ആധികാരികമായ ജീവിതം ആവശ്യപ്പെടുന്ന വിവേകവും സത്യസന്ധതയും ആത്മാർത്ഥതയും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മാതൃ-പിതൃ-ഗുരു സ്വരങ്ങളിലുള്ള ഉപദേശരൂപത്തിൽ, ജീവിതത്തക്കുറിച്ച് പഠിപ്പിക്കുന്ന സുഭാഷിതഗ്രന്ഥത്തിന്റെ പത്ത് മുതൽ ഇരുപത്തിരണ്ട് വരെയുള്ള അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്ത് കാണുന്ന സോളമന്റെ സൂക്തങ്ങളിലെ പൊതുചിന്തയായ, വിവേകപൂർവ്വമുള്ള ജീവിതത്തെക്കുറിച്ചാണ് പതിനേഴാം അദ്ധ്യായവും പ്രത്യേകമായി പരാമർശിക്കുന്നത്. മെച്ചപ്പെട്ടതും വിജയിച്ചതുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ജീവിതത്തിലെ പ്രവൃത്തികളിലും വാക്കുകളിലും ചിന്തകളിലും ഉണ്ടാകാവുന്ന ശരിതെറ്റുകൾ, ഒഴിവാക്കപ്പെടേണ്ട തിന്മകൾ തുടങ്ങിയ ചിന്തകളാണ് നമുക്ക് ഇവിടെ കാണാനാകുന്നത്. മത-വിശ്വാസപരമായ ഉദ്ബോധനങ്ങൾ എന്നതിനേക്കാൾ സാമൂഹികമായ മാനമുള്ള ഈ ഗ്രന്ഥത്തിൽ, സത്യവും നീതിയും ധർമ്മവും വിവേകവും അതിന്റെ പ്രാധാന്യത്തോടെ പഠിപ്പിക്കുമ്പോൾത്തന്നെ, വിവേകത്തിനൊപ്പം കൗശലപൂർവ്വമുള്ള പെരുമാറ്റത്തിനും സംസാരത്തിനുമുള്ള പ്രാധാന്യവും എടുത്തുപറയുന്നത് നമുക്ക് കാണാം. നാവിനെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്നത് വഴി ജീവിതവിജയം നേടാമെന്ന ഉപദേശവും, ഒരുവന്റെ പ്രവൃത്തികൾ അവന്റെ കുടുംബത്തെയുൾപ്പെടെ ബാധിക്കുമെന്ന ചിന്തയും ഈ അദ്ധ്യായം മുന്നോട്ട് വയ്ക്കുന്നുണ്ട്.
കലഹവും ശാന്തതയും ജീവിതവും
"കലഹം നിറഞ്ഞ വീട്ടിലെ വിരുന്നിനേക്കാൾ അഭികാമ്യം സ്വസ്ഥതയോടെ കഴിക്കുന്ന ഉണങ്ങിയ അപ്പക്കഷണമാണ്" (1) എന്ന ഒന്നാം വാക്യം, മുൻ അദ്ധ്യായങ്ങളിൽ വിചിന്തനം ചെയ്യപ്പെട്ട ക്രോധവും ദുഷ്ടതയും മുൻകോപവുമായി ബന്ധപ്പെട്ട ചിന്തകളെ ഓർമ്മിപ്പിക്കുന്നുണ്ട്. വെറുപ്പോടെ വിളമ്പുന്ന കാളയിറച്ചിയേക്കാൾ മെച്ചം സ്നേഹത്തോടെ വിളമ്പുന്ന സസ്യാഹാരമാണെന്ന് പതിനഞ്ചാം അദ്ധ്യായത്തിൽ നാം കാണുന്നുണ്ടല്ലോ (17). മറ്റുള്ളവരോട് ക്ഷമിക്കുന്നതിലൂടെ അവരുടെ സ്നേഹം നേടാമെന്നും, കുറ്റപ്പെടുത്തുന്നതിലൂടെ സ്നേഹിതർ പോലും അകന്നുപോകുമെന്നും സോളമൻ പറയുന്നുണ്ട് (9). അധമനായ ഒരുവൻ കലാപകാരിയാണെന്നും, അവനെതിരെ ക്രൂരനായ ഒരു ദൂതൻ അയക്കപ്പെടുമെന്നും (11) മുന്നറിയിപ്പ് നൽകുന്ന സുഭാഷിതം, കലഹത്തിന്റെ ആരംഭത്തെ പൊട്ടുന്ന അണയോടാണ് തുല്യപ്പെടുത്തുന്നത് (14). അത് തുടങ്ങുന്നതിന് മുൻപുതന്നെ ഒഴിവാക്കണമെന്നും സോളമൻ ഉപദേശിക്കുന്നു. നിയമനിഷേധകനെയും കലഹപ്രിയരുടെ ഗണത്തിലാണ് വചനം ഉൾപ്പെടുത്തുന്നത് (19). "ദുഷ്ടരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നവനും, നീതിമാന്മാരിൽ കുറ്റം ചുമത്തുന്നവനും ഒന്നുപോലെ കർത്താവിനെ വെറുപ്പിക്കുന്നു"വെന്ന് (15) ഓർമ്മിപ്പിക്കുന്ന സോളമൻ, നീതിമാൻറെമേൽ പിഴ ചുമത്തുന്നത് നന്നല്ലെന്നും, ഉത്തമനെ പ്രഹരിക്കുന്നത് തെറ്റാണെന്നും (26) ഉദ്ബോധിപ്പിക്കുന്നുണ്ട്.
ജീവിതവിജയത്തിലേക്ക് നയിക്കുന്ന വിവേകവും കൗശലവും
വിവേകപൂർവ്വം, ചിലപ്പോഴൊക്കെ കൗശലപൂർവ്വം പ്രവർത്തിക്കുന്നതാണ് ജീവിതവിജയമേകുന്നത് എന്ന ഒരു ചിന്തയും പതിനേഴാം അദ്ധ്യായം മുന്നോട്ടുവയ്ക്കുന്നുണ്ട്. കുടുംബ, രക്തബന്ധങ്ങളെക്കാൾ ബുദ്ധിശക്തിയുപയോഗിച്ചുള്ള ബന്ധവും പ്രവൃത്തികളും വഴി വിജയം നേടാനായേക്കുമെന്ന് സോളമൻ രണ്ടാം വാക്യത്തിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട് (2). അതേസമയം, വെള്ളിയും സ്വർണ്ണവും പോലെ, ഹൃദയങ്ങളെ പരിശോധിക്കുന്നവനാണ് കർത്താവെന്നും (3) അവൻ ഓർമ്മിപ്പിക്കുന്നുണ്ട്. ബുദ്ധിയില്ലാതെ, അയൽക്കാരന് വാക്കുകൊടുക്കുകയും, അവനുവേണ്ടി ജാമ്യം നിൽക്കുകയും ചെയ്യുന്നതിലെ തെറ്റും സോളമൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
പേരക്കിടാങ്ങൾ വൃദ്ധർക്കും മക്കൾ മാതാപിതാക്കൾക്കും അഭിമാനവും സതോഷവുമാണ് കൊണ്ടുവരേണ്ടതെങ്കിലും (6), വിഡ്ഢിയായ പുത്രൻ പിതാവിന് ദുഃഖം കൊണ്ടുവരുമെന്നും, ഭോഷൻ പിതാവിന് സന്തോഷമേകില്ലെന്നും (21) മൂഢനായ പുത്രൻ പിതാവിന് ദുഖവും അമ്മയ്ക്ക് കയ്പുമാണ് സമ്മാനിക്കുകയെന്നും (25) സുഭാഷിതം പഠിപ്പിക്കുന്നു. കുടിലമനസ്സുള്ളവൻ ഐശ്വര്യം പ്രാപിക്കില്ലെന്നും, മോശമായ ഭാഷണം നടത്തുന്നവൻ ആപത്തിൽ വീഴുമെന്നും വചനം കൂട്ടിച്ചേർക്കുന്നു (20).
സൗഹൃദങ്ങൾ തുടർന്നുകൊണ്ടുപോകാൻ ചില മൗനങ്ങൾ ആവശ്യമാണെന്ന്, കുറ്റപ്പെടുത്തലുകൾ, അവ സത്യസന്ധമാണെങ്കിലും പിണക്കത്തിന് കാരണമായേക്കാമെന്ന് (9). ബുദ്ധിമാനായ ഒരുവന് തിരുത്തലിന്റെ ഒരു വാക്ക് നൽകുന്ന വിവേകവും, അതുമൂലമുള്ള മാറ്റങ്ങളും, ഭോഷനായ ഒരു മനുഷ്യന് നൽകുന്ന നൂറ് അടികളെക്കാൾ മൂല്യമുള്ളതും ഫലവത്തായതുമാണെന്നും (10) സോളമൻ എഴുതുന്നുണ്ട്. ഉപദേശങ്ങളും തിരുത്തലുകളും മനസ്സിലാക്കാനും, അംഗീകരിക്കാനും കഴിവും മനസ്സും ഇല്ലാത്തയിടങ്ങളിൽ, എത്ര ആത്മാർത്ഥതയോടും സത്യസന്ധതയോടും സ്നേഹത്തോടും കൂടിയ വാക്കുകൾക്കും അർത്ഥമുണ്ടാകില്ല. ഭോഷനെ അവന്റെ ഭോഷത്തത്തിൽ നേരിടുന്നത്, കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരു പെൺകരടിയെ നേരിടുന്നതിലും ബുദ്ധിമുട്ടേറിയതാണെന്ന് വചനം പഠിപ്പിക്കുന്നു (12).
സൗഹൃദം സത്യസന്ധമാണെങ്കിൽ അതൊരിക്കലും അവസാനിക്കുന്നില്ലെന്ന്, മിത്രം എന്നും മിത്രമായി തുടരുമെന്ന് എഴുതുന്ന സോളമൻ, യഥാർത്ഥ ബന്ധം ആത്മാർത്ഥതയുള്ളതാണെന്ന്, ആപത്തിൽ പങ്കുചേരാൻ ജനിച്ചവനാണ് സഹോദരൻ എന്ന വാക്കുകളിലൂടെ ഓർമ്മിപ്പിക്കുന്നുണ്ട് (17). വാക്കുകളെ നിയന്ത്രിക്കേണ്ടതിന്റെയും പ്രശാന്തമായി ജീവിക്കേണ്ടതിന്റെയും പ്രാധാന്യവും (27) ഈ അദ്ധ്യായം എടുത്തുപറയുന്നുണ്ട്.
ദുഷ്ടരുടെയും അവിവേകികളുടെയും പ്രവൃത്തികൾ
എപ്രകാരമാണ് വിവേകപൂർവ്വം ജീവിക്കേണ്ടതെന്ന് പഠിപ്പിക്കുന്ന സോളമൻ, തിന്മയിലും കപടതയിലും ജീവിക്കുന്ന മനുഷ്യരുടെ ജീവിതവും പ്രവൃത്തികളും, കുശാഗ്രബുദ്ധിയും എപ്രകാരമുള്ളതാണെന്ന് മുന്നറിയിപ്പ് നൽകുന്നതും നമുക്ക് കാണാം. ദുഷ്ടൻ ദുർവചസ്സുകൾ ശ്രദ്ധിക്കുകയും നുണയർ അപവാദങ്ങൾക്ക് കാതോർക്കുകയും ചെയ്യുന്നുവെന്ന് (4) ഓർമ്മിപ്പിക്കുന്ന അവൻ, ഉത്തമമായ സംസാരം ഭോഷനും, കപടഭാഷണം അഭിജാതരായ വ്യക്തികൾക്കും ചേരില്ലെന്ന് (7) എഴുതുന്നുണ്ട്.
മനുഷ്യാന്തസ്സിന്റെ വിലയുയർത്തിപ്പിടിക്കുന്ന സോളമൻ, ദരിദ്രരെ പരിഹസിക്കുന്നവൻ അവരെ സൃഷ്‌ടിച്ച ദൈവത്തെയാണ് നിന്ദിക്കുന്നതെന്നും, മറ്റുള്ളവരുടെ വീഴ്ചകളിൽ സന്തോഷിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും (5) പഠിപ്പിക്കുന്നുണ്ട്. ഉപകാരത്തിന് പകരം അപകാരം ചെയ്യുന്ന, നന്മയ്ക്ക് പ്രതിഫലമായി തിന്മ നൽകുന്നവരുടെ കുടുംബത്തിൽനിന്ന് തിന്മ അകലുകയില്ലെന്ന് (13), വ്യക്തിപരമായ പ്രവർത്തനങ്ങൾക്ക് കുടുംബപരവും സാമൂഹികവുമായ പ്രതിഫലനമുണ്ടെന്നും സോളമൻ എഴുതുന്നു.
തിന്മയായി കണക്കാക്കപ്പെടുന്ന കൈക്കൂലിയും ഈ അദ്ധ്യായത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. അത്ഭുതാവഹമായ രീതിയിലാണ് കൈക്കൂലി വിജയം നൽകുന്നതെങ്കിലും (8) നീതിയുടെ മാർഗ്ഗവും കൈക്കൂലിയും ചേർന്നുപോകുന്നതല്ലെന്ന് സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട് (23).
ഭോഷത്തം മാറ്റിയെടുക്കുന്നതിലെ ബുദ്ധിമുട്ട് ഓർമ്മിപ്പിച്ചുകൊണ്ട്, ധനം കൊണ്ട് ജ്ഞാനം വിലയ്ക്ക് വാങ്ങിക്കാനാകില്ലെന്നും (16) അഹങ്കാരത്തോടെ ജീവിക്കുന്നത്, വാതിൽ ഉയർത്തിപ്പണിയുന്നത് നാശം കൊണ്ടുവരുമെന്നും (19), ബുദ്ധിമാൻ ജ്ഞാനോന്മുഖനായിരിക്കുമ്പോൾ ഭോഷന്റെ ദൃഷ്ടി അങ്ങുമിങ്ങും അലഞ്ഞുതിരിയുന്നുവെന്നും (24) ഉദ്ബോധിപ്പിക്കുന്ന സുഭാഷിതം, എന്നാൽ, മൗനം പാലിക്കുകയും, വായടച്ചിരിക്കുകയും ചെയ്യുന്നത് വഴി, തങ്ങൾ ബുദ്ധിമാന്മാരാണെന്ന ചിന്ത മൂഡർ മറ്റുള്ളവരിൽ ഉണ്ടാക്കിയേക്കാമെന്ന് (28) എഴുതിവയ്ക്കുന്നുണ്ട്.
ഉപസംഹാരം
യഥാർത്ഥ, നിലനിൽക്കുന്ന, ജീവിതവിജയത്തിന് വേണ്ട വിവേകവും ജ്ഞാനവും, അതിനനുസരിച്ചുള്ള പ്രവൃത്തികളും ഉപദേശിക്കുന്ന സോളമന്റെ സൂക്തങ്ങളെക്കുറിച്ചുള്ള ഈ വിചിന്തനം ചുരുക്കുമ്പോൾ, നമ്മുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും വാക്കുകളെയും ചിന്തകളെയും ആത്മാർത്ഥമായ ഒരു വിചിന്തനത്തിന് വിധേയമാക്കാൻ നമുക്ക് പരിശ്രമിക്കാം. മറ്റുള്ളവരുടെ മുന്നിലെ കപടമായ മൗനവും, സത്യത്തിന്റെയും നീതിയുടെയും മുഖംമൂടിയണിഞ്ഞ നുണകളും ജീവിതവും, മൂശയിൽ വെള്ളിയും ഉലയിൽ സ്വർണ്ണവും ശോധന ചെയ്യപ്പെടുന്നതുപോലെ, ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവത്തിന് മുന്നിൽ (3) മറഞ്ഞിരിക്കില്ലെന്ന യാഥാർത്ഥ്യം മറക്കാതിരിക്കാം. മറ്റുള്ളവരുടെയും നമ്മുടെയും ജീവിതത്തിന് ദൈവതിരുമുൻപിലുള്ള അന്തസ്സും മൂല്യവും, നന്മതിന്മകളുടെ വ്യക്തിപരമായ പ്രാധാന്യത്തിനൊപ്പം, കുടുംബ, സാമൂഹിക പരമായ തലത്തിൽ അവയുടെ പ്രതിഫലവും കൂടി കണക്കിലെടുത്തുകൊണ്ട് വിവേകപൂർവ്വം, കപടതയും ദുഷ്ടതയും വെടിഞ്ഞ്, സത്യസന്ധതയോടെയും ഉത്തരവാദിത്വപൂർവ്വവും ആത്മാർത്ഥതയോടെയും, സൗമ്യതയുടെയും സന്മാർഗ്ഗത്തിന്റെയും പാതയിൽ, ദൈവത്തിന് പ്രീതികരവും അനുഗ്രഹീതവുമായ ജീവിതം നയിക്കാം. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്ക് പ്രതിഫലമേകട്ടെ!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: