യേശുവും ശിഷ്യരും യേശുവും ശിഷ്യരും 

ഉത്ഥിതനായ ക്രിസ്തു നൽകുന്ന സഹായകനായ പരിശുദ്ധാത്മാവ് ക്രിസ്തുശിഷ്യർക്കേകുന്ന ബോദ്ധ്യങ്ങൾ

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ ആരാധനാക്രമപ്രകാരം ഉയർപ്പിന് ശേഷം ആറാം ഞായറാഴ്ചയിലെ സുവിശേഷവായനയെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം: വി. യോഹന്നാൻ 16, 5-11
ശബ്ദരേഖ

ഫാ. ഡൊമിനിക് സാവിയോ മൂഴിക്കര, ഒ ഐ സി

സഹായകനായ പരിശുദ്ധാത്മാവിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെയും ജാഗരണത്തിന്റെയും ദിനങ്ങളിൽ കൂടിയാണല്ലോ നാം കടന്നുപോകുന്നത്.  വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിലെ വിടവാങ്ങൽ പ്രഭാഷണത്തിലെ   തിരുവചനങ്ങളാണ് ഇന്നത്തെ വിചിന്തനത്തിനായുള്ളത്. വരാനിരിക്കുന്ന സഹനകാലങ്ങളെ നേരിടാൻ തന്റെ ശിഷ്യന്മാരെ ഒരുക്കുന്ന ക്രിസ്തുസ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ ദൃഷ്ടാന്തമാണിത്. ആധിയുടെയും ആകുലതയുടെയും അനാഥത്വത്തിന്റെയും മദ്ധ്യേ ആശ്വാസത്തിന്റെ പരിശുദ്ധാത്മവാഗ്ദാനം നൽകിയാണ് ഈശോ അവരെ ബലപ്പെടുത്തുന്നത് : നിങ്ങളുടെ  വേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ നിങ്ങളുടെ അടുക്കലേക്ക് വരികയില്ല”(യോഹ 16:7).

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ സഹായകനായ പരിശുദ്ധാത്മാവ് ഒരു ശക്തിയോ അനുഗ്രഹമോ മാത്രമല്ല; അവിടുന്ന് ഉയിർത്തെഴുന്നേറ്റ മിശിഹായുടെ ജീവിക്കുന്ന സാന്നിധ്യമാണ്. ക്രിസ്തു എന്ന രക്ഷാദായകമായ വിത്ത് നിലത്തു വീണഴുകി, ഉത്ഥാനത്തിലൂടെ പുതുനാമ്പിട്ട്, അവസാനിക്കാത്ത പരിശുദ്ധാത്മ കൃപയുടെ പൂമരത്തണലായി മാറുന്ന സ്വർഗ്ഗീയ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമാണിത്.  ഉയിർപ്പിനുശേഷം ശിഷ്യരുടെമേൽ നിശ്വസിച്ചുകൊണ്ട് ഈശോ പറയുന്ന വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്: “നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (യോഹ 20:22). ഇവിടെ “നിശ്വസിക്കൽ” സൃഷ്ടികർമ്മത്തെ അടയാളപ്പെടുത്തുന്ന പ്രക്രിയയാണ്. ആദാമിന് ദൈവം ജീവശ്വാസം നല്കിയതുപോലെ, ഇപ്പോൾ മിശിഹാ തന്റെ സഭയ്ക്ക്, ശിഷ്യന്മാരുടെ മേൽ നിശ്വസിച്ചു പുതുജീവൻ നല്കുന്നു. അതുകൊണ്ടാണ് വിശുദ്ധ അഗസ്റ്റിൻ പറയുന്നത്: “മനുഷ്യശരീരത്തിൽ ആത്മാവ് എന്താണോ, അതുതന്നെയാണ് ക്രിസ്തുവിന്റെ  ശരീരമായ  സഭയിൽ  പരിശുദ്ധാത്മാവ്".

പരസ്യജീവിതകാലത്ത് ക്രിസ്തുവിനോടൊപ്പമായിരുന്ന ശിഷ്യഗണത്തിനു ക്രിസ്തുപ്രബോധനകളുടെ ആഴവും അർത്ഥവും പലപ്പോഴും അപ്രാപ്യമായിരുന്നു. അതുകൊണ്ടുതന്നെ, ദൈവപുത്രന്റെ ദൗത്യ പൂർത്തീകരണത്തിനുശേഷം, ലോകതിർത്തികളോളം എത്തേണ്ട സുവിശേഷത്തിന്റെ പ്രഘോഷകരാകാൻ, രക്ഷയുടെ സന്ദേശം വ്യക്തമായി ഗ്രഹിക്കുവാൻ, പീഡനങ്ങളെയും എതിർപ്പുകളെയും നേരിടുവാൻ ക്രിസ്തുശക്തി ഇനിയും അവർക്ക് ആവശ്യമാണ്. നിലയ്ക്കാത്ത ക്രിസ്തുശക്തിയുടെ പ്രവാഹമായ പരിശുദ്ധാത്മാവ് എങ്ങനെയാണു ശിഷ്യസമൂഹത്തിലും നാമോരോരുത്തരുടേയും അനുദിന ജീവിതത്തിലും പ്രവർത്തിക്കുക എന്നാണ് ഈ സുവിശേഷഭാഗം വ്യക്തമാക്കുന്നത്.

ഈശോ പറയുന്നു: "അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും” (യോഹ 16:8). “ബോദ്ധ്യപ്പെടുത്തുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം എലെങ്കെയിൻ (elenchein) എന്നാണ്. കോടതിയിൽ പ്രതിയുടെ കുറ്റങ്ങളെയും കുറവുകളെയും തുറന്നുകാട്ടുന്ന പ്രക്രിയയെ കുറിക്കുന്ന പദമാണിത്. വിശ്വാസികളുടെ ഉള്ളിൽ പ്രവർത്തിക്കുന്ന തിന്മയുടെ ശക്തിയെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നു; സത്യത്തിലേക്ക് തിരിച്ചു നയിക്കുന്നു. പൗലോസ് ശ്ലീഹ ആശംസിക്കുന്നു: “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍ ജ്ഞാനത്തിന്റെയും വെ ളിപാടിന്റെയും ആത്മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ!” (എഫേ 1/17). തുടർന്ന് പരിശുദ്ധാത്മാവ് വ്യക്തിജീവിതത്തിൽ ബോധ്യങ്ങൾ നൽകുന്ന വിവിധ മേഖലകളെക്കുറിച്ചാണ് ഈശോ പഠിപ്പിക്കുന്നത്.

ഒന്നാമത്തേത്, പാപത്തെക്കുറിച്ചുള്ള ബോദ്ധ്യമാണ്. വിശുദ്ധ യോഹന്നാന്റെ ദൈവശാസ്ത്രമനുസരിച്ച് ഏറ്റവും വലിയ പാപം, ദൈവത്തിലുള്ള വിശ്വാസമില്ലായ്മയാണ്. ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട സ്നേഹത്തെ നിരസിക്കുന്നതാണത്.വിശ്വാസമില്ലായ്മ ഫലത്തിൽ സ്നേഹമില്ലായ്മയായി മാറുന്നു. ശ്ലീഹാ തന്റെ ലേഖനത്തിൽ ഓര്മിപ്പിക്കുന്നത്പോലെ, സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ് (1 യോഹ 4/8). സ്നേഹബോധം നഷ്ട്ടപ്പെടുന്ന ലോകത്തിലാണ് പാപങ്ങൾ വർധിക്കുന്നത്. നുണകൾ സത്യത്തിന്റെ ചെരുപ്പിട്ട് അതിവേഗം ബഹുദൂരം യാത്രചെയ്യുന്ന ആനുകാലിക ലോകത്തിൽ, ഒരു വീണ്ടെടുപ്പിന്റെ സ്നേഹബോധത്തിലേക്ക് ഉണരുവാൻ പരിശുദ്ധാത്മശക്തി ആവശ്യമാണ്. ഈ ഉണർത്തൽ അനുതാപത്തിലേക്കുള്ള ക്ഷണമാണ്. ഏശയ്യാ പ്രവാചകൻ മുഖേനെ കർത്താവു അരുളിച്ചെയ്യുന്നു - കാര്‍മേഘംപോലെ നിന്റെ തിന്‍മകളെയും മൂടല്‍മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക; ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു (ഏശയ്യാ 44/22).  പരിശുദ്ധ ഫ്രാൻസിസ് പാപ്പയുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്: “പരിശുദ്ധാത്മാവ് നമ്മെ അസ്വസ്ഥരാക്കുന്നു; കാരണം അവിടുന്ന് നമ്മെ മുന്നോട്ട് നടത്തുന്നു. ”പാപത്തിൽ അകപ്പെട്ടിരിക്കുവാൻ അനുവദിക്കാത്ത പരിശുദ്ധാത്മാവ്, അനുതാപത്തിലേക്കും അതുവഴി ദൈവസ്നേഹത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

രണ്ടാമത്തേത്, നീതിയെക്കുറിച്ചുള്ള ബോദ്ധ്യത്തിലേക്കാണ് പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നത്. “ഈ വചനഭാഗത്ത്, “നീതി” എന്നത് വിശുദ്ധിയെയും ദൈവസന്നിധിയിലുള്ള ഉത്തമായ ജീവിതാവസ്ഥയെയും സൂചിപ്പിക്കുന്നു. ലോകം ഈശോയെ കുറ്റവാളിയായി വിധിച്ചു; എന്നാൽ പിതാവ് ഉയിർപ്പിലൂടെ പുത്രനെ മഹത്വപ്പെടുത്തി. കുരിശ് പരാജയമല്ല; പാപത്തിന്മേലുള്ള വിജയം തന്നെയാണ്. സഭാപിതാവായ വിശുദ്ധ ബേസിൽ പറയുന്നു: “പരിശുദ്ധാത്മാവിലൂടെ നാം സ്വർഗ്ഗരാജ്യത്തിലേക്കു നയിക്കപ്പെടുകയും ദൈവപുത്രത്വത്തിൽ പങ്കുചേരുകയും ചെയ്യുന്നു.” പരിശുദ്ധാത്മാവ് വിശ്വാസികളായ നാമോരുരുത്തരെയും, തന്റെ പുത്രന്റെ കുരിശിലൂടെ പാപത്തിന്മേൽ നേടിയെടുത്ത വിജയത്തിൽ പങ്കാളികളാക്കുകയും, പാപം മൂലം നഷ്ട്ടപെട്ട ദൈവപുത്രസ്ഥാനം തിരികെ നൽകുകയും ചെയ്യുന്നു.  നമ്മിലേക്ക് വർഷിക്കപ്പെടുന്ന ആത്മഫലങ്ങളെ തിരുവചനാനുസൃതമായ ജീവിതത്തിലൂടെയും കൂദാശസ്വീകരണത്തിലൂടെയും പോഷിപ്പിക്കുമ്പോഴാണ് വിശുദ്ധിയിൽ നാം വളരുന്നത്. നീതിയിൽ ബോധ്യമുള്ളവരാകുക എന്നാൽ, പരിശുദ്ധാത്മകേന്ദ്രികൃതമായ വിശുദ്ധജീവിതത്തിലൂടെ ഈ ലോകജീവിതത്തിൽ ദൈവത്തിന്റെ പ്രിയപ്പെട്ട മകനും മകളുമായി ജീവിക്കുക എന്നതാണ്.

മൂന്നാമത്തേത്, ന്യായവിധിയെക്കുറിച്ചുള്ള ബോദ്ധ്യമാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹ “ഈ ലോകത്തിന്റെ അധികാരി” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പൈശാചികശക്തിയെയാണ്. ഈ ലോകത്തിന്റെ അധികാരിയായ പിശാചിനെ കുരിശിലൂടെ ഈശോ പരാജയപ്പെടുത്തി.  അവിടുന്ന് എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു (എഫേ 1/22).  തിന്മ ഇപ്പോഴും ഈ ലോകത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന് അന്തിമവിജയം ഇല്ല. ഇന്നത്തെ ലോകത്തിൽ യുദ്ധങ്ങൾ, അക്രമങ്ങൾ, ശത്രുത, വിഭജനം എന്നിവ പെരുകുമ്പോൾ, അവയെ തിന്മയുടെ വിജയമായി നാം തെറ്റിദ്ധരിക്കാറുണ്ട്.  എന്നാൽ പരിശുദ്ധാത്മാവ് മുഖേനെ വിശ്വാസിക്ക്, തിന്മയെ വിധിക്കാനും ഇല്ലാതാക്കാനുമുള്ള അധികാരം ക്രിസ്തുവിലാണെന്നു പൂർണ്ണമായി തിരിച്ചറിയാൻ കഴിയുകയും പൈശാചിക ശക്തിക്കുമേൽ വിജയം വരിക്കാൻ സാധിക്കുകയും ചെയ്യും.

ഇന്ന് തിരുസഭ സാമൂഹ്യസമ്പർക്കമാധ്യമദിനം കൂടിയായി ആചരിക്കുകയാണല്ലോ. ഈ ദിനത്തിനു ഇന്നത്തെ സുവിശേഷവുമായി അഭേദ്യമായ ബന്ധമാണുള്ളത്. കാരണം ആശയവിനിമയം എപ്പോഴും സത്യം, നീതി, സ്നേഹം ഇവയിൽ അധിഷ്ഠിതമാണ്. പ്രിയപെട്ടവരെ, പരിശുദ്ധാത്മാവ് “സത്യത്തിന്റെയും സ്നേഹത്തിന്റെയും" ആത്മാവാണ്. ഇന്നത്തെ സാമൂഹ്യസമ്പർക്കലോകം മനുഷ്യരെ തമ്മിൽ വളരെ വേഗത്തിൽ കൂട്ടിയിണക്കുന്നതാണെങ്കിലും, അസത്യവും വിദ്വേഷവും വിഭജനവുമൊക്കെ പ്രചരിപ്പിക്കാനും കാരണമാകുന്നു എന്നത് ഏറെ ദുഃഖകരമാണ്. ഈ സാഹചര്യത്തിൽ, അറുപതാമത് ലോക സാമൂഹികസമ്പർക്ക ദിനത്തോടനുബന്ധിച്ച് പരിശുദ്ധ ലിയോ പതിനാലാമൻ പാപ്പ നൽകിയ സന്ദേശത്തിന്റെ പ്രമേയം “മനുഷ്യശബ്ദങ്ങളെയും മുഖങ്ങളെയും സംരക്ഷിക്കുക” എന്നതാണ്. ആനുകാലിക ലോകത്തിൽ മുഖങ്ങളും ശബ്ദങ്ങളും സംരക്ഷിക്കുക എന്നതിന്റെ അർത്ഥം, മനുഷ്യാവതാരത്തിലൂടെ ശബ്ദവും മുഖവുമായ ക്രിസ്തുസ്നേഹത്തിന്റെ മായാത്ത പ്രതിഫലനം ആശയവിനിമയത്തിൽ കാത്തുസൂക്ഷിക്കുക എന്നതാണെന്ന് ലിയോ പാപ്പാ ഓർമിപ്പിക്കുന്നു.  ആത്യന്തികമായി മനുഷ്യൻ മനുഷ്യനെ തന്നെ   സംരക്ഷിക്കുക എന്നതാണെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറയുന്നു. അതിനാൽ നമ്മുടെ ആശയവിനിമയം സത്യത്തിലും സ്നേഹത്തിലും അടിസ്ഥാനപെട്ടതാകണം. അത് പരിശുദ്ധാത്മ ദാനങ്ങളെയും ഫലങ്ങളെയും ആശയവിനിമയത്തിലൂടെ നിരന്തരം സംവേദനം ചെയ്യുന്നതുമാകണം.ഡിജിറ്റൽ ലോകത്തിൽ മാത്രമല്ല, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കപെടുന്ന എല്ലായിടങ്ങളിലും എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന 'പുതിയൊരു പെന്തക്കൊസ്ത അനുഭവം' ലോകത്തിനു നൽകുവാൻ   തുടർന്നുള്ള ദിനങ്ങളിൽ നമുക്ക് ഒരുങ്ങാം. സ്നേഹബോധത്തെ ഉണർത്തുവാനും ദൈവമക്കളായി വളരുവാനും തിന്മയ്ക്കുമേൽ വിജയവരിക്കുന്നവരാകുവാനും പരിശുദ്ധാത്മചൈതന്യത്തിൽ നമ്മെത്തന്നെ നവീകരിക്കുവാൻ ഈ വചനവിചിന്തനം നമ്മെ സഹായിക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മേയ് 2026, 15:46