ഉക്രൈനിലും ലോകമെമ്പാടും സമാധാനത്തിനായി അസ്സീസിയിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തിൽനിന്ന് ഉക്രൈനിലും ലോകമെമ്പാടും സമാധാനത്തിനായി അസ്സീസിയിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തിൽനിന്ന്  (ANSA)

ഉക്രൈനിൽ സമാധാനം സ്ഥാപിക്കപ്പെടാനായി അസ്സീസ്സിയിൽ വിശുദ്ധബലിയർപ്പണം

ദീർഘനാളുകളായി ഉക്രൈനിൽ തുടരുന്ന ആക്രമണങ്ങൾ അവസാനിക്കാനും പ്രദേശത്ത് സമാധാനം സ്ഥാപിക്കപ്പെടാനുമായി, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പ്രാർത്ഥനകൾ കൂടി അപേക്ഷിച്ചുകൊണ്ട്, അസ്സീസിയിൽ വിശുദ്ധ ബലിയർപ്പണം നടന്നു. ഇറ്റലി മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സൂപ്പിയാണ് വിശുദ്ധബലിക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

റഷ്യ-ഉക്രൈൻ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഉക്രൈനിൽ സമാധാനം സ്ഥാപിക്കപ്പെടാനായി, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസലിക്കയിൽ വിശുദ്ധ ബലിയർപ്പണം. മാർച്ച് 11 ബുധനാഴ്ച വൈകുന്നേരം നടന്ന വിശുദ്ധ ബലിയർപ്പണത്തിൽ, ഇറ്റലി മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സൂപ്പി മുഖ്യ കാർമ്മികത്വം വഹിച്ചു. പരിശുദ്ധ സിംഹാസനത്തിലെക്കുള്ള ഉക്രൈൻ അംബാസഡർ അന്ത്രീ യൂറാഷ് ഉൾപ്പെടെയുള്ളവർ വിശുദ്ധ ബലിയർപ്പണത്തിൽ സംബന്ധിച്ചു.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ എണ്ണൂറാം വർഷവുമായി ബന്ധപ്പെട്ട്, അസ്സീസിയിൽ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറന്നു കൊടുത്തിരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, വത്തിക്കാനിലേക്കുള്ള ഉക്രൈൻ എംബസ്സിയാണ്, ഇത്തരമൊരു സമാധാനപ്രാർത്ഥനായജ്ഞം നടത്തുന്നതിന് മുൻകൈയെടുത്തത്. ഉക്രൈനിൽനിന്നുള്ള വൈദികരുൾപ്പെടെ എഴുപത് തീർത്ഥാടകരും വിശുദ്ധ ബലിയിൽ സംബന്ധിച്ചതായി, മാർച്ച് പതിനൊന്നിന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ബസലിക്ക വൃത്തങ്ങൾ അറിയിച്ചു.

ലോകം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, പ്രത്യാശയുടെ അവസാനിക്കാത്ത ഉറവയാണ് വിശുദ്ധ ഫ്രാൻസിസിൽ ആളുകൾ കാണുന്നതെന്ന് കർദ്ദിനാൾ സൂപ്പി പ്രസ്താവിച്ചു. ആധികാരികമായ ക്രൈസ്തവികതയുടെ കണ്ണുകളോടെ യാഥാർത്ഥ്യങ്ങളെ നോക്കിക്കാണാനാണ് വിശുദ്ധൻ നമ്മെ സഹായിക്കുന്നതെന്നും, പരസ്പരം സഹോദരങ്ങളായിക്കണ്ട് അനുദിനം ജീവിക്കാനാണ് അദ്ദേഹം നമ്മെ ക്ഷണിക്കുന്നതെന്നും ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷൻ കൂടിയായ കർദ്ദിനാൾ കൂട്ടിച്ചേർത്തു.

വിശുദ്ധ ഫ്രാൻസിസിന്റെ അദ്ധ്യാത്മികസഹായത്തോടെ ദൈവവുമായി നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് സംസാരിക്കാനാകുക എന്നത് വിലമതിക്കാനാകാത്ത ഒരു കൃപയാണെന്നും, മുഴുവൻ മാനവികതയ്ക്കുമുള്ള ഐക്യത്തിന്റെയും ദൈവികമായ സ്നേഹത്തിന്റെയും സാക്ഷ്യമാണ് അസ്സീസ്സി നൽകുന്നതെന്നും ഉക്രൈൻ അംബാസഡർ അന്ത്രീ യൂറാഷ് പ്രസ്താവിച്ചു.

ഉക്രൈനിൽ മാത്രമല്ല, സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന എല്ലായിടങ്ങളിലും സമാധാനം സ്ഥാപിക്കപ്പെടുന്നതിന് വിശുദ്ധ ഫ്രാൻസിസിന്റെ സഹായം അഭ്യർത്ഥിച്ചാണ്, ഇത്തരമൊരു വിശുദ്ധ ബലിയർപ്പണം നടന്നതെന്നും, മുഴുവൻ മാനവികതയെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാമെന്നും ആശ്രമത്തിന്റെ കസ്റ്റോഡിയനും ഫ്രാൻസിസ്കൻ കൺവെഞ്ച്വൽ വൈദികനുമായ അഭി. മാർക്കോ മൊറോണി പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മാർച്ച് 2026, 12:55