ഫാദർ പിയറി എൽ റായി ഫാദർ പിയറി എൽ റായി  

ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു

മാർച്ചുമാസം ഒൻപതാംതീയതി, ലെബനനിൽ നടന്ന ഇസ്രായേലി ബോംബാക്രമണത്തിൽ, ക്ലായയിലെ മാറോനീത്ത സഭയുടെ ഇടവക വികാരി ഫാദർ പിയറി എൽ റായി കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് നടന്ന ഒരു ആക്രമണത്തിൽ വീട് തകർന്ന ഒരു ഇടവകക്കാരനെ സഹായിക്കാൻ പോകുന്നതിനിടെയാണ് ബോംബാക്രമണത്തിൽ വൈദികൻ കൊല്ലപ്പെടുന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

തെക്കൻ ലെബനനിലെ, ക്ലായയിലെ മാറോനീത്ത സഭയുടെ ഇടവക വികാരി ഫാദർ പിയറി എൽ റായി, ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ബെയ്റൂട്ട് സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ആക്രമണം നടന്നത്. രാജ്യത്തിന്റെ തെക്ക് ഭാഗത്ത്  നടന്ന ഒരു ആക്രമണത്തിൽ വീട് തകർന്ന ഒരു ഇടവകക്കാരനെ സഹായിക്കാൻ പോകുന്നതിനിടെയാണ് ബോംബാക്രമണത്തിൽ ഫാദർ പിയറി എൽ റായിക്ക് ഗുരുതര പരിക്കുകൾ എല്ക്കുന്നത്. തുടർന്ന് പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വൈദികൻ മരിക്കുന്നത്. അമ്പതു വയസ് പ്രായമാണ് കൊല്ലപ്പെട്ട ഫാദർ പിയറിക്ക്.

ഇസ്രായേൽ സൈന്യത്തിൽ നിന്നുള്ള നിരന്തരമായ പലായന മുന്നറിയിപ്പുകൾക്കിടയിൽ നാട്ടിൽ തുടർന്ന് കൊണ്ട്, ആ പ്രദേശത്തെ ക്രിസ്ത്യാനികൾക്ക് ഫാദർ പിയറി  ശരിക്കും ഒരു പിന്തുണയായിരുന്നുവെന്നു, തെക്കൻ ലെബനനിലെ ടയർ, ഡെയർമിമാസ് ലാറ്റിൻ ഇടവക വികാരി ഫ്രാൻസിസ്കൻ വൈദികൻ ഫാദർ ടൗഫിക് ബൗ മെർഹി പങ്കുവച്ചു.

ഇതുവരെ, ക്രിസ്ത്യൻ ഗ്രാമങ്ങളിലെ വീടുകൾ വിട്ടുപോകാൻ ആളുകൾ ആഗ്രഹിച്ചിരുന്നില്ലയെന്നും, എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വീടുകൾ ഉപേക്ഷിച്ചു പോകുവാൻ എല്ലാവരും നിർബന്ധിതരാകുന്നുവെന്നും,  പക്ഷെ, രാജ്യത്തിൻറെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ, ഏവർക്കും താങ്ങുവാൻ കഴിയില്ല എന്നുള്ളതാണ് വാസ്തവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെയ്റൂട്ടിൽ മാത്രം 500,000 ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഏകദേശം 300,000 ആളുകൾ തെക്കൻ ലെബനൻ വിട്ടുപോയി. തെരുവുകളിലും കാറുകളിലുമാണ് ആളുകൾ അന്തിയുറങ്ങുന്നത്. എങ്കിലും കർത്താവിലുള്ള പ്രത്യാശ മാത്രമാണ്, തങ്ങൾക്ക് മുൻപോട്ട് പോകുവാനുള്ള ശക്തി പകരുന്നതെന്നും,ഫാദർ ടൗഫിക് ബൗ മെർഹി പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 മാർച്ച് 2026, 13:59