നോമ്പുകാലം ദൈവീക നന്മകളെ അനുസ്മരിക്കുവാനുള്ള സമയമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നോമ്പുകാലം ആറാം ഞായറാഴ്ച്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. അടുത്ത ഞായർ, ഓശാന തിരുനാളോടുകൂടി നാം വലിയ ആഴ്ച്ചയിലേക്ക് കടക്കും. പെസഹാരഹസ്യങ്ങളിൽ, ആത്മീയമായി പങ്കുചേരുവാൻ നമ്മെ സഹായിക്കുന്ന വചനങ്ങളാണ് ഇന്നത്തെ വായനകളിൽ ഉൾച്ചേർന്നിരിക്കുന്നത്. ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നും ഇസ്രായേൽ ജനതയെ വീണ്ടെടുത്ത് കൊണ്ട്, കാനാൻ ദേശത്തേക്ക് നയിക്കുന്ന രംഗമാണ്, നിയമാവർത്തന പുസ്തകത്തിൽ നിന്നുമുള്ള ആദ്യ വായനയിൽ നാം കാണുന്നത്. ദൈവസ്നേഹത്തിന്റെ പവിത്രതയോട് വിശ്വസ്തത പുലർത്താതെ സ്വന്തം വഴികളിൽ മുൻപോട്ടു പോകുവാൻ ആഗ്രഹിച്ചുകൊണ്ട്, മോശയ്‌ക്കെതിരെ പിറുപിറുത്ത ഇസ്രായേൽ ജനതയ്‌ക്കെതിരെ, സംസാരിക്കുന്നത് ഈ അധ്യായത്തിൽ വിവരിക്കുന്നു
എന്നാൽ കുറ്റം വിധിച്ചുകൊണ്ട് ഉപേക്ഷിക്കുന്ന ഒരു രീതിയല്ല, മറിച്ച് ദൈവത്തിന്റെ പിതൃസഹജമായ വാത്സല്യത്തെയും, മറിച്ച് ശിക്ഷണത്തെയും ഇവിടെ എടുത്തു പറയുന്നു. പരീക്ഷണങ്ങളും, വേദനകളും, സന്തോഷങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും, എന്നാൽ അവയെ നേരിട്ടു കൊണ്ട് എപ്രകാരമാണ് മുൻപോട്ടു പോകേണ്ടതെന്നു ഈ വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നു.ഇസ്രായേൽ ജനം മരുഭൂമിയിലൂടെ കടന്നു പോയ യാത്രയുടെ, അവസാനം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാനാൻ ദേശമായിരുന്നെങ്കിൽ, നാം അനുഷ്ഠിക്കുന്ന നോമ്പ് നമ്മെ വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും വഴിയിലൂടെ, ഉത്ഥാനത്തിന്റെ ആഘോഷത്തിലേക്കാണ് എത്തിക്കുന്നത്.
ആദ്യത്തെ വായനയിലൂടെ, ഇസ്രായേൽ ജനത്തിനു വിശ്വാസത്തിന്റെ മൂന്നു പ്രതികരണങ്ങളെ മോശ ഓർമ്മപ്പെടുത്തുന്നുണ്ട്. ഇത് മൂന്നു ക്രിയകളാണ്: ഓർമ്മിക്കുക, തിരിച്ചറിയുക, നിരീക്ഷിക്കുക.
നോമ്പുകാലം ഓർമ്മിക്കുന്നതിനുള്ള അവസരമാണ്. നമ്മുടെ ജീവിതത്തിൽ, സമൃദ്ധിയുടെ നിമിഷങ്ങൾ സമ്മാനിച്ച ദൈവത്തെ, പരീക്ഷണങ്ങളുടെ സമയത്ത് മറന്നു പോകുന്ന സാഹചര്യങ്ങളെ ആദ്യ വായന ചൂണ്ടിക്കാണിക്കുന്നു. "അരുവികളും ഉറവകളും, മലകളിലും താഴ്വരകളിലും പൊട്ടിയൊഴുകുന്ന പ്രവാഹങ്ങളുമുള്ള ഒരു നല്ല ദേശത്തേക്കാണു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ കൊണ്ടുവരുന്നത്. ഗോതമ്പും ബാര്‍ലിയും മുന്തിരിച്ചെടികളും അത്തിവൃക്ഷങ്ങളും മാതളനാരകങ്ങളും ഒലിവുമരങ്ങളും തേനും ഉള്ള ദേശമാണത്. അവിടെ നിങ്ങള്‍ സുഭിക്ഷമായി അപ്പം ഭക്ഷിക്കും; നിങ്ങള്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല." വാഗ്ദത്ത ദേശത്തെക്കുറിച്ചുള്ള മുന്നാസ്വാദനമാണ്, ഇസ്രായേൽ ജനതയ്ക്ക് നൽകുന്നത്.
എന്നാൽ ഇവയെല്ലാം ജീവിതത്തിൽ അനുഭവിക്കണമെങ്കിൽ, നിയമാവർത്തന പുസ്തകം പറയുന്ന, ഒരു കാര്യമുണ്ട്, " ഈ നാല്‍പതു സംവത്സരം മരുഭൂമിയിലൂടെ നിങ്ങളെ നയിച്ച വഴിയെല്ലാം നിങ്ങള്‍ ഓര്‍ക്കണം." "നിങ്ങളുടെ ദൈവമായ കർത്താവിനെ മറക്കാതിരിക്കാൻ സൂക്ഷിക്കുക!" എന്ന മുന്നറിയിപ്പാണത്. വിശുദ്ധ ഗ്രന്ഥത്തിൽ "ഓർക്കുക" എന്നത് ദൈവത്തിന്റെയും ഇസ്രായേലിന്റെയും വിശ്വസ്തതയുടെ അടയാളവും, "മറക്കുക" എന്നത് ദൈവത്തിന്റെ ഭാഗത്തെ ന്യായവിധിയുടെ അടയാളവും, ഇസ്രായേലിന്റെ ഭാഗത്തെ വിശ്വാസരാഹിത്യത്തിന്റെ അടയാളവുമാണെന്നതും ആദ്യ വായന ചൂണ്ടികാണിക്കുന്നു.
രണ്ടമത്തെ ക്രിയ തിരിച്ചറിയുക എന്നതാണ്. വിശുദ്ധ ഗ്രന്ഥ പാരമ്പര്യത്തിൽ, മരുഭൂമി യാത്രയുടെ കാലഘട്ടത്തെ ഒരു ദ്വന്ദ്വഭാവത്തോടെയാണ് കാണുന്നത്. ഒരു വശത്ത്, മരുഭൂമി എന്നത് ദൈവത്തിനു ജനങ്ങളോടുള്ള വെളിപ്പെടുത്തലിന്റെയും അടുപ്പത്തിന്റെയും സ്ഥലമാണ്, അതിനാൽ അത് ആഴത്തിലുള്ള ബന്ധത്തിന്റെ സ്ഥലമാണ്; മറുവശത്ത്, അത് പരീക്ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും മത്സരത്തിന്റെയും സ്ഥലമാണ്, ഇസ്രായേലിന്റെ വിശ്വാസം ചഞ്ചലപ്പെടുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്ന സ്ഥലമാണിത്. അതിനാൽ മരുഭൂമിയിലുള്ള യാത്രയിൽ, അതായത് നോമ്പിന്റെ യാത്രയിൽ, നമ്മെ സ്നേഹത്തിന്റെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ദൈവത്തെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കണം.
മൂന്നാമത്തെ ക്രിയ നിരീക്ഷിക്കുക എന്നതാണ്. പിതാവിൽ നിന്നുള്ള ശാസനയും തിരുത്തലും ഉൾപ്പെടുന്ന വിദ്യാഭ്യാസത്തിന്റെയും രൂപീകരണത്തിന്റെയും കാലഘട്ടമാണ് മരുഭൂമിയിലെ യാത്ര. നോമ്പുകാലത്തിലും, കർത്താവിനെ നിരീക്ഷിച്ചുകൊണ്ട്, നമ്മുടെ യാത്രയെ മുൻപോട്ടു നയിക്കുവാൻ നമുക്ക് സാധിക്കണം.
അപ്രകാരം കർത്താവിന്റെ സാന്നിധ്യവും, പിതൃതുല്യമായ വാത്സല്യവും ഏറ്റുവാങ്ങിക്കൊണ്ട്, എളിമയാർന്ന ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ, സഹനങ്ങളും, സന്തോഷത്തിന്റെ അനുഭവങ്ങൾ പകർന്നു നൽകും. ഇതാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ നിന്നും, പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ നിന്നും നാം വായിച്ചുകേട്ട വചനഭാഗങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. "ക്രിസ്തുവിന്‍െറ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്‍െറ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും." നോമ്പുകാലം നമ്മെ നയിക്കുന്നത്, ഉത്ഥാനത്തിന്റെ ആഹ്ലാദത്തിലേക്കും, അപ്പോൾ മാത്രമാണ് കർത്താവിന്റെ മഹത്വം തിരിച്ചറിയുവാൻ നമുക്കു സാധിക്കുന്നതെന്നും ഈ വചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
സഹനത്തിന്റെ രക്ഷാകരമായ അനുഭവത്തിലേക്കാണ് ഇന്നത്തെ സുവിശേഷഭാഗവും നമ്മെ ക്ഷണിക്കുന്നത്. നമ്മുടെയെല്ലാം സഹനങ്ങൾക്ക് ആശ്വാസത്തിന്റെ ഒരിടം കണ്ടെത്തേണ്ടത്, നമുക്ക് മുൻപേ യേശു അനുഭവിച്ച പീഡകളും, തിരസ്കരണങ്ങളും, കുരിശുമരണവും ആണെന്ന് പറയുമ്പോൾ, സുവിശേഷകൻ അവസാനം വിരൽ ചൂണ്ടുന്നത്, അവന്റെ പുനരുത്ഥാനത്തിലേക്കാണ്.
പക്ഷെ ഇവയെല്ലാം മനസ്സിലാക്കുവാൻ മാനുഷികമായ ബുദ്ധിക്ക് സാധിക്കുകയില്ല. അതുകൊണ്ടാണ് ക്രിസ്തുവിന്റെ പഠനങ്ങളും, ജീവിതവുമെല്ലാം പലർക്കും ഇടർച്ചയും, ബുദ്ധിമുട്ടുകളും എല്ലാ കാലത്തും ഉണ്ടാക്കുന്നത്. ഇതിൽ ഒന്നാണ് വിശുദ്ധ പത്രോസിന്റെ പ്രതികരണത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നത്.
എന്നാൽ ഇത്തരത്തിൽ, ദൈവീക മഹത്വത്തെ തിരിച്ചറിയുവാൻ കൂട്ടാക്കാത്ത മനുഷ്യന്റെ ദുശാഠ്യത്തെ സാത്താന്റെ പ്രവൃത്തിയെന്നാണ് സുവിശേഷം വിവരിക്കുന്നത്. "സാത്താനേ, നീ എന്‍െറ മുമ്പില്‍നിന്നു പോകൂ. നിന്‍െറ ചിന്ത ദൈവികമല്ല, മാനുഷികമാണ്."എന്നതായിരുന്നു യേശുവിന്റെ വാക്കുകൾ.
അതിനാൽ ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ നമ്മുടെ വേദനകൾക്കിടയിൽ തിരിച്ചറിയണമെങ്കിൽ, യേശു നമ്മോട് പറയുന്നത്, നമ്മുടെ അഹത്തിൽ നിന്നും പുറത്തുകടന്നുകൊണ്ട്, നമ്മെ തന്നെ പരിത്യജിച്ച് നമ്മുടെ കുരിശുമെടുത്ത് യേശുവിനെ അനുഗമിക്കുവാനാണ്. അൽഫോൻസാമ്മ സഹനത്തിൽ യേശുവിന്റെ രക്ഷയെ കണ്ടെത്തിയ ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് വിശുദ്ധ ഇപ്രകാരം പറയുന്നത്: "കുരിശ് തന്നാണ് ഈശോ സ്നേഹിക്കുന്നത് സ്നേഹിക്കുന്നവർക്കാണ് കൂടുതൽ കുരിശുകളും സങ്കടങ്ങളും അവിടുന്ന് നൽകുക. സഹിക്കുന്നത് എനിക്ക് സന്തോഷമാണ്. സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്" എന്ന്.
സ്വന്തം ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നവൻ അത് നഷ്ടപ്പെടുത്തും, എന്നാൽ ക്രിസ്തുവിനു വേണ്ടി അത് സമർപ്പിക്കുന്നവൻ അത് വീണ്ടെടുക്കും. ഇവിടെ 'ജീവൻ' എന്നത് നമ്മുടെ സ്വാർത്ഥമായ താൽപ്പര്യങ്ങളെയും ലൗകികമായ ആഗ്രഹങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. നാം നമ്മുടെ 'അഹം' കേന്ദ്രീകൃതമായി ജീവിക്കുമ്പോൾ, ദൈവത്തിൽ നിന്ന് നാം അകലുകയും ആത്മീയമായി മരിക്കുകയും ചെയ്യുന്നു. എന്നാൽ സുവിശേഷത്തിനുവേണ്ടി നമ്മുടെ സ്വാർത്ഥതയെ കുരിശിൽ തറയ്ക്കുമ്പോൾ നാം യഥാർത്ഥ ജീവൻ കണ്ടെത്തുന്നു.
ഇന്നത്തെ ലോകം നേട്ടങ്ങളുടെ പിന്നാലെയുള്ള പാച്ചിലിലാണ്. സമ്പത്തും അധികാരവും പ്രശസ്തിയും നേടുന്നത് വിജയമായി നാം കരുതുന്നു. എന്നാൽ ഇവയൊന്നും മരണത്തിനപ്പുറം നമ്മുടെ കൂടെ വരില്ല. നമ്മുടെ ആത്മാവ് മാത്രമാണ് നിത്യമായി നിലനിൽക്കുന്നത്. ആ ആത്മാവിനെ പാപത്തിന് വിട്ടുകൊടുത്തുകൊണ്ട് നേടുന്ന ലോകവിജയങ്ങൾ നശ്വരമാണ്.
ക്രിസ്തുവിനെ അനുഗമിക്കുക എന്നത് ഒരു കുരിശിന്റെ വഴിയാണ്. അത് സ്വയം പരിത്യജിക്കലാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവഹിതത്തിന് ഒന്നാം സ്ഥാനം നൽകുകയും, മറ്റുള്ളവർക്കായി സ്നേഹത്തോടെ സേവനം ചെയ്യുകയും ചെയ്യുമ്പോൾ നാം നമ്മുടെ ജീവൻ ക്രിസ്തുവിനായി നൽകുകയാണ് ചെയ്യുന്നത്.
ഇന്ന് ലോകം മുഴുവൻ യുദ്ധഭീകരതയുടെ കരിനിഴൽ വീഴുമ്പോൾ, ഒരിക്കൽ കൂടി നോമ്പുകാലത്ത് സഹനത്തിന്റെ പ്രാധാന്യം ജീവിതത്തിൽ ഊട്ടിയുറപ്പിക്കണം. കാരണം നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയാണ് സഹനത്തിനുമപ്പുറം കർത്താവിന്റെ കൂടെ യാത്ര ചെയ്യുവാൻ നമ്മെ സഹായിക്കുന്നത്. ഈ നോമ്പുകാലം, പ്രത്യാശയുടെ ഈ ചൈതന്യത്തിൽ വളരുവാനുള്ള ഒരു അവസരം കൂടിയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: