സുഭാഷിതങ്ങൾ 16 സുഭാഷിതങ്ങൾ 16 

കർത്താവിന് സ്വയം സമർപ്പിച്ച്, ദൈവികപദ്ധതികൾക്കനുസൃതം നന്‍മയിൽ ജീവിക്കുക

വചനവീഥി: സുഭാഷിതങ്ങൾ പതിനാറാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സോളമന്റെ ഉദ്ബോധനങ്ങളുമായി ബന്ധപ്പെട്ട സുഭാഷിതഗ്രന്ഥത്തിലെ പത്ത് മുതൽ ഇരുപത്തിരണ്ട് വരെയുള്ള അദ്ധ്യായങ്ങളുടെ ഭാഗമായ പതിനാല് മുതൽ പതിനാറ് വരെയുള്ള അദ്ധ്യായങ്ങൾ, നീതിമാന്മാരും വിവേകികളുമായ മനുഷ്യരും ദുഷ്ടരും മടിയന്മാരുമായ മനുഷ്യരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് പ്രധാനമായി പരാമർശിക്കുക. മതപരമായ ആചാരങ്ങളെക്കാൾ, സാമൂഹികമായ ഒരു ജീവിതത്തിൽ ഉണ്ടാകേണ്ട ക്രമത്തെയും, ദൈവം നിശ്ചയിച്ച ക്രമത്തിന് വിരുദ്ധമോ അനുകൂലമോ ആയ ജീവിതം നയിക്കുന്നവർ എന്നതിനെയും അധികരിച്ചാണ് സുഭാഷിതം ഒരുവന്റെ ജീവിതത്തെയും മൂല്യങ്ങളെയും വിലയിരുത്തുന്നത് എന്ന് നമുക്ക് കാണാം. ജീവിതത്തിൽ നീതിയോടെയും ധാർമ്മികതയോടെയും പ്രവർത്തിക്കേണ്ടതിന്റെയും വിവേകപൂർവ്വമുള്ള തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതിന്റെയും നന്മയുടെ പാതയിൽ ചരിക്കേണ്ടതിന്റെയും പ്രാധാന്യമാണ് പതിനാറാം അദ്ധ്യായവും അവതരിപ്പിക്കുന്നത്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്കും തീരുമാനങ്ങൾക്കും ഉപരിയാണ് ദൈവത്തിന്റെ പദ്ധതികളും തീരുമാനങ്ങളുമെന്നും, അനീതിയുടെയും ദുഷ്ടതയുടെയും അഹങ്കാരത്തിന്റെയും പ്രവൃത്തികൾ നമ്മെ അവനിൽനിന്നും അകറ്റിനിറുത്തുമെന്നും സോളമൻ ഇവിടെയും ഉപദേശിക്കുന്നുണ്ട്.

മനുഷ്യരുടെയും ദൈവത്തിന്റെയും പദ്ധതികളും തീരുമാനങ്ങളും

അന്തിമമായ നന്മ ലക്ഷ്യമാക്കിയുള്ള ദൈവികമായ തീരുമാനങ്ങളും പദ്ധതികളുമാണ് നടപ്പിലാകേണ്ടത് എന്ന അത്ര എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കാത്തതും എന്നാൽ ഏറെ പ്രധാനപ്പെട്ടതുമായ ഒരു ഉദ്ബോധനമാണ് സോളമൻ ഈ അദ്ധ്യായത്തിൽ മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാനപ്പെട്ട ചിന്ത. മാനുഷികമായ തീരുമാനങ്ങളുടെയും പദ്ധതികളുടെയും പ്രാധാന്യം കുറച്ചുകാണിക്കുക എന്നതിനേക്കാൾ, ദൈവികമായ പദ്ധതികളുമായി അവയ്ക്കുണ്ടാകേണ്ട ഐക്യത്തെക്കുറിച്ചാണ് ഇവിടെ വചനം പഠിപ്പിക്കുന്നത്. മനുഷ്യൻ പദ്ധതികൾ വിഭാവനം  ചെയ്യുന്നുവെങ്കിലും, അന്തിമതീരുമാനം കർത്താവിന്റേതാണ് (1) എന്ന വിഖ്യാതമായ വചനത്തോടെ ആരംഭിക്കുന്ന ഈ അദ്ധ്യായത്തിൽ, ഹൃദയങ്ങൾ അറിയുന്ന കർത്താവിൽ (2) ശരണമർപ്പിച്ച് മുന്നോട്ടുപോകുമ്പോൾ മനുഷ്യന്റെ പദ്ധതികൾ ഫലമണിയുമെന്ന (3) ഉദ്ബോധനമാണ് നമുക്ക് മുന്നിൽ സുഭാഷിതം വയ്ക്കുന്നത്. കൃത്യമായ ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ടതാണ് ഈ ഭൂമിയും അതിലെ സകലതുമെന്ന് (4) വചനം ഓർമ്മിപ്പിക്കുന്നുണ്ട്. മനുഷ്യൻ തന്റെ മാർഗ്ഗം ആലോചിച്ചുവയ്ക്കുന്നുവെങ്കിലും, അവന്റെ കാലടികളെ നിയന്ത്രിക്കുന്നത് കർത്താവാണെന്നും (9) സോളമൻ പഠിപ്പിക്കുന്നു. ശരിയായ അളവും തൂക്കവും നിയന്ത്രിക്കുന്നതും, സഞ്ചിയിലുള്ള കട്ടികൾ നിശ്ചയിക്കുന്നതും കർത്താവാണ് (11). കാര്യങ്ങൾ തീരുമാനിക്കാൻ മനുഷ്യർ കുറിയിടുമ്പോഴും അന്തിമ തീരുമാനം കർത്താവിന്റേതാണ് (33) എന്ന ഉദ്ബോധനമാണ് ഈ അദ്ധ്യായത്തിന്റെ അവസാനഭാഗത്തുവരെ നാം കാണുന്നത്. ദൈവമാണ് സർവ്വത്തിന്റെയും നിയന്താവ് എന്ന ഒരു ഉദ്ബോധനമാണ് സുഭാഷിതം മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും ഉപദേശത്തിന്റെ ശൈലിയിൽ മുന്നോട്ട് വയ്ക്കുന്നതെന്ന് നമുക്ക് കാണാം. മാനുഷികമായ തീരുമാനങ്ങളെ അവയുടെ ഉപരിനന്മയിലേക്ക് എത്തിക്കാൻ കർത്താവിന് സാധിക്കുമെന്ന്, ദൈവികമായ പദ്ധതികൾക്ക് സ്വയം വിട്ടുകൊടുക്കുന്നവർക്ക് കാലിടറാതെ മുന്നോട്ട് പോകാൻ അവൻ സഹായിക്കുമെന്ന് ഈ അദ്ധ്യായം നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു കൃഷിക്കാരൻ നീർച്ചാലുകളെ തിരിച്ചുവിടുന്നതുപോലെയാണ് ദൈവഹിതത്തിന് വഴങ്ങുന്ന മനുഷ്യന്റെ കാലടികളെ നേരായ പാതയിൽ കർത്താവ് നയിക്കുന്നത്.

ദൈവവും ഭൂമിയിലെ അധികാരങ്ങളും

ദൈവമാണ് യഥാർത്ഥ അധികാരിയും നിയന്താവുമെന്നും, രാജാവിന്റെ അധികാരവും ശക്തിയും ദൈവത്തിൽനിന്നാണെന്നുമുള്ള ഒരു ചിന്തയുടെ പശ്ചാത്തലത്തിലാണ് സുഭാഷിതം ഈ അദ്ധ്യായത്തിന്റെ പത്ത് മുതൽ പതിനഞ്ച് വരെയുള്ള വാക്യങ്ങളിൽ ആറ് വട്ടം രാജാവിനെക്കുറിച്ച് പറയുക. അവന്റെ നാവിൽ ദൈവനിശ്ചയം കുടികൊള്ളുന്നതിനാൽ, വിധിക്കുമ്പോൾ അവന് തെറ്റുപറ്റുന്നില്ല (10). ദുഷ്പ്രവൃത്തികളെ വെറുക്കുന്ന രാജാക്കന്മാർ നീതിയെയും സത്യം പറയുന്നവരെയും ഇഷ്ടപ്പെടുന്നു (12-13). രാജാവിന്റെ കോപം മരണത്തിന്റെ ദൂതനാണെന്ന് പറയുന്ന സോളമൻ, എന്നാൽ വിവേകിക്ക് ആ കോപം ശമിപ്പിക്കാനാകുമെന്ന് ഓർമ്മിപ്പിക്കുന്നു (14). രാജാവിന്റെ പ്രസാദത്തിൽ ജീവൻ കുടികൊള്ളുന്നുവെന്നും, അവന്റെ പ്രീതി വസന്തത്തിലെ മഴമേഘങ്ങൾ പോലെയാണെന്നും (15) അവൻ കൂട്ടിച്ചേർക്കുന്നുണ്ട്.

ദൈവമനുഷ്യബന്ധവും നന്മതിന്മകളുടെ പ്രേരണകളും

മനുഷ്യർ അവരുടെ പ്രവൃത്തികൾക്കനുസരണം വിധിക്കപ്പെടുമെന്നും, നന്മക്ക് പ്രതിഫലവും തിന്മയ്ക്ക് ശിക്ഷയും അവകാശമാക്കുമെന്നുമുള്ള വചനചിന്ത പതിനാറാം അദ്ധ്യായത്തിലും സോളമൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. നമുക്ക് ശരിയെന്ന് തോന്നുന്നവയുടെ സത്യാവസ്ഥ ഹൃദയങ്ങളെ പരിശോധിക്കുന്ന കർത്താവ് (2) തിരിച്ചറിയുന്നുണ്ട്. ശരിയെന്ന് തോന്നുന്ന വഴി മരണത്തിലേക്ക് നയിക്കുന്നതാകാമെന്നും (25) സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്.

അഹങ്കരിക്കുന്നവരെ കർത്താവ് വെറുക്കുന്നുവെന്നും, അവർക്ക് ശിക്ഷ ലഭിക്കുമെന്നും, എന്നാൽ ആത്മാർത്ഥതയും വിശ്വസ്തതയും ജീവിച്ചുകൊണ്ട് ധർമ്മത്തിന് പരിഹാരം ചെയ്യാനാകുമെന്നും പഠിപ്പിക്കുന്ന സുഭാഷിതം, തിന്മയിൽനിന്ന് അകന്നുനിൽക്കാൻ സഹായിക്കുന്ന ദൈവഭയത്തിന്റെ (5) പ്രാധാന്യവും ഓർമ്മിപ്പിക്കുന്നുണ്ട്. അഹങ്കാരം നാശത്തിന്റെയും അഹന്ത അധഃപതനത്തിന്റെയും മുന്നോടിയാണെന്നും (18) അഹങ്കാരികളോട് ചേർന്ന് സമൃദ്ധിയിൽ കഴിയുന്നതിനേക്കാൾ, വിനീതനായി ദരിദ്രർക്കൊപ്പം കഴിയുന്നതാണ് നല്ലതെന്നും (19) സോളമൻ ഉദ്ബോധിപ്പിക്കുന്നു. കർത്താവിന് പ്രീതികരമായ വഴിയേ നടക്കുമ്പോൾ, ശത്രുക്കൾ പോലും എതിർത്തുനിൽക്കില്ലെന്ന് (7) വചനം ഉറപ്പുനൽകുന്നു. ക്ഷമ കരുത്തിനേക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് അധികാരത്തെക്കാളും (32) പ്രധാനപ്പെട്ടതാണെന്നും ഈ അദ്ധ്യായം പഠിപ്പിക്കുന്നുണ്ട്.

നന്മതിന്മകളിലേക്കുള്ള പ്രേരണകളെക്കുറിച്ചും പ്രേരകരെക്കുറിച്ചും ഈ അദ്ധ്യായം ഓർമ്മിപ്പിക്കുന്നുണ്ട്. ജീവന്റെ ഉറവയായ വിവേകം ലഭിച്ച (22) വിവേകിയുടെ മനസ്സ് യുക്തമായ രീതിയിൽ വാക്കുകളെ ഉപയോഗിക്കുന്നുവെന്നും, തേനറ പോലെ മാധുര്യമേറിയ നല്ല വാക്കുകൾ ആത്മാവിന് മാധുര്യവും ശരീരത്തിന് ആരോഗ്യപ്രദവുമാണെന്ന് (24) സോളമൻ പഠിപ്പിക്കുന്നു. അതേസമയം, തിന്മ നിരൂപിക്കുന്ന വിലകെട്ടവന്റെ വാക്കുകൾ പൊള്ളുന്ന തീ പോലെയാണെന്നും (27) വികടബുദ്ധിയും ഏഷണിക്കാരനും അക്രമിയും, കലഹത്തിനും ഭിന്നതയ്ക്കും ദുർമ്മാർഗ്ഗസഞ്ചാരത്തിനും കാരണക്കാരാകുന്നുവെന്നും (28-29) മുന്നറിയിപ്പ് നൽകുന്ന സോളമൻ, കണ്ണുകളുടെയും ചുണ്ടിന്റെയും നിയന്ത്രണത്തിന്റെ പ്രാധാന്യവും (30) എടുത്തുപറയുന്നുണ്ട്.

ഉപസംഹാരം

നന്മതിന്മകളും ശരിതെറ്റുകളും തിരിച്ചറിഞ്ഞ് ദൈവികപദ്ധതികൾക്ക് അനുസൃതമായി ജീവിക്കേണ്ടതിന്റെ പ്രാധാന്യവും മൂല്യവും പഠിപ്പിക്കുന്ന സുഭാഷിതപുസ്തകത്തിന്റെ പതിനാറാം അദ്ധ്യായത്തെക്കുറിച്ചുള്ള ഈ വിചിന്തനം ചുരുക്കുമ്പോൾ, വ്യക്തിജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ആഗ്രഹങ്ങളും വിശ്വാസങ്ങളും തീരുമാനങ്ങളും പദ്ധതികളും ദൈവത്തിന് മുൻപിൽ വീണ്ടുമൊരു വിലയിരുത്തലിന് വിധേയമാക്കാൻ വചനം നമ്മെ ക്ഷണിക്കുന്നുണ്ട്. പാപത്തിന്റെ പ്രലോഭനങ്ങളും ദുഷ്പ്രവർത്തികൾ കൊണ്ടുവരുന്ന നാശവും മനസ്സിലാക്കി അവയിൽനിന്നകന്ന് ജീവിക്കാനും, യഥാർത്ഥ മൂല്യമുള്ള ജ്ഞാനവും വിജ്ഞാനവും സ്വന്തമാക്കി, സന്മാർഗ്ഗത്തിൽ ചരിച്ച് ദൈവപ്രീതി നേടാനും, ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവത്തിന് മുന്നിൽ നിഷ്കളങ്കതയിൽ ജീവിച്ച് അവന് സ്വീകാര്യരാകാനും പരിശ്രമിക്കാം. നമ്മുടെ പദ്ധതികൾ എന്തുതന്നെയായിരുന്നാലും, അവ ദൈവികപദ്ധതികളോട് ചേർന്നുപോകുന്നില്ലെങ്കിൽ നിത്യമായ സന്തോഷത്തിനുവേണ്ടിയുള്ള നമ്മുടെ ജീവിതലക്ഷ്യമാണ് ഇല്ലാതാകുന്നതെന്ന് തിരിച്ചറിയാം. തിന്മയിൽനിന്ന് അകറ്റാനും മോചിപ്പിക്കാനും, നന്മയിലേക്ക് നയിക്കാനും, നന്മയിൽനിന്ന് ഉപരി നന്മയിലേക്ക് വളർത്താനും കഴിവുള്ള കർത്താവിൽ ആശ്രയിച്ച്, കൂടുതൽ മെച്ചപ്പെട്ട അവന്റെ പദ്ധതികൾക്ക് നമ്മുടെ ജീവിതങ്ങളെ വിട്ടുകൊടുക്കാം. വിനീതഹൃദയത്തോടെയും വിവേകത്തോടെയും സുകൃതപൂർണ്ണമായ ജീവിതം നയിക്കുകയും മഹത്വത്തിന്റെ കിരീടം സ്വന്തമാക്കുകയും ചെയ്യാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 മാർച്ച് 2026, 13:23