്കുക എന്നത് കേവലം ഒരു പരോപകാര പ്രവർത്തിയല്ല, മറിച്ച് അത് വിശ്വാസത്തിന്റെ ഭാഗവും, നീതിയുടെ പൂർത്തീകരണവുമാണ്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് വിജ്ഞാനം പകർന്നുനൽകാൻ സഭ വിവിധ സന്യാസ സമൂഹങ്ങളെയും പ്രസ്ഥാനങ്ങളെയും കാലാകാലങ്ങളിൽ രൂപപ്പെടുത്തിയെടുത്ത ചരിത്രം ഈ രേഖയിൽ എടുത്തു പറയുന്നു. എന്നാൽ ഈ രേഖയിൽ എടുത്തു പറയാത്ത അനേകായിരം ഉദാഹരണങ്ങൾ, നമ്മുടെ സമൂഹത്തിലെ വിശുദ്ധ ചാവറയച്ചനെ പോലെയുണ്ടെന്നതും നാം വിസ്മരിക്കരുത്.
പതിനാറാം നൂറ്റാണ്ടിലെ വിപ്ലവം: വിശുദ്ധ ജോസഫ് കാലസാൻസ്
വിദ്യാഭ്യാസ ചരിത്രത്തിൽ സഭയുടെ വിപ്ലവകരമായ ഇടപെടൽ തുടങ്ങുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. ഇറ്റലിയിലെ റോം നഗരത്തിൽ തെരുവുകളിൽ അലയുന്ന, വിദ്യാഭ്യാസമില്ലാത്ത അനേകം കുട്ടികളെ കണ്ട വിശുദ്ധ ജോസഫ് കാലസാൻസ് (St. Joseph Calasanz) ആ കാഴ്ചയിൽ മനംനൊന്ത് ഒരു വലിയ തീരുമാനമെടുത്തു. ത്രസ്തെവെരെയിലെ സാന്താ ഡൊറോട്ടിയ പള്ളിയോട് ചേർന്നുള്ള സാധാരണ മുറികളിൽ അദ്ദേഹം യൂറോപ്പിലെ തന്നെ ആദ്യത്തെ സൗജന്യ പൊതുവിദ്യാഭ്യാസ വിദ്യാലയം സ്ഥാപിച്ചു.
ഇന്ന് നാം കാണുന്ന ആധുനിക സ്കൂൾ സംവിധാനത്തിന്റെ ശില്പികളിൽ ഒരാളാണ് അദ്ദേഹം. 'സ്കോളോപി' (Scolopi) അഥവാ 'പാവപ്പെട്ടവർക്കായി സമർപ്പിക്കപ്പെട്ടഒരു സഭ ' അദ്ദേഹം സ്ഥാപിച്ചു. മതേതര വിജ്ഞാനത്തോടൊപ്പം സുവിശേഷത്തിന്റെ ജ്ഞാനവും കുട്ടികൾക്ക് പകർന്നു നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മാനുഷികമായ അറിവും ദൈവീകമായ ജ്ഞാനവും തമ്മിലുള്ള സമന്വയമാണ് വ്യക്തിയുടെ പൂർണ്ണതയ്ക്ക് ആവശ്യമെന്ന് അദ്ദേഹം വിശ്വസിച്ചു. ഓരോ കുട്ടിയുടെയും ജീവിതാനുഭവങ്ങളിൽ ദൈവത്തിന്റെ സ്നേഹം കണ്ടെത്താൻ അവരെ പ്രാപ്തരാക്കുന്ന ഒരു വിദ്യാഭ്യാസ രീതിയാണ് കാലസാൻസ് വിഭാവനം ചെയ്തത്.
വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സാലെ
പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ മറ്റൊരു വിദ്യാഭ്യാസ വിപ്ലവത്തിന് വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സാലെ (St. John Baptist de La Salle) നേതൃത്വം നൽകി. അക്കാലത്ത് പ്രഭുക്കന്മാർക്കും സമ്പന്നർക്കും മാത്രമായി പരിമിതപ്പെട്ടിരുന്ന വിദ്യാഭ്യാസത്തെ സാധാരണക്കാരുടെ ഇടയിലേക്ക് അദ്ദേഹം കൊണ്ടുവന്നു. തൊഴിലാളികളുടെയും കർഷകരുടെയും മക്കൾ അറിവില്ലായ്മ മൂലം ചൂഷണം ചെയ്യപ്പെടുന്നത് കണ്ട അദ്ദേഹം 'ബ്രദേഴ്സ് ഓഫ് ക്രിസ്ത്യൻ സ്കൂൾസ്' എന്ന സന്യാസ സമൂഹത്തിന് രൂപം നൽകി.
ക്ലാസ് മുറികളെ മാനവികതയുടെ ഉന്നമനത്തിനുള്ള വേദികളാക്കി അദ്ദേഹം മാറ്റി. സൗജന്യ വിദ്യാഭ്യാസം, വ്യവസ്ഥാപിതമായ അധ്യാപന രീതികൾ, സാഹോദര്യത്തിൽ അധിഷ്ഠിതമായ അന്തരീക്ഷം എന്നിവയായിരുന്നു ലാ സാലെയുടെ സ്കൂളുകളുടെ പ്രത്യേകത. ഓരോ കുട്ടിയെയും ദൈവത്തിന്റെ സവിശേഷമായ ദാനമായി കണക്കാക്കണമെന്നും, അവരെ പഠിപ്പിക്കുന്നത് ദൈവരാജ്യത്തിനായുള്ള മഹത്തായ ശുശ്രൂഷയാണെന്നും അദ്ദേഹം അധ്യാപകരെ ഓർമ്മിപ്പിച്ചു. അച്ചടക്കവും പ്രാർത്ഥനയും കൃത്യമായ രീതിശാസ്ത്രവും സമന്വയിപ്പിച്ച ലാ സാലെയുടെ രീതി ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ മേഖലയെ ഇന്നും പ്രചോദിപ്പിക്കുന്നു, അല്ലെങ്കിൽ പ്രചോദിപ്പിക്കേണ്ടതാണ്.
പത്തൊൻപതാം നൂറ്റാണ്ടിലെ വെല്ലുവിളികളും, വിശുദ്ധരുടെ ഇടപെടലുകളും
പത്തൊൻപതാം നൂറ്റാണ്ട് ലോക ചരിത്രത്തിൽ വലിയ മാറ്റങ്ങളുടെ കാലമായിരുന്നു. വ്യവസായ വിപ്ലവവും സാമൂഹിക മാറ്റങ്ങളും സാധാരണക്കാരുടെ ജീവിതത്തെ ദുസ്സഹമാക്കി. ഈ കാലഘട്ടത്തിൽ സഭയിൽ നിന്ന് ഉയർന്നുവന്ന മൂന്ന് പ്രമുഖ വ്യക്തിത്വങ്ങളെ പാപ്പാ അപ്പസ്തോലിക പ്രബോധനത്തിൽ പ്രത്യേകം പരാമർശിക്കുന്നു: വിശുദ്ധ മാർസെലിൻ ചമ്പനാറ്റ്, വിശുദ്ധ ജോൺ ബോസ്കോ, വാഴ്ത്തപ്പെട്ട ആന്റണിയോ റോസ്മിനി.
വിശുദ്ധ മാർസെലിൻ ചമ്പനാറ്റ് (St. Marcellin Champagnat) ഫ്രാൻസിലെ ഉൾനാടൻ ഗ്രാമങ്ങളിലെ കുട്ടികളുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞു. മതപരമായ അറിവില്ലായ്മയും സാമൂഹികമായ അവഗണനയും നേരിട്ടിരുന്ന ആ കുട്ടികൾക്കായി അദ്ദേഹം 'മാരിസ്റ്റ് ബ്രദേഴ്സ്' (Marist Brothers) സ്ഥാപിച്ചു. "ഒരു കുട്ടിയെ സ്നേഹിക്കുക എന്നാൽ അവനെ പഠിപ്പിക്കുക എന്നാണ് അർത്ഥം" എന്ന് അദ്ദേഹം വിശ്വസിച്ചു.
ഇതേസമയം ഇറ്റലിയിൽ വിശുദ്ധ ജോൺ ബോസ്കോ (St. John Bosco) യുവജനങ്ങൾക്കിടയിൽ അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ടൂറിനിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കായി അദ്ദേഹം ആരംഭിച്ച സലേഷ്യൻ പ്രസ്ഥാനം ലോകമെമ്പാടും പടർന്നു പന്തലിച്ചു. ബുദ്ധി (Reason), മതം (Religion), സ്നേഹം (Loving-kindness) എന്നീ മൂന്ന് തൂണുകളിൽ അധിഷ്ഠിതമായ 'പ്രിവന്റീവ് സിസ്റ്റം' (Preventive System) അദ്ദേഹം വികസിപ്പിച്ചു. കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം അവരെ സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും നന്മയിലേക്ക് നയിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
വാഴ്ത്തപ്പെട്ട ആന്റണിയോ റോസ്മിനി (Bl. Antonio Rosmini) 'ബൗദ്ധിക കാരുണ്യം' (Intellectual Charity) എന്ന പുതിയൊരു ചിന്താഗതി അവതരിപ്പിച്ചു. ഭൗതികമായ സഹായങ്ങൾ നൽകുന്നതിനേക്കാൾ ഉപരിയായി, ഒരു വ്യക്തിയുടെ ബുദ്ധിക്ക് പ്രകാശം നൽകുന്ന അറിവ് പകർന്നു നൽകുന്നത് വലിയൊരു കാരുണ്യപ്രവൃത്തിയാണെന്ന് അദ്ദേഹം വാദിച്ചു. ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ചയ്ക്ക് ഈ ബൗദ്ധികമായ പോഷണം അനിവാര്യമാണെന്ന് റോസ്മിനി പഠിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് സ്ത്രീ സന്യാസ സമൂഹങ്ങളുടെ പങ്ക്
സഭയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ സ്ത്രീ സന്യാസ സമൂഹങ്ങൾ വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടുന്നു. ഉർസുലൈൻ സന്യാസിനികൾ, മരിയൻ സന്യാസിനികൾ, മയെസ്ത്രേ പിയെ തുടങ്ങി പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ സ്ഥാപിതമായ അനേകം സന്യാസ സഭകൾ സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട ഇടങ്ങളിൽ സ്കൂളുകൾ ആരംഭിച്ചു. ഭരണകൂടങ്ങൾ പോലും എത്തിച്ചേരാത്ത വിദൂര ഗ്രാമങ്ങളിലും നഗര പ്രാന്തങ്ങളിലും ഈ സഹോദരിമാർ അറിവിന്റെ വെളിച്ചമെത്തിച്ചു.
പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇവർ തങ്ങളുടെ പ്രഥമ പരിഗണനയായി സ്വീകരിച്ചു. പെൺകുട്ടികൾക്ക് അക്ഷരാഭ്യാസത്തോടൊപ്പം ജീവിതത്തിന് ആവശ്യമായ പ്രായോഗിക കാര്യങ്ങളും കലകളും അവർ പഠിപ്പിച്ചു. 'സമീപസ്ഥത, ക്ഷമ, സൗമ്യത' (Proximity, Patience, Sweetness) എന്നതായിരുന്നു ഇവരുടെ അധ്യാപന ശൈലി. വിജ്ഞാനത്തേക്കാൾ ഉപരിയായി ഓരോ കുട്ടിയുടെയും ഹൃദയത്തെ രൂപപ്പെടുത്താനും അവരിൽ ആത്മവിശ്വാസം വളർത്താനും അവർ പരിശ്രമിച്ചു. അറിവില്ലായ്മയും സാമൂഹിക വിവേചനവും കൊടികുത്തി വാണിരുന്ന കാലത്ത് ഈ സ്ത്രീകൾ പ്രത്യാശയുടെ പ്രകാശഗോപുരങ്ങളായി മാറി. തങ്ങളുടെ ജീവിതം തന്നെ പാഠപുസ്തകമാക്കിയാണ് അവർ കുട്ടികളെ വളർത്തിയത്.
വിദ്യാഭ്യാസം: ഔദാര്യമല്ല, മറിച്ച് നീതിയുടെ കടമയാണ്
"ദിലക്സി തേ"യുടെ 72 മത് ഖണ്ഡികയിൽ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അതിശക്തമായ ഒരു പ്രഖ്യാപനം പാപ്പാ നടത്തുന്നുണ്ട്. ആധുനിക കാലഘട്ടത്തിൽ പാപ്പാ നൽകുന്ന ഈ ആഹ്വാനം ഇന്ന് ലോകത്ത് നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്തവനിലും നിഷിപ്തമായിരിക്കുന്നു. പാവപ്പെട്ടവരുടെ വിദ്യാഭ്യാസം എന്നത് സഭയോ സമൂഹമോ ചെയ്യുന്ന ഒരു 'ഔദാര്യം' അല്ല, മറിച്ച് അത് ഒരു 'കടമ' ആണ്. ഓരോ കുഞ്ഞിനും അറിവ് നേടാനുള്ള അവകാശമുണ്ട്. കാരണം, മാനുഷിക അന്തസ്സ് തിരിച്ചറിയപ്പെടാനുള്ള അടിസ്ഥാന ഉപാധിയാണത്.
ഒരു കുട്ടിയെ പഠിപ്പിക്കുക എന്നത് അവന്റെ മാനുഷികമായ മൂല്യത്തെ അംഗീകരിക്കുന്നതാണ്. തന്റെ ചുറ്റുമുള്ള സാഹചര്യങ്ങളെ മാറ്റിമറിക്കാൻ അവനെ പ്രാപ്തനാക്കുന്ന ആയുധമാണ് വിദ്യാഭ്യാസം. വിജ്ഞാനം എന്നത് ദൈവത്തിന്റെ ദാനമാണ്. അത് എല്ലാവരിലേക്കും എത്തിക്കുക എന്നത് വിശ്വാസി സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
ആധുനിക കാലത്തെ ദൗത്യം
ഇന്നത്തെ കത്തോലിക്കാ സ്കൂളുകൾ കേവലം ഉന്നത നിലവാരമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന ഇടങ്ങളാകരുത് എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. മറിച്ച്, അവ നന്മയോടും സത്യത്തോടും നീതിയോടും ആഭിമുഖ്യമുള്ള മനുഷ്യരെ വാർത്തെടുക്കുന്ന കേന്ദ്രങ്ങളാകണം. വിശ്വാസവും സംസ്കാരവും തമ്മിലുള്ള സമന്വയമാണ് സഭയുടെ സ്കൂളുകളിൽ സംഭവിക്കേണ്ടത്.
ഓരോ വിദ്യാലയവും ഏവരെയും ഉൾച്ചേർക്കുന്നതിന്റെയും, (Inclusion) സമഗ്ര രൂപീകരണത്തിന്റെയും (Integral Formation) വേദിയാകണം. പാവപ്പെട്ട കുട്ടികൾക്ക് അവിടെ പ്രഥമ പരിഗണന ലഭിക്കണം. വർത്തമാനകാലത്ത് വിദ്യാഭ്യാസം ഒരു വിപണിയായി മാറിക്കൊണ്ടിരിക്കുമ്പോൾ, സഭയുടെ സ്കൂളുകൾ ക്രിസ്തുവിന്റെ സ്നേഹവും കരുണയും പ്രതിഫലിക്കുന്ന ഇടങ്ങളായി നിലകൊള്ളണമെന്നു പാപ്പാ, ശക്തമായ ഭാഷയിൽ പ്രബോധനത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു.
ലിയോ പതിനാലാമൻ പാപ്പായുടെ "ദിലക്സി തേ" എന്ന ഈ പ്രബോധനത്തിന്റെ 68 മുതൽ 72 വരെയുള്ള ഖണ്ഡികകൾ, വിദ്യാഭ്യാസത്തെ ഒരു വിശുദ്ധ ദൗത്യമായിട്ടാണ് അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ വിശുദ്ധർ കാട്ടിത്തന്ന ആ വിപ്ലവകരമായ പാത പിന്തുടരാൻ നാം ഓരോരുത്തരും കടപ്പെട്ടവരാണ്. ലോകത്തെ മാറ്റാനുള്ള ഏറ്റവും വലിയ ശക്തി സ്നേഹത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണെന്ന് സഭ അടിവരയിടുന്നു. പാവപ്പെട്ടവന്റെ മക്കൾക്ക് അറിവ് ലഭിക്കുമ്പോൾ മാത്രമേ ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ യഥാർത്ഥത്തിൽ പുലരുകയുള്ളൂ.
അറിവില്ലായ്മയുടെ ഇരുട്ടിനെ സ്നേഹത്തിന്റെ വെളിച്ചം കൊണ്ട് കീഴടക്കിയ വിശുദ്ധരുടെ പാരമ്പര്യം തുടരാൻ സഭാമക്കളെ ഈ രേഖ ആഹ്വാനം ചെയ്യുന്നു. പാവപ്പെട്ടവന്റെ നീതിക്കായി, അവന്റെ അന്തസ്സിനായി, വിജ്ഞാനത്തിന്റെ വാതിലുകൾ എന്നും തുറന്നിരിക്കട്ടെ എന്നതാണ് "ദിലക്സി തേ" നൽകുന്ന സുപ്രധാന സന്ദേശം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: